•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

വാക്കുകള്‍കൊണ്ടുള്ള പകിടകളി

മുമ്പ് ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നാമറിയാതെതന്നെ അവയുടെ ആശയം നമ്മുടെ മനസ്സിലേക്കു കടന്നുവരുമായിരുന്നു. ചിന്തോദ്ദീപകമായ വരികള്‍, അവയ്ക്കു പരിവേഷംപോലെ വര്‍ത്തിക്കുന്ന സംഗീതം, ആദ്യശ്രവണമാത്രയില്‍ത്തന്നെ നമ്മെ ഇഷ്ടപ്പെടുത്തുന്ന ആലാപനം, എല്ലാത്തിലുമുപരി അര്‍ത്ഥവത്തായ ചിത്രീകരണം -  ഇങ്ങനെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു ഏതൊരു ചലച്ചിത്രഗാനവും. ആ പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ നാം ആഗ്രഹിക്കുന്നു. എത്രകാലം കഴിഞ്ഞാലും അവ നമ്മുടെയുള്ളില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. ചലച്ചിത്രഗാനം മൗലികകലാസൃഷ്ടിയെന്ന നിലയില്‍ സ്ഥാനം പിടിച്ച കാലമായിരുന്നു അത്.
ഇക്കാലത്ത് സ്ഥിതി പാടേ മാറി. വരികള്‍ക്കു വിദൂരമായിപ്പോലും അര്‍ത്ഥം വേണമെന്നില്ല. സംഗീതവും ആലാപനവും ചിത്രീകരണവും കലയുമായി പുലബന്ധംപോലും ഇല്ലാത്തതായി. ഇതാ, ''ഭീമന്റെ വഴി'' എന്ന ചിത്രത്തിലെ  ഈ ഗാനം ശ്രദ്ധിക്കുക:
''കാറ്റൊരുത്തി ഒരു തീ
കാറ്റൊരുത്തി എരിതീ
ഒരുത്തി എരിയുമൊരു തീ
തന്നത്താനൊരു തീ
തന്നത്താനൊരുത്തി
കാറ്റൊരുത്തി കാറ്റത്തൊരു തീ''
(രചന - മുഹ്‌സില്‍ പരാരി, സംഗീതം - ആലാപനം - വിഷ്ണു വിജയ്)
തീകൊണ്ടു കളിക്കരുതെന്ന് പഴമക്കാര്‍ പറയും. അപകടമുണ്ടാകുമെന്നു കരുതിയുള്ള ഉപദേശമാണത്. പുത്തന്‍കൂറ്റുകാരായ ഗാനശില്പികള്‍ ആരുടെയും വാക്കുകള്‍ക്കു കാതോര്‍ക്കാതെ തീകൊണ്ടു പലതും കാട്ടിക്കൂട്ടിയിരിക്കുന്നു. എന്നുമാത്രമല്ല, എരിയുന്ന തീയില്‍ എണ്ണയൊഴിക്കുകയും ചെയ്തിരിക്കുന്നു. കാറ്റും തീയും ഒരുമിച്ചും മാറിമാറി പ്രയോഗിച്ചും കളിച്ചുരസിക്കുകയാണ് ഈ പാട്ടുമായി ബന്ധമുള്ളവര്‍. അതിന്റെ ഫലായി കാറ്റിന്റെ കുളിര്‍മയോ തീയുടെ പ്രകാശമോ ചൂടോ ഗാനത്തില്‍ തെല്ലും അനുഭവപ്പെടുന്നില്ല. വാക്കുകള്‍കൊണ്ടുള്ള പകിടകളിയല്ല ഗാനത്തിനാവശ്യം എന്ന സാരസ്വതരഹസ്യം ഇവര്‍ തിരിച്ചറിയാത്തതു കഷ്ടമായിപ്പോയി.
''കണ്ടാല്‍ ചേലില്‍ ചൊവ്വുള്ളൊരുത്തി
മുത്താന്‍ ചുണ്ടില്‍ ചോപ്പുള്ളൊരുത്തി
ചങ്കിനുള്ളില്‍ നോവുള്ളൊരുത്തി
തലയില്‍ മത്തുള്ളൊരുത്തി
പൂത്ത മരംപൊലൊരുത്തി
കാതില്‍ ചെമ്പരത്തി
തന്നത്താനൊരുത്തി''
ചേലും ചൊവ്വും ഏതാണ്ട് സമാനാര്‍ത്ഥപദങ്ങളാണ്. അതറിയാവുന്ന ആരും 'ചേലില്‍ ചൊവ്വുള്ള' എന്നെഴുതുകയില്ല. തലയില്‍ മത്തും കാതില്‍ ചെമ്പരത്തിയുമുള്ളവളാണെന്നു പറയുമ്പോള്‍ അര്‍ത്ഥം മാറി. ഗാനാംഗനയെ ആധുനികപാട്ടെഴുത്തുകാര്‍ മാനസരോഗിണിയാക്കാന്‍ തുടങ്ങിയതിന്റെ സൂചനയാണിത്.
ഈ ഗാനം മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ആസ്വാദകര്‍ ഗ്രഹിക്കുന്ന സ്വാരസ്യമെന്താണ്? ഇതുകൊണ്ട് ഈ ചിത്രത്തിനോ സമൂഹത്തിനോ കാല്ക്കാശിന്റെ പ്രയോജനമുണ്ടോ? ഇത്രയും വികലമായ ഒരു സൃഷ്ടി പടച്ചുവിടാന്‍ മടികാണിക്കാത്തവരുടെ മനോഭാവമാണ് സത്യത്തില്‍ ഏറെ പ്രതിഷേധാര്‍ഹം. ചൊവ്വുള്ള (ചേലില്‍ ചൊവ്വുള്ളവയല്ല) ഒരു പാട്ടെങ്കിലും സൃഷ്ടിക്കണമെന്ന് ആര്‍ക്കും തോന്നുന്നില്ലല്ലോ. നമ്മുടെ മാതൃഭാഷ ഇത്ര അധഃപതിച്ചോ?
മലയാളത്തിന്റെ മഹത്ത്വം നിലനിര്‍ത്താന്‍ പലരും മുറവിളി കൂട്ടുന്നുണ്ട്. അതിനിടയ്ക്കാണ് ഇത്തരം പേട്ടുപാട്ടുകള്‍ തുടരെത്തുടരെ കൂണുകള്‍പോലെ മുളച്ചുപൊന്തുന്നത്. അവ മലയാളത്തിന്റെ അന്തസ്സ് കുറച്ചൊന്നുമല്ല നശിപ്പിക്കുന്നത്. ഇനിയും അതു തുടരണമോ എന്നു ഭാഷാസ്‌നേഹികള്‍ തീരുമാനിക്കട്ടെ.

 

Login log record inserted successfully!