•  27 Jan 2022
  •  ദീപം 54
  •  നാളം 42
നോവല്‍

ഒരു കാറ്റുപോലെ

വൈകുന്നേരം സ്‌കൂള്‍ സ്റ്റാഫ് റൂം
സനലിന്റെ ടേബിളിനു മുകളില്‍ കുട്ടികളുടെ നോട്ടുബുക്കുകള്‍ അടുക്കിവച്ചിരുന്നു. അതില്‍നിന്ന് അലക്ഷ്യമായി ഒരെണ്ണം അയാള്‍ വലിച്ചെടുത്തു. പക്ഷേ, തുറന്നു നോക്കിയതല്ലാതെ സനലിന്റെ കണ്ണുകള്‍ അതില്‍ പതിഞ്ഞതേയില്ല. അയാള്‍ ബുക്ക് തിരികെ അവിടേക്കുതന്നെ വച്ചു. പിന്നെ മേശയിലേക്കു മുഖം ചേര്‍ത്തുകിടന്നു.
സനലിന്റെ പ്രവൃത്തികളെല്ലാം അലോഷ്യസ് കാണുന്നുണ്ടായിരുന്നു. അലോഷ്യസിന് സനലിനോടു സഹതാപം തോന്നി. മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും സ്മിതയുടെ മരണം ഏല്പിച്ച ആഘാതത്തില്‍നിന്നയാള്‍ മുക്തനായിട്ടില്ലെന്ന് അലോഷ്യസിന് അറിയാമായിരുന്നു.
ഇനിയും എത്രനാള്‍... അതേക്കുറിച്ചാണ് അലോഷ്യസ് ഓര്‍മിച്ചത്. മരിച്ചുപോയവരാരും തിരിച്ചുവരില്ല. അതുതന്നെയാണ് ഓരോ മരണത്തിന്റെയും ആഘാതം വര്‍ദ്ധിപ്പിക്കുന്നതും.
കാണാമറയത്തേക്കാണെങ്കിലും ഇന്നല്ലെങ്കില്‍ നാളെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെങ്കില്‍ വിരഹത്തിനുപോലും അര്‍ത്ഥമുണ്ട്. പക്ഷേ, തിരിച്ചുവരാത്ത യാത്രകള്‍.. മടങ്ങിവരാത്ത വേര്‍പിരിയലുകള്‍. കാണാന്‍ സാധ്യതയില്ലാത്ത വിരഹങ്ങള്‍..
അലോഷ്യസ് ദീര്‍ഘനിശ്വാസത്തോടെ തന്റെ ഇരിപ്പിടം വിട്ടെണീറ്റ് സനലിന്റെ അടുക്കലേക്കു ചെന്നു.
'സനല്‍മാഷേ...' സനലിന്റെ തോളത്തുതട്ടി അലോഷ്യസ് വിളിച്ചു.
സനല്‍ മുഖമുയര്‍ത്തി നോക്കി.
''തനിക്ക് എന്തുപറ്റി? സുഖമില്ലേ...'' അലോഷ്യസ് അനുകമ്പയോടെ ചോദിച്ചു. സനലിന്റെ നെറ്റിയില്‍ കൈവച്ച് നോക്കുകയും ചെയ്തു. പനിയെങ്ങാനുമുണ്ടോ?
 വാടിത്തളര്‍ന്നു നില്ക്കുന്ന ഒരു ചെടിയാണു മുമ്പില്‍.. വേരുകള്‍ക്ക് ഇളക്കം തട്ടിയിട്ടുണ്ട്. വീണ്ടും പഴയതുപോലെയാവാന്‍ വേരുകള്‍ സംരക്ഷിക്കപ്പെടണം. വെള്ളം ഒഴിച്ചുകൊടുക്കണം, വളമിടണം, തണലേകണം.
ഓരോ ചെടിക്കും ഓരോ രീതിയിലുള്ള പരിചരണമാണു വേണ്ടത്. ചില ചെടികള്‍ നട്ടുവച്ചിട്ടുപോന്നാല്‍ മതി. അവ പതുക്കെപ്പതുക്കെ ഫലം തന്നുകൊള്ളും. പക്ഷേ, എല്ലാ ചെടികളും അങ്ങനെയല്ല. വിട്ടുമാറാതെ പരിചരിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ അവ ഫലം തരുകയുള്ളൂ.
ചില മനുഷ്യരും ഇങ്ങനെ തന്നെയാണ്. അവര്‍ക്ക് എപ്പോഴും ആരെങ്കിലുമൊക്കെ സപ്പോര്‍ട്ടായി ഉണ്ടാവണം. എങ്കില്‍ മാത്രമേ അവര്‍ക്കു നിവര്‍ന്നുനില്ക്കാന്‍പോലുമുള്ള ധൈര്യം ലഭിക്കൂ. സനല്‍ അത്തരത്തിലുള്ള ഒരാളാണ്. ചെറുപ്പം മുതല്‌ക്കേ അപ്പനമ്മമാരുടെ ശ്രദ്ധയും സ്നേഹവും ആവശ്യത്തില്‍ കൂടുതല്‍ കിട്ടി വളര്‍ന്ന വ്യക്തി.
ഏകമകനായതുകൊണ്ട് താഴത്തും തലയിലും വയ്ക്കാതെയാണു വളര്‍ത്തിക്കൊണ്ടുവന്നത്. പഠിക്കുക എന്നതൊഴികെ മറ്റൊരു ഉത്തരവാദിത്വവും മുതിര്‍ന്നപ്പോഴും ഉണ്ടായിരുന്നുമില്ല. വീട്ടുസാധനങ്ങള്‍ മേടിച്ചുകൊണ്ടുവരുന്നതുപോലും അപ്പനായിരുന്നു. പിന്നീട് വിവാഹിതനായപ്പോള്‍ സ്മിതയുടെ തണലിലേക്ക് ഒതുങ്ങി. എല്ലാ കാര്യങ്ങള്‍ക്കും സ്മിതയായിരുന്നു ആശ്രയം. ജോസഫ് കിടപ്പിലായതോടെ വീട്ടുസാധനങ്ങള്‍ വാങ്ങുന്നത് സ്മിതയുടെ ജോലിയായി. സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയാവുന്നതുകൊണ്ട്  അതെളുപ്പവുമായി.
ഫ്യൂസ് കെട്ടലും ഗ്യാസ് സിലിണ്ടര്‍ മാറ്റലുംപോലെയുള്ള ജോലികളും സ്മിതയുടെ ചുമലിലായി. അലസതയോടെ മാറിക്കൊടുത്തതായിരുന്നില്ല അതൊന്നും. ചെറുപ്പംമുതല്‍ക്കേ എല്ലാറ്റിനോടും അകറ്റിനിര്‍ത്തപ്പെട്ടിരുന്നതുകൊണ്ടായിരുന്നു അങ്ങനെയൊരു പ്രത്യേകത രൂപമെടുത്തത്. അങ്ങനെയെല്ലാമുള്ള ആള്‍ക്ക് പെട്ടെന്നൊരു നിമിഷംകൊണ്ട് പിന്തുണ ഇല്ലാതായപ്പോള്‍.
ഏതെങ്കിലും അസുഖം വന്ന് സാവധാനത്തിലുള്ള മരണമായിരുന്നു സ്മിതയുടേതെങ്കില്‍ അതിനുവേണ്ടി മാനസികമായി ഒരുങ്ങാനും തയ്യാറെടുപ്പുകള്‍ നടത്താനും സാധിക്കുമായിരുന്നു. പക്ഷേ, സനലിന് ഒന്നും സാധിച്ചില്ല. യാത്ര പറയാന്‍ സ്മിതയ്ക്കും അവസരമുണ്ടായില്ല. അതാണ് സനലിനെ ഇത്രയും തകര്‍ത്തുകളഞ്ഞിരിക്കുന്നത്. മറ്റേതെങ്കിലും ഒരു ഭര്‍ത്താവായിരുന്നുവെങ്കില്‍ ഭാര്യയുടെ മരണത്തോടെ ഇത്രത്തോളം തകര്‍ന്നടിയുമായിരുന്നില്ല. കാരണം, അവരൊക്കെ കുറെക്കൂടി ഉള്ളില്‍ കരുത്താര്‍ജിച്ചവരാണ്. അടുക്കളജോലികള്‍പോലെയുള്ള കാര്യങ്ങള്‍ക്കു മാത്രമേ അവരില്‍ ചിലര്‍ക്കെങ്കിലും പരാശ്രയം വേണ്ടിവരുകയുള്ളൂ.
പക്ഷേ, സനലിന് ഇപ്പോള്‍ എല്ലാവരെയും ആശ്രയിക്കേണ്ടതുണ്ട്. ഒറ്റയ്ക്കു നില്ക്കാന്‍ കഴിയാത്ത മരമാണ് സനല്‍. പടര്‍ന്നുകയറാന്‍ അയാള്‍ക്കൊരു മരം വേണം. ഒരു മരത്തിന്റെ ചുവട്ടിലേക്ക് അല്ലെങ്കില്‍ അയാളെ പറിച്ചുനടേണ്ടിയിരിക്കുന്നു.
''എന്തുപറ്റാന്‍? ഇതിലും കൂടുതലായിട്ട്...'' സനല്‍ വിഷാദത്തോടെ ചിരിച്ചു.
''കഴിഞ്ഞു പോയതിനെയോ ര്‍ത്ത് താന്‍ ഇങ്ങനെ വീണ്ടും വീണ്ടും വിഷമിക്കുന്നതാ പ്രശ്നം. കുറച്ചൊക്കെ നമ്മള്‍ ധൈര്യം കാണിക്കണം.''
ധൈര്യം... സനല്‍ ആത്മനിന്ദയോടെ ആ വാക്ക് ആവര്‍ത്തിച്ചു.
''എനിക്കതില്ല അലോഷീ..'' സനല്‍ സമ്മതിച്ചു.
''പണ്ടേ സുരക്ഷിതമായ ഒരു ഷെല്ലിനുള്ളിലായിരുന്നു ഞാന്‍. പൊട്ടിച്ചുപുറത്തുകടക്കാന്‍ ഒരിക്കലും ധൈര്യമുണ്ടായിരുന്നില്ല. എന്തോ അതിനുള്ളില്‍ ഞാന്‍ വല്ലാതെ സുരക്ഷിതബോധം അനുഭവിച്ചിരുന്നു. പെട്ടെന്ന് അത് പൊട്ടിപ്പോയപ്പോള്‍.''
അപ്പോള്‍ അവര്‍ക്കിടയില്‍ സ്‌കൂള്‍ബെല്‍ മുഴങ്ങി. ഇന്നത്തെ ദിവസം അവസാനിച്ചിരിക്കുന്നു. കുട്ടികളുടെ ആരവം ഉയര്‍ന്നുകേട്ടു. സനല്‍ ഇരിപ്പിടത്തില്‍ നിന്നെണീറ്റു.
''ഒരു ദിവസംകൂടി കഴിഞ്ഞുകിട്ടി. ആശ്വാസം തോന്നുന്നു. ഇനി രണ്ടുദിവസത്തേക്കു വരണ്ടല്ലോ...''
വെള്ളിയാഴ്ചയായിരുന്നു അത്.
''തനിക്ക് എല്ലാം മടുപ്പായോ..'' അലോഷ്യസ് ചോദിച്ചു.''
''ജീവിതംതന്നെ..'' സനല്‍ പറഞ്ഞു.
ആ സ്വരത്തിലെ വേദനയും സത്യസന്ധതയും അലോഷ്യസിനെ സ്പര്‍ശിച്ചു
''ചാച്ചനും കുട്ടികളും ഇല്ലായിരുന്നുവെങ്കില്‍...'' സനല്‍ അത് പൂര്‍ത്തിയാക്കിയില്ല. അയാള്‍ മേശപ്പുറത്തുനിന്നു ബാഗെടുത്തു പോകാന്‍ ഭാവിച്ചു. മറ്റ് അധ്യാപകര്‍ തിരക്കിട്ട് സ്റ്റാഫ് റൂമിലേക്കു വരുകയും മറ്റു ചിലര്‍ അവിടെനിന്നു പുറത്തേക്കു പോകുകയും ചെയ്യുന്നുണ്ടായിരുന്നു.
''ഇന്ന് നമുക്ക് ഒരുമിച്ചുപോയാലോ.. ദയയും ബെഞ്ചമിനും സ്‌കൂള്‍ ബസില്‍ത്തന്നെ പൊയ്ക്കോട്ടെ..'' അലോഷ്യസ് നിര്‍ദേശം വച്ചു
''എന്തിനാ..'' സനല്‍ ചോദിച്ചു.
''വീട്ടില്‍ ചെന്നാ അവിടെ ആരും ഇല്ലല്ലോ.. പിള്ളേര്‍ക്ക് അതു ബുദ്ധിമുട്ടാവും.'' സനല്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.
''ഒരു ദിവസത്തേക്കല്ലേ.. സാരമില്ലെന്നേ..'' അപ്പോഴേക്കും ബാഗും തൂക്കി ദയയും ബെഞ്ചമിനും സ്റ്റാഫ് റൂമിന്റെ വാതില്ക്കലെത്തിക്കഴിഞ്ഞിരുന്നു.
''പപ്പയെ ഞാന്‍ വീട്ടില്‍ കൊണ്ടുചെന്നാക്കിക്കോളാം.. നിങ്ങള് സ്‌കൂള്‍ ബസിന് പൊയ്ക്കോ..'' അലോഷ്യസ് കുട്ടികളോടു പറഞ്ഞു. കുട്ടികള്‍ സംശയത്തോടെ  സനലിനെ നോക്കി. അലോഷ്യസ് പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ട് സനല്‍ തലയാട്ടി.
''വേഗം വരണം കേട്ടോ..'' ബെഞ്ചമിന്റെ കൈയ്ക്കു പിടിച്ചു നടക്കുന്നതിനിടയില്‍ പെട്ടെന്ന് മുഖംതിരിച്ച ദയ സനലിനെ ഓര്‍മിപ്പിച്ചു.
''ഓക്കെ മോളേ.. ഷുവര്‍.'' അലോഷ്യസ് വിരലുയര്‍ത്തിക്കാണിച്ചു. കുട്ടികളുടെ സ്‌കൂള്‍ ബസ് ഗെയ്റ്റ് കടന്നപ്പോള്‍ അലോഷ്യസ് ക്ഷണിച്ചു.
അധ്യാപകരുടെ വാഹനങ്ങളുടെ പാര്‍ക്കിങ് ഏരിയായിലേക്ക് അലോഷ്യസും സനലും നടന്നു. ഫോര്‍ രജിസ്ട്രേഷന്‍ എന്നെഴുതിയ പുതിയ എസ്പ്രെസോ കാറായിരുന്നു അലോഷ്യസിന്റേത്. നേരത്തേ അയാള്‍ക്ക് പഴയൊരു മാരുതി 800 ആയിരുന്നു ഉണ്ടായിരുന്നത്. ഡ്രൈവിങ് സീറ്റിലേക്കു കയറിയ അലോഷ്യസ് സനലിനായി ഡോര്‍ തുറന്നുകൊടുത്തു. സനല്‍ ഉള്ളിലേക്കു പ്രവേശിച്ചു. അലോഷ്യസ് കാര്‍ മുന്നോട്ടെടുത്തു. അലോഷ്യസിന്റെ കൈകള്‍ ആയാസരഹിതമായി സ്റ്റീയറിങ്ങിലൂടെ ചലിക്കുന്നത് സനല്‍ അദ്ഭുതത്തോടെ കണ്ടു.
''എത്ര ഈസിയായിട്ടാണ് ഡ്രൈവ് ചെയ്യുന്നത്.'' സനല്‍ ഒരു കോംപ്ലിമെന്റ് നല്കി.
''ആര്‍ക്കും സാധിക്കാവുന്ന കാര്യമേയുള്ളൂ.. അല്പം ശ്രദ്ധയുണ്ടായിരിക്കണമെന്നു മാത്രം. പിന്നെ അല്പം മര്യാദയും..'' അലോഷ്യസ് ചിരിച്ചു.
''പറഞ്ഞുവരുന്നതിന്റെ അര്‍ത്ഥം മനസ്സിലായോ, തനിക്കും വണ്ടിയോടിക്കാന്‍ കഴിയുമെന്ന്..''
''ഓ അങ്ങനെ..'' സനല്‍ ആ വിഷയത്തില്‍നിന്ന് ഒഴിഞ്ഞുമാറി.
തിരക്കേറിയ നഗരം. വീടുകളിലെത്താന്‍ തിരക്കുപിടിച്ചോടുന്നവര്‍. മുന്നില്‍ സ്‌കൂട്ടറോടിച്ചുപോകുന്ന ഒരു പെണ്‍കുട്ടിയെകണ്ടപ്പോള്‍ സനല്‍ പെട്ടെന്ന് സ്മിതയെ ഓര്‍മ്മിച്ചു.
ഇങ്ങനെയൊരു യാത്രയിലായിരുന്നില്ലേ അവള്‍...? സനലിന്റെ കണ്ണു നിറഞ്ഞു. വീട്ടില്‍നിന്ന് ഓരോരോ ആവശ്യങ്ങള്‍ക്കായി യാത്ര പറഞ്ഞിറങ്ങുന്നവര്‍. തിരികെ വീട്ടിലെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്തവര്‍. എന്നിട്ടും ചിലരൊക്കെ പിണങ്ങിയും ദേഷ്യപ്പെട്ടുമാണല്ലോ വീടിറങ്ങുന്നത്..
കാര്‍ ബൈപ്പാസ് റോഡിലേക്കു കയറി. ചായപ്പീടികയുടെ സമീപത്തായി അലോഷ്യസ് കാര്‍ നിര്‍ത്തി. ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന ഒരു വൃദ്ധന്റേതായിരുന്നു ആ പീടിക. കുറെ ചെറുപ്പക്കാര്‍ വെടിവട്ടം പറഞ്ഞ് അവിടെയിരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു. ചായ വാങ്ങി അതുമായി അവര്‍ അവിടെനിന്ന് ഇത്തിരി മാറിനിന്നു. പെട്ടെന്നൊരു നിശ്ശബ്ദത അവര്‍ക്കിടയില്‍ പരന്നു. അത് എന്തോ പ്രത്യേകമായി സംസാരിക്കാനുളളതിനുമുമ്പുള്ള നിശ്ശബ്ദതയാണെന്ന് സനലിന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു.
അലോഷ്യസിന് തന്നോട് എന്തോ പ്രത്യേകിച്ചു പറയാനുണ്ട്. സനലിനു  മനസ്സിലായി.
സനല്‍ ചായക്കപ്പ് ചുണ്ടോട് അടുപ്പിച്ചപ്പോഴാണ് അലോഷ്യസ് അക്കാര്യം പറഞ്ഞത്.
''താന്‍ ഒരു പുതിയ ജീവിതത്തെക്കുറിച്ചു ചിന്തിക്കണം.''
ചുണ്ടോട് അടുപ്പിച്ച ഗ്ലാസടര്‍ത്തിമാറ്റിയിട്ട് സനല്‍ അലോഷ്യസിനെ മനസ്സിലാവാത്ത ഭാവത്തില്‍ നോക്കി.
''പറയുമ്പോള്‍ തനിക്കത് പെട്ടെന്ന് ഉള്‍ക്കൊള്ളാനോ അനുകൂലിക്കാനോ കഴിയില്ലെന്ന് എനിക്കറിയാം.  എങ്കിലും പറയുവാണ്. തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാകണമെങ്കില്‍ അതുമാത്രമേ പോംവഴിയുള്ളൂ.''
സനലിന് അപ്പോഴും അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല.
''എനിക്കു മനസ്സിലായില്ല'' സനല്‍ പറഞ്ഞു
''താന്‍ രണ്ടാമതൊരു വിവാഹം ചെയ്യണം.'' അലോഷ്യസ് സനലിന്റെ മുഖത്തേക്കു നോട്ടം പതിപ്പിച്ചുകൊണ്ട് അറിയിച്ചു.

(തുടരും)