•  2 May 2024
  •  ദീപം 57
  •  നാളം 8
ഹരിതപാഠം

പ്രകൃതിക്കു ഭീഷണിയായി പ്ലാസ്റ്റിക്ക്‌

പെട്രോളിയത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന രാസപദാര്‍ത്ഥങ്ങളില്‍നിന്നാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. എളുപ്പത്തില്‍ രൂപം മാറ്റാന്‍ കഴിയുന്ന എന്നര്‍ത്ഥമുള്ള 'Plastikos' എന്ന ഗ്രീക്കുപദത്തില്‍നിന്നാണ് പ്ലാസ്റ്റിക് എന്ന ഇംഗ്ലീഷുപദത്തിന്റെ ഉദ്ഭവം. പ്രകൃതിയിലെ സൂക്ഷ്മജീവികളായ ബാക്ടീരിയയ്‌ക്കൊന്നും നശിപ്പിക്കാന്‍ സാധ്യമല്ല എന്നതാണ് പ്ലാസ്റ്റിക്കിന്റെ പ്രത്യേകത. അതായത്, ജൈവവിഘടനത്തിനു വിധേയമാകില്ലാത്തതാണ് പ്ലാസ്റ്റിക്. അതുകൊണ്ട് നൂറിലേറെ വര്‍ഷങ്ങള്‍ മണ്ണില്‍ അഴുകാതെ കിടക്കുന്നതാണ് പ്ലാസ്റ്റിക്ക്.
പ്ലാസ്റ്റിക് മണ്ണിലെത്തിയാല്‍ സസ്യങ്ങളുടെ വേരോട്ടം തടയും. മണ്ണിന്റെ ഘടന സംരക്ഷിക്കുന്ന സൂക്ഷ്മജീവികളുടെ നാശത്തിന് പ്ലാസ്റ്റിക്കിന്റെ മണ്ണിലെ സാന്നിധ്യം കാരണമാകും. ജലം മണ്ണിലേക്കു സ്വാഭാവികമായി ഊര്‍ന്നിറങ്ങുന്നത് മണ്ണിലെ പ്ലാസ്റ്റിക് തടയും. പ്ലാസ്റ്റിക്കുകള്‍ ഓടകളിലും കനാലുകളിലുമെല്ലാം അടിഞ്ഞുകൂടി ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തും. പ്ലാസ്റ്റിക്കുകള്‍ ജീവികളുടെ ആമാശയത്തിലെത്തിയാല്‍ ദഹനത്തിനു വിധേയമാകാതെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉളവാക്കുന്നു. കടലിലെ ഏറ്റവും ചെറിയ ജീവികള്‍ മുതല്‍ നീലത്തിമിംഗലം വരെ പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നു.
പ്ലാസ്റ്റിക് കത്തിച്ചു നശിപ്പിക്കുന്ന രീതി അവലംബിക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പുറത്തുവരുന്ന പുകയില്‍ അടങ്ങിയിരിക്കുന്നത് 'ഡയോക്‌സിന്‍' എന്ന മാരകരാസവസ്തുവാണ്. ഇതു മനുഷ്യരില്‍ ഉളവാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരതരമാണ്. തൈറോയിഡ് ഗ്രന്ഥികള്‍ക്കു ക്ഷതം, ശ്വാസകോശരോഗങ്ങള്‍, തലച്ചോറിലെ നാഡീവ്യൂഹങ്ങള്‍ക്കു ക്ഷതം, പ്രത്യുത്പാദനശേഷി ഇല്ലാതാകല്‍ തുടങ്ങിയവ മുതല്‍ ഗുരുതരമായ അര്‍ബുദരോഗത്തിനുവരെ കാരണമാകുന്നതാണ് 'ഡയോക്‌സിന്‍'. പോളിവിനയല്‍ ക്ലോറൈഡ്' (പിവിസി) എന്ന ഉത്പന്നം കത്തിച്ചാല്‍ അന്തരീക്ഷത്തില്‍ മാരകരോഗങ്ങള്‍ക്കു കാരണമാകുന്ന ഹാലജന്‍ കുടുംബത്തില്‍പ്പെട്ട രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു. പ്ലാസ്റ്റിക്കിലുള്ള 'പോളിസ്റ്റെറിനുകള്‍' എന്ന രാസവസ്തുവും ആരോഗ്യത്തിനു ഹാനികരമാണ്.
നമ്മുടെ സംസ്ഥാനത്തും 2020 ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനമുണ്ടായി എന്നത് അഭിനന്ദനാര്‍ഹമാണ്. എന്നാലും നമ്മുടെ ദൈനംദിനജീവിതത്തില്‍ വ്യാപകമായ സ്വാധീനം നേടിയിരിക്കുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കാന്‍ ഭഗീരഥപ്രയത്‌നംതന്നെ ആവശ്യമാണ്. നിയമനടപടികളോടൊപ്പം വിപുലമായ ബോധവത്കരണവും ആവശ്യമാണ്. ലോകത്തിലെ ആകെ മാലിന്യത്തില്‍ പത്തുശതമാനം പ്ലാസ്റ്റിക് മാലിന്യമാണെന്നു വിലയിരുത്തപ്പെടുന്നു. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട 2008 മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമാണ്. പ്ലാസ്റ്റിക് പുനരുപയോഗത്തിലൂടെ പ്ലാസ്റ്റിക് ഭീഷണിയെ അതിജീവിക്കാനാവുമെന്നു പഠിപ്പിക്കുന്ന രാജ്യമാണ് യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പ്ലാസ്റ്റിക് നിരോധനമെന്ന ആശയം ഇപ്പോള്‍ പല രാജ്യങ്ങളും ആവിഷ്‌കരിച്ചുവരുന്നു. ദിവസവും കേരളം സൃഷ്ടിക്കുന്നത് 480 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെന്നു കണക്കുകള്‍ വെളിപ്പെടുത്തുന്നു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ നിരോധനം നേരത്തേ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വിജയം നേടിയില്ല.

Login log record inserted successfully!