•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

ദുരന്തം വിലയ്ക്കു വാങ്ങുന്നവര്‍

''ലോകത്തിലേക്കും സ്‌നേഹിക്കപ്പെട്ട സുന്ദരി''യെന്നാണ് രാജകുമാരി ഡയാനയെക്കുറിച്ച് ബ്രിട്ടനിലെ ഏറ്റവും വലിയ പ്രസാധകനായ മൈക്കിള്‍ ഓമാരോ (Michael O Maro) എഴുതിയത്. താന്‍ പറഞ്ഞത് തീര്‍ത്തും കുറഞ്ഞുപോയെന്നാണ് പിന്നീട് അദ്ദേഹത്തിനു തോന്നിയത്. ആ സൗന്ദര്യധാമത്തിന് ഒത്തിരിയേറെ അഴകും ആകര്‍ഷകത്വവുമുണ്ട്. മറ്റാര്‍ക്കുമില്ലാത്ത മാറ്റും വശ്യതയുമുള്ളവളാണവള്‍! അതുകൊണ്ട് അദ്ദേഹം ഒന്നുകൂടെ തിരുത്തിക്കുറിച്ചു: ''അവള്‍ ഒരു അന്തര്‍ദേശീയ നിധിതന്നെയാണ്.'' ഡയാനയുടെ ഫോട്ടോകളില്‍ (1961-1997) അതിസുന്ദരങ്ങളായ 200 എണ്ണം തിരഞ്ഞെടുത്ത്,  "Diana Princes of wales' എന്ന പേരില്‍ ഒരു ആല്‍ബം 1977 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു, സ്വന്തമായ അടിക്കുറിപ്പുകളോടെ. അതിന്റെ അനേകലക്ഷം കോപ്പികളാണ് അതിശീഘ്രം ചൂടപ്പംപോലെ വിറ്റഴിഞ്ഞത്. അതുകൂടാതെ വേറെ നാലുഗ്രന്ഥങ്ങള്‍കൂടി ഡയാനയെപ്പറ്റി അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഒക്കെ 'ബെസ്റ്റ് സെല്ലേഴ്‌സ്.'
മേല്പറഞ്ഞവയില്‍നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെട്ട വനിതകളില്‍ ഒരുവളാണ് ഡയാന ആരെയും ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കാന്‍ പോരുന്ന ആകാരസൗഷ്ഠവമുള്ള സൗന്ദര്യധാമം. അതുകൊണ്ടുതന്നെയാണു കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ അവളില്‍ അനുരക്തനാകുന്നതും കല്യാണം കഴിക്കുന്നതും. അചിരേണ ആ ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ചു. മൂത്തവന്‍ വില്യം, ഇളയവന്‍ ഹാരി.
ക്രമേണ ആ ദമ്പതികള്‍ പരസ്പരം അകന്നുതുടങ്ങി. കുടുംബജീവിതത്തില്‍ എന്തോ പന്തികേട്! മക്കള്‍ വളര്‍ന്നു വന്നതുപോലെ അകല്‍ച്ചയും വളര്‍ന്നു. ആ അകല്‍ച്ച മറ്റൊരു കാല്‍വയ്പ്പിനാണു ഡയാനയെ പ്രേരിപ്പിച്ചത്. ചാള്‍സിനെ ഉപേക്ഷിച്ച്, തന്റെ പിഞ്ചോമനകളായ വില്യമിനെയും ഹാരിയെയും വിട്ട്, ഡോഡി ഫായിദ് എന്ന കാമുകനുമൊത്ത് അവള്‍ പാരീസിലേക്കു പറന്നു. പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരില്‍നിന്നു രക്ഷനേടാന്‍വേണ്ടിയായിരുന്നു ആ പറക്കല്‍. പക്ഷേ, അതു ചെന്നെത്തിനിന്നത് 1997 ഓഗസ്റ്റ് 31-ാം തീയതിയിലെ അതിദാരുണമായ ദുരന്തത്തിലാണ്.
മാതാപിതാക്കളില്‍നിന്നു ലഭിച്ച പൈതൃകമാണ് ഡയാനയെ ആ വഴിയേ നയിച്ചത്. ഡയാനയുടെ യഥാര്‍ത്ഥ പിതാവ് ഏള്‍ സ്‌പെന്‍സറും മാതാവ് ഫ്രാന്‍സെസ്സുമായിരുന്നു. അവര്‍ക്കു ഡയാനയെക്കൂടാതെ സാറാ, ജയിന്‍, ചാള്‍സ് എന്നീ മൂന്നുമക്കള്‍കൂടി ഉണ്ടായിരുന്നു. ഇളയവനായ ചാള്‍സ് ജനിച്ചുകഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ബന്ധം പിരിഞ്ഞു. അമ്മ പീറ്റര്‍ ഷാന്‍ഡ് എന്നൊരാളെ വിവാഹം ചെയ്തു. അമ്മയുടെയും ഇളയച്ഛന്റെയുംകൂടെയാണ് പിന്നീട് ഡയാനയും സഹോദരങ്ങളും കഴിഞ്ഞത്.
പ്രശ്‌നമുണ്ടാകുമ്പോള്‍ പുതിയൊരു ഭര്‍ത്താവ് എന്ന ആശയം  ഡയാനയ്ക്കു പകര്‍ന്നു കിട്ടിയത്  അമ്മയില്‍നിന്നുതന്നെ. സ്‌പെന്‍സറില്‍നിന്നു തെറ്റിപ്പിരിയേണ്ടി വന്നപ്പോള്‍ മക്കളെയും പോറ്റി അമ്മ അതേ രീതിയില്‍ കഴിഞ്ഞിരുന്നെങ്കില്‍, മക്കളായ വില്യമിനെയും ഹാരിയെയും വിട്ട് ഡയാന മറ്റൊരാളുടെ പിന്നാലെ പോവുകയില്ലായിരുന്നുവെന്നാണ് നിഷ്പക്ഷമതികള്‍ക്കു തോന്നുക. നാലു മക്കളുള്ള സ്ത്രീയാണ് ഭര്‍ത്താവിനെ വിട്ട് പീറ്റര്‍ ഷാന്‍ഡിനെ കല്യാണം കഴിക്കുന്നത്; അവരുമൊത്താണ് ഡയാനയും സഹോദരങ്ങളും വളരുന്നതും. പിന്നീട്, ആരില്‍നിന്ന് എന്തൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും മാതാപിതാക്കളില്‍നിന്ന്, വിശിഷ്യാ, മാതാവില്‍നിന്നു വീണുകിട്ടിയ മഹത്തായ മാതൃകയാണ്  ഡയാനയുടെ അടിത്തറ. അത്യുന്നതങ്ങളിലായിരുന്നെങ്കിലും അമ്മയെ അനുകരിക്കാന്‍ അവള്‍ക്കും തോന്നി - അവള്‍ താഴേക്കു ചാടി. ആ വീഴ്ചകണ്ട്  ലോകം ഞെട്ടിത്തരിച്ചു!
പടിഞ്ഞാറന്‍ നാടുകളില്‍, പ്രത്യേകിച്ച് അമേരിക്കയില്‍ വിവാഹം ഇന്ന് വെറുമൊരു വിനോദവിഷയമാണ്. രണ്ടു പേര്‍ക്കും ഇഷ്ടമുള്ളിടത്തോളം കാലം അതു നിലനില്ക്കുന്നു. അതു കഴിയുമ്പോള്‍ പങ്കുപിരിയുന്നു! എന്തിനും ഏതിനും പ്രതിവിധി വിവാഹമോചനമാണെന്നാണ് പലരും കരുതുക. ഇന്ന്, അവിടെയൊക്കെ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന, നാളെയല്ലെങ്കില്‍ മറ്റന്നാള്‍ നമ്മുടെ ഇടയിലേക്കും കടന്നുവരാനിരിക്കുന്ന വലിയൊരു വിഷബാധ വിവാഹമോചനത്തിന്റേതാണ്. ദമ്പതികളെക്കാള്‍ സന്തതികളെയാണ് അതു കൂടുതലായി ബാധിക്കുക. ഡയാനയുടെ ചരിത്രം അതാണു നമ്മെ അനുസ്മരിപ്പിക്കുന്നത്!
നാമൊക്കെ ഇന്ന് ഇതേ സ്ഥിതിയില്‍ നിലനില്ക്കുന്നുണ്ടെങ്കില്‍ അതിന്റെ മൂലകാരണം മാതൃകകളായി മാറിയ നമ്മുടെ പൂര്‍വികരാണ്. തങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോയവരാണ് അവര്‍ - സുഖസന്തോഷങ്ങളെന്താണെന്നറിയാന്‍ കഴിയാതെ പോയവര്‍. അവര്‍ ജീവിച്ചത് അടുത്ത തലമുറയ്ക്കുവേണ്ടിയായിരുന്നു - മക്കള്‍ക്കുവേണ്ടിയായിരുന്നു.
മലബാറിന്റെ മലയോരങ്ങളില്‍ സാമാന്യം സമ്പന്നമായൊരു സമൂഹത്തെ പലയിടങ്ങളിലും കാണാന്‍ കഴിയും. പൊടുന്നവേ പൊങ്ങിവന്നവരല്ല അവര്‍. പട്ടിണിയും പരിമിതികളുംമൂലം തങ്ങള്‍ക്കുള്ളതെല്ലാം വിറ്റുപെറുക്കി തിരുക്കൊച്ചിയില്‍നിന്ന് ഈ മലമടക്കുകളില്‍ കുടിയേറിയവരുടെ പിന്‍മുറക്കാരാണവര്‍ - കായക്ലേശത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകങ്ങളായി കഴിഞ്ഞവരുടെ പിന്‍മുറക്കാര്‍. സന്തതികളെങ്കിലും സൗഭാഗ്യമനുഭവിക്കുവാന്‍ കയ്പും കണ്ണീരും അവര്‍ വിലയ്ക്കുവാങ്ങി. അവരില്‍നിന്നു  പ്രകാശവര്‍ഷങ്ങള്‍ക്കിപ്പുറമാണ് നമ്മുടെ ഡയാനയും മറ്റും.
പോയ തലമുറയുടെ മഹത്തായ ആ മാതൃകതന്നെയാവണം നമ്മുടെയും മാര്‍ഗദീപം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)