•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

കണക്കെഴുതാത്താളിലെ കവിതാശകലങ്ങള്‍

രു സ്ത്രീജീവിതത്തിന്റെ ഊടുപാവുകള്‍ ഓരോരോ നിറങ്ങള്‍ ചാലിച്ചും ചേര്‍ത്തും എന്നോടൊപ്പമുണ്ട്. ഒറ്റപ്പെട്ടുപോയതിന്റെ ആധിയും അങ്കലാപ്പുമൊക്കെയായി മനമിടറി ചിന്തിച്ചു നടന്ന നാളുകള്‍... എന്നിട്ടും ഒറ്റയ്ക്കു തുഴയുന്ന ഒരു വഞ്ചിയില്‍ അതിന്റെ അമരത്തിരുന്ന് വല്ലവിധേനയുമൊക്കെ തുഴയെറിയുന്നു. കാറ്റിലും പേമാരിയിലും ഓളങ്ങളിലും പെട്ട് വല്ലാതെ ആടിയുലയുമ്പോഴും....
ഇതിനുള്ള മനസ്സാന്നിധ്യം എനിക്കു കിട്ടിയത് എന്റെ അമ്മയടക്കം എന്റെ ചുറ്റുവട്ടത്തുള്ള പല അമ്മമാരില്‍നിന്നും ചേച്ചിമാരില്‍നിന്നുമാണ്. ''ഒപ്പത്തിനൊപ്പം പണിയെടുത്താലും തല്ലും കൊട്ടും മിച്ചം.'' ചെറുപ്പംമുതല്‍ ഞാന്‍ കേട്ടിട്ടുള്ള ഒരു സങ്കടവാക്കാണിത്. അതിന്റെയര്‍ത്ഥം അന്നെനിക്കറിയുമായിരുന്നില്ല. ഒരു പെണ്ണിന്റെ കണ്ണീരും കിനാവും ചാലിച്ചു ചേര്‍ത്താണ് ആ വരികള്‍ പലരും പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കാന്‍  കാലമേറെ വേണ്ടിവന്നു.  
എന്റെ അച്ഛന്‍ അടുക്കളജോലിയൊഴിച്ച് ബാക്കി എല്ലാ ജോലികളിലും അമ്മയെ സഹായിക്കുന്ന ഒരാളായിരുന്നു. അവര്‍ രണ്ടാളും ഒത്തൊരുമിച്ചു കഷ്ടപ്പെട്ടിരുന്നത് ഒരു നല്ല നാളെയെ ഉണ്ടാക്കിയെടുക്കാനായിരുന്നു. അച്ഛനെപ്പോഴും അമ്മയുടെ അഭിപ്രായങ്ങളെ മാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. അതിന്റേതായ നന്മകള്‍ ജീവിതത്തിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണു സത്യം.  
അമ്മച്ചി പഴയ നാലാം ക്ലാസ്സ് ജയിച്ച ആളായിരുന്നെങ്കിലും തുടര്‍ന്നു പഠിക്കാന്‍ കഴിയാതെപോയത് പെണ്ണായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ്. എന്നാല്‍, പത്രമടക്കം കൈയില്‍ കിട്ടുന്നതെന്തും വായിച്ചുകൊണ്ട് അമ്മച്ചി തന്റെ അറിവു വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് അക്കാലത്ത് ചുറ്റുവട്ടത്തുള്ളവരെ കൂട്ടിച്ചേര്‍ത്ത് നാല്പതിലേറെ വര്‍ഷങ്ങള്‍ ചിട്ടി നടത്താനായത്. അക്കാലത്ത് നാട്ടില്‍ ചെറിയ ചിട്ടി നടത്തുന്ന മറ്റാരുംതന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല, ചിട്ടിയുടെ എല്ലാ കണക്കുകളും ഒരു ബുക്കില്‍ ഓരോരുത്തരുടെ പേരില്‍ ഭംഗിയായി കളങ്ങള്‍ വരച്ച് ഓരോ മാസത്തിന്റെയും പേരുമെഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. കൂടാതെ, ചിട്ടിബുക്കിന്റെ കണക്കെഴുതാത്താളുകളില്‍ കവിതാശകലങ്ങളും കഥാവരികളും ചില പാട്ടുകളുമൊക്കെ എഴുതിയിട്ടുണ്ടായിരുന്നു. ഒരുപക്ഷേ, അതിന്റെ ഒരു വാങ്ങലാവാം മകനായ എം.ആര്‍. രേണുകുമാറെന്ന ചിത്രകാരനും കവിയും ചെറിയ എഴുത്തുകാരിയുമായ അവന്റെ ചേച്ചിയും.
ഒരു സ്ത്രീ, അവളര്‍ഹിക്കുന്ന മാന്യതയും കരുതലും സ്‌നേഹവും ലഭിക്കാതെ, ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തതിന്റെ പേരില്‍ സ്വയം മരണത്തെ തിരഞ്ഞെടുക്കുന്നതും മരണശേഷം കുടുംബാംഗങ്ങള്‍ അവളുടെ വിലയെന്തെന്നു തിരിച്ചറിയുന്നതും കണ്ടിട്ടുണ്ട്. ജീവിതത്തിന്റെ മുന്നിലവള്‍ക്ക് പിടിച്ചുനില്ക്കാനായില്ലല്ലോ എന്നു വേദനിക്കുമ്പോഴും ഓരോ സ്ത്രീയോടും എനിക്കു പറയാനുള്ളത് തോറ്റുകൊടുക്കല്‍ കഠിനമാണങ്കിലും എളുപ്പമാണത്.  അതികഠിനമാണങ്കിലും നമ്മുടെ കുഞ്ഞുജീവിതം സന്തോഷത്തോടെതന്നെ ജീവിച്ചുതീര്‍ക്കണം. അതാണ് ഓരോ പെണ്ണിനോടും എനിക്കു സ്‌നേഹത്തോടെ പറയാനുള്ളത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)