•  18 Apr 2024
  •  ദീപം 57
  •  നാളം 6
നോവല്‍

ഒരു കാറ്റുപോലെ

ഞ്ഞില്‍ കാണുന്നതുപോലെ അവ്യക്തമായ കാഴ്ചകള്‍. ഒന്നും വ്യക്തമല്ല, മൂടല്‍ മഞ്ഞിലാണ് നില്ക്കുന്നതെന്ന് തോന്നുന്നു. ആരോ വിളിക്കുന്നതുപോലെ.. ഏതോ ദൂരത്ത് നിന്നെന്നോണം.. ആരുടേതാണ് ആ സ്വരം. കാതുകൂര്‍പ്പിച്ചു. പപ്പേ..പപ്പേ.. മനസ്സിലായി മോളാണ്..ദയ.. എന്റെ മോള്‍..അവള്‍ക്കെന്തു സംഭവിച്ചു. അവളുടെ സ്വരം വളരെ ദുര്‍ബലമാണല്ലോ..  ദൈവമേ എന്റെ മോള്‍..സനല്‍ ആയാസപ്പെട്ട് കണ്ണുകള്‍ തുറന്നു. ശരിയാണ്, താന്‍ മഞ്ഞിലാണ്.... സ്വരവും രൂപവും എല്ലാം അവ്യക്തം..എങ്കിലും ആ സ്വരം.. അതിന് വിളി കൊടുക്കാതിരിക്കാനാവില്ലല്ലോ.. സനല്‍ എങ്ങനെയോ കണ്ണുതുറന്നു.  ഇപ്പോള്‍ കാഴ്ചകള്‍ വ്യക്തമായി. സ്വരം തൊട്ടടുത്തുനിന്നാണെന്ന് മനസ്സിലായി. ദയയുടെ കരഞ്ഞുവീര്‍ത്ത കണ്ണുകള്‍.. ഏങ്ങലടികള്‍.. എണീക്ക് പപ്പാ... എണീക്ക് പപ്പാ.. താന്‍ എവിടെയാണ്.. സനലിന് മനസ്സിലായില്ല.
മോ...മോളേ.. അയാള്‍ വിളിച്ചു. പിന്നില്‍ കൈകള്‍ കുത്തി എണീല്ക്കാന്‍ ശ്രമിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ട് അയാള്‍ പിന്നിലേക്ക് തന്നെ വീണു. അപ്പോള്‍ മനസ്സിലായി വീട്ടിലാണ്, കിടക്കയിലാണ്. പക്ഷേ തനിക്ക് എന്താണ് സംഭവിച്ചത്..അതാണ് മനസ്സിലാവാത്തത്. മോളെന്തിനാണ് കരയുന്നത്..
സനല്‍ വീണ്ടും എണീല്ക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ ദയ കണ്ണീരുതുടച്ചുകൊണ്ട് അയാളെ പുറകില്‍ നിന്ന് സഹായിച്ചു.
പപ്പേ.. പപ്പയ്ക്കെന്നതാ പറ്റിയെ?അവള്‍ ഏങ്ങലടിച്ചുകൊണ്ട് ചോദിച്ചു.
അതെ. തനിക്കെന്താണ് പറ്റിയത്? സനല്‍ വീണ്ടും ആ ചോദ്യം ചോദിച്ചു.ഒരു ദുര്‍ഗന്ധം തന്റെ മൂക്കിലേക്ക് തിക്കിത്തിരക്കി വരുന്നതുപോലെ സനലിന് അനുഭവപ്പെട്ടു. മുഖത്ത് ഈച്ച വന്നിരിക്കുന്നു. സനല്‍ അതിനെ ആട്ടിയോടിച്ചു, ദയയുടെ സഹായത്തോടെ കട്ടിലില്‍ സനല്‍ എണീറ്റിരുന്നു. അയാള്‍ നിലത്തേക്ക് നോക്കി. അവിടെ അഴുക്ക് കെട്ടികിടക്കുന്നു. ഭക്ഷണസാധനങ്ങളുടെ അവശിഷ്ടം..
ആരാ ഇവിടെ ഛര്‍ദ്ദിച്ചെ?
സനല്‍ ചോദിച്ചു.
ദയ ഉത്തരം പറയുന്നതിന് മുമ്പേ അകത്തെ മുറിയില്‍ നിന്ന് ജോസഫിന്റെ സ്വരം കേട്ടു.
അവന്‍ എണീറ്റോ മോളേ,
ഏറ്റപ്പച്ചാ.. ദയ മറുപടി നല്കി.
അവന് സുബോധം വന്നത് ഇപ്പഴാ.. രാമുഴുവന്‍ ഛര്‍ദ്ദിച്ചുകൂട്ടിയിട്ട് അവന്‍ ചോദിക്കുന്നതു കേട്ടില്ലേ.. ആരാ ഛര്‍ദ്ദിച്ചതെന്ന്..  ആരോഗ്യമുണ്ടായിരുന്നെങ്കീ ഇപ്പോ നിന്റെ കരണത്തിനിട്ട് ഞാനൊന്ന് പൊട്ടിച്ചേനേ.. ജോസഫ് പൊട്ടിത്തെറിച്ചു. അതില്‍ ദേഷ്യവും സങ്കടവും നിരാശയും കലര്‍ന്നിരുന്നു.
സനലിന്റെ ഓര്‍മ്മയിലേക്ക് ഇന്നലെത്തെ രാത്രി കടന്നുവന്നു. സുമന്‍ വച്ചുനീട്ടിയ ഗ്ലാസ്.. ജീവിതത്തില്‍ ആദ്യമായി.. തനിക്കെന്താണ് സംഭവിച്ചത്? വല്ലാത്തൊരു ആകര്‍ഷണത്തോടെയാണ് താന്‍ ആ മദ്യഗ്ലാസ് വാങ്ങിയത് എന്ന് സനല്‍ ഓര്‍മ്മിച്ചു. ആദ്യം വിഷമിച്ചാണ് കുടിച്ചുതീര്‍ത്തത്.  പക്ഷേ അടുത്തഗ്ലാസ് നീട്ടിയിട്ട് മടിച്ച് മടിച്ച് കുടിക്കാതെ ഒറ്റപിടുത്തത്തിന് കുടിക്ക് സാറേ എന്ന സുമന്റെ പ്രോത്സാഹനം... വീണ്ടും വീണ്ടും കുടിച്ചു. എന്തോ ഒരു ആവേശമായിരുന്നു. അവനവനോട് തന്നെയുള്ള വാശി കണക്കെയായിരുന്നു. തലയിലേക്ക് പുതുതായിട്ടെന്തോ കടന്നുവരികയും പഴയതെല്ലാം ഇറങ്ങിപ്പോകുകയും ചെയ്തതുപോലെ.. ഇക്കഴിഞ്ഞ മാസങ്ങളിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത ശാന്തതയിലും സമാധാനത്തിലുമാണ് താന്‍ കഴിഞ്ഞരാത്രി കഴിച്ചുകൂട്ടിയതെന്ന് സനലിന് മനസ്സിലായി. കഴിഞ്ഞ രാത്രിയില്‍ മാത്രം താന്‍ സ്മിതയെ ഓര്‍മ്മിച്ചില്ല. സ്മിതയെ ഓര്‍മ്മിക്കാത്ത ഒരു രാത്രി. ഭാരങ്ങളില്ലാത്ത രാത്രി.. ഇനിയെന്നും അത്തരം രാവുകളായിരുന്നുവെങ്കില്‍.. സനല്‍ ആഗ്രഹിച്ചു.
സനല്‍ കട്ടിലില്‍ നിന്നെണീല്ക്കാന്‍ ശ്രമിച്ചു. പക്ഷേ കട്ടിലിലേക്ക് തന്നെ വീണുപോയി.
അയ്യോ പപ്പാ... ദയ നിലവിളിച്ചു.
ഒന്നൂല്ല മോളേ.. പപ്പയ്ക്ക് ഒന്നൂല്ല.. സനല്‍ ആശ്വസിപ്പിച്ചു. ഇന്നലെ രാത്രിയില്‍ എപ്പോഴാണ് ഉറങ്ങിയതെന്ന് ദയയ്ക്ക് ഓര്‍മ്മയുണ്ടായില്ല. കരഞ്ഞുകരഞ്ഞ്.. ഇങ്ങനെയൊരു പപ്പയെ ഇത്രയും വര്‍ഷത്തെ ജീവിതത്തിനിടയില്‍ കണ്ടിട്ടില്ല. ഇന്നുവരെ താന്‍ കണ്ടതും കേട്ടതും അല്ലാത്തതായ ഒരു പപ്പ. ഈ പപ്പയെന്തേ ഇങ്ങനെയായി? ദയയ്ക്ക മറുപടി കിട്ടിയില്ല.
 പപ്പയിനി കുടിക്കരുതേ.. എനിക്ക് പേടിയാ.. കട്ടിലില്‍ കിടന്ന സനലിനോട് ദയ അപേക്ഷിച്ചു.
 ഇല്ല മോളേ.. സനല്‍ അവളുടെ ശിരസില്‍ തലോടി. ആ കുരുന്നുകണ്ണുകളില്‍ ഭയവും ആകുലതയും സങ്കടവും സനല്‍ കണ്ടു. അവള്‍ക്ക് മുമ്പില്‍ താന്‍ ചെറുതാകുന്നതുപോലെ..
 നീയിത് എന്തു ഭാവിച്ചാ മോനേ..  നിനക്കെന്നതാ  പറ്റിയെ? ജോസഫ് അകത്തുനിന്നും ഏറെ ബുദ്ധിമുട്ടി സനലിന്റെ അടുക്കലെത്തി. അയാളെ കിതയ്ക്കുന്നുണ്ടായിരുന്നു.
ആരോടാ നീ വാശിതീര്‍ക്കുന്നെ.. അല്ലെങ്കില്‍ എന്തു സങ്കടം തീര്‍ക്കാനാ നീയിങ്ങനെ.. ? സങ്കടത്തിന്റെ പേരിലാണെങ്കീ നീ മാത്രമായിട്ട്കുടിക്കണ്ടാ.. ഞങ്ങള്‍ക്കും താ.. നിന്റെ മക്കള്‍ക്കും ചാകാറായി കിടക്കുന്ന എനിക്കും... നിനക്ക് മാത്രമല്ല ഞങ്ങള്‍ക്കും സങ്കടമുണ്ട്.. നീയിങ്ങനെ തുടങ്ങിയാ ഈ കുടുംബത്തിന്റെ അവസ്ഥ എന്താകും.. ഈ മക്കള്‍ടെ അവസ്ഥ എന്താകും.. എന്റെ പാവം കൊച്ച്.. അവള്‍ടെ  ഇന്നലെത്തെ കരച്ചില്‍ നീ കണ്ടില്ലല്ലോ..
ജോസഫ് ദയയെ നോക്കി വിങ്ങിപ്പൊട്ടി.
ദയ നിലംവൃത്തിയാക്കുകയായിരുന്നു.സനല്‍ ഛര്‍ദ്ദിച്ചിട്ട ഭക്ഷണാവശിഷ്ടങ്ങള്‍.
ഹോ!  ആ കാഴ്ച കാണാന്‍ കഴിയാതെ സനല്‍ കണ്ണുകള്‍ ഇറുക്കെയടച്ചു.
എന്റെ മോള്‍.. അവള്‍..
വേണ്ട മോളേ.. മോള്‍ ചെയ്യണ്ട.. പപ്പ ക്ലീന്‍ ചെയ്തോളാം.. സനല്‍ കട്ടിലില്‍ നിന്ന് ചാടിയെണീറ്റു. പക്ഷേ നിവര്‍ന്നുനില്ക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല.
അത് സാരമില്ല പപ്പാ.. പപ്പയിനി കുടിക്കില്ലെന്ന് എനിക്ക് വാക്ക് തന്നാ മതി.. ക്ലീന്‍ ചെയ്തുകൊണ്ടിരുന്ന കരം ഉടുപ്പില്‍ തുടച്ചിട്ട് ദയ സനലിന് നേരെ കരം നീട്ടി. ആ കരത്തില്‍ തന്റെ കരം ചേര്‍ക്കാന്‍ സനല്‍ തെല്ലും മടിച്ചില്ല.
 ഇല്ല മോളേ ഇനി പപ്പ കുടിക്കില്ല.കൈ കൊണ്ട് തൊടുക പോലുമില്ല.
ദയ അതുവിശ്വസിച്ച് കണ്ണീരോടെ പുഞ്ചിരിച്ചു. അവള്‍ മുഖം കുനിച്ച് സനലിന്റെ കവിളില്‍ ഉമ്മ വച്ചു.
ജോസഫിനും അതു കേട്ടപ്പോള്‍ സമാധാനമായി. മകന് അവന്റെ തെറ്റു മനസ്സിലായല്ലോ? അല്ലെങ്കില്‍ ജീവിതത്തില്‍ ആര്‍ക്കാണ് തെറ്റുപറ്റാത്തതായുള്ളത്? ചിലപ്പോഴൊക്കെ ചില ചെറിയ വീഴ്ചകള്‍..പിഴവുകള്‍.. ഒരു നിമിഷത്തെ തോന്നലുകള്‍..ചില പ്രലോഭനങ്ങള്‍.ചില സംസര്‍ഗ്ഗങ്ങള്‍.. സാരമില്ല തെറ്റുകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മതിയല്ലോ.
നീയിങ്ങനെ മാറാന്‍  എന്നതാ സംഭവിച്ചതെന്ന് ഞാന്‍ ഇന്നലെ മുഴുവന്‍ ആലോചിച്ചു. നമമുടെ കുടുംബത്തിലാരും കുടിക്കുന്നവരില്ല. എന്നിട്ടും.. വേണ്ടപ്പെട്ടവരൊക്കെ മരിച്ചതിന്റെപേരില്‍ ആളുകള്‍ ഇങ്ങനെ കുടിക്കാന്‍ തുടങ്ങുവാണെങ്കില് എന്തുമാത്രം മനുഷ്യര് ഈ ലോകത്തില് കുടിച്ചു മരിക്കുമായിരുന്നു.. അതൊക്കെ പോട്ടെ... ഇനി എന്റെ മോന്‍ കുടിക്കരുത്.. ഒരു മകന് അവന്റെ അപ്പന് ് ചെയ്തുകൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്നറിയാമോ..
സനല്‍ എന്താണ് മറുപടിപറയേണ്ടത് എന്നറിയാതെ ആലോചിച്ചു.
നല്ല നടപ്പ്... സദാചാരത്തിലും സന്മാര്‍ഗ്ഗത്തിലുമുള്ള ജീവിതം. ജോസഫ് മറുപടി പറഞ്ഞു.
ഒരു അപ്പന് മകന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്നറിയാമോ
ജോസഫ് തുടര്‍ന്നുചോദിച്ചു.
നല്ല മാതൃക.. ഡിപ്പോസിറ്റോ നല്ല വീടോ കാറോ ഒന്നുമല്ല ഒരു അപ്പന്‍ മക്കള്‍ക്കുവേണ്ടി സമ്പാദിച്ചുകൂട്ടേണ്ടത്. നല്ലൊരുജീവിതമാതൃക.. അപ്പനെന്ന നിലയില്‍ എനിക്ക് ചിലപ്പോള്‍ പല തെറ്റുകളും കുറവുകളുമുണ്ടാകാം.പക്ഷേ ഞാനൊരിക്കലും ഇങ്ങനെ മദ്യപിച്ച് നിന്റെ മുമ്പില്‍ വന്നിട്ടില്ല. പക്ഷേ നീ മദ്യപിച്ചു. അതും നിന്റെ വീട്ടിലിരുന്ന്.. നിന്റെ മക്കളുടെ മുമ്പില്‍ വച്ച്..
സനലിന്റെ തല കുനിഞ്ഞു.
 പണത്തിന്റെയോ പ്രതാപത്തിന്റെയോ പേരിലല്ല നിന്റെ സ്വഭാവത്തിന്റെ പേരിലാ നിനക്കെല്ലാവരും സമൂഹത്തില്‍ സ്ഥാനം നല്കുന്നത്.പണം നഷ്ടപ്പെട്ടാ നമുക്കുണ്ടാക്കാം. ആരോഗ്യം നഷ്ടമായാലും തിരിച്ചുപിടിക്കാം. പക്ഷേ സല്‍പ്പേര് നഷ്ടപ്പെട്ടാ അതൊരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയുകേലാ.. എന്റെ മോന്‍ അതെപ്പോഴും ഓര്‍മ്മിച്ചോണം. മാത്രോല്ല പിള്ളേര്‍ക്ക് രണ്ടക്ഷരം പറഞ്ഞുകൊടുക്കുന്ന ഒരു സാറാ നീയ്.. മറ്റൊരു തൊഴിലും പോലെയല്ല അത്. കലാകാരന്മാര്‍ക്കു വഴിതെറ്റിയാലും അധ്യാപകര്‍ക്ക് വഴിതെറ്റരുത്. ദുര്‍മാതൃകയാ അത്.. മറക്കരുത്..
ഇല്ല ചാച്ചാ.. ഞാന്‍.. സനല്‍ വീണ്ടും വാക്ക് നല്കി.
പ്ക്ഷേ ആ വാക്കിന് അന്നേ ദിവസത്തെ സന്ധ്യവരെ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. അത്താഴം കഴിഞ്ഞ് കിടക്കും നേരത്താണ് വാതില്ക്കല്‍ മുട്ടുകേട്ടത്. സനല്‍ ചെന്നു വാതില്‍ തുറന്നപ്പോള്‍ സുമന്‍.
 സാറ് കിടന്നായിരുന്നോ.
സുമന്‍ കുശലം ചോദിച്ചു.
ഇല്ല കിടക്കാന്‍ തുടങ്ങുവായിരുന്നു.
ഓ ഇപ്പഴയോ.. അതെന്നാ ഉറക്കമാ സാറേ.. സമയം എട്ടുമണിയായതല്ലേയുള്ളൂ.
അപ്പോള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള എട്ടുമണിയുടെ സൈറണ്‍ മുഴങ്ങി.
കണ്ടോ ഞാന്‍ പറഞ്ഞില്ലേ..
സുമന്‍ ഉ്ത്സാഹത്തോടെ ഷര്‍ട്ട് പൊക്കി എളിയില്‍ നിന്ന് കുപ്പിയെടുത്തു.
 ഇതുവരെ ഞാന്‍ നോക്കാത്ത ബ്രാന്‍ഡാ.. അപ്പോ സാറിനെയോര്‍ത്തു..
 വേണ്ട.. ഞാന്‍ കുടിക്കുന്നില്ല.സനല്‍ പറഞ്ഞു.
ദയയുടെ കര്ഞ്ഞ മുഖവും ജോസഫിന്റെ വാക്കുകളും സനലിന്റെ ഓര്‍മ്മയിലെത്തി.
അതെന്നാ പറച്ചിലാ സാറേ... ഒരു സ്നേഹമില്ലാ്ത്തതുപോലെ.. സാറ് പോയി രണ്ടു ഗ്ലാസെടുത്തോണ്ടുവാ.. സ്വാതന്ത്ര്യത്തോടെയായിരുന്നു ആ വാക്കുകള്‍.
അതോ ഞാന്‍ പോയി എടുക്കണോ.
വേണ്ട ഞാന്‍ കൊണ്ടുവരാം എന്ന് പറയുമ്പോള്‍ സനലിന്റെ സ്വരം ദുര്‍ബലമായിരുന്നു. അയാള്‍ ഗ്ലാസെടുക്കാന്‍ തിരിയുമ്പോള്‍ മുമ്പില്‍ ദയ. അവളുടെ കണ്ണുകളിലെ അപേക്ഷയെ ഗൗനിക്കാതെ മുഖം കുനിച്ച് സനല്‍ അടുക്കളയിലേക്ക് പോയി. തിരികെ രണ്ടുഗ്ലാസുകളുമായി വന്നു....
സനലിനെ മദ്യം പതുക്കെ പതുക്കെ കീഴ്പ്പെടുത്തുകയായിരുന്നു. അത്തരമൊരു ദിവസം പണ്ടുമുതല്ക്കേ ഉണ്ടായിരുന്ന അതിരുതര്‍ക്കത്തിന്റെ ഭാഗമായിരുന്ന സ്ഥലത്ത് സുമനും അപ്പനും പണിക്കാരും വന്ന് കയ്യാലകെട്ടി. പുറകുവശത്തുനിന്ന് ആളും ബഹളവും കേട്ട് ദയയാണ് അവിടെ ചെന്നുനോക്കിയത്. അനിഷ്ടകരമായത് എന്തോ നടക്കാന്‍ പോവുകയാണെന്ന ദയയ്ക്ക് മനസ്സിലായി. അവള്‍ സനലിന്റെ അടുക്കലേക്കോടി.
''പപ്പാ.. അവര് നമ്മുടെ മണ്ണ് മാന്തുന്നു.''.
 ''എന്തിനാ മോളെ നമുക്ക് മണ്ണ്.. എല്ലാ മനുഷ്യര്‍ക്കും വേണ്ടത് ആറടി മണ്ണ്.. ആറടി മണ്ണ് മാത്രം.. അതിനപ്പുറം എന്തെല്ലാം നേടിയാലും എല്ലാം വേസ്റ്റ്''..
മദ്യലഹരി വിട്ടൊഴിയാതെ സനല്‍ പിറുപിറുത്തു.
ദയ കരഞ്ഞുകൊണ്ട് സനലിനെ നോക്കി നിന്നു.( തുടരും)

 

Login log record inserted successfully!