ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ പുണ്യസ്മരണയാണല്ലോ ക്രിസ്മസ്. അതിനാല്‍, ക്രിസ്മസിന്റെ കേന്ദ്രബിന്ദുവായിത്തീരുന്നത് ഉണ്ണിതന്നെ. സാന്താക്ലോസും സമ്മാനപ്പൊതികളും സ്തൂപികാവൃക്ഷവും ചേര്‍ന്നാലത് ക്രിസ്മസാകില്ലെന്നു ചുരുക്കം. പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണിയുടെ തൃപ്പാദം കുമ്പിട്ടുനില്‍ക്കുന്നവര്‍ക്കേ, യഥാര്‍ത്ഥ ക്രിസ്മസ് അവകാശവും അനുഭൂതിയുമായിത്തീരുന്നുള്ളൂ.
കലാഹൃദയവും കരവിരുതും ഒത്തുചേര്‍ന്നു നാടെങ്ങും ക്രിസ്തുമസിനെ കമനീയമാക്കുന്ന കാലത്ത്, കവികള്‍ തിരുപ്പിറവിയെ എങ്ങനെ  കൊണ്ടാടുന്നുവെന്ന അന്വേഷണം ഉചിതമാകുന്നു. മലയാളകവിതകളിലെ ദിവ്യജനനപരാമര്‍ശങ്ങളിലൂടെയുള്ള ഒരോട്ടപ്രദക്ഷിണത്തില്‍ പ്രിയപ്പെട്ട വായനക്കാര്‍ക്കു കൂട്ടുചേരാം.
തച്ചന്റെ മകനായി ബത്‌ലഹമില്‍ വന്നുപിറന്ന ഉണ്ണിയേശുവിനെ ജി. ശങ്കരക്കുറുപ്പ് ''പള്ളിമണികള്‍'' എന്ന കവിതയില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു:
    അഴകെഴും പാപം പടുത്തുയര്‍ത്തിയ
    പഴയ പാരിനെയഴിച്ചു കൂട്ടാനും
    കണക്കു തെറ്റിയ മുഴക്കോല്‍കൊണ്ടള-
    ന്നിണക്കിയതെന്നു വെളിപ്പെടുത്താനും,
    പിറന്നുപോല്‍ 'ബത്‌ലം' നഗരിയില്‍ദ്ദയ
    നിറയുമാത്മാവോടൊരു കൊച്ചാശാരി.
മാത്യു ഉലകംതറ 'ക്രിസ്തുഗാഥ' എന്ന മഹാകാവ്യത്തില്‍ തിരുപ്പിറവിയെ ചിത്രീകരിക്കുന്നതു നോക്കൂ:
    പാതിരാച്ചന്ദ്രന്റെ പുഞ്ചിരിയെന്നപോല്‍
    പാരില്‍ വെണ്മഞ്ഞു പൊഴിഞ്ഞുനില്‌ക്കെ
    കാലിത്തൊഴുത്തിലുദിച്ചു പ്രഭാകരന്‍
    മൂലോകപാലകന്‍ ദൈവപുത്രന്‍!
    പാഴ്ത്തുണി മൂടിയ വൈക്കോല്‍ക്കിടക്കയില്‍
    പാര്‍ത്തലനാഥന്‍ പിറന്നുവീണു!
ഉണ്ണിയേശുവിനെ വര്‍ണിക്കാനുള്ള കവിയുടെ അത്യുത്സാഹം അമ്മയുടെ വിചാരങ്ങളിലൂടെ തുടരുന്നു:
    ചെമ്പകപ്പൂവുടല്‍ക്കൂമ്പും, മനോജ്ഞമാം
    ചെമ്പവിഴാധര പല്ലവവും
    കുന്നിമണിക്കണ്ണും താമരത്താരിന്റെ
    പൊന്നിതള്‍പോലുള്ള കാല്‍കരവും
    മന്നിന്റെ ജീവനായ്, തന്നോമലുണ്ണിയായ്
    വന്നു വിളങ്ങുന്നിതെത്രചിത്രം!
ഇതേ രംഗം മറ്റൊരു ഭാഷയില്‍ കൂത്താട്ടുകുളം മേരി ജോണ്‍ വരച്ചുകാട്ടുന്നു:
    പാപാന്ധകാരമകറ്റാന്‍-ശിശു
    രൂപമെടുത്ത മഹേശന്‍-വാണു
    പൊന്നിന്‍ പുലരിയൊത്തുണ്ണിദ്ദിനേശനായ്
    'അംബികമേരി' തന്നങ്കേ.
    നിസ്തുലഭക്തിയില്‍ മുങ്ങി-പ്രേമ
    ചിത്തരാ ഗ്രാമീണര്‍ നില്‍ക്കേ-വാനില്‍
    ഉന്തിസ്ഫുരിക്കുമൊരുജ്ജ്വലതാരം വ-
    ന്നുണ്ണിക്കകമ്പടി നിന്നു.
വേറൊരു ഭാവത്തിലാണ് ചെറിയാന്‍ കുനിയന്തോടത്ത് 'തേജോമയന്‍' എന്ന മഹാകാവ്യത്തില്‍ തിരുപ്പിറവിയെ ആസ്വാദ്യമാക്കുന്നത്:
    മനുഷ്യനുലകില്‍ ശാന്തിയുമീശനു
        സ്തുതിയും ഗഗനതലേ,
    മനുഷ്യരക്ഷയ്ക്കാഗതനായീ
        നരസുതനായ് ദൈവം...
    കടന്നുവന്നൂ ചരിത്രഗതിയില്‍
        ദൈവം മാനവനായ്
    കടങ്ങള്‍ നീക്കാ,നങ്ങനെ മര്‍ത്യനു
സ്വാതന്ത്ര്യം നല്‍കാന്‍...
കെ.എക്‌സ്. റെക്‌സിന്റെ ലളിതസുന്ദരമായ വരികള്‍ 'സത്യാന്വേഷകര്‍' എന്ന കവിതയില്‍ വായിക്കാം:
    പുല്‍ക്കൂടതിലൊരു പൊന്നുണ്ണി
    പൂന്തിങ്കള്‍പോലൊരു പൊന്നുണ്ണി!
പിച്ചകപ്പൂപോലൊരുണ്ണി, പിള്ള-
    ക്കച്ച പുതച്ചു കിടക്കുന്നൂ!
ക്രിസ്തുചരിതം പ്രമേയമാക്കിയ പ്രഥമമലയാളമഹാകാവ്യമെന്ന ഖ്യാതിയുള്ള 'ശ്രീയേശുവിജയ'ത്തില്‍ കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, ഉണ്ണിയേശുവിനെ സന്ദര്‍ശിക്കുന്ന രംഗം ആവിഷ്‌കരിക്കുന്നതു ശ്രദ്ധേയമാണ്:
    അവയവനിര കോച്ചിടും തണുപ്പും
    ഭുവനതലത്തെ മറച്ചിടും തമസ്സും
    അവരകതളിരില്‍ഗ്ഗണിച്ചിടാതാ-
 നവനൃവരന്‍ മരുവും തൊഴുത്തിലെത്തി.
പ്രവരമറിയ നീതിശാലിയൗസേ-
    പ്പിവരുടെ ലാളനമൊത്തു ദിവ്യവത്സന്‍
    നവസുഷമയൊടും കിടപ്പതീക്ഷി-
ച്ചവരധികം ഭയഭക്തി പൂണ്ടൂകൂപ്പി
വിശുദ്ധ ചാവറയച്ചന്റെ ആത്മാംശം തുടിച്ചുനില്‍ക്കുന്ന പ്രശസ്തകാവ്യമായ 'ആത്മാനുതാപ'ത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭാഷയും ശൈലിയുമൊക്കെ നമുക്ക് വായിച്ചെടുക്കാം. ക്രിസ്തുസംഭവത്തിന്റെ ദൈവശാസ്ത്രമാനങ്ങള്‍ പ്രസ്പഷ്ടമാക്കുന്ന ഗഹനതയെ ലാളിത്യമിയന്ന വരികളില്‍ ചാവറയച്ചന്‍ ഒളിപ്പിച്ചിരിക്കുന്നു:
    ഉന്നതനാം ദൈവം കന്നിമറിയത്തില്‍
    വന്നുപിറന്നതും കാണാകേണം.
    അമ്മാനുവേലെന്ന നാമാര്‍ത്ഥംപോല്‍ ദൈവം
    നമ്മോടു ചേര്‍ന്നതും കാണാകേണം.
    നാട്ടില്‍ സ്ഥലം 'കിട്ടാതത്തല്‍' പെട്ടു തൊഴു-
    ക്കൂട്ടില്‍ പിറന്നതും കാണാകേണം.
    നോവും കറയും കൂടാതെ പ്രസവിച്ച
    ദൈവമാതാവെയും കാണാകേണം.
കണ്ണഞ്ചിപ്പിക്കുന്ന ആലക്തികാലങ്കാരങ്ങള്‍ക്കും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കും നടുവില്‍ 'ഹാപ്പി ക്രിസ്മസ്' എന്നലറിവിളിക്കുന്നതില്‍ ഒതുങ്ങരുത് നമ്മുടെ തിരുപ്പിറവിയുടെ സന്തോഷങ്ങള്‍. വാസ്തവമായും സ്ഥലകാലങ്ങളില്‍ വന്നുപിറന്ന കാരുണ്യരൂപനെ മനസ്സാ വണങ്ങാനുള്ള പരിശ്രമം ചേര്‍ത്തുവയ്ക്കുമ്പോഴാണ് ക്രിസ്മസ് അന്വര്‍ത്ഥമാകുന്നത്. അതിനുള്ള മധുരതരമായൊരു മാര്‍ഗമാകട്ടെ ഇത്തരം കവിതകളിലൂടെയുള്ള ധ്യാനാത്മകമായ ആസ്വാദകയാത്രകള്‍!
							
 ഷാജി മാലിപ്പാറ 
                    
									
									
									
									
									
                    