•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

വശ്യഭൂമികയുടെ ചാരുതയില്‍

 മീനച്ചിലാറ്റിലെ  കുഞ്ഞോളങ്ങളും പച്ചപ്പട്ടു പുതച്ച പാടങ്ങളും ചാരുത പകരുന്ന, അരുന്ധതി റോയിയുടെ ''ദ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി''ലൂടെ പ്രശസ്തമായ  അയ്മനം എന്ന കൊച്ചുഗ്രാമം വശ്യഭംഗിയുടെ കാഴ്ചവിരുന്നൊരുക്കി രാജ്യാന്തരപ്രശസ്തിയിലേക്ക്. അയ്മനം ഉത്തരവാദിത്വടൂറിസം പദ്ധതിയെ തേടിയെത്തിയ അന്താരാഷ്ട്രപുരസ്‌കാരം കേരള ടൂറിസത്തിനുതന്നെ ഉണര്‍വു പകര്‍ന്നുകഴിഞ്ഞു.
 വളഞ്ഞുപുളഞ്ഞൊഴുകുന്ന കനാലുകളും അവയിലൂടെ മന്ദം മന്ദം നീങ്ങുന്ന തോണികളും  ശിക്കാരിവള്ളങ്ങളും  ഈ മനോഹരനാട്ടിലേക്കു ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ്. നാട്ടുകാരെ ഉള്‍പ്പെടുത്തിയുള്ള ടൂര്‍ പാക്കേജുകളും മാലിന്യ സംസ്‌കരണവുമായി അയ്മനം സഞ്ചാരികളെ ക്ഷണിച്ചപ്പോള്‍  രാജ്യാന്തര അംഗീകാരവും തേടിയെത്തി.
ഇന്ത്യയിലെ ഉത്തരവാദിത്വ ടൂറിസം പദ്ധതികളില്‍ സന്ദര്‍ശിക്കേണ്ടത് (World Travel Market Responsible Tourism One to Watch Award)   എന്ന വിഭാഗത്തിലാണ് അയ്മനം പഞ്ചായത്തിനെയും പദ്ധതിയെയും അംഗീകാരവഴികളിലേക്കു തിരഞ്ഞെടുത്തത്.
കനാലുകളിലൂടെ കടന്നുപോകുന്ന  തോണികളും  കേരളീയവാസ്തുവിദ്യയില്‍ നിര്‍മിച്ച മനോഹരമായ വീടുകളും വിനോദസഞ്ചാരികള്‍ക്കു മികച്ച അനുഭവം പകരുന്ന മനോഹരമായ  ഹോംസ്റ്റേകളും വേമ്പനാട് കായലിനോടു ചേര്‍ന്നുകിടക്കുന്ന  ഇവിടെ  സഞ്ചാരികളെ കാത്തിരിക്കുന്നു.
കൊവിഡും തുടരെയെത്തുന്ന പ്രളയക്കെടുതികളും കാലാവസ്ഥലമാറ്റത്തിന്റെ  ആഘാതവും ഏല്പിച്ച  തകര്‍ച്ചകളെ  മറികടക്കാനുള്ള ശ്രമത്തിനിടെ അയ്മനത്തിനു ലഭിച്ച അംഗീകാരം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാരരംഗത്തിന് ഉണര്‍വു പകരുമെന്നുറപ്പാണ്.  
2018 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് 31 വരെ നടന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഇതോടെ കുമരകത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ അടുത്ത ഉത്തരവാദിത്വടൂറിസം കേന്ദ്രമായി മാറിയിരിക്കുകയാണ് അയ്മനം ഗ്രാമം.  
അയ്മനത്തെ മാതൃകാ  ഉത്തരവാദിത്വടൂറിസം ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച് 14 മാസങ്ങള്‍ക്കു ശേഷമാണ് പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത്. പ്രാദേശികജനതയെ വരുമാനം നേടുന്നതിനു സഹായിക്കുന്നതരത്തില്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പരിസ്ഥിതിസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ടൂറിസം മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയതിനുമാണ് പഞ്ചായത്തിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
 കൊവിഡില്‍  തളര്‍ന്ന  വിനോദസഞ്ചാരമേഖലയെ  ഉണര്‍ത്താന്‍ പുരസ്‌കാരം കേരളത്തെ കൂടുതല്‍ പ്രാപ്തമാക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരഭൂപടത്തില്‍ കേരളത്തിനുള്ള അന്താരാഷ്ട്ര ആകര്‍ഷണം നിലനിര്‍ത്താന്‍ അവാര്‍ഡ് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരവാദിത്വടൂറിസം പ്രവര്‍ത്തനങ്ങളെ സമ്പൂര്‍ണമായി പഞ്ചായത്തുപദ്ധതികളുമായി സംയോജിപ്പിച്ചു നടപ്പിലാക്കുന്ന മാതൃക ഉത്തരവാദിത്വഗ്രാമം പദ്ധതി, സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കി വിജയിപ്പിച്ച പഞ്ചായത്താണ് അയ്മനം. പ്രാദേശികജനതയെ വരുമാനം നേടുന്നതിനു സഹായിക്കുന്ന തരത്തില്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പരിസ്ഥിതിസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ടൂറിസം മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കിയതിനുമാണ് പഞ്ചായത്തിനെ അവാര്‍ഡ്  തേടിയെത്തുന്നത്.
വനിത ടൂര്‍ കമ്മ്യൂണിറ്റി പാക്കേജുകള്‍ നടപ്പാക്കിയും അയ്മനം ടൂറിസം റിസോഴ്സ് ഡയറക്ടറിയും തദ്ദേശവാസികളെ ഉള്‍പ്പെടുത്തി പ്രചാരണ വീഡിയോകളും തയ്യാറാക്കിയും വിനോദസഞ്ചാരികളുടെ ബുക്കിങ് ഉറപ്പാക്കിയും ടൂറിസം മേഖല പ്ലാസ്റ്റിക് വിമുക്തമാക്കിയും ഹൗസ് ബോട്ടുകള്‍, ശിക്കാരകള്‍, മോട്ടോര്‍ ബോട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ പ്ലാസ്റ്റിക് വിമുക്തമാക്കിയും   ആമ്പല്‍ ഫെസ്റ്റ് നടത്തി ആഭ്യന്തരസഞ്ചാരികളെ ആകര്‍ഷിച്ചും അയ്മനം നേട്ടങ്ങളിലേക്കു നടന്നുകയറുകയായിരുന്നു. പ്രദേശത്തെ ഉത്സവങ്ങളും കലാരൂപങ്ങളും ഉള്‍പ്പെടുത്തി കള്‍ച്ചറല്‍ എക്സ്പീരിയന്‍സ് പാക്കേജുകളൊരുക്കിയും ഓലമെടയല്‍, ചൂണ്ടയിടീല്‍, വലവീശല്‍, കയര്‍ പിരിക്കല്‍  തൊഴിലുകളെ ടൂറിവുമായി ബന്ധിപ്പിച്ച്, ഇവ കാണുവാനും ചെയ്യുവാനും സഞ്ചാരികള്‍ക്ക് അവസരമുണ്ടാക്കിയും സഞ്ചാരികളെ ആകര്‍ഷിച്ചു. സഞ്ചാരികളെ പുരാതന ക്ഷേത്രങ്ങളിലും പള്ളികളിലും കൊണ്ടുപോയി. ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.  സഞ്ചരിക്കുന്ന ശുചിമുറി, പരിസ്ഥിതി സൗഹൃദ ടൂര്‍ പാക്കേജ് എന്നിവയും പഞ്ചായത്ത് ടൂറിസ്റ്റുകള്‍ക്കായി ഒരുക്കി.
പുതുപദ്ധതികളുമായി സംസ്ഥാന ടൂറിസം മേഖല
 കൊവിഡ് കാലത്ത് സ്തംഭിച്ചുപോയ വിനോദസഞ്ചാര മേഖലയെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കുക മാത്രമല്ല, പുത്തന്‍ ആശയങ്ങളിലൂടെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള  പദ്ധതികളും സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
2017-18 ല്‍ സംസ്ഥാന ടൂറിസം മേഖല നേടിയ വരുമാനം  36,000 കോടി രൂപയായിരുന്നു. 2018 - 19 ല്‍ അത് 40,000 കോടിയായി. 2019-20 ല്‍ 45,000 കോടി പ്രതീക്ഷിച്ചെങ്കിലും കൊവിഡ് ഭീതിമൂലം 35,000 കോടിയിലൊതുങ്ങി. 2020-21 ല്‍ 50,000 കോടി രൂപയ്ക്കുമേല്‍ പ്രതീക്ഷിച്ചിരിക്കേയായിരുന്നു കൊവിഡ് പ്രതീക്ഷകള്‍ തകര്‍ത്തത്. 20 ലക്ഷം പേര്‍ നേരിട്ടും പരോക്ഷമായും ഹോംസ്റ്റേ, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ടൂറിസത്തെ ആശ്രയിച്ചുകഴിയുന്ന വഴിയോരക്കച്ചവടമേഖല  തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസം നിലച്ചതോടെ ഇവരുടെ വരുമാനവും ഇല്ലാതായിരുന്നു. ഇത്തവണ (2021 ഏപ്രില്‍ - സെപ്തംബര്‍) കാലത്ത് 22.54 ലക്ഷം ആഭ്യന്തരസഞ്ചാരികളും 15,000 വിദേശികളും വന്നുവെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. ഫാം ടൂറിസം, കാരവന്‍ ടൂറിസം തുടങ്ങിയ പദ്ധതികളിലൂടെ കൂടുതല്‍ ആഭ്യന്തര - വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ടൂറിസം മേഖല ആലസ്യംവിട്ടു സജീവമായി ത്തുടങ്ങി. പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം വാരാന്ത്യങ്ങളില്‍ വന്‍ തിരക്കുണ്ട്. നിയന്ത്രണങ്ങള്‍ അയയുന്നതോടെ മറ്റു സംസ്ഥാനക്കാരും വരുമെന്നു പ്രതീക്ഷിക്കുന്നു. വിമാനസര്‍വീസുകള്‍ വീണ്ടും സജീവമാകുന്നതോടെ വിദേശികള്‍ നേരിട്ടെത്താനും സഹായിക്കും. അഞ്ചുലക്ഷം പേര്‍ക്ക് സൗജന്യ വീസ അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്കും ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.
1,200 ആഭ്യന്തരസഞ്ചാരികളുമായി കൊര്‍ഡേലിയ എന്ന ആഡംബരക്കപ്പല്‍ കൊച്ചിയിലെത്തിയതോടെയാണ് ടൂറിസം മേഖല ഉണര്‍ന്നത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, ആലപ്പുഴ, കുമരകം എന്നിവയൊക്കെ സാധാരണനിലയിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുന്നു.  
കെട്ടുവള്ളങ്ങള്‍ക്കും ഹൗസ്  ബോട്ടുകള്‍ക്കും പിന്നാലെ യാത്രയില്‍ വീടുതന്നെ ഒപ്പം വന്നതുപോലെ തോന്നുന്നവിധം സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയ  കാരവന്‍ ടൂറിസം പദ്ധതിയും സഞ്ചാരികളെ ആകര്‍ഷിക്കുമെന്നുറപ്പ്. യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ സൗകര്യങ്ങളാണോ ഒരു സഞ്ചാരി ആഗ്രഹിക്കുന്നത് അതെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യാത്രയൊരുക്കുന്ന  കാരവന്‍ ടൂറിസം പദ്ധതി വിനോദസഞ്ചാരമേഖലയെ ഉണര്‍ത്തുമെന്ന്  മന്ത്രി പി.എ. മുഹമ്മദ് റിയാസ്  പ്രഖ്യാപിച്ചു.  
രണ്ടു പേര്‍ക്കും നാലുപേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങളാണ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് യാത്രാസ്‌നേഹികള്‍ക്കായി ഒരുക്കിയിരി
ക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വണ്ടിയില്‍ ഒരുക്കുന്നതാണ് കാരവന്‍ ടൂറിസം.  പകല്‍യാത്രയും രാത്രിയാത്രയും വണ്ടി
യില്‍ തന്നെ വിശ്രമവും എന്ന രീതിയിലാണ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്.  
കൊവിഡിന്റെ തളര്‍ച്ചയുടെ ദിനങ്ങള്‍ വിട്ട്  അംഗീകാരത്തി
ളക്കത്തില്‍ പുതുപദ്ധതികളുമായി സഞ്ചാരികളെ ആകര്‍
ഷിക്കാന്‍ ദൈവത്തിന്റെ സ്വന്തം നാടിനാവട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)