ടോഡ് ഹെന്റിയുടെ  വിശ്വവിഖ്യാതമായ ഒരു പുസ്തകമാണ് '' Die Empty.'' നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനുതകുന്ന ചില അമൂല്യസന്ദേശങ്ങള്‍ ഇതിലുണ്ട്.
നാളെ എന്നൊരു ദിവസമില്ല. ചെയ്യാവുന്നതൊക്കെ ഇന്നു ചെയ്തുതീര്‍ക്കുക എന്ന ആഴത്തില്‍ തറയ്ക്കുന്ന  ഒരു സന്ദേശമാണ് ഹെന്റിയുടെ പുസ്തകത്തില്‍ നാം വായിക്കുക. തൃപ്തി യുളവാക്കുംവിധം നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനും  ജീവിതത്തില്‍ മുന്നേറാനുമുള്ള  പ്രചോദനമാണ് നമുക്കിവിടെ ലഭിക്കുക. നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിനായി  കാത്തുകാത്തിരിക്കാതെ  സാധ്യമായതൊക്കെ ഇന്നുതന്നെ ചെയ്യണം. കാരണം, നാം മരിക്കുന്നതെപ്പോഴെന്നു നമുക്കറിയില്ല. കഷ്ടമായിപ്പോയി, അതൊന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന ഖേദത്തിനു വഴിവയ്ക്കാതെ ഇന്നുതന്നെ കര്‍മനിരതരാവുക. ടോഡ് ഹെന്റി  പറയുന്നത്, നാം നമ്മുടെ അറിവുകളും  താലന്തുകളും കഴിവുകളും മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍  മാത്രമാണു നമുക്കൊരു മെച്ചപ്പെട്ട ജീവിതം സാധ്യമാവുകയെന്നാണ്. കേവലം ക്രിയാത്മകമായ ചിന്തകളുടെ മുഷിപ്പന്‍ ഭാഷണമോ വാക്‌ധോരണികളോ ഉയര്‍ത്തുന്നതാണ് ഈ പുസ്തകമെന്നു ധരിക്കരുത്. മറിച്ച്, നാമിവിടെ ഇതുവരെ കണ്ടിട്ടില്ലാത്ത ചില   മൂല്യങ്ങള്‍ സ്വയം  സൃഷ്ടിച്ചെടുക്കുകയാണ്. ഇതു ജീവിതത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ ബൃഹത്താണ്.
ഇതോടെ നാം നമ്മുടെ വ്യക്തിജീവിതത്തിലും തൊഴില്‍ മേഖലയിലും സ്വയം വേറിട്ടു  നില്‍ക്കുന്നവരായിമാറും. അപ്പോള്‍ മറ്റുള്ളവരൊക്കെ  നിങ്ങളോടൊപ്പം ഒട്ടിനില്‍ക്കാനും താത്പര്യപ്പെടും. വലിയ മാറ്റങ്ങള്‍ക്കു നിങ്ങള്‍ രാസത്വരകങ്ങളാകും. ഏതു പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും അതൊക്കെ ആസ്വാദ്യമായ  അനുഭവങ്ങളായി മാറും. ഹെന്റി പറയുന്നുണ്ട്, നിങ്ങള്‍ക്ക് ഇന്നത്തെക്കാള്‍ മെച്ചമായത് ഇനിയും ചെയ്യാനാകുമെന്നു തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ മികച്ച നേട്ടങ്ങള്‍ ബാക്കി നില്‍ക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം.
നമ്മളാരും കാലാകാലത്തോളം ജീവിച്ചിരിക്കാന്‍ പോകുന്നില്ല 'നമ്മുടെ സമയം പരിമിതമാണ്.' ഒരു തിരിനാളംപോലെ അത് കത്തിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടു കാലവിളംബം കൂടാതെ  ജീവിതത്തില്‍ ചെയ്തു പൂര്‍ത്തിയാക്കേണ്ട  കാര്യങ്ങള്‍ നാളത്തേക്കു ബാക്കിവയ്ക്കാന്‍ പാടില്ല. നാം ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ട് നമുക്ക് ഒരു നല്ല തുടക്കം കുറിക്കാം. കര്‍മപഥത്തിലേക്കു നമ്മെ നയിക്കുന്ന, നമുക്കു പ്രേരകമാകുന്ന, നമ്മെ പ്രചോദിപ്പിക്കുന്ന ഒരു ഉണര്‍ത്തുപാട്ടാണ്ഈ പുസ്തകം.
ഈ പുസ്തകം എഴുതാനുണ്ടായ  സാഹചര്യങ്ങള്‍ ഹെന്റി വിവരിക്കുന്നുണ്ട്. തന്റെ ജീവിതയാത്രയില്‍ അതിസമര്‍ത്ഥരും കുശാഗ്രബുദ്ധിയുള്ളവരും അത്യുഗ്ര പ്രതിഭാശാലികളും മികച്ച താലന്തുകള്‍ ഉള്ളവരുമായ കുറെയേറെപ്പേരെ കണ്ടുമുട്ടി. പക്ഷേ, അവരില്‍ പലരും തന്റെ പഴയകാലനേട്ടങ്ങളുടെ ശീതളച്ഛായയില്‍ മയങ്ങിക്കിടക്കുന്നതായി കണ്ടു. ഇത്രയൊക്കെ മതിയെന്ന് അവര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അവരൊക്കെ ചിലപ്പോള്‍ തന്റെ പ്രവര്‍ത്തനമേഖലയില്‍ വലിയ നേട്ടങ്ങളുടെ കൊടുമുടിയില്‍  നിലകൊള്ളുന്നവരാകാം. നമുക്കുണ്ടാകുന്ന പുത്തന്‍ ആശയങ്ങള്‍, ഭൂതോദയം, അന്തര്‍ജ്ഞാനം,  ഉള്ളുണര്‍വ് എന്നിവയെല്ലാം മൂടിവെച്ചാല്‍  നമുക്കു വലിയ  നേട്ടങ്ങള്‍ കൈവരിക്കാനാവില്ല. ഹ്രസ്വകാലനേട്ടങ്ങളെ ബലിയര്‍പ്പിച്ചുകൊണ്ടു ദീര്‍ഘകാലനേട്ടങ്ങള്‍ക്കായി മനസ്സൊരുക്കണം.
അര്‍ത്ഥവത്തായ ഒരു ജീവിതത്തിന്റെ നിര്‍മിതിക്കുള്ള  ഉപായങ്ങള്‍ പറഞ്ഞുതന്നു നമ്മെ പ്രചോദനത്തില്‍നിന്നു പ്രവൃത്തിപഥത്തിലേക്കു നയിക്കുന്ന ഗ്രന്ഥമാണിത്. ജീവിതത്തിന്റെ  വടക്കുനോക്കിയന്ത്രം അതിന്റെ യഥാര്‍ഥദിശയിലാണോ എന്ന് ഉറപ്പാക്കിത്തരാന്‍ ഇതുപകരിക്കും. വിചിന്തനങ്ങളിലൂടെ നമ്മുടെ പ്രായോഗികമാര്‍ഗങ്ങള്‍ സ്വയം നിരീക്ഷിച്ചുകൊണ്ടു പെട്ടെന്നുതന്നെ ഗതിമാറ്റങ്ങള്‍ക്കായി സ്വയം സജ്ജരാകുകയും നമ്മുടെ മികവുകള്‍ എല്ലാം പൂര്‍ണമായി വിനിയോഗിക്കാന്‍   നമ്മെ ശക്തരാക്കുകയും ചെയ്യുന്ന ഒരു അപൂര്‍വശക്തിയിലേക്കാണു ലേഖകന്‍ വിരല്‍ ചൂണ്ടുന്നത്.
സുപ്രധാനമായ  ജോലി  ഒരുപക്ഷേ, നാം മാറ്റിവച്ചിരിക്കുന്ന ഒരു സംഭാഷണമാകാം, വേണ്ടുന്ന കാര്യങ്ങള്‍ക്കായി സമയം നീക്കിവയ്ക്കാത്തതാകാം,  ഹ്രസ്വകാലനേട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകാം, സുഖദായകസാഹചര്യങ്ങളില്‍  കുടുങ്ങിനിന്ന് പുതിയ അറിവുകളും പുതിയ വൈഭവങ്ങളും സ്വന്തമാക്കാത്തതാകാം, സ്വന്തം ചിന്തകള്‍ക്കു മൂര്‍ച്ച കൂട്ടാത്തതാകാം. ത്വരകള്‍ ഒന്നും കൂടാതെ ചുറുചുറുക്കും ശുഷ്‌കാന്തിയുമില്ലാതെ  ശരിയായ മൂല്യങ്ങള്‍ക്കും  അഭിലാഷങ്ങള്‍ക്കും  പിന്നാലെ പോകാനാവാത്ത അവസ്ഥ നമുക്കുണ്ടോ?  സമയവും  സമ്പാദ്യവും  ഊര്‍ജവും നമുക്കേറ്റവും വേണ്ട കാര്യത്തിനാണ് ഉപയോഗിക്കേണ്ടത്.
വിജയിക്കാന്‍ വ്യക്തമായ നിയമങ്ങളോ ഫോര്‍മുലകളോ ഒന്നുംതന്നെയില്ല. ചിട്ടയോടെ തന്റെ ജോലികള്‍ യഥാസമയം ചെയ്യുന്ന ഒരാള്‍ക്ക്  മനഃസംതൃപ്തി ഉണ്ടാവും;  അവര്‍  മറ്റുള്ളവരെ അപേക്ഷിച്ചു മികച്ച ഫലങ്ങളും  സൃഷ്ടിക്കുമെന്നതിനു ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്. നാം പലപ്പോഴും  കുറുക്കുവഴികള്‍ തേടും. നമ്മുടെ അധ്വാനം പരിമിതപ്പെടുത്തിക്കൊണ്ടു നമ്മുടെ കഴിവുകള്‍ വേണ്ടവിധം ഉപയോഗപ്പെടുത്താതെ നേട്ടങ്ങള്‍ കൊയ്യാന്‍ ധൃതി വയ്ക്കും.
നല്ല വാര്‍ത്ത ഇതാണ്: നിങ്ങള്‍ക്ക് ഈ മീഡിയം ചിന്താഗതി വേണമെങ്കില്‍ ഉപേക്ഷിക്കാം  എന്നിട്ടു കൂടുതല്‍ ഊര്‍ജസ്വലരാകാം, കര്‍മനിരതരാകാം. അനിശ്ചിതങ്ങള്‍ക്കു നടുവിലേക്ക് എടുത്തുചാടുന്നവരും, സ്വന്തം ആത്മാവിന്റെ ശബ്ദം കേള്‍ക്കുന്നവരും ആവശ്യമുള്ളിടങ്ങളില്‍ യുദ്ധം പയറ്റുന്നവരും അനേകം അവസരങ്ങള്‍ കണ്ടെത്തും. നമുക്കെങ്ങനെ നമ്മുടെ വഴികള്‍ തെളിക്കാം? ലക്ഷ്യങ്ങളിലേക്കു നീങ്ങാം?
ജോര്‍ജ് ബെര്‍ണാഡ് ഷാ  ഒരിക്കല്‍ ഇങ്ങനെ കുറിക്കുകയുണ്ടായി: ''ഞാന്‍ മരിക്കുമ്പോഴേക്കു പൂര്‍ണമായി സ്വയം ഉപയോഗിച്ചുതീരണം എന്നാഗ്രഹിക്കുന്നു, കാരണം എത്രകണ്ട് കഠിനാധ്വാനം ഞാന്‍ ചെയ്യുന്നുവോ  അത്രകണ്ട് കൂടുതല്‍ ഞാന്‍ ജീവിക്കും. ജീവിതത്തെ ഞാന്‍ ആസ്വദിക്കുന്നു. അതെനിക്ക് ഒരു കൊച്ചുമെഴുകുതിരിയല്ല മറിച്ചു ഒരു വലിയ, ജ്വലിക്കുന്ന  തീപ്പന്തമാണ്. ഇപ്പോള്‍ എന്റെ കൈയില്‍ ഏറെ പ്രശോഭയാര്‍ന്ന് അത് നില്‍ക്കണം, നാളെ അത് ഭാവി തലമുറകള്‍ക്കു ഞാന്‍ കൈമാറുംവരെ.''
ഏതാണ്  ഈ ലോകത്തിലെ  വിലമതിക്കാനാവാത്ത സ്ഥലം  എന്നൊരു ചോദ്യം ഒരിക്കല്‍ ഹെന്റിയോട് ഒരു സുഹൃത്ത് ചോദിച്ചു. പലരും അവരുടെ സങ്കല്പത്തിലെ അമൂല്യമായ  ഭൂമിയെപ്പറ്റി പറഞ്ഞു. ചിലര്‍ യൂറോപ്പിലെ ചില പ്രദേശങ്ങളെപ്പറ്റി പറഞ്ഞു. മറ്റു ചിലര്‍ മിഡില്‍ ഈസ്റ്റിലെ എണ്ണപ്പാടങ്ങള്‍ എന്നു പറഞ്ഞു. മറ്റു ചിലര്‍ സൗത്താഫ്രിക്കയിലെ രത്നഖനികളെക്കുറിച്ചു പറഞ്ഞു.
ഒടുവില്‍ ആ സുഹൃത്തു   പറഞ്ഞത് ഇതാണ്: ഇതൊന്നുമല്ല ഏറ്റവും വിലയേറിയ ഭൂമി. അത്  സിമിത്തേരിയാണ്. അവിടെയാണ് എഴുതപ്പെടാത്ത നോവലുകളും, ഒരിക്കലും തുടങ്ങാന്‍ കഴിയാതെപോയ ബിസിനസ് സ്ഥാപനങ്ങളും, കൂട്ടിയിണക്കാന്‍ കഴിയാതെപോയ ബന്ധങ്ങളും,   പിന്നീടെപ്പോഴെങ്കിലും  സാധ്യമാക്കാമെന്നു കരുതിവെച്ച കാര്യങ്ങളും, പിന്നീടൊരിക്കലും സാധിക്കാതെപോയ കാര്യങ്ങളും കിടക്കുന്നത്.
തന്റെ ശ്രദ്ധയും  സമയവും ഊര്‍ജവുമെല്ലാം  വേണ്ടവിധം നമുക്കുപയോഗിക്കാനായില്ലായെങ്കില്‍ നാം അതെല്ലാം ഈ ആറടിമണ്ണിലേക്കാണു കൊണ്ടുപോവുക. ഒടുവില്‍ തനിക്കു വിനിയോഗിക്കാനാവാതെപോയ സുവര്‍ണാവസരങ്ങളെക്കുറിച്ചോര്‍ത്തു നാം  നെടുവീര്‍പ്പിടും. കഴിഞ്ഞകാലത്തെ തെറ്റായ തീരുമാനങ്ങളെയോര്‍ത്തു വ്യസനിക്കുന്നതുകൊണ്ട് എന്തുപ്രയോജനം?
ഇന്നുതന്നെ എല്ലാം ചെയ്യുക എന്നതിനര്‍ത്ഥം  നാം വെറുതേ ചാപല്യങ്ങള്‍ക്കു പിന്നാലെ  തോന്ന്യാസം പോകണമെന്നല്ല. ബോധപൂര്‍വമല്ലാത്ത തീരുമാനങ്ങള്‍ക്കൊക്കെ  ചിലപ്പോള്‍ നാളെ  വലിയ വില കൊടുക്കേണ്ടിവരാം. പക്ഷേ, ഇന്നു നഷ്ടപ്പെടുന്ന അവസരങ്ങള്‍ എന്നത്തേക്കുമായി പോയ്മറയും എന്നോര്‍ക്കണം. നമുക്കുള്ളില്‍ ഉറങ്ങുന്ന ശക്തികളെ, മികവുകളെ നാം തിരിച്ചറിയണം. നമുക്കുമാത്രം  ദൈവം പറഞ്ഞുവച്ചിട്ടുള്ള ചില വലിയ കാര്യങ്ങളുണ്ട്; അതു നമുക്കു ചെയ്തുതീര്‍ക്കാനുണ്ട്.
നാം ചെയ്യുന്നതിനൊക്കെ   അംഗീകാരം ലഭിക്കണമെന്നുകരുതി മാത്രം പ്രവര്‍ത്തനങ്ങള്‍ക്കു തയ്യാറാവരുത്. പോകുന്നവഴിക്കു പാരിതോഷികങ്ങളും പ്രശംസകളും സമ്പാദ്യവും ലഭിച്ചേക്കാം. പക്ഷേ, ഇതൊന്നും നിങ്ങളെ ഒരു ഒരു മധ്യമവര്‍ഗക്കാരനാക്കരുത്. ആവേശകരമായ ഒരു യാത്രയുടെ പ്രക്രിയയിലും രീതിക്രമത്തിലും  നാം നല്‍കുന്ന നിലനില്പള്ള സംഭാവനകളിലുമാണ് നാം ആനന്ദം കണ്ടെത്തേണ്ടത്.
							
 ജോസ് വഴുതനപ്പിള്ളി
                    
									
									
									
									
									
                    