•  2 May 2024
  •  ദീപം 57
  •  നാളം 8
ഹരിതപാഠം

ശുചിത്വം സമൂഹത്തിന്റെ അവകാശവും കടമയും

ജീവിതത്തിന്റെ വേഗവും സ്വഭാവവും മാറിയപ്പോള്‍ മാലിന്യങ്ങളുടെ അളവില്‍ വലിയ വര്‍ദ്ധനയുണ്ടായി. ജീവിതശൈലിയിലും ആഹാരരീതിയിലും വന്ന മാറ്റങ്ങളും മാലിന്യം വര്‍ദ്ധിക്കുവാനിടയാക്കി. ആധുനികജീവിതക്രമത്തില്‍ മാലിന്യസംസ്‌കരണത്തിനു വലിയ വെല്ലുവിളികളുയരുന്നുണ്ട്. 
ഇന്ത്യയിലെതന്നെ പല നഗരങ്ങളിലെയും മാലിന്യങ്ങള്‍ ചില പ്രത്യേകസ്ഥലങ്ങളില്‍ കുന്നുപോലെ നിക്ഷേപിച്ചു വലിയ മാലിന്യമലകള്‍തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാലിന്യവളര്‍ച്ച പരമാവധി കുറയ്ക്കുകയും മാലിന്യസംസ്‌കരണം വിപുലപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. കേരളജീവിതക്രമം പരിശോധിച്ചാല്‍ ജനങ്ങളുടെ വ്യക്തിശുചിത്വബോധം വികസിതരാജ്യങ്ങളുടെ ഒപ്പം നില്‍ക്കുന്നതാണ്. എന്നാല്‍, ദയനീയമായ ഒരു മറുവശം പൊതുശുചിത്വത്തിന്റെ കാര്യത്തിലാണ്. സ്വന്തം വീടുപോലെതന്നെയായിരിക്കണം നാടും എന്ന ചിന്ത വളര്‍ന്നുവരണം. പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകളും മറ്റും വളരെ ദയനീയമായ സ്ഥിതിയിലാണ്. ഇവിടെ കാര്യമായ പുനര്‍ചിന്തനം മലയാളിക്കാവശ്യമാണ്. നമ്മുടെ മണ്ണും ജലവും വായുവും മലിനമാകാതെ സൂക്ഷിക്കുന്നതിന് ഓരോ വ്യക്തിക്കും സുപ്രധാന പങ്കുണ്ട്. 
മണ്ണിനെ ഫലപുഷ്ടമാക്കുന്നതില്‍ ജൈവവസ്തുക്കളുടെ സാന്നിധ്യം സുപ്രധാനമാണ്. ജൈവവസ്തുക്കള്‍ മണ്ണിലലിഞ്ഞുചേരാനുള്ള സാധ്യത അടയുന്ന തരത്തിലുള്ള ചുറ്റുപാടുകളാണ് നാം സൃഷ്ടിക്കുന്നത്. മണ്ണില്‍ നിക്ഷേപിക്കപ്പെടുന്ന അജൈവവസ്തുക്കളുടെ സാന്നിധ്യംമൂലം മണ്ണു മരിക്കുന്ന സ്ഥിതിയും സംജാതമാകുന്നു. നമ്മുടെ ജലസ്രോതസ്സുകളിലേക്കു മണ്ണിലെ സ്വാഭാവികലവണങ്ങള്‍ മാത്രം അലിഞ്ഞുചേരുന്നതിനുപകരം ജൈവഅജൈവമാലിന്യങ്ങള്‍ നദികളിലും പുഴകളിലും മറ്റും വലിച്ചെറിയുന്നതുമൂലം ജലസ്രോതസ്സുകള്‍ അപകടകരമായ വിധത്തില്‍ മലിനപ്പെടുന്നു. ഫാക്ടറികളില്‍നിന്നു വരുന്ന രാസവസ്തുക്കളും ജലസ്രോതസ്സുകളെ അപകടകരമാക്കുന്നു. ഇവയെല്ലാം പരിസ്ഥിതിപ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉളവാക്കുന്നു.
മാലിന്യപ്രശ്‌നം കൈകാര്യം ചെയ്യുന്നതിനു ശക്തമായ നിയമനടപടികള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്. ഭാരതത്തിലും മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടു ശക്തമായ നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ട്. എന്നാല്‍, അവ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിനു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കു വ്യക്തമായ അവബോധം നല്‍കണം. പൊതുജനങ്ങള്‍ക്ക് ഇവ സംബന്ധിച്ചുള്ള നിയമങ്ങള്‍ ബോധ്യപ്പെടുത്തി നിയമലംഘനം ഗൗരവാവഹമായ ശിക്ഷകള്‍ക്കു കാരണമാകുന്നതാണെന്നു വ്യക്തമായ അറിവു നല്‍കണം. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും സ്‌കൂള്‍തലംതൊട്ട് പഠിപ്പിക്കണം. ഉദാഹരണമായി, ഭക്ഷണപദാര്‍ത്ഥങ്ങള്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാചകം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് ഒരു ലക്ഷം രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാണ്. അതുപോലെ കൃത്യമായ നിയമങ്ങളും നടപടികളും നിലവിലുണ്ട്.

 

Login log record inserted successfully!