•  27 Jan 2022
  •  ദീപം 54
  •  നാളം 42
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

മരം വല്ലിയായ മായാജാലം

ലച്ചിത്രഗാനങ്ങള്‍ക്കുവേണ്ടി  ആസ്വാദകര്‍ ഒന്നടങ്കം കാതോര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വരികളുടെ മഹത്ത്വവും സംഗീതത്തിന്റെ ആകര്‍ഷകത്വവും ആലാപനത്തിന്റെ വശ്യതയും ഒത്തുചേര്‍ന്ന ഓരോ ഗാനവും ഉദാത്തസൃഷ്ടിയായി മാറിയ കാലം! കവിതയ്ക്കുനേരേ മുഖംതിരിച്ചു നിന്നവര്‍പോലും ഗാനങ്ങള്‍ കേള്‍ക്കാന്‍ വേണ്ടതിലധികം സമയം കണ്ടെത്തി. ചില പാട്ടുകള്‍ എത്ര കേട്ടാലും മതിവരാത്തതായി. നമ്മുടെ ജീവിതവുമായി നിതാന്തബന്ധം പുലര്‍ത്തുന്നവയായി മാറി അത്തരം മികവുറ്റ ഗാനങ്ങള്‍.
എന്നാല്‍, ആധുനികകാലത്തെ ചലച്ചിത്രഗാനങ്ങള്‍ മിക്കതും സഹൃദയരെ നിരാശയിലാഴ്ത്തുന്നവയാണ്. ഇതാ കാണുക:
''കൊഞ്ചിക്കൊഞ്ചി ചിരിച്ചാല്‍ പുഞ്ചിരിത്തോട്ടം
നെഞ്ചിലഞ്ചി പിറന്നാല്‍ പഴങ്കുലത്തെന്നല്‍'' (ചിത്രം അവതാരം; രചന-കൈതപ്രം; സംഗീതം-ദീപക് ദേവ്; ആലാപനം-ശങ്കര്‍ മഹാദേവന്‍, റിമി ടോമി).
ചിരിച്ചാല്‍ പുഞ്ചിരിത്തോട്ടം എന്ന പ്രയോഗംപോലും അത്ര പന്തിയുള്ളതല്ല. അപ്പോള്‍ പഴങ്കുലത്തെന്നല്‍ എന്നെഴുതിയാലോ? അത് എന്തുതരം തെന്നലാണെന്ന് രചയിതാവു തന്നെ പറഞ്ഞുതരേണ്ടിവരും. മുമ്പ്,
''രാമായണക്കാറ്റേ എന്‍ നീലാംബരിക്കാറ്റേ
തങ്കനൂല്‍ നെയ്യുമീ സന്ധ്യയില്‍
കുങ്കുമം പെയ്യുമീ വേളയില്‍
രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ''
(ചിത്രം - അഭിമന്യു; രചന-കൈതപ്രം; സംഗീതം - രവീന്ദ്രന്‍; ആലാപനം - എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര) എന്നെഴുതി മലയാളികളുടെ പരിഹാസം ഏറ്റുവാങ്ങിയ കാര്യം അദ്ദേഹം മറന്നോയെന്തോ! കാറ്റിനു മനുഷ്യനെപ്പോലെ സംസാരിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ അപക്വമായ ഈ പ്രയോഗങ്ങളുടെ പേരില്‍ അത് കലാപക്കൊടിയുയര്‍ത്തുമായിരുന്നു.
''ആലങ്ങോട്ടെ പീലിക്കുന്നേല്‍
അറുപതു ചെറുപയറൊത്തു പറിച്ചു
വറുത്തു പൊടിച്ചു കുടുക്കയിലിട്ടു
അത്തിക്കൊമ്പേല്‍ കേറിയൊളിച്ചു
അത്തോ പിത്തോ ചാടി നടന്നു
കിതച്ചു കുതിച്ചു കുളിച്ചുവരുമ്പോള്‍
അകലെയകലെയകലെ യാത്ര പോകാം'' (ചിത്രം ഞാനും എന്റെ ഫാമിലിയും; രചന-രാജീവ് ആലുങ്കല്‍; സംഗീതം-എം.ജി. ശ്രീകുമാര്‍; ആലാപനം-എം.ജി. ശ്രീകുമാര്‍, ശ്വേത മോഹന്‍, അപര്‍ണ മേനോന്‍).
എണ്ണിക്കൊണ്ട് അറുപതു ചെറുപയര്‍ ഒത്തു പറിച്ചതു പോരാഞ്ഞിട്ട് അതു വറുത്തുപൊടിച്ച് കുടുക്കയിലിട്ട് അത്തിക്കൊമ്പില്‍ കേറിയൊളിച്ചു. എന്നിട്ടോ? അത്തോ പിത്തോ ചാടിനടന്നു. കിതച്ചു കുതിച്ചു കളിച്ചുവരുമ്പോള്‍ അകലെയകലെയകലെ യാത്ര പോകാനാണത്രേ ഇത്രയൊക്കെ ചെയ്തത്. മനുഷ്യര്‍ വാനരജന്മത്തിന്റെ  പിന്മുറക്കാര്‍ എന്നു പറയുന്നത് എത്ര ശരി!
''ചെമ്പകവല്ലികളില്‍ തുളുമ്പിയ ചന്ദനമാമഴയില്‍
എന്തിനു വെറുതെ നനയുവതീ തങ്കനിലാവഴകേ''
(ചിത്രം - അറബിയും ഒട്ടകവും പി. മാധവന്‍നായരും; രചന - രാജീവ് ആലുങ്കല്‍; സംഗീതം - എം.ജി. ശ്രീകുമാര്‍, ശ്വേത മോഹന്‍).
ചമ്പകം (ചെമ്പകം എന്നും പറയും) ഒരു നിത്യഹരിതവൃക്ഷമാണെന്ന് അറിയാത്തവര്‍, പ്രത്യേകിച്ച് പാട്ടെഴുത്തുകാരുടെ കൂട്ടത്തില്‍ ഉണ്ടെന്നുവരുന്നത് കേരളത്തിന് അപമാനമാണ്. എത്ര പെട്ടെന്നാണ് ആ വൃക്ഷത്തെ ഗാനരചയിതാവ് വല്ലിയാക്കി മാറ്റിയത്! ചെമ്പകമരത്തില്‍ സുന്ദരികളായ സ്ത്രീകള്‍ നോക്കിയാല്‍ പുഷ്പിക്കുമെന്നാണ് കവിസങ്കല്പം. അതും അദ്ദേഹത്തിന് അജ്ഞാതമാണ്. ഇത്തരത്തിലാണു പോക്കെങ്കില്‍ തെങ്ങും കമുകും മറ്റും വല്ലിയാകുന്ന കാലം അതിവിദൂരമല്ല.
ഓരോ തവണ കേള്‍ക്കുമ്പോഴും പുതിയ പുതിയ ആശയങ്ങള്‍ ഉരുത്തിരിയുന്ന ഗാനങ്ങള്‍ നെഞ്ചേറ്റി ലാളിച്ച മലയാളികള്‍ക്ക് ഇന്നത്തെ ഗാനാഭാസങ്ങള്‍ കേട്ടുകേട്ട് മനസ്സു മരവിച്ചിരിക്കുന്നു. ഇത്രയും ക്രൂരത കാട്ടാന്‍ പാവം ഗാനാംഗന എന്തു പിഴച്ചു എന്നാണ് എനിക്കു ചോദിക്കാനുള്ളത്‌