ഈയിടെ അന്തരിച്ച പ്രശസ്തസംവിധായകന്‍ സേതുമാധവനെക്കുറിച്ച്
കുഞ്ഞുന്നാളിലെ സന്ന്യാസിയാകാനായിരുന്നു സേതുമാധവന്റെ ആഗ്രഹം.  മദ്രാസില്‍ ഫോറസ്റ്റ്  ഓഫീസറായിരുന്ന അച്ഛന്‍ സുബ്രഹ്‌മണ്യനോടും അമ്മ ലക്ഷ്മിയമ്മയോടും കുഞ്ഞുസേതുമാധവന്‍ പലപ്പോഴും പറഞ്ഞു: എനിക്കു സന്ന്യാസിയാകണം!
എന്നാല്‍, 40-ാം വയസ്സില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അച്ഛന്‍ സുബ്രഹ്‌മണ്യന്‍ മരണമടഞ്ഞതോടെ സേതുമാധവന്റെ കൊച്ചുമോഹം നടന്നില്ല. പണ്ട് രമണമഹര്‍ഷിയുടെ ആശ്രമത്തില്‍ പോയതോടെയാണ് കുഞ്ഞുമനസ്സില്‍ സന്ന്യാസി എന്ന മോഹം നാമ്പിട്ടത്.
അച്ഛന്‍ മരിച്ചതോടെ ആ മോഹം മുരടിച്ചുപോയെങ്കിലും അമ്മ ലക്ഷ്മിയമ്മ മകനൊരു ഉപദേശം നല്‍കി: സത്യസന്ധമായി സ്വന്തം കര്‍മം മുന്നോട്ടു കൊണ്ടുപോയി ജീവിച്ചാല്‍ അതുമൊരു സന്ന്യാസമാണ്!
ഇതോടെ അമ്മയുടെ വാക്കുകള്‍ മന്ത്രോപദേശമായി സേതുമാധവന്‍ മനസ്സിലുറപ്പിച്ചു. പിന്നീട് ഏറ്റവും പ്രമുഖനായ  സംവിധായകനായി മാറിയപ്പോഴും അമ്മ നല്‍കിയ ആ വിശുദ്ധി കെ.എസ്. സേതുമാധവന്‍ ഒരിക്കലും ഉപേക്ഷിച്ചില്ല.
സേതുമാധവന്റെ സിനിമാരംഗത്തെ വളര്‍ച്ച അതിവേഗമായിരുന്നു. മദ്രാസിലെ ജമിനി സ്റ്റുഡിയോയില്‍ 'മര്‍മയോഗി' എന്ന ചിത്രത്തില്‍ 1951 ല്‍ അന്നത്തെ സംവിധായകന്‍ രാമനാഥന്റെ സഹായിയായി ചലച്ചിത്രജീവിതം ആരംഭിച്ച സേതുമാധവന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലായിരുന്നില്ല ഇദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര സംവിധാനചിത്രം. 'വീരവിജയ' എന്ന സിംഹളചിത്രത്തിലൂടെയാണ് സേതുമാധവന്‍ സംവിധായകന്റെ കുപ്പായം ആദ്യമണിയുന്നത്. തമിഴ്നാട്ടിലും ശ്രീലങ്കയിലും ഒരേസമയം പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ജനപ്രീതി നേടി.
മലയാളത്തില്‍ 1962 ല്‍ ഇറങ്ങിയ 'ജ്ഞാനസുന്ദരി'യായിരുന്നു ആദ്യചിത്രം. അക്കൊല്ലം തന്നെ സത്യനെയും അംബികയെയും നായികാനായകന്മാരാക്കി സംവിധാനം ചെയ്ത 'കണ്ണും കരളും' എന്ന ചത്രത്തിലൂടെ മലയാളിയുടെ കണ്ണും കരളും കവര്‍ന്നു.
മൂന്നാമത്തെ ചിത്രം തമിഴില്‍നിന്ന് റീമേക്ക് ചെയ്ത 'നിത്യകന്യക' ആയിരുന്നു. 1963 ല്‍ 'സുശീല' പുറത്തിറങ്ങി.
1965 ല്‍ ഇദ്ദേഹം സംവിധാനം ചെയ്ത 'ഓടയില്‍നിന്ന്' എന്ന സിനിമ കേശവദേവിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു. ഇത് റിക്കാര്‍ഡ് കളക്ഷന്‍ നേടി.
ജീവിതത്തില്‍ സിനിമയെ വെല്ലുന്ന തരത്തില്‍ വിജയങ്ങള്‍ വെട്ടിപ്പിടിക്കുമ്പോഴും പണ്ട് അമ്മയ്ക്കു കൊടുത്ത ഒരു വാക്കായിരുന്നു സേതുമാധവന്റെ മനസ്സിലെന്നും. അച്ഛന്റെ മരണശേഷം തന്നെയും തനിക്കു താഴെയുള്ള നാലു സഹോദരങ്ങളെയുംകൂട്ടി മദ്രാസില്‍നിന്ന് ട്രെയിനില്‍  പാലക്കാട്ടേക്കു തിരിച്ച അമ്മ ഏറെ മനോവേദനയാല്‍ ആ ട്രെയിനില്‍ നിന്നുതന്നെ മക്കളെയും കൂട്ടി ചാടി മരിക്കാന്‍ തീരുമാനിക്കുന്നു. അമ്മയുടെ കടുത്ത ദുഃഖം കണ്ട കൊച്ചുസേതുമാധവന്‍ അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു: ''അമ്മേ വിഷമിക്കരുത്, ഞാന്‍ പഠിച്ച് ഉദ്യോഗം നേടിയിട്ട് അമ്മയെ മദ്രാസിലേക്കു കൊണ്ടുപോകാം. സഹോദരങ്ങളെയൊക്കെ പഠിപ്പിക്കാം. എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിത്തരാം. അമ്മ കരയരുത്...''
ആ ഒറ്റക്കാര്യംകൊണ്ടാണ് അന്നു നമ്മള്‍ മരിക്കാതിരുന്നതെന്ന് പിന്നീട് അമ്മ ലക്ഷ്മിയമ്മ സേതുമാധവനോടു പറഞ്ഞിരുന്നു. ആ വാക്ക് ഒരിക്കലും സേതുമാധവന്‍ തെറ്റിച്ചില്ല. മാത്രമല്ല നേട്ടങ്ങളെല്ലാം ഉണ്ടാക്കി അമ്മയെ മദ്രാസിനു കൊണ്ടുപോകുകയും ചെയ്തു.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നാലുതവണ മികച്ച സംവിധായകനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് നേടിയ കെ. എസ്. സേതുമാധവന്‍ പിന്നീട് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
2009 ല്‍ അദ്ദേഹത്തെ സംസ്ഥാനസര്‍ക്കാര്‍ ജെ.സി. ദാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. ബാലതാരമായി കമല്‍ഹാസനെ സിനിമയില്‍ അവതരിപ്പിച്ച കെ. എസ്. സേതുമാധവന്‍ മമ്മൂട്ടി ആദ്യമായി അഭിനയിച്ച 'അനുഭവങ്ങള്‍ പാളിച്ച'കളുടെയും സംവിധായകനാണ്.
ആറു ഭാഷകളിലായി മൊത്തം 65 സിനിമകള്‍ സംവിധാനം ചെയ്ത സേതുമാധവനാണ് ഏറ്റവുമധികം മലയാളകൃതികള്‍ സിനിമയാക്കിയ സംവിധായകന്‍.
എം. ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതിയ വേനല്‍ക്കിനാവുകള്‍ (1991) ആണ് അവസാനത്തെ മലയാളചിത്രം. ചെന്നൈയില്‍ കോടമ്പാക്കം ഡയറക്ടേഴ്സ് കോളനിയില്‍ വിശ്രമജീവിതം നയിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
സിനിമയിലും സിനിമാസെറ്റിലും ജീവിതത്തിലും എന്നും വിശുദ്ധി കാത്തുസൂക്ഷിച്ച സേതുമാധവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരു സിനിമാനടന്റെയോ നടിയുടെയോ കഴിവുമാത്രമല്ല ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ് ചിത്രീകരിക്കുന്നിടത്താണ് ഒരു സംവിധായകന്റെ വിജയം. അവിടെയാണ് സംവിധായകന് കാണികളുടെയും സിനിമാനിരൂപകരുടെയും കൈയടി കിട്ടുന്നത്. ആ കൈയടിക്ക് ഏറ്റവും അര്‍ഹനായ ആളാണ് മലയാളത്തെ വിട്ടുപിരിഞ്ഞ സേതുമാധവന്‍ എന്ന മഹാപ്രതിഭ.
							
  സുനില്‍ പാലാ
                    
									
									
									
									
									
                    