അപഹരണത്തിനും അനുകരണത്തിനും യാതൊരു വൈമനസ്യവും കാട്ടാത്ത ചിലരെങ്കിലും ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു പറയാതെ വയ്യ. ഈ പ്രവണത ഏറ്റവും ശക്തമായി കാണുന്നതു ഗാനരംഗത്താണ്. കണ്ണുമടച്ച് അന്ധമായി അനുകരിക്കാന്‍ പലരും തയ്യാറാകാറുണ്ട്. അങ്ങനെ അനുകരിക്കുന്നതിന്റെ ജാള്യം അല്പംപോലും അവരെ അലട്ടാറില്ല എന്നതത്രേ അദ്ഭുതകരമായ വസ്തുത.
''വാതില്ക്കലെത്തുന്ന                  നേരം ചിരിക്കുന്ന
വാസന്തിപ്പൂവാണ് ഭാര്യ
ദുഃഖം വരുമ്പോള്‍ തലോടി    മയക്കുന്ന
മൈക്കണ്ണിയാളാണ് ഭാര്യ.''
തിരുവനന്തപുരം ആകാശവാണിനിലയം വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രക്ഷേപണം ചെയ്ത ലളിതഗാനമാണിത്. രചന - കെ.ജി. സേതുനാഥ്; സംഗീതം - എം.ജി. രാധാകൃഷ്ണന്‍. പലരും പാടി അനേകം തവണ ഈ ഗാനം റേഡിയോയില്‍ വന്നിട്ടുണ്ട്. 1986 ല്‍ പുറത്തിറക്കിയ 'രാക്കുയിലിന്‍ രാഗസദസ്സില്‍' എന്ന ചിത്രം കണ്ടിരിക്കുമ്പോള്‍ അതിലെ നായകനായ മമ്മൂട്ടി നായികയായ സുഹാസിനിയെ നോക്കി ഇങ്ങനെ പാടുന്നതു കേട്ടു:
''പൂമുഖവാതില്ക്കല്‍             സ്‌നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന്‍ മുള്ളുകള്‍            തൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ'' (രചന - എസ്. രമേശന്‍നായര്‍; സംഗീതം - എം.ജി. രാധാകൃഷ്ണന്‍; ആലാപനം - യേശുദാസ്).
രണ്ടു ഗാനങ്ങളുടെയും 'ജീന്‍' ഏതാണ്ട് ഒന്നുതന്നെയാണ്. ഡി.എന്‍.എ. ടെസ്റ്റു കൂടാതെതന്നെ നമുക്ക് ഉറപ്പുപറയാവുന്ന കാര്യമാണിത്. രണ്ടു പാട്ടുകള്‍ക്കും എം.ജി. രാധാകൃഷ്ണന്‍ കൊടുത്തിരിക്കുന്ന ഈണത്തിനുമുണ്ട് അനുകരണസ്വഭാവം. 'നിത്യകന്യക' എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ രാമവര്‍മ എഴുതി ജി. ദേവരാജന്‍ സംഗീതം പകര്‍ന്ന് യേശുദാസും പി. സുശീലയും വെവ്വേറെ പാടിയ,
''കണ്ണുനീര്‍മുത്തുമായ്      കാണാനെത്തിയ
കതിരുകാണാക്കിളി ഞാന്‍'' എന്ന ഗാനത്തിന്റെ മാറ്റൊലിയാണ് മുകളില്‍ പരാമര്‍ശിച്ച രണ്ടു പാട്ടുകളിലും മുഴങ്ങുന്നത്.
''മനസ്സു മനസ്സിന്റെ ശ്രവണ    പുടങ്ങളില്‍
പ്രണയരഹസ്യങ്ങള്‍
        പറഞ്ഞു-ആയിരം
പ്രണയരഹസ്യങ്ങള്‍ പറഞ്ഞു'' (സന്ധ്യാവന്ദനം എന്ന ചിത്രത്തിലെ 'സ്വര്‍ണചൂഡാമണി ചാര്‍ത്തി' എന്നാരംഭിക്കുന്ന ഗാനത്തിലെ വരികള്‍; രചന - വയലാര്‍ രാമവര്‍മ; സംഗീതം - എല്‍.പി.ആര്‍. വര്‍മ; ആലാപനം - യേശുദാസ്)
വയലാറിന്റെ പാട്ടുകേട്ടാല്‍ തനിക്കു പാട്ടെഴുതാന്‍ തോന്നും എന്നവകാശപ്പെട്ട ഭരണിക്കാവ് ശിവകുമാര്‍ പിന്നീട് ഇങ്ങനെയെഴുതി:
''മനസ്സു മനസ്സിന്റെ കാതില്‍             രഹസ്യങ്ങള്‍
മന്ത്രിക്കും മധുവിധുരാത്രി''  (ചിത്രം - ചോറ്റാനിക്കര അമ്മ; സംഗീതം - ആര്‍.കെ. ശേഖര്‍; ആലാപനം - യേശുദാസ്,           പി. സുശീല).
'മനസ്സിന്റെ ശ്രവണപുടങ്ങള്‍' എന്ന വയലാറിന്റെ പ്രയോഗം ഭരണക്കാവിന്റെ തൂലികയില്‍ കടന്നുവന്നപ്പോള്‍ 'മനസ്സിന്റെ കാതില്‍' എന്നായി. രണ്ടിടത്തും രഹസ്യങ്ങള്‍ കൈമാറുന്നുണ്ട്, സന്ദര്‍ഭം ആദ്യരാത്രിയാണുതാനും.
''ഉരുകിയുരുകിത്തെളിയും
        മെഴുകുതിരികളേ,
മരുഭൂമിയിലെ യാത്രക്കാരനു
വഴികാണിക്കുയില്ലേ?'' (ചിത്രം - അന്ന; രചന - വയലാര്‍ രാമവര്‍മ; സംഗീതം  -  ജി. ദേവരാജന്‍; ആലാപനം - പി. സുശീല)
ഈ ഗാനം പിറന്ന് മുപ്പത്തിമൂന്നുവര്‍ഷങ്ങള്‍ക്കുശേഷം നാം കേട്ട മറ്റൊരു പാട്ട് ഇതായിങ്ങനെ:
''ഉരുകിയുരുകിയെരിയുമീ           മെഴുകുതിരികളില്‍
അഴലിന്നിരുളില്‍ ഇടറുമീ തരളമിഴികളില്‍'' (ചിത്രം - ലേലം; രചന - ഗിരീഷ് പുത്തഞ്ചേരി; സംഗീതം - ഔസേപ്പച്ചന്‍; ആലാപനം - യേശുദാസ്).
'മഹത്തായ മനസ്സുകള്‍ ഒരുപോലെ ചിന്തിക്കുന്നു' എന്ന ചൊല്ലില്‍ രണ്ടാമത്തെ പാട്ടെഴുത്തുകാരന് അഭയം കണ്ടെത്താനാവുമോ? മഹത്തായ മനസ്സുള്ള ആസ്വാദകര്‍ അക്കാര്യം ചിന്തിക്കട്ടെ, വിലയിരുത്തട്ടെ.പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍
							
 ടി.പി. ശാസ്തമംഗലം
                    
									
									
									
									
									
									
									
									
									
									
                    