•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

കുതിപ്പിന് ഡിജിറ്റല്‍ ഡോസ്

  • ജോര്‍ജ് കള്ളിവയലില്‍
  • 10 February , 2022

അടിസ്ഥാനസൗകര്യവികസനത്തിനു ബൂസ്റ്റര്‍ ഡോസ്. ഡിജിറ്റല്‍ യുഗത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ പക്ഷേ, കൊവിഡ് മഹാമാരിയില്‍ ദുരിതത്തിലായവര്‍ക്ക് ഒരു ഡോസ് പോലുമില്ല! രൂക്ഷമായ തൊഴി ലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാന്‍ വ്യക്തമായ പദ്ധതികളോ സാമ്പത്തിക പാക്കേജോ ഇല്ല. ഇടത്തരക്കാരും മുതിര്‍ന്ന പൗരന്മാരും പ്രതീക്ഷിച്ച ആദായ നികുതി ഇളവുകളുമില്ല.
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ 2022 ലെ ബജറ്റ് കോര്‍പ്പറേറ്റ്, സ്വകാര്യലോബികള്‍ക്കാകും സന്തോ ഷം നല്‍കുന്നത്. ഇന്ദ്രജാലങ്ങളോ അദ്ഭുതങ്ങളോ കാണാനില്ലാത്ത ബജറ്റില്‍ വ്യക്തമായ സാമ്പത്തിക കാഴ്ചപ്പാടും ദിശാബോധവും ദൃശ്യമല്ല. എയര്‍ ഇന്ത്യയും എല്‍ഐസിയും ഉള്‍പ്പെടെ പൊതുമേഖല വിറ്റുതുലച്ചും ക്രിപ്‌റ്റോ കറന്‍സിയടക്കം എന്തിലും ഏതിലും കച്ചവടവും ലാഭക്കൊതിയും നികുതിവരുമാനവുമാണു ധനമന്ത്രി ലക്ഷ്യമിട്ടത്.
കരുണയില്ലാതെ കടുംവെട്ട്
പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും സഹായപദ്ധ തികള്‍ ഒന്നും കൊടുത്തില്ലെങ്കിലും ഉള്ള കഞ്ഞികൂടി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചില്ല. പോഷകാഹാരം, ഭക്ഷ്യം, ധാന്യസംഭരണം, വളം, പാചകവാതകം തുടങ്ങിയ സബ്‌സിഡികളും വിള ഇന്‍ഷ്വറന്‍സും മാത്രം ഒറ്റയടിക്ക് ഈ ബജറ്റില്‍ വെട്ടിക്കുറച്ചത് 1,35,398 കോടി രൂപയാണ്. സാധാരണക്കാരോടും ദരിദ്രരോടും കര്‍ഷക രോടും കരുണയും കരുതലുമുള്ള ഒരു സര്‍ക്കാരിനും ഇതു ചെയ്യാനാകില്ല.
ഭക്ഷ്യസബ്‌സിഡിയിനത്തില്‍ മാത്രം 65,009 കോടി രൂപ യുടെ കുറവാണു സര്‍ക്കാര്‍ വരുത്തിയത്. 2020-21 ല്‍ 4,62,789 കോടി രൂപയുണ്ടായിരുന്ന ഭക്ഷ്യസബ്‌സിഡി 2020-21 ല്‍ പകുതിയിലും കുറച്ച് 2,10,929 കോടിയാക്കിയിരുന്നു. ഇപ്പോള്‍ 2022-23 ലെ ബജറ്റില്‍ ഈ തുക വീണ്ടും കുറച്ച് 1,45,920 കോടി രൂപയാക്കി. പാചകവാതക സബ്‌സിഡി യായി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2020-21 ല്‍ 23,667 കോടി രൂപ കൈമാറിയ സ്ഥാനത്തു പുതിയ ബജറ്റില്‍ ഇതിനായി വെറും 4,000 കോടിയാണു വകയിരുത്തിയത്. എല്‍പിജി സബ്‌സിഡിയിലും 19,667 കോടിയുടെ കുറവ്.
സമൂഹത്തിലെ പകുതിയിലേറെ വരുന്ന പാവം പൊതു ജനത്തിന് ആശ്വാസമേകാന്‍ വ്യക്തമായ സഹായ, ക്ഷേമ പദ്ധതികളില്ലെന്നതും വലിയ പോരായ്മയാണ്. വിലക്ക യറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാനും കഷ്ടത്തി ലായ ജനതയെ സഹായിക്കാനുമുള്ള ക്ഷേമപദ്ധതികളി ല്ലാത്ത ബജറ്റിനോട് ജനത്തിനും പ്രിയമുണ്ടാകുക പ്രയാസമാകും.  
ആം ആദ്മിക്ക് ആലംബമില്ല
നൂറ്റാണ്ടിലെ ഏറ്റവും കടുത്ത പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ജനങ്ങള്‍ക്കു കൈത്താങ്ങാകാനോ ആശ്വാ സം നല്‍കാനോ ബജറ്റിനു കഴിഞ്ഞില്ല. എന്തിനേറെ, രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനും ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാനും കാര്യമായ ശ്രമങ്ങള്‍പോലുമുണ്ടായില്ല. ഇതിനായി തുക വകയി രുത്തുകയോ പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ ചെയ്തിട്ടില്ല.
പുതുതായി 60 ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്ന വാഗ് ദാനത്തിനു വലിയ വില കല്പിക്കേണ്ടതില്ല. പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ നല്‍കുമെന്ന ബിജെപിയുടെ പഴയ വാഗ്ദാനംപോലെയേ ഇതിനെയും കാണാനാകൂ. തൊഴിലവസരം കൂട്ടുന്നതിനുള്ള പദ്ധതികളോ വിശദാം ശങ്ങളോ ബജറ്റില്‍ പറയുന്നുമില്ല. ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമായിട്ടും അവരുടെ പട്ടിണി മാറ്റാന്‍ പുതുതായൊന്നും ബജറ്റിലില്ല.
പുതിയ സാമൂഹികക്ഷേമപദ്ധതികള്‍, സാമ്പത്തിക സഹായ പാക്കേജുകള്‍ തുടങ്ങിയവ പ്രതീക്ഷിച്ച ജനകോടികള്‍ക്കു തെറ്റി.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാന്‍ ആരോഗ്യമേഖലയിലെങ്കിലും വന്‍തോതിലുള്ള നിക്ഷേപത്തിനും ആധുനികീകരണത്തിനും പദ്ധതിയുണ്ടായില്ലെന്നതു നടുക്കുന്നതായി. ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു വന്‍പദ്ധതിയും പ്രഖ്യാപിച്ചില്ല.
ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതിവഴി ഭൂമി രജിസ്‌ട്രേഷന്‍ ഏകീകരിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനങ്ങള്‍ക്കു കെണിയായേക്കും.
കര്‍ഷകനെയും കണക്കിലെടുത്തില്ല
ഇന്ത്യന്‍ ഗ്രാമീണജീവിതത്തിന്റെയും സമ്പദ്ഘടനയുടെയും നട്ടെല്ലായ കാര്‍ഷികമേഖലയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും കാര്യമായൊന്നും ബജറ്റിലില്ല. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നതിന് ഏറ്റവുമധികം സംഭാവന നല്‍കിയത് കാര്‍ഷികമേഖലയാണ്. ഭക്ഷ്യോത്പാദനത്തിലെ റിക്കാര്‍ഡ് ആണ് രാജ്യത്തെ പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പട്ടിണിയില്ലാതെ പ്രതിസന്ധികാലം മറികടക്കാന്‍ സഹായകമായത്.
കേരളംപോലുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരോടു കേന്ദ്രസര്‍ക്കാരിനു നേരിയ കാരുണ്യവും താത്പര്യവുംപോലും ഇല്ലെന്നതും വ്യക്തമായി. കോര്‍പ്പറേറ്റ് കുത്തകകളോടു കാണിക്കുന്ന താത്പര്യവും കരുതലുംപോലും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുംവേണ്ടി ഉണ്ടായില്ല. കാര്‍ഷികമേഖലയ്ക്കു വകയിരുത്തിയത് 1.24 ലക്ഷം കോടി രൂപയാണ്. 2019-20 ലെ ബജറ്റില്‍ 1.54 ലക്ഷം കോടിയായിരുന്നതു കുറച്ചു. കൃഷിയിടത്തില്‍ ഡ്രോണ്‍ പറത്തിയാല്‍ കര്‍ഷകന്റെ വയറു നിറയില്ല.
മലയാളമണ്ണിനും വളമില്ല
ബജറ്റില്‍ കൃഷിക്കാര്‍ക്കു പ്രഖ്യാപിക്കുന്ന തുകയെല്ലാം വടക്കുനോക്കിയന്ത്രങ്ങളാണെന്നതു ദക്ഷിണേന്ത്യക്കാര്‍ തിരിച്ചറിയാതിരിക്കില്ല. പുതിയ ബജറ്റില്‍ താങ്ങുവിലയായി നല്‍കുന്ന 2.37 ലക്ഷം കോടി രൂപ അടക്കമുള്ള മിക്കതും ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കു വേണ്ടിയുള്ളതാണ്. യുപി തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായി ഗോതമ്പുകര്‍ഷകരെ സഹായിക്കുകയാണു ലക്ഷ്യം. കടുത്ത പ്രതിസന്ധിയിലുളള കേരളത്തിലെ റബര്‍, കുരുമുളക്, ഏലം അടക്കമുള്ള കര്‍ഷകര്‍ക്ക് ഒന്നുമില്ല. കര്‍ഷകര്‍ക്കു നല്‍കുന്ന 6,000 രൂപയുടെ സാമ്പത്തികസഹായത്തിന്റെ ആനുകൂല്യവും മലയാളികള്‍ക്കു കിട്ടാറില്ല.  
പരുത്തിക്കര്‍ഷകര്‍ക്കു മാത്രമായി കഴിഞ്ഞ ബജറ്റില്‍ 25,974 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതുപോലെ കേരളത്തിലെ ഏതെങ്കിലും കൃഷിക്കുവേണ്ടി പദ്ധതി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറാകില്ലെന്നതു പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ഷിക വിളകള്‍ക്ക് ഉത്പാദനച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവിലയും 16.5 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പയും ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കുവേണ്ടിയായിരുന്നു.
ഗോതമ്പ്, കരിമ്പ് തുടങ്ങിയവയ്ക്കു ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില നല്‍കുമ്പോള്‍, റബറിനും മറ്റും ഉത്പാദനച്ചെലവുപോലും നല്‍കാന്‍ കേന്ദ്രം തയ്യാറല്ല. റബര്‍, സ്പൈസസ് ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്താനും റബര്‍ കര്‍ഷകരെ കഷ്ടത്തിലാക്കാനുമാണു പുതിയ റബര്‍ നിയമവും സ്‌പൈസസ് നിയമവുമെന്നും കര്‍ഷകര്‍ തിരിച്ചറിയും.
കുത്തകസൗഹൃദം മറക്കാതെ
സാധാരണക്കാര്‍ക്ക് ഇളവുകളില്ലെങ്കിലും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ അധികനികുതി (കോര്‍പറേറ്റ് സര്‍ചാര്‍ജ്) 12 ശതമാനത്തില്‍നിന്നു വെറും ഏഴു ശതമാനമായി കുറയ്ക്കാന്‍ പക്ഷേ, ധനമന്ത്രി മറന്നില്ല. 2019 സെപ്റ്റംബറില്‍ കോര്‍പ്പറേറ്റ് അടിസ്ഥാനനികുതി നിരക്ക് 30 ല്‍നിന്ന് 22 ശതമാനമായി കുറച്ചതിനു പുറമേയാണിത്. പുതിയ നിര്‍മാണക്കമ്പനികളുടെ നികുതികളും 25 ല്‍ നിന്ന് 15 ശതമാനമായി 2019 ല്‍ കുറച്ചിരുന്നു.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു നല്‍കിയ നികുതി ഇളവിന് അനുസരിച്ച് വ്യാവസായിക ഉത്പാദനം കൂടുകയോ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയോ ചെയ്തില്ല. എന്നിട്ടും ചങ്ങാത്തമുതലാളിമാരെ വീണ്ടും തലോടാന്‍ കേന്ദ്രം മടിച്ചില്ല. രാജ്യത്തെ മുകള്‍ത്തട്ടിലുള്ള അഞ്ചു ശതമാനം അതിസമ്പന്നരില്‍ നിന്ന് ഒരു ശതമാനം നികുതിയെങ്കിലും അധികമായി ഈടാക്കിയിരുന്നെങ്കില്‍ കൊവിഡില്‍ മരിച്ച കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട ബിസിനസുകാര്‍ തുടങ്ങിയവരുടെ കടങ്ങള്‍ എഴുതിത്തള്ളുകയെങ്കിലും ചെയ്യാമായിരുന്നു.
സര്‍വം ഡിജിറ്റല്‍ മയം
5 ജി, ഡിജിറ്റല്‍ രൂപ, ഇ-പാസ്‌പോര്‍ട്ട്, പോസ്റ്റ് ഓഫീസുകളിലെ കോര്‍ ബാങ്കിങ്, ടെലി മാനസികാരോഗ്യപദ്ധതി തുടങ്ങിയ ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍ പൊതുവേ ഗുണകരമാകും. പ്രാദേശികഭാഷകളിലടക്കം പുതിയ പഠന ചാനലുകള്‍ ഡിജിറ്റല്‍ പഠനത്തിനു പ്രോത്സാഹനമാകും.
സര്‍ക്കാരിന്റെ ക്രിപ്‌റ്റോ കറന്‍സിക്ക് അംഗീകാരം നല്‍കിയതും ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുന്നതും ടെലികോം 5 ജി ലേലവുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ കച്ചവടം കൊഴുപ്പിക്കാനാണ്. ഭീകരപ്രവര്‍ത്തനം, നികുതിവെട്ടിപ്പ്, കള്ളപ്പണം തുടങ്ങിയവയ്‌ക്കെല്ലാം ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിക്കപ്പെടുന്നുവെന്ന മുന്നറിയിപ്പുകള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.
വികസനക്കുതിപ്പിനു ഗതിശക്തി
അടിസ്ഥാനസൗകര്യ വികസനത്തിനു നല്‍കുന്ന ഊന്നല്‍ വികസനക്കുതിപ്പിനെ സഹായിക്കും. പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിനായി വകയിരുത്തിയ ഒരു ലക്ഷം കോടി രൂപയുടെ വികസനം പ്രതീക്ഷയേകുന്നു. സാഗര്‍മാല, ഭാരത്മാല, ഉഡാന്‍ തുടങ്ങിയ വന്‍പദ്ധതികള്‍ ദേശീയതലത്തില്‍ കണക്ടിവിറ്റി ഫലപ്രദമാക്കും. ജിഡിപിയുടെ 2.9 ശതമാനം അടിസ്ഥാനസൗകര്യവികസനത്തിനു വകയിരുത്തിയതു ഫലപ്രദമാകട്ടെ.
ദേശീയപാതയുടെ 25,000 കിലോമീറ്റര്‍ വികസനം 2022-23 ല്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നു. റോഡ്, റെയില്‍വേ, വിമാനത്താവളങ്ങള്‍, ജലപാത, പൊതുഗതാഗതം, ലോജിസ്റ്റിക്‌സ് അടിസ്ഥാനസൗകര്യവികസനം എന്നീ ഏഴ് എന്‍ജിനുകളുടെ വികസനം സാധ്യമാക്കുകയെന്നതു പ്രധാനമാണ്.
സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിതവായ്പ നല്‍കുമെന്ന പ്രഖ്യാപനം ഫെഡറല്‍ സംവിധാനത്തില്‍ സ്വാഗതാര്‍ഹമാണ്. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്കു പ്രോത്സാഹനം തുടരുന്ന ബജറ്റിലെ സമീപനവും ശ്ലാഘനീയമാണ്. രാജ്യത്തെ 3.8 കോടി കുടുംബങ്ങള്‍ക്കു കുടിവെള്ളം നല്‍കാനുള്ള 60,000 കോടിയുടെ പദ്ധതിയും കൊള്ളാം. വൈദ്യുതിവാഹനങ്ങളുടെ പ്രോത്സാഹനം രാജ്യത്ത് അനിവാര്യതയാണ്.
വിമുഖതയില്ലാതെ വിറ്റഴിക്കല്‍
എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയുടെ സ്വകാര്യവത്കരണംകൂടി വേഗം നടപ്പാക്കുകയാണ്. എയര്‍ ഇന്ത്യ ടാറ്റ കമ്പനിക്കു കൈമാറിയശേഷവും കമ്പനിയുടെ നഷ്ടം നികത്താനായി മാത്രം 51,971 കോടി രൂപയാണു പൊതുഖജനാവിലെ പണം ഈ ബജറ്റില്‍ വകയിരുത്തിയത്. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കു സ്വയം വിരമിക്കലിനായി 7,443.57 കോടി രൂപയും ജിഎസ്ടി തുക അടയ്ക്കാനായി 3,550 കോടിയുമാണു ബജറ്റിലുള്ളത്. 2019 ഒക്ടോബറില്‍ കേന്ദ്രം നല്‍കിയ 69,000 കോടി രൂപയുടെ സാമ്പത്തികപാക്കേജിനു പുറമേയാണിത്.
എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 78,000 കോടി രൂപയാണു ബജറ്റില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. നേരത്തേ ബജറ്റ് ലക്ഷ്യമിട്ടിരുന്നത് 1.75 ലക്ഷം കോടിയായിരുന്നു.
പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതും സ്വകാര്യമേഖലയ്ക്കാണ്. നേരത്തേ പ്രഖ്യാപിച്ച രണ്ടെണ്ണം സ്വകാര്യകമ്പനികള്‍ ഏറ്റെടുത്തിരുന്നില്ല. വന്‍നഗരങ്ങളെ ബന്ധിപ്പിക്കുന്ന ലാഭകരമായ തിരക്കേറിയ റെയില്‍ റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്കു പതിച്ചു നല്‍കുന്നതോടെ ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥിതി കൂടുതല്‍ വിഷമത്തിലാകും.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)