കേരളപ്പിറവിദിനത്തില്‍ കേരളഭാഷയെക്കുറിച്ചുള്ള കവിമൊഴികളിലൂടെ ഒരു യാത്ര
അമ്മിഞ്ഞപ്പാലോലും ചോരിവാകൊണ്ടാദ്യ-
മമ്മയെത്തന്നേ വിളിച്ച കുഞ്ഞേ,
മറ്റൊരു മാതാവു കൂടിയുണ്ടെന്മക-
ന്നുറ്റ വാത്സല്യമോടോമനിപ്പാന്‍.
മടിയിലിരിക്കുന്ന കുഞ്ഞിന്റെ മുടിയില്‍ തലോടിയും കവിളത്തുമ്മവച്ചും അച്ഛന്‍, മറ്റൊരു മാതാവിനെ പരിചയപ്പെടുത്തുകയാണ്:
ഈയമ്മ നാള്‍തോറും ലാളിച്ചു, നിന്മണി-
വായിലൊഴുക്കുന്നു പാലും തേനും;
ആ നിജഭാഷയാമമ്മയോ, മാധുര്യ-
മാര്‍ന്ന സൂക്തങ്ങളെത്തൂകീടുന്നു.
അച്ഛന്റെ വാക്കുകളില്‍ തെളിയുന്ന അമ്മ മാതൃഭാഷയാണ്. മഹാകവി വള്ളത്തോളിന്റെ 'തറവാട്ടമ്മ' എന്ന കവിതയിലാണ് നാമിതു വായിക്കുന്നത്. ഈ കവിയുടെ 'എന്റെ ഭാഷ' എന്ന വിഖ്യാതമായ കവിതയിലെ മാതൃഭാഷയുടെ പ്രാധാന്യം സ്ഥാപിക്കുന്ന വരികള്‍ കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍.
തുടര്‍ന്ന് അദ്ദേഹം, ആശയസ്വീകരണത്തിന്റെ അടിസ്ഥാനതത്ത്വത്തെ വിശദീകരിച്ച് ഉറപ്പിക്കുന്നത് ഇപ്രകാരമാണ്:
ഏതൊരു വേദവുമേതൊരു ശാസ്ത്രവു-
മേതൊരു കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍ പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍നിന്നു താന്‍ കേള്‍ക്ക വേണം.
മലയാളത്തിന്റെ മാധുര്യവും മനോഹാരിതയും വര്‍ണിക്കുന്ന കവിതകള്‍ ധാരാളമുണ്ട്. വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ചോദ്യമിങ്ങനെയാണ്:
ജീവന്നു നൂതനോന്മേഷം പകര്‍ന്നിടും
ദേവഭാഷാമൃതം ചേര്‍ന്ന ഭാഷേ,
നിന്മുലപ്പാലിന്റെ വീര്യമുള്‍ക്കൊണ്ടതെന്‍
ജന്മജന്മാന്തര പുണ്യമല്ലേ?
വശ്യമാം ശൈലിയില്‍ നിന്നെജ്ജയിപ്പൊരു
വിശ്വമനോഹരഭാഷയുണ്ടോ?
ഒ. എന്‍. വി. കുറുപ്പിന്റെ പ്രശസ്തവരികള്‍ ഇങ്ങനെ വായിക്കാം:
എത്ര സുന്ദരമെത്ര സുന്ദര-
മെന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു-
പൊന്നുനൂല്‍ പോലെ
തേന്‍ കിനിയും വാക്കിലോതി
വളര്‍ന്നു മലയാളം.
നീലമ്പേരൂര്‍ മധുസൂദനന്‍നായരുടെ നിരീക്ഷണം കവിതയില്‍ കാണാം:
നോക്കുവിനെത്ര മഹത്തെന്‍ മനസ്സിലും
നാക്കിലും തുള്ളിടുമെന്റെ ഭാഷ!
കാടും പുഴകളുമാഴിയും കൈകൊട്ടി-
പ്പാടുമീ മാവേലിനാടിന്‍ ഭാഷ.
കല്ലറ അജയന്‍,
നമുക്കു നമ്മുടെ മലയാളം
നനുത്ത സുന്ദര മലയാളം
നമുക്കു നമ്മുടെ മലയാളം
വെളിച്ചമായതു മലയാളം
എന്നെഴുതുമ്പോള്‍, സിപ്പി പള്ളിപ്പുറം
കവിതാമാധുരി തിങ്ങിനിറഞ്ഞൊരു
തറവാടാണീ മലയാളം
എന്നാണ് ഓര്‍മ്മിപ്പിക്കുന്നത്. കേരളഭാഷയുടെ സവിശേഷതകള്‍ വിവരിക്കുന്ന കെ. കെ. രാജാ സകല വാദ്യഘോഷങ്ങളുടെയും നാദവിസ്മയം മലയാളത്തില്‍ ദര്‍ശിക്കുന്നു:
മറ്റൊരു ദിക്കിലും കേള്‍ക്കാത്ത മട്ടുള്ള
മദ്ദളകേളി മിഴാവൊലിയും;
സ്‌നിഗ്ധമധുരമിടയ്ക്ക തന്‍ സംഗീതം;
മുഗ്ധമൃദുലം തിമിലമേളം;
വിണ്ടലത്തോളമുയര്‍ന്നു ചെന്നെത്തുന്ന
ചെണ്ടതന്‍ താരഗംഭീരനാദം-
ഇത്തരമോരോന്നും കൈരളീ, നിന്നുടെ
നൃത്തരസത്തിന്‍ വിഭാവമെന്നും!
മലയാളത്തെക്കുറിച്ചു പറയുമ്പോള്‍ കുഞ്ഞുണ്ണിമാഷിനെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. തനിക്ക് മലയാളമെന്നാല്‍ എന്താണെന്ന് കവി വിവരിക്കുന്നത് ശ്രദ്ധേയമാണ്:
അമ്പത്താറക്ഷരമല്ല,
അമ്പത്തൊന്നക്ഷരവുമല്ലെന്‍ മലയാളം
മലയാളമെന്ന നാലക്ഷരമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം.
മലയാളത്തിന്റെ പ്രാദേശികഭേദങ്ങള്‍ക്കൊപ്പം മലയാളത്തോടുള്ള മലയാളിയുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുഞ്ഞുണ്ണിമൊഴി ഇപ്രകാരം:
ആറു മലയാളിക്കു നൂറു മലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല.
മലയാളകവിതയില്‍ നര്‍മ്മം വിതച്ച ചെമ്മനം ചാക്കോ, മരിക്കാന്‍ കിടക്കുന്ന ഒരു മലയാളിയുടെ അന്ത്യാഭിലാഷം വര്‍ണ്ണിക്കുന്ന വരികള്‍ ഇങ്ങനെ:
അമ്മയെന്നൊരു വാക്കു വിളിക്കുന്നതു കേട്ടു
ജന്മമൊന്നൊടുക്കുവാന്‍ മക്കളേ, കൊതിപ്പു ഞാന്‍.
മലയാളിക്കു മലയാളം എന്താണെന്ന് ആവേശത്തോടെ പാടുകയാണ് കവി കുരീപ്പുഴ ശ്രീകുമാര്‍:
കുമ്പിളില്‍ കഞ്ഞി, വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം
ഉപ്പു കര്‍പ്പൂരം, ഉമിക്കരി ഉപ്പേരി
തൊട്ടുകാണിച്ച മലയാളം.
ഇതൊക്കെയായ മലയാളത്തിന്റെ ഇന്നത്തെ ഗതിയെക്കുറിച്ചുള്ള ചോദ്യമുയര്‍ത്താതെ കവിക്ക് പിന്‍വാങ്ങാനാവില്ല:
ഓമനത്തിങ്കള്‍ക്കിടാവു ചോദിക്കുന്നു
ഓണമലയാളത്തെ എന്തു ചെയ്തു?
ഓമല്‍മലയാളത്തെ എന്തു ചെയ്തു?
മലയാളി മലയാളത്തെ മറക്കുന്ന കാലത്താണ്,
മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ?
എന്നു ചോദിക്കുന്ന ജെ. കെ. എസ്. വീട്ടൂര്‍ എന്ന കവി, നാളേയ്ക്കായി മലയാളത്തെ കാത്തുസൂക്ഷിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നത്:
അരുതരുതാരുമീ പാവനശീലയെ
കുരുതി കൊടുക്കുവാന്‍ വെമ്പിടല്ലേ
പൊരുതുക തായ്‌മൊഴി നെഞ്ചോടു ചേര്‍ക്കുക
കരുതുക ഭാവിതലമുറയ്ക്കായ്.
കേരളപ്പിറവിദിനം മലയാളഭാഷയുടെ വീണ്ടെടുപ്പുദിനം കൂടിയാണ്. നമുക്ക് മലയാളത്തിന്റെ മധുരം ചോരാതെ സൂക്ഷിക്കാം.
							
 ഷാജി മാലിപ്പാറ 
                    
									
									
									
									
									
                    