2001 ജൂലൈയിലെ ഒരു മഴക്കാലം. തിരുവനന്തപുരത്ത് യാദൃച്ഛികമായി ഒരു സദസ്സില്‍ കണ്ട നെടുമുടി വേണുവിനെ, പിന്നീട് പ്രിയപ്പെട്ട ''വേണുസാര്‍'' ആയി മാറിയ അതുല്യകലാകാരനെ നേരില്‍ പരിചയപ്പെട്ട നിമിഷം ഓര്‍ക്കുന്നു. നെടുമുടി പോലൊരു ഗ്രാമത്തില്‍നിന്ന് മലയാളികളുടെ മനസ്സിന്റെ കൊടുമുടി കയറിയ പിന്നാമ്പുറക്കഥകള്‍ ഒരു പത്രപ്രവര്‍ത്തകന്റെ ആകാംക്ഷയോടെ ചോദിച്ചപ്പോള്‍ വേണുസാര്‍ പറഞ്ഞു: ''നെടുമുടി പോലൊരു ഗ്രാമത്തില്‍ എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ജനിച്ചത് മഹാഭാഗ്യം. എന്നിലെ കലയെ പൂര്‍ണമനസ്സോടെ പിന്തുണച്ചവരാണ് എന്റെ അച്ഛനും അമ്മയും നാട്ടുകാരും കൂട്ടുകാരും.''
അടിമുടി താളമേളങ്ങളുടെ കൂടിച്ചേരലായിരുന്നു നെടുമുടി എന്ന കലാകാരന്‍. ജനിച്ചുവളര്‍ന്ന കുട്ടനാടിന്റെ ഹൃദയതാളം ഏറ്റുവാങ്ങി പേരിനൊപ്പം നെടുമുടി ചേര്‍ത്ത് വേണുവിലെ കലാകാരന്‍ ചുവടുവച്ചു. നാട്ടുമണ്‍പാതകളിലെ ഈര്‍പ്പവും നാടന്‍പാട്ടുകളുടെ ഈണവും ഉള്ളിലേക്കാവാഹിച്ച നെടുമുടി വേണുവിന് ഏതു കഥാപാത്രത്തെയും അഭിനയിച്ചു പാകപ്പെടുത്താന്‍ ജീവിതാനുഭവങ്ങളുടെ മാതൃകകളുണ്ടായിരുന്നു.
നെടുമുടി വേണുവിന്റെ കഥാപാത്രങ്ങളെ മനസ്സിലേക്കു കൊണ്ടുവന്നാല്‍ ആ മുഖങ്ങളില്‍ മിന്നിമറഞ്ഞ പലപല ഭാവങ്ങള്‍ എപ്പോഴും മുന്നിലുണ്ടാകും; ദുഃഖവും സന്തോഷവും കുസൃതിയും ക്രൂരതയും പൊങ്ങച്ചവും പരിഹാസവുമൊക്കെ മലയാളിയുടെ മനസ്സിന്റെ തിരശ്ശീലയില്‍ നെടുമുടിയായി ആടിത്തിമിര്‍ക്കുകയാണ്.
സാഹിത്യത്തിലും അഭിനയത്തിലും സംഗീതത്തിലും നൃത്തത്തിലും താളവാദ്യങ്ങളിലുമൊക്കെ ജന്മ സിദ്ധമായി ലഭിച്ച വൈദഗ്ധ്യമാണ് നെടുമുടി വേണു എന്ന നടനെ അതുല്യനാക്കുന്നത്. 'കൗമുദി' കുടുംബത്തില്‍ പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച വേണു അതിനും എത്രയോ കാലംമുമ്പേ കലാകാരനായി പ്രസിദ്ധനായിരുന്നു. വലിയ സൗഹൃദങ്ങളുടെ  പിന്തുണയാണ് നെടുമുടിക്കു നാടകത്തിലേക്കും സിനിമയിലേക്കും വഴിയൊരുക്കിയത്.
ജി. അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തില്‍ തുടങ്ങി അഞ്ഞൂറോളം സിനിമകളിലെ വേഷവൈവിധ്യങ്ങള്‍...
ആരവം എന്ന ചിത്രത്തില്‍ കമലാഹാസനായി മാറ്റിവച്ച 'മരുത്' എന്ന കഥാപാത്രത്തെ ഭരതന്‍ വേണുവിനു നല്‍കിയപ്പോള്‍ അഭിനയവൈഭവം പീലിവിടര്‍ത്തുന്ന കാഴ്ച മലയാളസിനിമാലോകം കണ്ടു. ഈ ചിത്രത്തില്‍ കാവാലം എഴുതിയ 'മുക്കുറ്റി തിരുതാളി...' എന്ന പാട്ടിനൊപ്പം ആടിക്കളിക്കുന്ന നെടുമുടിയുടെ മരുതിനെ ഒരിക്കലും മറക്കാനാവില്ല. തകരയിലെ ചെല്ലപ്പനാശാരിയിലൂടെ വേണു മലയാള സിനിമാചരിത്രത്തില്‍ തന്റെ മേല്‍വിലാസമെഴുതി. ഭരതന്റെതന്നെ ചാമരത്തിലെ പുരോഹിതനായ വിദ്യാര്‍ത്ഥി, മോഹന്‍ സംവിധാനം ചെയ്ത വിടപറയുംമുമ്പേയിലെ സേവ്യര്‍, സുഹൃത്തായ പത്മരാജന്‍ സംവിധാനം ചെയ്ത ഒരിടത്തൊരു ഫയല്‍വാനിലെ മേസ്തിരി... തുടങ്ങി വേണു അവിസ്മരണീയമാക്കിയ റോളുകള്‍ എത്രയെത്ര!
അയ്യപ്പപ്പണിക്കരുടെ 'പകലുകള്‍ രാത്രികള്‍' എന്ന കവിത ചൊല്ലി 'വേനല്‍' സിനിമയിലൂടെ കേരളത്തിലെ കലാലയങ്ങളെയും വേണു കൈയിലെടുത്തു.
സകലകലാവല്ലഭനായിരുന്നു നെടുമുടി വേണു. അഭിനയത്തിനു പുറമേ ഗാനാലാപനവും നാടന്‍പാട്ടുകളും ചൊല്‍ക്കാഴ്ചയും ചെണ്ടയും കഥകളുമൊക്കെ വേണുവില്‍ ഈശ്വരന്‍ നിറച്ചുവച്ചു. സര്‍ഗത്തിലെ ഭാഗവതര്‍ പാടുന്ന 'ആന്ദോളനം' എന്ന പാട്ടുതുടങ്ങുന്നത് വേണു അവതരിപ്പിച്ച കഥാപാത്രമായ ഭാഗവതരുടെ മുറുക്കാന്‍ ചവയ്ക്കലോടെയാണ്. പാട്ടിന്റെ ശബ്ദം യേശുദാസിന്റേതാണെങ്കിലും വേണുതന്നെ പാടിയതാണെന്നേ കാഴ്ചക്കാര്‍ക്കു തോന്നൂ. ചെറുപ്രായത്തില്‍ത്തന്നെ പക്വതയും പ്രായമാര്‍ന്നതുമായ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിക്കാന്‍ നെടുമുടി വേണുവിനു പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു.
ഒരു കലാകാരനു ലഭിക്കേണ്ട ഏറ്റവും വലിയ ആദരമായ ജനകീയാംഗീകാരം ആവോളം ലഭിച്ച വേണുവിന് മറ്റു പുരസ്‌കാരങ്ങളൊന്നും അത്ര വലിയ കാര്യമേ ആയിരുന്നില്ല. മലയാളത്തിനുപുറമേ തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കമലഹാസന്‍ ഉള്‍പ്പെടെയുള്ള അതുല്യകലാകാരന്‍മാര്‍ക്കുപോലും നെടുമുടി അദ്ഭുതമായി. അഭിനയത്തിനു പുറമേ കഥയും തിരക്കഥയും രചിക്കുകയും സംവിധായകന്റെ വേഷം അണിയുകയും ചെയ്ത നെടുമുടി സമാന്തരസിനിമകളിലും വാണിജ്യസിനിമകളിലും മടികൂടാതെ അഭിനയിച്ചു.
1990-ല്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ മികച്ച  സഹനടനുള്ള ദേശീയപുരസ്‌കാരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, സര്‍ഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനചലച്ചിത്രപുരസ്‌കാരം, 'സൈറ'യിലെ അഭിനയത്തിന് സിംബാംബ്‌വേ അന്താരാഷ്ട ചലച്ചിത്രമേളയുടെ പുരസ്‌കാരം, സത്യന്‍ സ്മാരകപുരസ്‌കാരം, കലാരത്‌നം പുരസ്‌കാരം,  അവസ്ഥാന്തരം എന്ന ടെലിവിഷന്‍ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം... അഭിനയത്തികവിന്റെ  അംഗീകാരഫലകങ്ങള്‍ ആ അതുല്യകലാകാരന്റെ താരശോഭയേറ്റുന്നു.
ഭാരതചലച്ചിത്രവേദിയിലെയും നാടകലോകത്തെയും അതുല്യനടന്മാരുടെ നിരയില്‍ നെടുമുടിക്കു സ്ഥാനമുണ്ട്. പിറവിയിലേ പൂര്‍ണനായ കലാകാരനാണ് നെടുമുടി വേണു. വേണുവിനു പകരം വേണു മാത്രം. സിനിമാലോകത്തും നാടകലോകത്തും കാലത്തിനതീതമായ സംഭാവനകള്‍ ബാക്കിയാക്കി നെടുമുടി മടങ്ങുമ്പോള്‍ ആ ശൂന്യത വേദനിപ്പിക്കുന്നതാണ്.
							
  സുനില്‍ പാലാ
                    
									
									
									
									
									
                    