•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

അരോചകമാകുന്ന ആവര്‍ത്തനങ്ങള്‍

നാവശ്യമായ ആവര്‍ത്തനം പുനരുക്തിദോഷമാണെന്നു നമുക്കറിയാം. എങ്കിലും അത്തരം പ്രയോഗങ്ങള്‍ നമ്മുടെ ഭാഷയില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. വേണ്ടത്ര വിദ്യാഭ്യാസം ആര്‍ജിക്കാത്തവര്‍ വാമൊഴിയിലും മറ്റും, റോഡിന്റെ നടുമദ്ധ്യം എന്നോ അഷ്ടചൂര്‍ണപ്പൊടി എന്നോ കണ്ണുദൃഷ്ടി എന്നോ പ്രയോഗിച്ചെന്നുവരും (ഇവിടെ സമാനാര്‍ത്ഥപദങ്ങളാണ് അടുത്തടുത്തു വന്നിട്ടുള്ളത് എന്നോര്‍ക്കുക.) എന്നാല്‍, കവിപ്പട്ടം കെട്ടിയ പാട്ടെഴുത്തുകാരുടെ ഭാഗത്തുനിന്ന് ഇത്തരം വങ്കത്തങ്ങള്‍ പൊട്ടിപ്പുറപ്പെട്ടാലോ? ഗാനങ്ങള്‍ പൊതുവെ ജനപ്രിയമായതിനാല്‍ അവ സമൂഹത്തെ വഴിതെറ്റിച്ചെന്നു വരും.
''ജലശംഖുപുഷ്പം ചൂടും
         കടലോരതീരം
മനഃസാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും'' (ചിത്രം അഹിംസ; രചന - ബിച്ചു തിരുമല; സംഗീതം - എ.ടി. ഉമ്മര്‍; ആലാപനം - എസ്. ജാനകി).
ഈ ഗാനം കേള്‍ക്കുമ്പോള്‍ ഒരേ അര്‍ത്ഥമുള്ള പദങ്ങളാണ് ഓരവും തീരവും എന്നറിയുന്നവര്‍ മൂക്കത്തു വിരല്‍വച്ചുപോകും. ഹൃദ്യമായ ഈണത്തിന്റെ അകമ്പടിയോടെ പാടുന്നത് ആസ്വദിക്കുമ്പോള്‍ നാം അക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.
''മൃദുവായി മൂളുന്നു മുളവേണു              നാദം നെഞ്ചില്‍
ഒരുപാടു സ്വപ്നം കാണും ''മനസ്സിന്‍ പുണ്യമായി'' ('കന്മദ'ത്തിലെ 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ' എന്ന ഗാനം. രചന - ഗിരീഷ് പുത്തഞ്ചേരി; സംഗീതം - രവീന്ദ്രന്‍; ആലാപനം - യേശുദാസ്/ രാധികാ തിലക്)
വേണു എന്നാല്‍ മുള എന്നാണ് രൂഢിയായ അര്‍ത്ഥം. അപ്പോള്‍ ഭാഷയറിയാവുന്നവര്‍ 'മുളവേണു' എന്നു പ്രയോഗിക്കാന്‍ പാടില്ലാത്തതാണ്. ഈണമൊപ്പിച്ച് പദങ്ങള്‍ നിരത്തുക എന്ന വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന തകരാറുകളാണ് ഇവ.
''ഹിമഗിരിശിഖരികളേ കരളില്‍
കുളിരല പണിതു തരൂ.''
(യോദ്ധ'യിലെ 'കുനുകുനെ ചെറുകുറുനിരകള്‍' എന്ന ഗാനത്തില്‍നിന്നുള്ള ഈരടി. രചന ബിച്ചു തിരുമല; സംഗീതം - എ.ആര്‍. റഹ്‌മാന്‍; ആലാപനം - യേശുദാസ്, സുജാത മോഹന്‍.) ശിഖരിക്ക് പര്‍വതം എന്നര്‍ത്ഥമുള്ള കാര്യം അറിയാതെയായിരിക്കണം 'ഗിരിശിഖരി' (ഗിരി എന്നാല്‍ പര്‍വതമാണല്ലോ) എന്നു കാച്ചിയത്. ഗാനരചന കുട്ടിക്കളിയല്ലാതെ സര്‍ഗാനുഷ്ഠാനമായി കാണുന്നവരെങ്കിലും വാക്കുകളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ ബാധ്യസ്ഥരാണ്.
''മലരണിക്കാടുകള്‍ പൂവണിയുമ്പോള്‍
മഞ്ഞലയില്‍ ഈ നിശി മയങ്ങുമ്പോള്‍'' (സ്‌നേഹപ്രവാഹം എന്ന ചിത്രത്തിലെ 'നിലാവില്‍ നീ വരൂ പ്രിയേ' എന്ന ഗാനത്തിലെ വരികള്‍; രചന - ഡോ. ഷാജഹാന്‍; സംഗീതം - കെ.ജെ. ജോയ്; ആലാപനം - യേശുദാസ്)
നിലവില്‍ കാടുകള്‍ മലരണിഞ്ഞിരിക്കുകയാണ്. വീണ്ടും പൂവണിയുന്നതിന്റെ (പൂവണിയിച്ചതിന്റെ എന്നു പറയുകയാവും ശരി) പ്രസക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല.
''എന്റെ ചിന്തയതില്‍ എന്നുമെന്നുമൊരു
തങ്കരൂപമായ് നില്ക്കും നീ
എന്റെ ഗാനമതില്‍ എന്നുമെന്നു മൊരു
സ്‌നേഹരാഗമായ് നില്ക്കും നീ
ലാവണ്യസൗന്ദര്യമേ'' (മുത്തോടുമുത്ത് എന്ന ചിത്രത്തിലെ 'കണ്ണില്‍ നീ തേന്മലരായ് വാ' എന്ന ഗാനത്തിന്റെ അവസാനഭാഗം; രചന - ചുനക്കര രാമന്‍കുട്ടി; സംഗീതം-ശ്യാം; ആലാപനം - യേശുദാസ്, എസ്. ജാനകി)
ലാവണ്യത്തിന് സൗന്ദര്യം എന്ന അര്‍ത്ഥമാണുള്ളതെന്ന് അറിയാതെയാവുമോ ഇപ്രകാരമെഴുതിയത്? എന്തായാലും കേള്‍ക്കുന്നവര്‍ക്ക് ഈ വരി അരോചകമാവുന്നു.
ഇനിയുമുണ്ട് നമ്മുടെ ഗാനങ്ങളില്‍ ഇതുപോലെയുള്ള ആവര്‍ത്തനങ്ങള്‍. പലതും അശ്രദ്ധകൊണ്ടു കടന്നുകൂടിയതാണ്. എന്നിട്ടും സംഗീതസംവിധായകരോ ചലച്ചിത്രസംവിധായകരോ മറ്റു ബന്ധപ്പെട്ടവരോ ഇവയൊന്നും തിരുത്താന്‍ തയ്യാറായില്ല. അതിന്റെ ഫലമാകട്ടെ അബദ്ധങ്ങള്‍ അങ്ങനെതന്നെ ഗാനങ്ങളില്‍ നിലനില്ക്കുന്നു. ഭാഷ പഠിക്കാതെയും കവിത്വം കൈവരിക്കാതെയും ഗാനരചയിതാവായി മാറാന്‍ കുറുക്കുവഴി തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം കുഴപ്പങ്ങള്‍ വന്നുപെടും. ഇപ്പോള്‍ ഗാനരചനാരംഗത്ത് നിലയുറപ്പിച്ചിട്ടുള്ളവരെങ്കിലും ഇക്കാര്യം മനസ്സിലാക്കിയാല്‍ നന്ന്.

 

Login log record inserted successfully!