•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പാട്ടുകളുടെ പിറവിക്കാലം

ക്രിസ്തീയ ഭക്തിഗാനരചന സപര്യയാക്കിയ മാത്യു തെക്കേക്കുന്നേല്‍, അധ്യാപനജീവിതത്തിനിടയിലും ശേഷവുമായി എഴുതിയതു മൂവായിരത്തോളം പാട്ടുകള്‍. ഇതില്‍ എണ്ണൂറോളം ഗാനങ്ങള്‍ 35 സംഗീത ആല്‍ബങ്ങളിലായി പ്രമുഖ ഗായകരുടെ ശബ്ദത്തില്‍ ആസ്വാദകരിലേക്കെത്തി. സാങ്കേതികസംവിധാനങ്ങളും സമൂഹമാധ്യമങ്ങളും ചേര്‍ന്നു പുതിയ ഭാഷയും ഭാവവും പകര്‍ന്ന ക്രിസ്തീയഭക്തിഗാനശാഖയില്‍, വ്യത്യസ്തത അവകാശപ്പെടാവുന്നതാണു മാത്യു തെക്കേക്കുന്നേലിന്റെ പാട്ടുകള്‍. പാട്ടെഴുത്തിനെ നേരംപോക്കായല്ല, പണിയായുമല്ല, പ്രാര്‍ത്ഥനയായി കാണുന്നതാണ് ആ വ്യത്യസ്തതയുടെ ഉള്ളടക്കം.  എഴുത്തുകാരനും സംഗീതമൊരുക്കുന്നവര്‍ക്കും പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ആത്മീയാനുഭവം പകര്‍ന്നുനല്‍കുന്നതാവണം ഭക്തിഗാനമെന്നു മാത്യുസാര്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ട്.
ക്രിസ്തീയ ഭക്തിഗാനരചനയില്‍ മുഴുകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു മാത്യു തെക്കേക്കുന്നേലിന് കൃത്യമായ ഉത്തരമുണ്ട്: നന്മയുള്ള പാട്ടുകളെഴുതി മറ്റുള്ളവര്‍ക്കു നന്മയാകണം.
17 ക്രിസ്മസ്ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഒരുക്കിയ ദിവ്യതാരകം അടുത്തിടെ കെസിബിസി ആസ്ഥാനമായ പിഒസിയിലാണു പ്രകാശനം ചെയ്തത്. മാത്യു തെക്കേക്കുന്നേലിന്റെ മുപ്പതിലധികം ക്രിസ്മസ് ഗാനങ്ങള്‍ വിവിധ ആല്‍ബങ്ങളിലായി പുറത്തിറങ്ങിയിട്ടുണ്ട്. സ്‌നേഹജാലകം, മോക്ഷദീപം, ദൈവദാനം, ദിവ്യസംഗീതം, ആത്മീയം, സ്‌നേഹപാലകന്‍, ലോകാധിനാഥാ, തോജോമയന്‍, സ്നേഹദീപം, ഹൃദയവന്ദനം, അമ്മതന്‍ സ്നേഹം, സ്വര്‍ഗത്തിന്‍ നാഥാ, നന്മസ്വരൂപിണി, എന്റെ ഉണ്ണീശോ, ദിവ്യപ്രകാശം തുടങ്ങിയവ ശ്രദ്ധേയ ആല്‍ബങ്ങളാണ്.
'കുരിശിന്റെ വഴി' എഴുതി ആല്‍ബമാക്കിയാണു മാത്യു തെക്കേക്കുന്നേലിന്റെ ഈ രംഗത്തേക്കുള്ള ആദ്യചുവടുവയ്പ്. സിഎംഐ വൈദികനായ ഫാ. തോമസ് കണ്ടത്തിലിന്റെ ഈണത്തിലായിരുന്നു അതിലെ പാട്ടുകള്‍. തുടര്‍ന്നു നിരവധി ഭക്തിഗാന ആല്‍ബങ്ങള്‍. എഴുത്തുകാരനും സുഹൃത്തുമായ ഫാ. ചെറിയാന്‍ കുനിയന്തോടത്തും പാട്ടുവഴികളില്‍ സഹയാത്രികനായി.
കോതമംഗലം സ്വദേശിയായ സംഗീതസംവിധായകന്‍ അനൂപ് ആന്റണിയാണു കൂടുതല്‍ പാട്ടുകള്‍ക്കും ഈണമിട്ടത്. റെക്സ് ഐസക്, എല്‍ഡ്രിഡ്ജ് ഐസക്, സണ്ണി മാനുവല്‍, ലിബിന്‍ സ്‌കറിയ തുടങ്ങിയവരും മാത്യു തെക്കേക്കുന്നേലിന്റെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
അധ്യാപനവഴിയിലൂടെ ഗാനരംഗത്തേക്ക്
കോതമംഗലം രൂപതയിലെ കടവൂര്‍ തെക്കേക്കുന്നേല്‍ പരേതരായ ജോസഫിന്റെയും മേരിയുടെയും മകനാണു മാത്യു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം, പാലാ സെന്റ് തോമസ് (പ്രീ യൂണിവേഴ്സിറ്റി), എറണാകുളം സെന്റ് ആല്‍ബര്‍ട്സ് (ബിരുദം), തൃശൂര്‍ സെന്റ് തോമസ് (എംഎ ഇംഗ്ലീഷ്) കോളജുകളില്‍ ഉപരിപഠനം. ഇരിങ്ങാലക്കുട മുന്‍ ബിഷപ്പായിരുന്ന മാര്‍ ജെയിംസ് പഴയാറ്റില്‍ സെന്റ് തോമസില്‍ സഹപാഠിയും സുഹൃത്തുമായിരുന്നു.
1967ല്‍ കളമശേരി രാജഗിരി ഹൈസ്‌കൂളില്‍ മാത്തമാറ്റിക്സ് അധ്യാപകനായി. 1973-82 കാലഘട്ടത്തില്‍ നൈജീരിയയിലെ അസാബയിലുള്ള കോളജില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ അധ്യാപകനായി സേവനം ചെയ്തു. തുടര്‍ന്നു വീണ്ടും രാജഗിരിയിലെത്തി. സിഎംഐയുടെ പ്രസിദ്ധീകരണമായ മിഷന്‍ ഇന്ത്യയുടെയും രാജ്കോട്ട് മിഷന്റെ ബുള്ളറ്റിന്റെയും എഡിറ്ററായിരുന്നു.
റിട്ടയേഡ് അധ്യാപിക റോസിയാണു ഭാര്യ. ചാര്‍ട്ടേഡ് അക്കൗണ്ടിങ്ങില്‍ ഒന്നാം റാങ്കോടെ വിജയിച്ച് ദുബായില്‍ ജോലി ചെയ്യുന്ന ജോ മാത്യു, എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. ആശ മാത്യു എന്നിവര്‍ മക്കളാണ്.
കടവൂരിലെ കൃഷിപാഠം
പ്രായത്തെ തോല്പിക്കുന്ന ഉണര്‍വോടെ പാട്ടെഴുത്തും കാര്‍ഷികജീവിതവും സമന്വയിപ്പിച്ചാണു 78 കാരനായ മാത്യു തെക്കേക്കുന്നേലിന്റെ സഞ്ചാരം. അധ്യാപനജീവിതത്തില്‍നിന്നു വിരമിച്ചശേഷം കാര്‍ഷികവൃത്തിയോട് ആഭിമുഖ്യം പുലര്‍ത്തിയ മാത്യു, പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നതിലാണു പ്രത്യേകം ശ്രദ്ധ നല്‍കുന്നത്. റംപുട്ടാന്‍,  മുട്ടിപ്പഴം, ചെറുനാരങ്ങ, പാഷന്‍ ഫ്രൂട്ട്, പപ്പായ, പേരയ്ക്ക തുടങ്ങി വൈവിധ്യമാര്‍ന്ന പഴവര്‍ഗങ്ങള്‍ ഇദ്ദേഹത്തിന്റെ വീട്ടുപരിസരത്തെ പറമ്പുകളില്‍ സമൃദ്ധമായി വിളയുന്നു. അപൂര്‍വയിനം പഴങ്ങളുടെ തൈകള്‍ എത്തിച്ചു കൃഷി ചെയ്യുന്നതിലും ഇദ്ദേഹം ശ്രദ്ധിക്കുന്നു. കൃഷിയും ജീവിതവും പാട്ടെഴുത്തും താളാത്മകമായി സമന്വയിപ്പിച്ചു നിശ്ശബ്ദം സഞ്ചരിക്കുന്ന മാത്യു തെക്കേക്കുന്നേല്‍, വിരമിച്ച ശേഷമുള്ള ജീവിതം എങ്ങനെ അനുഗൃഹീതവും ക്രിയാത്മകവുമാക്കാമെന്നതിന്റെ സാക്ഷ്യം കൂടിയാകുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)