•  27 Jan 2022
  •  ദീപം 54
  •  നാളം 42
വചനനാളം

മംഗളവാര്‍ത്തയിലൂടെ പെയ്തിറങ്ങുന്ന ദൈവകരുണ

ഡിസംബര്‍ 5    മംഗളവാര്‍ത്ത   രണ്ടാം ഞായര്‍

ഉത്പത്തി 3: 8-24  ജറെ 33: 14 - 26 വെളി 5: 1-5

മറിയം മംഗളവാര്‍ത്തയ്ക്ക് അനുകൂലമായി മറുപടി നല്‍കിയപ്പോള്‍ ദൈവത്തിന്റെ ഹിതവും മനുഷ്യന്റെ മനസ്സും ഒന്നായി. അവിടെയാണ് നന്മയുടെ വിജയവും തിന്മയുടെ പരാജയവും. കരുണ കാണിച്ച ദൈവത്തോട് ഭാവാത്മകമായി പ്രതികരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ മാതൃകയാണ് ഇവിടെ ഉദാത്തമാകുന്നത്.

വി. ലൂക്കാ 1: 26-38പരിശുദ്ധ കന്യാമറിയത്തോട് ഗബ്രിയേല്‍ദൂതന്‍ മംഗളവാര്‍ത്ത ചൊല്ലുന്ന വി. ലൂക്കാ സുവിശേഷഭാഗം കേന്ദ്രമാക്കിയുള്ളതാണ് ഇന്നത്തെ മറ്റു വി. ഗ്രന്ഥവായനകള്‍. രക്ഷകന്റെ ആഗമനത്തിനു സമയമായിരിക്കുന്നുവെന്നത് മനുഷ്യകുലത്തെ മുഴുവന്‍ ആഹ്ലാദം കൊള്ളിക്കുന്ന സുവാറയാണ്.
ആദ്യവായനയില്‍, പറുദീസായില്‍ ദൈവം മനുഷ്യനു കൊടുത്ത ജീവന്റെ കല്പന ലംഘിച്ച ആദിമാതാപിതാക്കള്‍ പാപംവഴി ശിക്ഷയ്ക്കു പാത്രമായെങ്കിലും, ഹവ്വായോട് രക്ഷ വാഗ്ദാനം ചെയ്യുന്ന ദൈവത്തിന്റെ കരുണ തന്നെയാണ് സവിശേഷകരമായിട്ടുള്ളത്. സര്‍പ്പം തിന്മയുടെ പ്രതീകമാണ്. സ്ത്രീയും സര്‍പ്പവും തമ്മിലുള്ള ശത്രുത, ഇരുവരുടെയും സന്തതികള്‍ തമ്മിലുള്ള ശത്രുത തുടങ്ങിയവ സൂചിപ്പിക്കുന്നത് തിന്മയ്‌ക്കെതിരേയുള്ള മനുഷ്യവര്‍ഗത്തിന്റെ സന്ധിയില്ലാസമരമാണ്. ദൈവം തന്നെയാണ് ഈ യുദ്ധപ്രഖ്യാപനം നടത്തുന്നത്. സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല തകര്‍ക്കുമെന്ന പ്രഖ്യാപനം അന്തിമവിജയം മ മനുഷ്യനായിരിക്കുമെന്നതിന്റെ  സൂചനയാണ്. സ്ത്രീയില്‍നിന്നു ജനിച്ച ദൈവപുത്രനായ ഈശോമിശിഹായുടെ രക്ഷണീയകൃത്യങ്ങളുടെ ഫലമായി മനുഷ്യവര്‍ഗത്തിന് തിന്മയുടെമേല്‍ ശാശ്വതവിജയം ലഭിച്ചു. ഈ വിജയപ്രവചനം ആദ്യത്തെ സദ്വാര്‍ത്തയാണ്.
ജെറമിയാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാം വായനയില്‍, ദാവീദിന്റെ വംശത്തില്‍നിന്നു ദൈവം രക്ഷയുടെ ഒരു ശാഖ മുളപ്പിക്കുമെന്ന പ്രത്യാശാജനകമായ അറിയിപ്പാണ് മനുഷ്യകുലത്തിനു ലഭിക്കുന്നത്. രക്ഷ ദൈവത്തിന്റെ കരുണയുടെ ഫലമാണ്. മനുഷ്യന്റെ പശ്ചാത്താപവും പ്രായശ്ചിത്തപ്രവൃത്തികളുംമൂലമല്ല രക്ഷ; പ്രത്യുത, അതു ദൈവത്തിന്റെ പ്രവൃത്തിയാണ്. പ്രായശ്ചിത്തവും പശ്ചാത്താപവുമെല്ലാം കരുണ ലഭിച്ച മനുഷ്യന് ദൈവത്തോടുണ്ടാകുന്ന സ്‌നേഹനിര്‍ഭരമായ വികാരമാണ്. ദൈവികമായ കരുണയെ സ്വീകരിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന ധര്‍മം മാത്രമേ പരിഹാരകര്‍മങ്ങള്‍ക്കുള്ളൂ. പുതിയ ഉടമ്പടിയില്‍ ദൈവപുത്രനായ ഈശോമിശിഹായിലൂടെ വെളിപ്പെട്ട ദൈവകാരുണ്യത്തിന്റെ അനന്തരഫലമായിട്ടാണ് രക്ഷയെ അവതരിപ്പിക്കുന്നത്.
വെളിപാടുപുസ്തകത്തില്‍നിന്നുള്ള മൂന്നാംവായനയില്‍ സിംഹാസനസ്ഥന്റെ വലതുകൈയില്‍ അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകള്‍ പതിച്ചതുമായ ഒരു പുസ്തകച്ചുരുളിനെയാണ് വിവരിക്കുന്നത്. ഈ ചുരുള്‍ നിവര്‍ക്കാനോ അതിലേക്കു നോക്കാനോ യോഗ്യതയുള്ള ആരെയും കാണാത്തതിനാല്‍ താന്‍ വളരെയേറെ കരഞ്ഞുവെന്നത് ഈശോയുടെ വരവിനു മുമ്പുള്ള മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും അവസ്ഥയുടെ ദയനീയസ്ഥിതിയാണ് വെളിപ്പെടുത്തുന്നത്. തിന്മയുടെ തടവറയില്‍നിന്നു മോചനംപോലും അസാധ്യമായ നിരാശാജനകമായ അവസ്ഥ. എന്നാല്‍, കരയുന്ന എന്നോട് ശ്രേഷ്ഠന്മാരില്‍ ഒരുവന്‍ പറഞ്ഞു: ''കരയാതിരിക്കൂ'' അവന്‍ തുടര്‍ന്നു;  ''ഇതാ, യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവന്‍ വിജയിച്ചിരിക്കുന്നു.'' മിശിഹായെക്കുറിച്ചു നൂറ്റാണ്ടുകളായി നിലനിന്ന പ്രതീക്ഷകള്‍ ഈശോയില്‍ നിറവേറിയിരിക്കുന്നു. മിശിഹായുടെ വരവോടെ ചുരുള്‍ നിവര്‍ക്കാന്‍ കഴിയുന്നവന്റെ ആഗമനമായിരിക്കുന്നു. മിശിഹാ തന്റെ പരിത്രാണകര്‍മത്തിലൂടെ നേടുന്ന വിജയത്തിലൂടെ മനുഷ്യകുലത്തിനു നിത്യമായ രക്ഷ ഉറപ്പാക്കിയിരിക്കുന്നു. ഇതും ദൈവം തന്റെ പുത്രനിലൂടെ ചൊരിഞ്ഞ കരുണാര്‍ദ്രമായ സ്‌നേഹത്തിന്റെ സദ്വാര്‍ത്തയാണ്.
വി. ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുന്ന മംഗളവാര്‍ത്ത ഈ ആരാധനാവത്സരത്തിന്റെതന്നെ കേന്ദ്രവും പ്രധാന ചിന്താവിഷയവുമാണ്. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ മറിയത്തെ, അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുമെന്നും അവന് ഈശോ എന്നു പേരിടണമെന്നും അവന്‍ അത്യുന്നതന്റെ പുത്രനെന്നു വിളിക്കപ്പെടുമെന്നും യാക്കോബിന്റെ ഭവനത്തിന്മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തുമെന്നും  അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ലെന്നും അറിയിക്കുകയാണ്. മറിയം പ്രത്യുത്തരിക്കുന്നുണ്ട്. ''ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.'' ദൂതന്‍ പറഞ്ഞു. ''പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. ആകയാല്‍, ജനിക്കാന്‍ പോകുന്നവന്‍ പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.'' ദൂതന്‍ താന്‍ പറയുന്ന കാര്യങ്ങളുടെ സാധുതയ്ക്കുവേണ്ടി എലിസബത്തിനെയും പരാമര്‍ശിക്കുന്നുണ്ട്. മറിയം മംഗളവാര്‍ത്തയ്ക്കു മറുപടി നല്‍കി: ''ഇതാ, കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ.''
ഗബ്രിയേല്‍ എന്ന പദത്തിന്റെ അര്‍ത്ഥം 'ദൈവത്തിന്റെ ശക്തി' എന്നാണ്. ദൈവത്തിന്റെ ശക്തി മറിയത്തില്‍ പ്രവര്‍ത്തനനിരതമാകുന്നുവെന്നാണ് ഗബ്രിയേല്‍ അറിയിക്കുന്നത്. അതിലൂടെ നീതിയുടെ ഭരണമാരംഭിക്കുകയായി. തിന്മയുടെ പരാജയവും നന്മയുടെ വിജയവും സംഭവിക്കുന്നു. മറിയം മംഗളവാര്‍ത്തയ്ക്ക് അനുകൂലമായി മറുപടി നല്‍കിയപ്പോള്‍ ദൈവത്തിന്റെ ഹിതവും മനുഷ്യന്റെ മനസ്സും ഒന്നായി. അവിടെയാണ് നന്മയുടെ വിജയവും തിന്മയുടെ പരാജയവും. കരുണ കാണിച്ച ദൈവത്തോട് ഭാവാത്മകമായി പ്രതികരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ മാതൃകയാണ് ഇവിടെ ഉദാത്തമാകുന്നത്.