ജൂണ്‍ 15 ശ്ലീഹാക്കാലം രണ്ടാം ഞായര്‍
ജോയേ 2:18-26 ശ്ലീഹ 4:8-22
1 കോറി 6:1-11 ലൂക്കാ 7:36-50
പന്തക്കുസ്താത്തിരുനാളില്‍ പരിശുദ്ധ റൂഹായെ സ്വീകരിച്ച അപ്പസ്‌തോലസമൂഹം ധൈര്യപൂര്‍വം മിശിഹായെ പ്രഘോഷിക്കുവാനിറങ്ങിപ്പുറപ്പെടുന്നതാണ് ശ്ലീഹാക്കാലത്തു ധ്യാനവിഷയമാക്കുന്നത്. മിശിഹായുടെ ദൗത്യം തുടര്‍ന്നുകൊണ്ടുപോകുന്ന ശ്ലീഹന്മാരുടെ പ്രവൃത്തികളാണ് പ്രത്യേകം അനുസ്മരിക്കുന്നത്. ഉത്ഥിതനായ മിശിഹായോടൊപ്പം ജീവിച്ച് അവിടുത്തെ സുവിശേഷം ലോകത്തിനു നല്‌കേണ്ടവരാണ് ഓരോ വിശ്വാസിയും എന്ന് ശ്ലീഹാക്കാലം നമ്മെ ഓര്‍മിപ്പിക്കുന്നു. പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ ജീവിച്ചാലും മരിച്ചാലും കര്‍ത്താവിനുള്ളവരായിരിക്കുക (റോമ. 14:8) എന്നതാണു പ്രധാനം.
പാശ്ചാത്യസഭാപാരമ്പര്യമനുസരിച്ച് ഇന്ന്, പന്തക്കുസ്താ കഴിഞ്ഞുവരുന്ന ഞായറാഴ്ച, പരിശുദ്ധത്രിത്വത്തിന്റെ തിരുനാ ള്‍ ദിവസമാണ്. പൗരസ്ത്യസഭാ പാരമ്പര്യമനുസരിച്ച് പരിശുദ്ധത്രിത്വത്തിന്റെ തിരുനാള്‍ പ്രത്യേകം ആചരിക്കുന്നില്ലെങ്കിലും ദനഹാത്തിരുനാള്‍ദിവസമാണ് പരിശുദ്ധത്രിത്വത്തെ പ്രത്യേകം അനുസ്മരിക്കുന്നത്; കാരണം, പരിശുദ്ധത്രിത്വം ലോകത്തിനു വെളിപ്പെടുത്തപ്പെടുന്നത് ഈശോയുടെ മാമ്മോദീസാവേളയിലാണല്ലോ. പതിന്നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജോണ്‍ 22-ാമന്‍ മാര്‍പാപ്പയാണ് പാശ്ചാത്യസഭയില്‍ ഇപ്രകാരം ഒരു തിരുനാള്‍ ആഘോഷിക്കുന്നതിന് ഔദ്യോഗികമായ കല്പന നല്കുന്നത്. നമ്മുടെ ആരാധനക്രമപഞ്ചാംഗത്തിലും ഈ തിരുനാള്‍ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണമാണ് പരിശുദ്ധത്രിത്വത്തിലൂള്ള വിശ്വാസം. സകലത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായ ഏകദൈവം മൂന്നു വ്യക്തികളായി ലോകത്തിനു വെളിപ്പെടുത്തപ്പെട്ടു എന്നതാണ് ത്രിത്വവിശ്വാസത്തിന്റെ അന്തസ്സത്ത. ദൈവം ഒരുവന്‍മാത്രം; എന്നാല്‍, ആ ഏകദൈവം മൂന്നുവ്യക്തിത്വങ്ങളുടെ സ്‌നേഹക്കൂട്ടായ്മയാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടിയില്‍ത്തന്നെ സ്രഷ്ടാവും വചനവും റൂഹായുമായി ഈ ദൈവികസാന്നിധ്യം കാണുവാന്‍ സാധിക്കും (ഉത്പ 1:1-2). സ്രഷ്ടാവും വചനവും റൂഹായും വ്യത്യസ്തവ്യക്തികളായി പഴയനിയമത്തിലും പ്രകാശിതമാകുന്നുണ്ടെങ്കിലും പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള ദൈവികവെളിപാട് അതിന്റെ പൂര്‍ണതയില്‍ അനാവരണം ചെയ്യപ്പെട്ടത് വചനം മാസംധരിച്ച ഈശോമിശിഹായിലൂടെയാണ്. മിശിഹായുടെ വചനത്തില്‍ ആഴമായി വിശ്വസിച്ച് പരിശുദ്ധത്രിത്വത്തെ കൂടുതല്‍ അറിയുന്നതിനും അനുഭവിക്കുന്നതിനും ത്രിത്വത്തിന്റെ സ്‌നേഹക്കൂട്ടായ്മ മാതൃകയാക്കി ജീവിക്കാനുമുള്ള ആഹ്വാനമാണ് ഈ തിരുനാള്‍ ആചരണം ലക്ഷ്യവയ്ക്കുന്നത്.
ശ്ലീഹാക്കാലം രണ്ടാം ഞായറാഴ്ച നമ്മുടെ വിചിന്തനത്തിനുള്ള ദൈവവചനഭാഗങ്ങള്‍ ദൈവത്തിന്റെ കാരുണ്യത്തെയും കരുതലിനെയുംകുറിച്ചും ആ കാരുണ്യവും കരുതലും ശിഷ്യഗണത്തിലൂടെ തുടരുന്നതിനെക്കുറിച്ചുമാണ് പങ്കുവയ്ക്കുന്നത്. സുവിശേഷഭാഗം ഈശോ പാപിനിയായ ഒരു സ്ത്രീയുടെ പാപങ്ങള്‍ മോചിക്കുന്ന സംഭവമാണ്. കാരുണ്യത്തോടെ വര്‍ത്തിക്കുന്ന ഈശോ പാപങ്ങള്‍ മോചിക്കുകയും രക്ഷ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഒരു ഫരിസേയന്റെ വീട്ടില്‍ ഈശോ ഭക്ഷണത്തിനിരിക്കുമ്പോള്‍ ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍ ഈശോയുടെ സമീപത്തുവന്ന് കരഞ്ഞുകൊണ്ടു നില്ക്കുകയും പാദങ്ങളില്‍ സുഗന്ധതൈലം പൂശുകയും ചുംബിക്കുകയും ചെയ്തു. ആതിഥേയനായ ഫരിസേയന്‍ ആ സ്ത്രീയുടെ പാപാവസ്ഥയെക്കുറിച്ചു ചിന്തിച്ച് അവളെ അകറ്റിനിര്‍ത്തേണ്ടവള്‍ എന്നു ചിന്തിക്കുമ്പോള്‍ ഈശോ അവളുടെ പാപാവസ്ഥ മനസ്സിലാക്കി അവളോടു കരുണകാണിച്ച് പാപം ക്ഷമിക്കുകയും അവളുടെ വിശ്വാസത്താല്‍ അവള്‍ രക്ഷ പ്രാപിച്ചിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയുമാണു ചെയ്യുന്നത്.
ജോയേല്‍പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള ആദ്യത്തെ വായനയില്‍ നാം ശ്രവിക്കുന്നത് ഇസ്രയേല്‍ദേശത്തോടു കാരുണ്യം കാണിക്കുന്ന ദൈവത്തെക്കുറിച്ചാണ്. ഇസ്രയേലിന്റെ പാപങ്ങള്‍ ക്ഷമിച്ച് കര്‍ത്താവ് അവരെ ഐശ്വര്യപൂര്‍ണമാക്കും എന്ന കാര്യമാണ് ജോയേല്‍പ്രവാചകനിലൂടെ അരുള്‍ചെയ്യുന്നത്.
ശ്ലീഹന്മാരുടെ നടപടിയില്‍നിന്നുമുള്ള രണ്ടാം വായനയില്‍ ശ്രവിക്കുന്നത്, പരിശുദ്ധാരൂപിയുടെ നിറവില്‍ പത്രോസ് മിശിഹായ്ക്കു സാക്ഷ്യം നല്കിക്കൊണ്ടു പ്രസംഗിക്കുന്നതാണ്. ശ്ലീഹന്മാരായ പത്രോസും യോഹന്നാനും മിശിഹായുടെ നാമത്തിന്റെ ശക്തിയാല്‍ ഒരു മുടന്തനു സൗഖ്യം നല്കിയതു കണ്ട് ഭരണാധിപന്മാരും ശ്രേഷ്ഠന്മാരും നിയമജ്ഞരും അവരെ വിളിച്ച് വിചാരണ ചെയ്തപ്പോള്‍ പത്രോസ് നല്കിയ മറുപടിയാണിത്. ഈശോയുടെ നാമത്തില്‍ ആരോടും സംസാരിക്കരുതെന്നു ഭരണാധിപന്മാരില്‍നിന്ന് താക്കീതു ലഭിച്ചപ്പോള്‍ ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിനെക്കുറിച്ചു സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കുകയില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് സധൈര്യം മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്ന ശ്ലീഹന്മാരെയാണ് ഇവിടെ കാണുന്നത്.
മിശിഹായുടെ നാമത്തിലും പരിശുദ്ധാരൂപിയിലും കഴുകപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തവരായ വിശ്വാസിസമൂഹത്തിന്റെ ജീവിതശൈലി എന്തായിരിക്കണമെന്നാണ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തില്‍ നിന്നുമുള്ള വചനഭാഗം പ്രബോധിപ്പിക്കുന്നത്. മിശിഹായിലൂടെ വെളിവാക്കപ്പെട്ട ത്രിയേകദൈവത്തിലുള്ള വിശ്വാസമാണ് ക്രൈസ്തവവിശ്വാസത്തിന്റെ അനന്യത. ആ വിശ്വാസം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടവരും അയയ്ക്കപ്പെട്ടവരുമാണ് വിശ്വാസികള്‍ എന്ന കാര്യം ശ്ലീഹാക്കാലം നമ്മെ ഓര്‍മിപ്പിക്കുന്നു. പരിശുദ്ധ റൂഹായുടെ ശക്തിയാല്‍ അതു നിറവേറ്റാനുള്ള കൃപ നമുക്കു നമുക്കു ലഭിക്കുന്നു. പൗലോസ് ശ്ലീഹാ റോമായിലെ സഭയ്‌ക്കെഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്: വിശ്വാസത്താല്‍ നീതിമത്കരിക്കപ്പെട്ട നാം നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ വഴി ദൈവവുമായി സമാധാനത്തില്‍ ഐക്യപ്പെട്ടിരിക്കുന്നു (റോമ 5:1). ദൈവവുമായി ഐക്യത്തില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ ജീവിതംകൊണ്ട് അതു വ്യക്തമാക്കണം. മിശിഹായുടെ നാമത്തില്‍ വിശ്വസിക്കുന്നവരുടെ ജീവിതമായിരിക്കണം അവര്‍ നല്കുന്ന സുവിശേഷം. ഇപ്രകാരം തങ്ങളുടെ ജീവിതംകൊണ്ട് സുവിശേഷം നല്കിയ വിശുദ്ധാത്മാക്കളുടെ ജീവിതപ്പാതയില്‍ സുവിശേഷത്തിനു സാക്ഷികളാകുവാന്‍ ശ്ലീഹാക്കാലം ആഹ്വാനം ചെയ്യുന്നു.