•  18 Apr 2024
  •  ദീപം 57
  •  നാളം 6
ഉണ്ണീരിയമ്മ പറഞ്ഞ കഥ

വിലമതിക്കാനാവാത്ത ചെമ്പുനാണയം

ളംകാറ്റു വീശുന്ന ഒരു സായംസന്ധ്യയില്‍ ഉമ്മറത്തെ ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു ഉണ്ണീരിയമ്മ. അപ്പോഴാണ് കുഞ്ഞുണ്ണിയും ജോണിക്കുട്ടിയും അതുവഴി വരുന്നത്.
കഥ കേള്‍ക്കാനായി ഇരുവരും ഉണ്ണീരിയമ്മയുടെ ചുറ്റും കൂടി.
''നിങ്ങള്‍ ചര്‍ക്ക എന്നു കേട്ടിട്ടുണ്ടോ?'' ഉണ്ണീരിയമ്മ ചോദിച്ചു.
''നൂല്‍ നൂല്‍ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമല്ലേ...'' കുഞ്ഞുണ്ണിയാണ് ഉത്തരം പറഞ്ഞത്.
''അതേ, നൂല്‍ നൂല്‍ക്കുന്ന ഉപകരണമാണ് ചര്‍ക്ക. മഹാത്മജി നിത്യവും നൂല്‍ നൂല്‍ക്കുമായിരുന്നു. മരണം വരെയും അദ്ദേഹം ഖാദിയാണു ധരിച്ചിരുന്നത്. ഇന്ത്യന്‍ നെയ്ത്തുവ്യവസായത്തെ തകര്‍ക്കാനുള്ള ബ്രിട്ടീഷ് നീക്കത്തിനെതിരേയാണ് അദ്ദേഹം ജനങ്ങളോട് നൂല്‍ നൂല്‍ക്കാല്‍ പറഞ്ഞത്. വിദേശവസ്ത്രങ്ങള്‍ ഉപേക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാശ്രയത്വത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായി അങ്ങനെ ചര്‍ക്ക മാറി.''
''എനിക്കു ചര്‍ക്ക തരിക, ഇന്ത്യയുടെ സ്വരാജിനുവേണ്ടി ഞാന്‍ നൂല്‍ നൂല്‍ക്കും.'' ഗാന്ധിജി പ്രഖ്യാപിച്ചു.
1925 ലാണ് ഗാന്ധിജി ചര്‍ക്കസംഘം രൂപീകരിക്കുന്നത്. ചര്‍ക്കസംഘത്തിനുവേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ അദ്ദേഹം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അങ്ങനെ യാത്ര ഒറീസയിലെത്തി.
അവിടെ മഹാത്മജിയെ കാണാന്‍ ഒരു വലിയ ജനക്കൂട്ടം ഒഴുകിയെത്തി. ഫണ്ടിലേക്ക് ആയിരക്കണക്കിനു രൂപ ലഭിച്ചു. വേദിയിലേക്കു വരുന്ന ആളുകളുടെ കൈയില്‍നിന്നു പണം സ്വീകരിച്ച് ഗാന്ധിജി അനുയായിയെ ഏല്പിക്കും. അനുയായി വളരെ കൃത്യതയോടെ അതു സൂക്ഷിക്കുകയും കണക്ക് എഴുതിവയ്ക്കുകയും ചെയ്തു.
പെട്ടെന്നാണ് ഒരു വൃദ്ധ ഗാന്ധിജിയെ കാണണമെന്ന് ആവശ്യപ്പെട്ടത്. ഫണ്ടിലേക്കു പണം നല്‍കാനാണെന്ന് അവര്‍ പ്രവര്‍ത്തകരോടു പറഞ്ഞു. നന്നേ അവശയായിരുന്ന വൃദ്ധ മുഷിഞ്ഞ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഒരു ഭിക്ഷക്കാരിയാണെന്നു പ്രവര്‍ത്തകര്‍ ഉറപ്പിച്ചു. ഗാന്ധിജിയോടു പണം ചോദിക്കാനാവും വൃദ്ധ വന്നതെന്നും അവര്‍ കരുതി.
തിരിച്ചുപോകാന്‍ പറഞ്ഞിട്ടും ഗാന്ധിജിയെ കാണണമെന്ന് അവര്‍ ശഠിച്ചു.
 വേദിയിലിരുന്ന ഗാന്ധിജി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. വൃദ്ധയെ വേദിയിലേക്കു കയറ്റിവിടാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വേദിയിലെത്തിയ വൃദ്ധ തന്റെ മടിത്തുമ്പില്‍ സൂക്ഷിച്ചിരുന്ന  ഒരു ചെമ്പുനാണയം ഗാന്ധിജിക്കു നല്‍കി. വലിയ ആദരവോടെ ഗാന്ധിജി അത് ഏറ്റുവാങ്ങി. പക്ഷേ, അനുയായിക്കു ചിരി വന്നു.
നാണയം വാങ്ങാന്‍ അനുയായി കൈ നീട്ടിയപ്പോള്‍ അത് താന്‍തന്നെ സൂക്ഷിച്ചോളാമെന്ന് ഗാന്ധിജി പറഞ്ഞു.
 ആയിരക്കണക്കിനു രൂപ ശ്രദ്ധയോടെ സൂക്ഷിക്കുന്ന തന്നില്‍ വെറുമൊരു ചെമ്പുനാണയത്തിന്റെ പേരില്‍ അവിശ്വാസമെന്തിന് എന്ന് അനുയായി ഗാന്ധിജിയോടു ചോദിച്ചു.
ഗാന്ധിജിയാകട്ടെ പുഞ്ചിരിയോടെ ഇങ്ങനെ മറുപടി പറഞ്ഞു: ''ഈ നാണയത്തുട്ടിന് ആ ആയിരങ്ങളെക്കാള്‍ വിലയുണ്ട്. ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാത്ത ഒരാളുടെ ജീവിതസമ്പാദ്യമാണ്. ഇതിന്റെ മൂല്യം വിലമതിക്കാനാവില്ല. നിന്നില്‍ അവിശ്വാസം ഉണ്ടായിട്ടല്ല, ഒരു കാരണവശാലും ഈ നാണയം നഷ്ടപ്പെടരുതെന്ന എന്റെ ആഗ്രഹംകൊണ്ടാണ് ഞാനിത് സൂക്ഷിക്കാമെന്നു പറഞ്ഞത്.''
 തന്റെ തെറ്റു മനസ്സിലായ അനുയായി വേദിയില്‍നിന്നു ദൂരേക്കു നടന്നു നീങ്ങുന്ന വൃദ്ധയെ ആദരവോടെ നോക്കിനിന്നു.
''കഥ ഇഷ്ടമായോ?'' ഉണ്ണീരിയമ്മ ചോദിച്ചു.
കുഞ്ഞുണ്ണിയും ജോണിക്കുട്ടിയും സന്തോഷത്തോടെ തലയാട്ടി.
ഇരുവരോടുമായി ഉണ്ണീരിയമ്മ പറഞ്ഞു:
''നല്‍കുന്ന പണത്തിന്റെ മൂല്യമല്ല, നല്‍കാന്‍ തോന്നിപ്പിക്കുന്ന മനസ്സിന്റെ മൂല്യമാണു പ്രധാനം.''

 

Login log record inserted successfully!