കവിതയ്ക്ക് അതിനുവേണ്ടുന്ന കരുതലും സൂക്ഷ്മതയും നല്‍കിക്കൊണ്ട് ഹൃദയത്തിന്റെ അടിത്തട്ടില്‍ നനയാതെ സൂക്ഷിച്ചതുകൊണ്ടാവാം അയ്യപ്പനെന്ന കവിയെ കാലമോര്‍ക്കുന്ന മഹാകവിയാക്കുന്നത്. ആശയങ്ങളെ അതിന്റെ ഭാവതീവ്രത ഒട്ടും ചോരാതെ അനുവാചകരിലേക്കു സംക്രമിപ്പിക്കാന്‍ പര്യാപ്തമായ ബിംബങ്ങളെ തിരഞ്ഞെടുക്കാനും അവയെ ഫലപ്രദമായി കവിതയില്‍ ഇണക്കിച്ചേര്‍ക്കാനും അയ്യപ്പനു കഴിഞ്ഞു.
മലയാളകവിതയിലെ ഒറ്റപ്പെട്ട സ്വരമാണ് എ. അയ്യപ്പന്റേത്. അരോചകവും അരാജകവുമായ ജീവിതാവസ്ഥകളെ വസന്തസ്മൃതികളാക്കി തെരുവിലൂടെ ഏകാന്തപഥികനായി നടന്നുനീങ്ങിയ കവിയായിരുന്നു അയ്യപ്പന്‍. കൂട്ടംതെറ്റി ജീവിക്കുന്ന പ്രവാസിയായ ഒരു പ്രതിഭയുടെ ആത്മനൊമ്പരങ്ങളും വ്യഥകളും ഉത്കണ്ഠകളുമെല്ലാം അയ്യപ്പന്റെ കവിതകളില്‍ കാണാം. താളാത്മകമായ ഗദ്യത്തിലെഴുതുന്ന അയ്യപ്പന്‍, വൈരുധ്യപ്രതീതിയുളവാക്കുന്ന ശ്ലഥബിംബങ്ങളും വാക്കുകളുംകൊണ്ട് തന്റെ കാവ്യശില്പം പണിയുന്നു.
തീവ്രവും സങ്കീര്‍ണവുമായ യാഥാര്‍ത്ഥ്യങ്ങളുടെ ഉള്ളറകളിലേക്കും നാം സഞ്ചരിക്കാത്ത അപരിചിതലോകത്തിന്റെ നിഗൂഢതകളിലേക്കും അയ്യപ്പന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ജീവിതത്തിലെ പ്രതിസന്ധികളോരോന്നും ചൂണ്ടിക്കാട്ടുന്ന അയ്യപ്പന്‍ ഈ ലോകം അത്ര സുന്ദരമല്ലെന്നു പറഞ്ഞുവയ്ക്കുന്നുമുണ്ട്. വിശപ്പ്, യുദ്ധം, ദാരിദ്ര്യം, രോഗം, മരണം, വിധി, അനാഥത്വം, പ്രണയം, പരിസ്ഥിതി, ലഹരി, സ്വപ്നം, കാലം എന്നിങ്ങനെ ജീവിതത്തോടു പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെടുന്ന ഘടകങ്ങളെ യഥാതഥമായി അയ്യപ്പന്‍ അവതരിപ്പിക്കുന്നു. ഇവയെല്ലാം ജീവിതബന്ധിയായിരിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു.
അയ്യപ്പന് കവിത കുലത്തൊഴിലാണ്. കവിതയെഴുത്തല്ലാതെ മറ്റൊന്നും അയാള്‍ക്കു വശമില്ല. കവിതയുടെ കേന്ദ്രത്തില്‍ നിശ്ചലനായിനിന്ന് അനുഭവത്തെയും അര്‍ത്ഥത്തെയും വിന്യസിപ്പിക്കുന്നവനല്ല അയ്യപ്പന്‍, അവയ്‌ക്കൊപ്പം നിരന്തരം അലയുന്നവനാണ്. അലച്ചിലിന്റെയും ലഹരിയുടെയും അനുസ്യൂതിയില്‍ സ്ഥിരമായ സ്ഥലകാലങ്ങള്‍ അപ്രത്യക്ഷമാകുകയും ഒരേ കവിതയില്‍, വാക്കില്‍, ബിംബത്തില്‍ വ്യത്യസ്തമായ സ്ഥലകാലങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. 'തെറ്റിയോടുന്ന സെക്കന്‍ഡ് സൂചി'യെന്ന് ജീവിതത്തെ സ്വയം വിശേഷിപ്പിച്ച അയ്യപ്പന്‍ കലാപത്തിന്റെ കവികൂടിയാണ്. കവിതയ്ക്ക് അതിനുവേണ്ടുന്ന കരുതലും സൂക്ഷ്മതയും നല്‍കിക്കൊണ്ട് ഹൃദയത്തിന്റെ അടിത്തട്ടില്‍ നനയാതെ സൂക്ഷിച്ചതുകൊണ്ടാവാം അയ്യപ്പനെന്ന കവിയെ കാലമോര്‍ക്കുന്ന മഹാകവിയാക്കുന്നത്.
അയ്യപ്പന്റെ കവിതകളില്‍ കാണുന്ന മൃത്യുബോധം മരണത്തോടുള്ള ഭയമായി പരിണമിക്കുന്നില്ല; മറിച്ച്, ഒരു നിഴലായി ഒപ്പം സഞ്ചരിക്കുന്ന ശക്തിയെന്ന നിലയിലാണ് കാണുന്നത്. മൃത്യുബോധം അയ്യപ്പനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകമുഹൂര്‍ത്തത്തില്‍ വന്നുപെട്ട അനുഭവമല്ല. ഒരു പരിധിവരെ അതു സഹജമാണ്. മരണം ഇത്രയേറെ അയ്യപ്പനെ അസ്വസ്ഥപ്പെടുത്തുന്നതിന്റെ  യഥാര്‍ത്ഥകാരണം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണെന്നു പറയാം. മാതാപിതാക്കളുടെ മരണം ഏതൊരു ബാലനെയുംപോലെ അയ്യപ്പന്റെ ജീവിതത്തെയും ശിഥിലമാക്കി. ജീവിതയാത്രയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മരണവും അയ്യപ്പനെ തളര്‍ത്തി. സ്വജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവന്ന മരണമുഹൂര്‍ത്തങ്ങളും അയ്യപ്പനെ സ്വാധീനിച്ചു.
സാര്‍വലൗകികവും സാര്‍വകാലികവുമായ പ്രമേയമായ പ്രണയത്തില്‍ വൈവിധ്യം ചമച്ച കവിയാണ് എ. അയ്യപ്പന്‍. അനുഭവതീവ്രത വ്യക്തമാക്കുന്ന രചനാരീതിയും മലയാളിയുടെ സാമൂഹിക ഉപബോധമനസ്സിലും നാടോടിസങ്കല്പങ്ങളിലും ഉറങ്ങിക്കിടക്കുന്ന ശക്തമായ ബിംബാവലികളും ചേര്‍ന്ന് അയ്യപ്പന്റെ പ്രണയകാവ്യങ്ങള്‍ക്കു സവിശേഷഭാവം നല്‍കുന്നു. കാവ്യഭാഷയിലും കാവ്യവ്യക്തിത്വത്തിലും ആധുനികകവികളുടെ പട്ടികയില്‍ അയ്യപ്പന്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു. അയ്യപ്പന്റെ പ്രേമകവിതകള്‍ ഒരിക്കലും നിരാശയില്‍ എത്തി അവസാനിക്കുന്നില്ല. കവി, നിരാശയില്‍നിന്ന് ഊര്‍ജംകൊള്ളുന്നു. ചിലപ്പോള്‍ രോഷംകൊള്ളുന്നു. പ്രണയം ഒരു സ്വപ്നമായി നിലനിര്‍ത്തി യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് കവി നോട്ടമിടുന്നത്. കവിതകളില്‍ വിരിയുന്ന പ്രണയബിംബങ്ങള്‍ ആത്മാര്‍ത്ഥതയുടെ പീലികള്‍ വിടര്‍ത്തുന്നതും അതുകൊണ്ടാണ്.
അയ്യപ്പനെ സംബന്ധിച്ചിടത്തോളം അസ്തിത്വദുഃഖം ഒരു പരിധിവരെ സഹജമാണ്. 'വിശപ്പ്' ഒരു സുഹൃത്തായി എന്നും അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. രക്തബന്ധങ്ങളോടും സ്‌നേഹബന്ധങ്ങളോടും നീതി കാണിക്കാന്‍ സാധിക്കാത്തവന്റെ ഓര്‍മകളായി ഗൃഹാതുരത്വം പ്രകടമാകുന്നു.
വ്യക്തിജീവിതത്തിലും കാവ്യജീവിതത്തിലും അലഞ്ഞുതിരിഞ്ഞ സഞ്ചാരിയാണ് അയ്യപ്പന്‍. അനാഥത്വത്തെ കാവ്യരചനയില്‍ കലാപമാക്കി മാറ്റിക്കൊണ്ട്, കവിതയിലൂടെ അനുവാചകന്റെ മനസ്സില്‍ പൊള്ളലും അഴല്ചയും സൃഷ്ടിക്കാന്‍ അയ്യപ്പനു കഴിഞ്ഞു. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരിക്കേണ്ട അര്‍ത്ഥവത്തായ ബന്ധത്തെക്കുറിച്ചും അയ്യപ്പന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. പ്രകൃതിയുമായി ചേര്‍ന്നുനില്ക്കുന്ന ഹരിതം കലര്‍ന്ന ജീവിതദര്‍ശനമാണ് ഇന്നിന്റെ ആവശ്യമെന്നു കവി കരുതുന്നു. അയ്യപ്പന്റെ കവിതയിലെ പരിസ്ഥിതിവിചാരങ്ങള്‍ സാംസ്‌കാരികവും നൈതികവുമായ ഉന്നതമാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പ്രകൃതിധ്വംസനത്തിനെതിരേയുള്ള സര്‍ഗാത്മകകലാപം അയ്യപ്പന്റെ കവിതയില്‍ കാണാം. 'ഭൂമിയും പുഴയും', 'കാടിന്റെ സ്‌നേഹിതയ്ക്ക്' എന്നീ കവിതകള്‍ ഇതിനു തെളിവാണ്.
വാക്കുകളെക്കാളേറെ ഇമേജുകളുടെ ഭാഷയാണ് കാവ്യാവിഷ്‌കാരത്തിന് അയ്യപ്പന്‍ ഉപയോഗിച്ചത്. ആശയങ്ങളെ അതിന്റെ ഭാവതീവ്രത ഒട്ടും ചോരാതെ  അനുവാചകരിലേക്കു സംക്രമിപ്പിക്കാന്‍ പര്യാപ്തമായ ബിംബങ്ങളെ തിരഞ്ഞെടുക്കാനും അവയെ ഫലപ്രദമായി കവിതയില്‍ ഇണക്കിച്ചേര്‍ക്കാനും അയ്യപ്പനു കഴിഞ്ഞു.
കവിത അയ്യപ്പനു ജ്ഞാനമാര്‍ഗമാണ്. കുറെക്കൂടി തീക്ഷ്ണമായിപറഞ്ഞാല്‍ കവിതയ്ക്കപ്പുറത്തെ മറ്റൊരു ജ്ഞാനവീഥി അയ്യപ്പനില്ല. എല്ലാറ്റിലും ഇദ്ദേഹം കവിത കാണുന്നു. അതു ലോകത്തിന്റെ ഭിന്നസ്വരങ്ങളെയും ഭാവങ്ങളെയും രൂപങ്ങളെയും കാവ്യാത്മകതയുടെ ഏകശരീരത്തിലേക്കു കൊണ്ടുവരുന്നു. കവിത ഒരേസമയം ശരീരവും ആത്മാവും ആകുന്നതിങ്ങനെയാണ്. ഇത്തരത്തില്‍, വ്യത്യസ്തജീവിതമുഹൂര്‍ത്തങ്ങളെ തന്റെ കവിതകളില്‍ അവതരിപ്പിച്ച് 2010  ഒക്‌ടോബര്‍ 21 ന് നമ്മെ വിട്ടുപിരിഞ്ഞ എ. അയ്യപ്പന്‍ മലയാളകാവ്യലോകത്തു വേറിട്ടുനില്‍ക്കുന്നു.
							
 റോബിന് താന്നിമല
                    
									
									
									
									
									
									
									
									
									
									
                    