•  18 Apr 2024
  •  ദീപം 57
  •  നാളം 6
നോവല്‍

ഒരു കാറ്റുപോലെ

രാത്രി
സനലിന്റെ വീട്
''മോളേ ദയാ...'' അങ്ങനെ വിളിച്ചുകൊണ്ടാണ് സനല്‍ മുറ്റത്തേക്കു കയറിയത്. വീടുമുഴുവന്‍ ഇരുട്ടായിരുന്നു. അയാളുടെ ഉള്ളില്‍ ഭയം നിറഞ്ഞു. സമീപത്തെ വീടുകളിലെല്ലാം വെളിച്ചമുണ്ട്. തന്റെ വീട്ടില്‍ മാത്രം... എന്തു പറ്റി?
''മോളേ ദയാ...'' സനല്‍ വാതില്ക്കല്‍ തട്ടി.
''പപ്പാ...'' ദയയുടെ ശബ്ദം സനലിന്റെ കാതിലെത്തി.
സനലിന് ആശ്വാസം തോന്നി. ദയ വാതില്‍ തുറന്നു. അവളുടെ കൈയില്‍ ഒരു മെഴുകുതിരി കത്തുന്നുണ്ടായിരുന്നു. അവളോടു ചേര്‍ന്ന് ബെഞ്ചമിനുമുണ്ടായിരുന്നു. കുട്ടികളുടെ മുഖത്ത്  പരന്നുകിടക്കുന്ന ഭീതിയും ആകുലതയും ആ മെഴുകുതിരിവെളിച്ചത്തില്‍ സനല്‍ കണ്ടു.
ദയയുടെ മറുകൈയില്‍ ബെഞ്ചമിന്‍ മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു. അവളെ വിട്ടൊരു നിലനില്പ് തനിക്കില്ലെന്ന മട്ടില്‍.
''ലൈറ്റെന്താ ഇടാത്തത്?'' സനല്‍ ചോദിച്ചു.
''നമുക്കു മാത്രം കറന്റില്ല പപ്പാ,'' ദയ അറിയിച്ചു.
''നീയെവിടെപ്പോയി കിടക്കുവായിരുന്നെടാ?'' അകത്തുനിന്ന് ജോസഫേട്ടന്റെ ദേഷ്യം കലര്‍ന്ന ചോദ്യം.
''ഈ പൊടിപ്പിള്ളേരേം വയ്യാതിരിക്കുന്ന എന്നേം ഇവിടെയിട്ടിട്ട്... ഇപ്പോ നേരത്തും കാലത്തും വരാതെയുമായോ...''
ജോസഫിന്റെ തൊണ്ട ഇടറിയിരുന്നു.
''ഒരു ഗ്ലാസ് കാപ്പി അനത്തിത്തരാന്‍ ഇവിടെയാരാ ഉള്ളെ?  എത്ര നേരമാ തുള്ളി ചൂടുവെള്ളം ഇറക്കാന്‍ കഴിയാതെ ഇങ്ങനെ കിടക്കുന്നെ? ആ പിള്ളേരും ഒന്നും കഴിച്ചിട്ടില്ല. ഞാന്‍ പറഞ്ഞിട്ട് ആ കൊച്ച് കറന്റിന്റെ അടുപ്പില് വച്ച് കാപ്പിയിടാന്‍ നോക്കിയതാ.  അപ്പോഴാ കറന്റ് പോയെ.  ഫ്യൂസടിച്ചുപോയതോ മറ്റോ ആയിരിക്കും. നീയതൊന്നു നോക്കിക്കേ.''
സനല്‍ വന്നുചേര്‍ന്നതിന്റെ ആശ്വാസവും കുട്ടികള്‍ വിശന്നിരിക്കുന്നതോര്‍ത്തുള്ള വല്ലായ്മയും  തന്റെ നിസ്സഹായതയും എല്ലാം ചേര്‍ന്നതായിരുന്നു ജോസഫിന്റെ വാക്കുകള്‍.
ഫ്യൂസ് പോയതാണെന്ന്... അതു പരിശോധിച്ചുനോക്കാന്‍ തനിക്കറിവുണ്ടോ? ഫ്യൂസ് കെട്ടാന്‍ തനിക്കറിയാമോ? സനല്‍ വല്ലാത്ത പ്രതിസന്ധിയിലായി. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ സ്മിതയായിരുന്നു അതും കൈകാര്യം ചെയ്തിരുന്നത്.  അതിനു വേണ്ടതായ സാധനസാമഗ്രികള്‍  അവളുടെ കസ്റ്റഡിയിലുണ്ടായിരുന്നു.
''എവിടെയാണെന്നു വിളിച്ചുചോദിക്കാന്‍ ഇവിടെ  വേറൊരു ഫോണുണ്ടോ, അതുമില്ല. ഇതുപോലൊരു വീട്...  തീ തിന്നതിന് ഒരു കണക്കുമില്ല.'' ജോസഫ് അസ്വസ്ഥനായി പറഞ്ഞു.
അതേ, സനല്‍  വല്ലായ്മയോടെ തന്റെ നെഞ്ചു തിരുമ്മി. ഇവിടെ മറ്റൊരു ഫോണില്ല. അടുത്ത വീട്ടില്‍ ചെന്നു ചോദിക്കാന്‍മാത്രം ആരോടും സ്വാതന്ത്ര്യവുമില്ല. രോഷ്നി പോയതോടെ അവശേഷിച്ചിരുന്ന ബന്ധങ്ങളുംകൂടി അറ്റുപോയിരിക്കുന്നു.
''മക്കള് പേടിച്ചുപോയോ...'' സനല്‍ കുട്ടികളോടു ചോദിച്ചു.
''ഞാന്‍ നമ്മുടെ അലോഷ്യസ് സാറുമായിട്ട് ഓരോന്ന്...'' സനല്‍ പൂര്‍ത്തിയാക്കിയില്ല.
 ''ഇനി പപ്പ ഞങ്ങളെയിട്ടിട്ട് ഒരിടത്തോട്ടും പോകണ്ടാ. ഞങ്ങള്‍ക്കു പേടിയാ...''
ദയ പൊട്ടിക്കരഞ്ഞുകൊണ്ട് സനലിന്റെ ദേഹത്തേക്കു ചാഞ്ഞു.
''പപ്പേംകൂടി ഇല്ലാതായാല് ഞങ്ങള്‍ക്ക് വേറെയാരാ ഉള്ളെ?'' ദയ കരഞ്ഞു. ദയ കരയുന്നതു കണ്ടപ്പോള്‍ ബെഞ്ചമിനും കരഞ്ഞുതുടങ്ങി. അവനും ഓടിവന്ന് സനലിനെ കെട്ടിപ്പിടിച്ചു. ഇരുവരുടെയും ദേഹം തണുത്തിരിക്കുകയായിരുന്നു. കുട്ടികള്‍ പേടിച്ചുകഴിയുകയായിരുന്നുവെന്ന് സനലിനു മനസ്സിലായി. കറന്റ് ഉണ്ടായിരുന്നെങ്കില്‍ ഇത്രയും പേടി തോന്നില്ലായിരുന്നു.  പക്ഷേ...
''സോറി മക്കളേ, സോറി...'' സനല്‍, ദയയുടെയും ബെഞ്ചമിന്റെയും ശിരസ് തലോടി.
''ഇനിയൊരിക്കലും പപ്പ ലേറ്റാകില്ല. ഉറപ്പ്.''
ദയയും ബെഞ്ചമിനും കണ്ണീരു തുടച്ചിട്ട് സനലിനെ ചിരിച്ചുകാണിച്ചു.
''മക്കള്‍ക്കു വിശക്കുന്നില്ലേ.. വാ, പപ്പ ഫുഡ് എടുത്തുതരാം. മോള്‍ക്ക് ഗ്യാസില്‍ കാപ്പിയുണ്ടാക്കാന്‍ മേലായിരുന്നോ?''
മൊബൈല്‍ ഫോണിന്റെ ലൈറ്റ് ഓണാക്കി അടുക്കളയിലേക്കു പോകുമ്പോള്‍ സനല്‍ ചോദിച്ചു.
''ഗ്യാസും കത്തുന്നില്ല. തീര്‍ന്നെന്നാ തോന്നുന്നെ.''  ദയ അറിയിച്ചു.
സനല്‍ വീണ്ടും തളര്‍ന്നു. ഇതിനൊക്കെ താന്‍ ആരോടു സഹായം ചോദിക്കും? സ്മിതയ്ക്ക് അപകടം ഉണ്ടായ ദിവസമാണ് ഗ്യാസ് സിലിണ്ടര്‍ മാറ്റിവച്ചത്. അവളുടെ മരണശേഷം കുറെ നാളത്തേക്ക് രോഷ്നിയുടെ വീട്ടില്‍നിന്നായിരുന്നു ഭക്ഷണം എന്നതുകൊണ്ട് ഗ്യാസിനു ചെലവുണ്ടായിരുന്നില്ല. അന്നാമ്മ അടുക്കളഭരണം ഏറ്റെടുത്തപ്പോള്‍ വിറകടുപ്പാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ഗ്യാസ് സിലിണ്ടറിന്റെ ഉപയോഗം വളരെ കുറവായിരുന്നു. ഒരു കാലത്ത് സ്മിത കറന്റ് അടുപ്പ് ഉപയോഗിക്കുന്നതിനെ വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെടുത്തി എതിര്‍ത്തിരുന്ന സനല്‍ അവളുടെ അസാന്നിധ്യത്തില്‍ കൂടുതലായും ഉപയോഗിച്ചിരുന്നതും അതുതന്നെയായിരുന്നു. അതുകൊണ്ടാണ്  ഗ്യാസ് സിലിണ്ടര്‍ ഇത്രയും നാള്‍ നീണ്ടത്. ഇനി പുതിയ ഗ്യാസ് സിലിണ്ടര്‍ മാറ്റിവയ്ക്കണം. അതും തനിക്കറിയില്ല. എന്തു ചെയ്യും? ആരോടു സഹായം ചോദിക്കും? റോയിയോടു ചോദിക്കണോ? അടുത്ത നിമിഷം സനല്‍ ആ തീരുമാനം തിരുത്തി. അതുവേണ്ട. പെട്ടെന്ന് സനലിന്റെ ഓര്‍മ്മയില്‍ സുമന്റെ മുഖം  തെളിഞ്ഞു. അയാള്‍ക്ക് ആശ്വാസം തോന്നി. സനല്‍ മൊബൈലില്‍ നമ്പര്‍ പരതി. ഭാഗ്യം. സുമന്റെ നമ്പര്‍ അയാള്‍ സേവ് ചെയ്തിട്ടുണ്ടായിരുന്നു. സനല്‍ പ്രതീക്ഷയോടെ  സുമനെ വിളിച്ചു. ആദ്യ റിങ്ങില്‍ ത്തന്നെ സുമന്‍ ഫോണെടുത്തു.
''എന്താ സനല്‍ സാറേ, പതിവില്ലാതെ?''
''ഒരു ഹെല്‍പ്പ് വേണമായിരുന്നു.'' സനല്‍ മടിച്ചുമടിച്ചുപറഞ്ഞു.
''എന്നതാ സാറേ, എന്നെക്കൊണ്ട് പറ്റുന്നതാണെങ്കില്‍ ചെയ്യാം.''
''പറ്റുന്നതാ. വീട്ടില്‍ കറന്റില്ല. ഫ്യൂസ് പോയതാണോയെന്നു സംശയം. ഒന്നു വന്നു നോക്കാമോ.''
 ''ഞാനും കാര്‍ന്നോരുംകൂടി ഓരോന്നു വീശാന്‍വേണ്ടി  ഗ്ലാസിലൊഴിക്കാന്‍ തുടങ്ങുവായിരുന്നു. അതു സാരമില്ല. ഞാന്‍ വന്നേക്കാം.''
''താങ്ക്യൂ,'' സനലിന് ആശ്വാസം തോന്നി.
''ഇപ്പോത്തന്നെ ആളുവരും.'' സനല്‍ സന്തോഷത്തോടെ മക്കളോടായി പറഞ്ഞു. അഞ്ചുമിനിറ്റിനുള്ളില്‍ സുമന്റെ ബൈക്ക് ഗെയ്റ്റിങ്കലെത്തി.
''സനല്‍ സാറേയ്...'' ഉറക്കെ വിളിച്ചുകൊണ്ടാണ് സുമന്‍ മുറ്റത്തേക്കു കയറിയത്.
''ഹോ എന്നാ ഇരുട്ടാ  അല്ലേ?'' ഇരുട്ടില്‍ മുങ്ങിനില്ക്കുന്ന വീടിനെ നോക്കി സുമന്‍ അഭിപ്രായപ്പെട്ടു.
''വെട്ടം ഉള്ളപ്പോ ഇരുട്ട് അറിയേലാ. അതാ വെട്ടത്തിന്റെ ശക്തി.'' സുമന്റെ ശ്വാസത്തിനു മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു.
അതേ, സനല്‍ ഉളളില്‍ പറഞ്ഞു. ഈ വീട്ടിലെ വെളിച്ചം എത്രമുമ്പേ അണഞ്ഞുപോയതാണ്. വെളിച്ചം ഉള്ളപ്പോള്‍ ഒരാളും ഇരുട്ടിന്റെ ആഴത്തെക്കുറിച്ച് അറിയുന്നില്ല. പെട്ടെന്നൊരു നിമിഷം വെളിച്ചം ഇല്ലാതാകുമ്പോള്‍... താന്‍ ഇരുളിലാണ്. ഇനിയെന്നും താന്‍ ഇരുളില്‍ത്തന്നെയായിരിക്കും. എത്ര ദീപങ്ങള്‍ക്കിടയിലും...
സുമന്‍ മെയിന്‍ സ്വിച്ചിന്റെ അടുത്തേക്കു പോയി. സനല്‍ മൊബൈലുമായി പിന്നാലെ ചെന്നു. സുമന്‍  ഫ്യൂസ് ഊരിനോക്കി. പൊട്ടിയടര്‍ന്ന ചെമ്പുകമ്പികള്‍ അയാള്‍ സനലിനെ കാണിച്ചു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഫ്യൂസ് കെട്ടി അയാള്‍ പഴയതുപോലെയാക്കി.
''മോളേ, ഇനി ലൈറ്റ് ഇട്ടുനോക്കിക്കേ.''
 ദയ സ്വിച്ചിട്ടു. വീടെങ്ങും വെളിച്ചം പരന്നു.
''ദേ, ഇത്രയുമേയുള്ളൂ.'' നിസ്സാരതയോടെ സുമന്‍ പറഞ്ഞു.
''നമ്മള് വിചാരിക്കും ഏതോ ആനകുതിര കേസാണെന്ന്. ഒന്നുമല്ല. വെറും നിസ്സാരം.'' സുമന്‍ ചിരിച്ചു. ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് എല്ലാം നിസ്സാരം. പക്ഷേ, അറിഞ്ഞുകൂടാത്തവര്‍ക്കോ, എല്ലാം ദുഷ്‌കരം. സനല്‍ വിചാരിച്ചു.
''ഒരു ഹെല്‍പ്പുകൂടി വേണമായിരുന്നു.'' സനല്‍ മടിച്ചു മടിച്ചു പറഞ്ഞു.
''സാറ് ധൈര്യമായിട്ടു പറഞ്ഞോ...'' സുമന്‍ പ്രോത്സാഹിപ്പിച്ചു.
''ഗ്യാസ് സിലിണ്ടര്‍ ഒന്ന് ചെയ്ഞ്ച്  ചെയ്തുതരണം.''
''എന്റെ സാറേ അതിനൊക്കെ എന്നാത്തിനാ ഇത്ര മടിക്കുന്നെ.  ഞാന്‍ ചെയ്തുതരില്ലേ.'' സുമന്‍ ഉത്സാഹത്തോടെ അടുക്കളയിലേക്കു നടന്നു. കബോര്‍ഡില്‍നിന്ന് അയാള്‍ നിഷ്പ്രയാസം  റീഫില്‍ ചെയ്തുവച്ച സിലിണ്ടര്‍ എടുക്കുകയും കാലിയായ സിലിണ്ടര്‍ മാറ്റി പിടിപ്പിക്കുകയും ചെയ്തു. നോബ് മുകളിലേക്കു തിരിച്ചുവച്ചിട്ട് അയാള്‍തന്നെ സ്റ്റൗ കത്തിച്ചു. നീലജ്വാലകള്‍ കത്തി.
''ഇനിയെന്നതാ ചെയ്യാനുള്ളെ?'' പരസേവനതത്പരനായി സുമന്‍ ചോദിച്ചു.
''ഇനിയൊന്നും വേണ്ട.'' സനലിന്റെ സ്വരത്തില്‍ നന്ദി കലര്‍ന്നിരുന്നു.
''ജോസഫ് ചേട്ടോ...'' സുമന്‍ ജോസഫിന്റെ മുറിവാതില്ക്കലെത്തി അകത്തേക്കു തലയിട്ട് നീട്ടിവിളിച്ചു.
''സുഖമാണോ ചേട്ടാ?''
''വയ്യാതിരിക്കുന്ന മനുഷ്യനൊക്കെ എന്നാ സുഖമാടാ ഉള്ളെ? നിനക്കൊക്കെയല്ലേ സുഖം?'' ജോസഫ് തൃപ്തികരമല്ലാത്ത സ്വരത്തിലാണു മറുപടി നല്കിയത്. സുമനോടും അയാളുടെ അപ്പനോടും ജോസഫിന് മാനസികമായി ഒട്ടും അടുപ്പമില്ല.  ഇങ്ങനെയൊരു സാഹചര്യത്തിലാണെങ്കില്‍ പോലും സുമനോട് സഹായം ചോദിക്കേണ്ടിയിരുന്നില്ലെന്നായിരുന്നു ജോസഫിന്റെ ചിന്ത. സൂചി കുത്താന്‍ ഇടം കൊടുത്താല്‍ തൂമ്പ കടത്തുന്നവരാണ്. അതൊന്നും പറഞ്ഞാല്‍സനലിനു മനസ്സിലാവില്ല. മനുഷ്യരുടെ അകവും പുറവും രണ്ടാണെന്ന് അവനൊരിക്കലും മനസ്സിലാക്കുകയുമില്ലെന്നു തോന്നുന്നു.
''അതുശരിയാ.'' സുമന്‍ തലകുലുക്കി ചിരിച്ചുകൊണ്ട് വരാന്തയിലേക്കു പോയി. സനല്‍ കുട്ടികള്‍ക്കും ജോസഫിനും ഭക്ഷണം വിളമ്പിക്കഴിഞ്ഞ് വരാന്തയിലേക്കു തിരിഞ്ഞുനോക്കിയപ്പോള്‍ സുമന്‍ അവിടെയിരിക്കുന്നതാണു കണ്ടത്.
''സുമന്‍, ഞാനിപ്പോ വരാം...''
''ടേക്ക് ടൈം സര്‍, നോ പ്രോബ്ലം.'' വരാന്തയില്‍നിന്ന് സുമന്‍ വിളിച്ചുപറഞ്ഞു.
''പപ്പ കഴിക്കുന്നില്ലേ...'' ദയ ചോദിച്ചു.
''പപ്പ പിന്നെ കഴിച്ചോളാം. അങ്കിള് പോയിക്കഴിഞ്ഞിട്ട്...''
ജോസഫിന് മുറിയില്‍ കൊണ്ടുചെന്നു ഭക്ഷണം കൊടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ സനല്‍ സുമന്റെ സ്വരം  കേട്ടു:
''സനല്‍ സാറേ ഒരു ഗ്ലാസും ഇത്തിരിവെള്ളവും.''
സുമന്‍ പറഞ്ഞതിന്റെ വ്യംഗ്യം മനസ്സിലാവാതെ ഒരു ഗ്ലാസ് വെള്ളവുമായിട്ടാണ് സനല്‍ വരാന്തയിലെത്തിയത്. സനലിന്റെ നിഷ്‌കളങ്കതയോര്‍ത്ത് ഊറിച്ചിരിച്ചുകൊണ്ട് സുമന്‍ ഗ്ലാസിലെ വെള്ളം നിലത്തേക്കു കമിഴ്ത്തിയതിനുശേഷം അരയില്‍ കരുതിയിരുന്ന കുപ്പി തുറന്ന് ഗ്ലാസിലേക്കു  മദ്യം പകര്‍ന്നു.
''ഇനി ഇത്തിരി തണുത്ത വെളളം...''
 സുമന്‍ ചിരിച്ചു.
''കാര്‍ന്നോര് കിടന്നുകാണും. അതാ ഞാന്‍ ഇവിടെക്കൂടിയേക്കാമെന്നുവച്ചെ.'' ഫ്രിഡ്ജില്‍ നിന്ന് ഒരു ബോട്ടില്‍ തണുത്തവെള്ളവുമായി എത്തിയ സനലിനോട് സുമന്‍ പറഞ്ഞു.
''അല്ല സാറേ, ഇതൊന്നു രുചിച്ചുനോക്കുന്നോ? സാറ് ഇപ്പോ ഫെയ്സ് ചെയ്യുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉറപ്പായിട്ടും പരിഹാരം കിട്ടും.''
മദ്യഗ്ലാസ് സനലിനു നേരേ നീട്ടിക്കൊണ്ട് സുമന്‍ പറഞ്ഞു. സനല്‍ ആ ഗ്ലാസിലേക്കു തുറിച്ചുനോക്കി നിന്നു.

(തുടരും)

 

Login log record inserted successfully!