•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

ഈന്തപ്പഴവും പ്രാപ്രീപ്രൂ ഇടിയും

മലയാള ചലച്ചിത്രങ്ങളുടെ പേരുകള്‍ ചുരുക്കെഴുത്തില്‍ ഒതുങ്ങുന്ന കാലമാണിത്. എന്താണ് അതുകൊണ്ടു മെച്ചമെന്നോ അതിന്റെ യുക്തിയെന്തെന്നോ മാത്രം ആരും ചോദിക്കരുത്. അങ്ങനെയെങ്കിലും ചിത്രനാമം ആളുകള്‍ ശ്രദ്ധിക്കട്ടെ എന്ന ദുഷ്ടലാക്കായിരിക്കാം അതിനു പിന്നില്‍. അക്കൂട്ടത്തില്‍ ആദ്യമിറങ്ങിയത് ''നി.കൊ.ഞാ. ചാ'' എന്ന ചിത്രമാണെന്നു തോന്നുന്നു. ''നിന്നേം കൊല്ലും ഞാനും ചാവും'' എന്നാണത്രേ അതിന്റെ പൂര്‍ണരൂപം. പിന്നീടുവന്ന ഇത്തരം ചിത്രങ്ങള്‍ ഇവയാണ്. (ബ്രാക്കറ്റില്‍ പേരിന്റെ മുഴുവന്‍ രൂപം) 'പാ. വ' (പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും) 'മ.ചു.ക.' (മഞ്ഞ, ചുവപ്പ്, കറുപ്പ്) 'കെ.പി.എ.സി.' (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ് ലോ) 'ഇ.മ.യൗ.' (ഈശോ മറിയം യൗസേപ്പേ) 'പ്ര.ബ്രാ.ഭ്രാ' (പ്രണയം  ബ്രാണ്ടി കുറച്ചു ഭ്രാന്ത്), 'സി.ഐ.എ.' (കോമ്രേഡ് ഇന്‍ അമേരിക്ക). ഇക്കൂട്ടത്തില്‍ പറയാവുന്ന മറ്റൊരു പടമാണ് 'ഇടി' (ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം). അതില്‍ ഇങ്ങനെയൊരു ഗാനം.
''ആരെടാ ഞാനെടാ വാടാ കൂമ്പിനിടി
പോരെടാ കാണെടാ കൂടാം മുട്ടനിടി
അമ്പിളി ഇമ്പിളി ഈന്തപ്പഴം കഴിച്ചപ്പോ
പ്രാ പ്രീ പ്രൂ ഇടി'' (രചന-ജോസഫ് വിജീഷ്; സംഗീതം - രാഹുല്‍ രാജ്; ആലാപനം - സാജിദ് യഹിയ, രാഹുല്‍ രാജ്).
പുട്ടിന് തേങ്ങാപ്പീരയിടുമ്പോലെ ഈ പാട്ടില്‍ ഇടയ്ക്കിടയ്ക്ക് (ആവശ്യമുള്ളിടത്തും അല്ലാത്തിടത്തും) 'ജഗഡ ജഗഡ ജഗഡ' എന്നു പാടുന്നതും കേള്‍ക്കാം. ഈ 'ജഗഡ ജഗഡ ജഗഡ' 1989 ല്‍ ഇറങ്ങിയ തെലുങ്കുചിത്രമായ 'ഗീതാഞ്ജലി'യില്‍ നിന്ന് ഒപ്പിച്ചെടുത്തതാവാം. മണിരത്‌നം സംവിധാനം ചെയ്ത, നാഗാര്‍ജ്ജുനയും ഗിരിജഷെട്ടാറും അഭിനയിച്ച പടത്തിനുവേണ്ടി വെട്ടൂരി സുന്ദരമൂര്‍ത്തി രചനയും ഇളയരാജ സംഗീതവും നിര്‍വഹിച്ച, എസ്.പി. ബാലസുബ്രഹ്‌മണ്യം പാടിയ ഇതേ വാക്കുകളോടെ തുടങ്ങുന്ന ഗാനമോര്‍ക്കുക (ഈ ചിത്രം മൊഴിമാറ്റം നടത്തി മലയാളത്തിലും എത്തുകയുണ്ടായി).
കൂമ്പിനിടി കൊടുക്കുന്നതു കാണാന്‍ ക്ഷണിക്കുന്നതും അതു മുട്ടനിടിയില്‍ കലാശിക്കുന്നതും മനസ്സിലായി. അതിനു പാവം അമ്പിളി (ചന്ദ്രന്‍ അഥവാ ഇതേ പേരുള്ള ഏതെങ്കിലും പെണ്‍കുട്ടി) എന്തു പിഴച്ചു?
ഒന്നിനും കൊള്ളാത്തവന്‍, വിഡ്ഢി, വകതിരിവില്ലാത്തവന്‍ എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍ മലബാറിലും  മറ്റും 'ഇമ്പിളിയാണ്ടന്‍' എന്നു പ്രയോഗിക്കാറുണ്ട്. പക്ഷേ, അപ്പോഴും ഇമ്പിളി എന്ന വാക്ക് നമ്മുടെ ഭാഷയില്‍ കടന്നുവന്നിട്ടില്ല. അതുകൊണ്ട്, ആരും അതിനെക്കുറിച്ച് ഗവേഷണപഠനമൊന്നും ചെയ്തിട്ടു കാര്യമില്ല.
മരുഭൂമിയില്‍ സാധാരണ കണ്ടുവരുന്ന ഈന്തപ്പനയുടെ ഫലമാണ് ഈന്തപ്പഴം അഥവാ ഈത്തപ്പഴം. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു ധാരാളമായി ഇറക്കുമതി ചെയ്യുന്നതിനാല്‍ നമ്മുടെ നാട്ടിലും ആ ഫലം സുലഭമാണ്. എന്നുകരുതി ഈന്തപ്പഴം കഴിച്ചാലുടന്‍ 'പ്രാ പ്രീ പ്രൂ' (ഇത് എന്തുതരം കോപ്രായമാണെന്നു രചയിതാവുതന്നെ  പറഞ്ഞുതരട്ടെ) എന്ന് ഇടിക്കാന്‍ തോന്നുമോ? കഷ്ടം  എന്നല്ലാതെ എന്തു പറയാന്‍!
''വീരപാണ്ഡ്യ കട്ടബൊമ്മന്‍ സായിപ്പിനെ നോട്ടമിട്ടു
കേട്ടറിഞ്ഞ ആടുതോമ  മുട്ടനാടിനെ പിടിച്ചുകെട്ടി
പറന്നുവന്ന സ്റ്റണ്ടുമാനെ തൂത്തുവാരി നിലത്തടിച്ചു''
1995 ല്‍ വന്ന 'സ്ഫടികം' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍  അവതരിപ്പിച്ച നായകകഥാപാത്രമാണ് ആടുതോമ. ഒരു കാര്യവുമില്ലാതെ  ആ കഥാപാത്രം ഇതാ ഈ പാട്ടില്‍ കടന്നുവന്നിരിക്കുന്നു. പരസ്പരബന്ധമില്ലാത്ത മൂന്നു വരികള്‍. ഇവ ഗാനത്തിനു പ്രയോജനം ചെയ്യണമെന്നു കരുതി എഴുതിയതാണെന്ന് എനിക്കു വിശ്വാസം പോരാ. ഈ ഗാനം അവസാനിപ്പിക്കുന്നതിനുമുമ്പ് എഴുതിയ വ്യക്തി പലതരം അടികളുടെ (ഇടികളുടെയും) പട്ടിക നിരത്തുന്നുണ്ട്. ഇതാ ഇങ്ങനെ:
''മറിച്ചടി തിരിച്ചടി പറന്നിടി കെടന്നിടി വരുന്നിടി
നല്ല കിണ്ണന്‍ കാച്ചിയിടിയാ... ഒന്നു പോടാപ്പാ''
ഈ അടിയും ഇടിയും സത്യത്തില്‍ വന്നുകൊള്ളുന്നത് ആസ്വാദകരുടെ നെഞ്ചത്താണ്. അത് ഇത്തരം ഗാനങ്ങളുടെ സ്രഷ്ടാക്കള്‍ മനസ്സിലാക്കാത്തതെന്ത്?

 

Login log record inserted successfully!