•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

കുഞ്ഞുമനസ്സിന്‍ നൊമ്പരങ്ങള്‍

രോഗ്യമേഖല കഴിഞ്ഞാല്‍ കൊവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ചത് വിദ്യാഭ്യാസമേഖലയിലാണ്. ഒന്നരവര്‍ഷത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു വിദ്യാലയങ്ങള്‍. പ്രൈമറിക്കാരും പ്ലസ്ടുക്കാരും ഇതുവരെ അവരുടെ പുതിയ അധ്യയനാന്തരീക്ഷവുമായി പരിചയപ്പെട്ടിട്ടുപോലുമില്ല. ഇത് സാമൂഹികവും വിദ്യാഭ്യാസപരവും മാനസികവുമായുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പുറംലോകവുമായുള്ള ഇടപെടലുകളിലൂടെയാണ് മൂന്നു വയസ്സുവരെ മസ്തിഷ്‌കവികാസം നടക്കുക. കുഞ്ഞുങ്ങളുടെ മാനസികവളര്‍ച്ചയും സംസാരശേഷിയും സാമൂഹികഇടപെടല്‍ കുറഞ്ഞതിനാല്‍ ആനുപാതികമായ വളര്‍ച്ച കൈവരിച്ചിട്ടില്ല. തന്നിലേക്കുതന്നെ അവര്‍ ചുരുങ്ങി. ഓടിനടക്കാനും മറ്റുള്ളവരോട് ഇടപെടാനും അവര്‍ താത്പര്യം കാട്ടുന്നില്ല. അംഗന്‍വാടികളിലും എല്‍.കെ.ജിയിലും യു.കെ.ജിയിലും  ഒക്കെ ലഭിക്കേണ്ടിയിരുന്ന മാനസികവളര്‍ച്ച ലഭ്യമാകാതെയാകും കുട്ടികള്‍ ഒന്നാം ക്ലാസിലെത്തുക. സ്‌കൂളുകള്‍ പാഠശാലകളാണെന്നതിലുപരി ജീവിതം കരുപ്പിടിപ്പിക്കുന്ന കേന്ദ്രങ്ങള്‍കൂടിയാണ്. ചുറ്റുപാടുകളുമായി സംവേദിച്ചുകൊണ്ടാണ് അവരുടെ സ്വഭാവരൂപവത്കരണവും പെരുമാറ്റരീതികളും വികസിക്കുന്നത്. പുറത്തിറങ്ങാനോ കളിക്കാനോ സാധിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍, ഒരു സാമൂഹികജീവിയെന്ന നിലയില്‍ പരുവപ്പെടുത്തേണ്ട കൂട്ടായ്മകളുടെ അഭാവം, അധ്യാപകരുമായി നേരിട്ടുള്ള ബന്ധമില്ലായ്മ, സഹപാഠികളുമായുള്ള പാരസ്പര്യക്കുറവ് എന്നിവ കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
മുന്നൂറോളം കുട്ടികളാണ് കൊവിഡ് കാലത്തുമാത്രം ആത്മഹത്യ ചെയ്തത്. പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മാതാപിതാക്കള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍, ലഹരിയുപയോഗം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സൈബര്‍ കുരുക്കുകള്‍, ഗാര്‍ഹികപീഡനങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം, ഭാവിയെക്കുറിച്ചുള്ള ആശങ്ക, അകാരണഭയം, വിഷാദം, ഒറ്റപ്പെടല്‍, പ്രണയപരാജയങ്ങള്‍, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകുറവ്, വികലമായ ചിന്തകള്‍ എന്നിങ്ങനെ ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങള്‍ ഓരോ ആത്മഹത്യയുടെ പിറകിലും ഉണ്ടാകാം. കൊവിഡ് മഹാമാരി കുട്ടികളുടെ മാനസികബലം വലിയ തോതില്‍ കുറച്ചു. കേരളവിദ്യാഭ്യാസഗവേഷണ പരിശീലനസമിതിയുടെ പഠനപ്രകാരം ഇന്റര്‍നെറ്റിന്റെയും  മൊബൈലിന്റെയും അമിതോപയോഗം, വിഷാദരോഗത്തിന്റെയും ഉത്കണ്ഠരോഗത്തിന്റെയും ലക്ഷണങ്ങള്‍, ഏകാന്തത, വൈകാരികനിയന്ത്രണത്തിനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികളില്‍ ഗണ്യമായി തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പ്രതികരണമനുസരിച്ച് 23.44 ശതമാനം പേര്‍ക്ക് വിഷാദലക്ഷണങ്ങളുണ്ട്. ഗണ്യമായ ഉത്കണ്ഠയുള്ളവര്‍ 11.16 ശതമാനമാണ്. ഒരിക്കലെങ്കിലും സ്വയം ജീവനൊടുക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുള്ളവരുടെ എണ്ണം 10.13 ശതമാനം വരും. ഡിജിറ്റല്‍ പഠനംമൂലം പലര്‍ക്കും തലവേദന, കണ്ണിനു ക്ഷീണം, മങ്ങിയ കാഴ്ച തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്.
കൊവിഡ് കാലത്ത് 36.05 ശതമാനം രക്ഷിതാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടു. 78.35 ശതമാനം പേര്‍ക്കു വരുമാനത്തില്‍ നഷ്ടമുണ്ടായി. ഇത് രക്ഷിതാക്കളില്‍ അസ്വസ്ഥതയും ദേഷ്യവും സങ്കടവും വര്‍ദ്ധിപ്പിച്ചു. കുടുംബാന്തരീക്ഷത്തിലുണ്ടായ ഈ പ്രതിസന്ധി കുട്ടികളെയും സാരമായി ബാധിച്ചിട്ടുണ്ട്. കുട്ടികളുടെയിടയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കൊവിഡ്കാലത്ത് ലഹരിയുപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. അത് അവരുടെ മാനസികപ്രതിരോധശക്തി കുറച്ചിട്ടുണ്ട്. ചിലര്‍ ലൈംഗികചൂഷണത്തിനിരയായിട്ടുണ്ടാകാം. ഇത്തരക്കാരെ തിരിച്ചറിയാന്‍ കൗണ്‍സലിങ് നടത്തേണ്ടിവരും. ഒറ്റയ്ക്കിരിപ്പും സാമൂഹികജീവിതത്തിന്റെ അഭാവവുംമൂലം ഉത്കണ്ഠ, അകാരണഭയം, ശ്രദ്ധക്കുറവ് എന്നിവ വിദ്യാലയത്തില്‍ തിരിച്ചെത്തിയവരില്‍ കുറെക്കാലംകൂടി കണ്ടേക്കാം. രണ്ടു വര്‍ഷത്തെ ഇടവേള കുട്ടികളില്‍ പാഠ്യേതരകഴിവുകളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടാകാം. ഏറെനാളിനുശേഷം കണ്ടുമുട്ടുകയായതിനാല്‍ കുട്ടികള്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാകില്ല. ചിലര്‍ കൂട്ടത്തില്‍ ചേരാതെ മാറിനില്‍ക്കും. മറ്റുള്ളവര്‍ ഒപ്പം ചേര്‍ക്കുന്നില്ലായെന്ന സംശയം കുട്ടികള്‍ക്കുണ്ടാകും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുന്നതിനാല്‍ മൂന്നുമാസമെങ്കിലും മാനസികാരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ ക്ലാസുകള്‍ നല്‍കണം. പുതിയ ടൈംടേബിളില്‍ കൗണ്‍സലിംഗ്  ക്ലാസുകള്‍ ഉള്‍പ്പെടുത്തണം.
ഡല്‍ഹി ഐ.ഐ.ടിയിലെ സാമ്പത്തികശാസ്ത്രവിഭാഗം 2021 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ 'സ്‌കൂള്‍ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ ആന്റ് ഓഫ് ലൈന്‍ സര്‍വേ' എന്ന പഠനത്തില്‍ ഗ്രാമീണമേഖലയില്‍ 37 ശതമാനവും നഗരങ്ങളില്‍ 19 ശതമാനവും തീരെ പഠിച്ചിരുന്നില്ല എന്നു കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ പഠനം ഉപേക്ഷിച്ചു പോയിട്ടുമുണ്ട്. നന്നായി പഠിച്ചവരും പഠിക്കാന്‍ കഴിയാത്തവരും ഒന്നിച്ചുചേരുമ്പോള്‍ പഠന പ്രതിസന്ധി ഉണ്ടാകും. അതുകൊണ്ട് കാര്യങ്ങള്‍ വിലയിരുത്തി, അനുഭവങ്ങള്‍ പങ്കുവച്ച്, പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗക്കാര്‍ക്ക് അതു നല്‍കി, പഠനപ്രക്രിയ പുനരാവിഷ്‌കരിക്കണം. രണ്ടു വര്‍ഷമായി പ്രീസ്‌കൂള്‍ തലത്തിലുള്ള സ്‌കൂളനുഭവങ്ങള്‍ കുട്ടികള്‍ക്കു നിഷേധിക്കപ്പെട്ടിരുന്നു. ഈ കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുമ്പോള്‍ സ്‌കൂളിന്റെ ദൈനംദിന പ്രക്രിയ അവര്‍ക്ക് ആസ്വാദ്യമായ രീതിയില്‍ മാറ്റിയെടുക്കുന്നതിന് ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠനപ്രക്രിയ ഘടനാപരമായിത്തന്നെ പുനഃക്രമീകരിക്കണം.
കോഴിക്കോട് ഇംഹാന്‍സിന്റെ പഠനപ്രകാരം വീട്ടിലിരിപ്പ്, മൊബൈല്‍/ലാപ്‌ടോപ് ഉപയോഗം, ജങ്ക്ഫുഡ്, എന്നിവയെല്ലാം കാരണം 45 ശതമാനം കുട്ടികള്‍ക്കു തൂക്കം വര്‍ദ്ധിച്ചിട്ടുണ്ട്. വേണ്ടത്ര വെയിലും മറ്റും കിട്ടാത്തതിനാല്‍ വൈറ്റമിന്‍ ഡി കുറഞ്ഞ് കുട്ടികളില്‍ ഉന്മേഷക്കുറവും ശ്രദ്ധക്കുറവും കാണാനിടയുണ്ട്. നിരവധി മാനസികാരോഗ്യപ്രശ്‌നങ്ങള്‍ കുട്ടികളെ അലട്ടുന്നതിനാല്‍ അനുതാപപൂര്‍ണമായ സമീപനം, ഫലപ്രദമായ ആശയവിനിമയം, വികാരങ്ങളെ അംഗീകരിക്കല്‍, പങ്കുവയ്ക്കല്‍, കൗണ്‍സലിങ് എന്നിവവഴി അവരുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കണം. വ്യക്തിശുചിത്വം ഉള്‍പ്പെടെ സ്വന്തം കാര്യങ്ങളിലും ഒപ്പം ചേരുന്നതിലും വിമുഖത, പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ എന്നിവ കണ്ടാല്‍ മാനസികാരോഗ്യവിദഗ്ധരുടെ സേവനം തേടണം. പുതിയ പ്രതിസന്ധിയില്‍ കുട്ടികളെ ഫലപ്രദമായി നയിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും മാനസികാരോഗ്യസാക്ഷരത കൈവരിക്കണം. എല്ലാ വിദ്യാലയങ്ങളിലും 'ഡോക്ടര്‍ ഇന്‍ കാള്‍' പദ്ധതിയും കൗണ്‍സലിങ് സേവനവും ലഭ്യമാക്കണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)