•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

പീഠത്തിന്മേല്‍ കത്തുന്ന വിളക്ക്

മ്മുടെ ജീവിതം ലക്ഷ്യബന്ധിയായ ഒരു യാത്രയാണ്.  നമ്മുടെ യാത്രയ്ക്കു നാം പ്രതീക്ഷിക്കുന്നതിലും വേഗവും ശാസ്ത്രസാങ്കേതികസഹായങ്ങളുമുണ്ട്. എന്നിരുന്നാലും നമുക്കിടയിലെ മൂല്യബോധവും സന്മാര്‍ഗനിഷ്ഠയും ധാര്‍മികാടിത്തറയും എത്രയെന്ന് ഈ നോമ്പുനാളുകളില്‍ പരിശോധിക്കുന്നതും തിരുത്തുന്നതും നല്ലതാണ്. ഒരു തിരിച്ചുപോക്കും തിരിച്ചെത്തലും അനിവാര്യമായിരിക്കുന്നു.
നമ്മുടെ കുടുംബജീവിതവും വിവാഹബന്ധത്തിന്റെ കെട്ടുറപ്പും ലോകശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു; മാതൃകയുടെ പാഠം ലോകത്തിനു നല്‍കുന്നതായിരുന്നു. എന്നാല്‍, ഇന്ന് നമ്മുടെ കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ളതായി  മാറുന്നില്ലായെന്നു മാത്രമല്ല, ഒറ്റപ്പെടലും ശൈഥില്യവും വിരഹവും തേങ്ങലും തളംകെട്ടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ക്രൈസ്തവകുടുംബങ്ങളുടെ എണ്ണത്തില്‍ത്തന്നെ അനുദിനം കുറവു വരുന്നു. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് വാര്‍ദ്ധക്യത്തിന്റെ അവശതകളും പരിമിതികളും കാരണം കര്‍മോത്സുകതയും നഷ്ടമാകുന്നു.
പഴയ നോമ്പുകാലത്തെ ആത്മീയനിറവ്, ആത്മസന്തോഷം, ആനന്ദം, വിശുദ്ധി നിറഞ്ഞ ആഘോഷം ഒക്കെയിന്നുണ്ടോ? സമൃദ്ധിയുണ്ടെങ്കിലും സമാധാനമുണ്ടോ? പണമേറെയുണ്ടെങ്കിലും മനസ്സാകെ 'ദാരിദ്ര്യം' കൊണ്ടു നിറഞ്ഞിരിക്കുന്നു. പട്ടിണിയിലും പൂത്തുലഞ്ഞ വിശ്വാസഗോപുരം അങ്ങിങ്ങ് അടര്‍ന്നുവീണുകൊണ്ടിരിക്കുന്നില്ലേ? സകല നോമ്പുകാലാചാരങ്ങളും മുറ തെറ്റാതെ നാം അനുഗമിക്കുമ്പോഴും ആഘോഷിക്കുമ്പോഴും നമ്മുടെ മനസ്സ് ഒരു ശാന്തിതീരത്ത് അഥവാ സമാധാനത്തില്‍ എത്തുന്നുണ്ടോ? സകലവിധ സമൃദ്ധിക്കു നടുവിലും ഏതോ ഒരു നഷ്ടബോധം നമുക്കിടയില്‍ തേങ്ങുന്നില്ലേ? അഥവാ എന്താണോ ലക്ഷ്യം ആ ലക്ഷ്യത്തിനൊത്തവിധം വിജയിക്കുന്നില്ലായെന്നൊരു തോന്നല്‍.
ദൈവരാജ്യത്തെക്കുറിച്ചുള്ള അന്വേഷണം നമ്മുടെ ജീവിതത്തോടു ചേര്‍ത്തുവച്ചു വായിക്കാനുള്ള ശ്രമമാകണം നോമ്പും ഉപവാസവും. കര്‍ത്താവിനെ തിരിച്ചറിയുന്ന കരുണയിലും ദയാവായ്പിലും നമ്മുടെ ജീവിതത്തെ ഇഴചേര്‍ക്കണം. വേണ്ടതെല്ലാം നഷ്ടപ്പെട്ടതോ അതോ ബോധപൂര്‍വം ഉപേക്ഷിച്ചു മറന്നതോ എന്നൊക്കെ ഈ നാളുകളില്‍ നാം പ്രാര്‍ത്ഥിച്ചറിയണം; പരിഹാരമുണ്ടാകണം.
നമ്മുടെ നോമ്പും ഉപവാസവും നമ്മെ ആരോഗ്യവാന്മാരും ബലവാന്മാരുമൊക്കെയാക്കുന്നതായിരുന്നു. ഭക്ഷണം ഉപേക്ഷിച്ചാലും നമ്മുടെ ആത്മശരീരം പോഷണവും ഊര്‍ജവുമായിട്ടെത്തുമായിരുന്നു. ദൈവത്തിന്റെ നേരേ ഒരടി നടക്കുന്നവന്റെ സമീപത്തേക്ക് അവിടുന്ന് ഓടിവരുമെന്ന മഹദ്വചനം നമ്മുടെ പഴമക്കാരില്‍ അന്വര്‍ത്ഥവും നമുക്കവര്‍ മാതൃകാപാഠങ്ങളുമായിരുന്നു.
ഇന്നു കുടുംബങ്ങളൊക്കെ ഏകാന്തതയുടെ തടവറയിലും സ്വാര്‍ത്ഥതയുടെ കൂടാരത്തിലുമാണ്. പോരാഞ്ഞിട്ട് ക്രൈസ്തവകുടുംബങ്ങളൊക്കെ കുടിയേറ്റത്തിലുമാണല്ലോ. വിദേശത്തു സ്വന്തമായ വീടും ജോലിയും 'സുഖ'മായ താമസവും. ആഘോഷങ്ങെളല്ലാം വാട്‌സാപ്പിലെ സ്റ്റാറ്റസിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വീഡിയോകോളിലും ആയിരിക്കുന്നു. മുമ്പ് ക്രൈസ്തവകുടുംബങ്ങളില്‍നിന്നുള്ള 'വെട്ടം' നാടിന്റെ ഇരുട്ടിന് ഒരു പരിഹാരം തന്നെയായിരുന്നു; പ്രാര്‍ത്ഥനയും മുഖാമുഖമിരുന്നുള്ള സ്‌നേഹസംഭാഷണങ്ങളും സംവാദങ്ങളും ഉല്ലാസങ്ങളും കുടുംബത്തിലും പരിസരങ്ങളിലും വെളിച്ചം തെളിച്ചിരുന്നു.
ജോലിയും പണവും എന്നതിനേക്കാള്‍ നമ്മുടെ ബന്ധങ്ങളുടെ നൂലിഴ പൊട്ടാതെ കാക്കേണ്ടത് അനിവാര്യമാണ്. തിന്നും കുടിച്ചും സുഖിച്ചും എന്നതിനെക്കാള്‍ മനുഷ്യരായി ജീവിക്കുന്നതിലാകണം ശ്രദ്ധയത്രയും ഉണ്ടാകേണ്ടത്. രാഷ്ട്രത്തെക്കാള്‍ പ്രധാനപ്പെട്ടതാണു കുടുംബം. കുടുംബത്താണ് സകലവിധ നന്മകളുടെയും വിത്തു മുളച്ച് ലോകത്തിനു തണലും ആശ്വാസവുമേകുന്നത്. ഞാന്‍ എന്ന പദത്തിനു മൂര്‍ച്ച കൂടുന്നത് അപകടമാണ്; നമ്മള്‍ എന്നതിലേക്കു ചിന്തയും പ്രാര്‍ത്ഥനയും നീക്കിവയ്ക്കണം. ലോകത്താരോടും തുലനം ചെയ്യാനാകാത്തതാണ് നമ്മുടെ ഉറ്റവര്‍. നാം ജനിച്ച പരിസ്ഥിതിയും നാമുണ്ണുന്ന അന്നവും കിടയറ്റതും അദ്ഭുതപ്പെടുത്തുന്ന ദൈവികപരിപാലനയുടെ ദൃഷ്ടാന്തവുമാണ്. ചുറ്റുമുള്ള സഹോദരങ്ങളെ തിരിച്ചറിയാതെ ദൈവത്തെ കണ്ടവരുണ്ടോ എന്നു ചോദിക്കുന്നവരാണോ നാം?
ന്യായമായി അനുഭവിക്കാവുന്നവയെ ഉപേക്ഷിക്കുന്നതാകാം ഉപവാസം. എന്നാല്‍, ഈ ഉപേക്ഷയും ഒപ്പമുള്ള അപേക്ഷകളും മാത്രമല്ല, ദൈവത്തോടുള്ള ചേര്‍ന്നിരിപ്പിന് അത്യാവശ്യം. നമ്മുടെ കര്‍ത്തവ്യങ്ങളുണ്ടിവിടെ; അതിന്റെ യഥാവിധിയുള്ള നടത്തിപ്പുകൂടി നമ്മുടെ ആചാരങ്ങളോടു ചേര്‍ത്തുവയ്ക്കണം. ലോകത്തെ ഭീതിയിലാഴ്ത്തുന്ന വൈറസുകളെക്കുറിച്ചുള്ള ഞെട്ടലിലാണു നാം. ഒന്നുകഴിഞ്ഞ് ശാന്തമായെന്നു കരുതുമ്പോഴേക്കും 'ജനിതകമാറ്റ'വുമായി അടുത്ത വൈറസ് രംഗത്തെത്തുന്നു. നമ്മുടെ ഇന്നത്തെ ജീവിതസാഹചര്യത്തിലും മനുഷ്യര്‍ക്കുണ്ടാകുന്ന 'മാറ്റം' ചിന്തനീയമല്ലേ? ആര് എപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നു പറയാനാകാത്തവിധം മനുഷ്യത്വത്തില്‍ 'വൈറസ്' കയറിയിരിക്കുന്നു. സാത്താന്‍ മനുഷ്യരില്‍ സജീവമാകുന്നു; ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കും 'ജനിതകമാറ്റം' സാധാരണമാകുന്നോ? അതായത്, ആരും  ഏതു സമയത്തും 'കുറ്റവാളി'യുടെ രൂപത്തിലേക്കു കടന്നെത്തുന്ന തരത്തില്‍ ഇന്നത്തെ വാര്‍ത്താശീര്‍ഷകങ്ങള്‍ നമ്മെ ഞെട്ടിക്കുന്നില്ലേ? എവിടെപ്പോയി നമ്മിലെ പ്രസാദവരാവസ്ഥ? എവിടെപ്പോയി നമ്മുടെ സന്മാര്‍ഗബോധം? എവിടെപ്പോയി നമ്മുടെ ധാര്‍മികത? നമ്മിലെ കരുണ, ദയ, പരസ്‌നേഹം, സത്യത്തോടുള്ള ചേര്‍ന്നിരിപ്പ്... സര്‍വോപരി, സകലതിലും ഉണര്‍ന്നുവന്നിരുന്ന ആദര്‍ശബന്ധിയായ മൂല്യബോധം? ഇതെല്ലാം ഒരു ചോദ്യചിഹ്നമായിരിക്കുമ്പോഴും നമുക്കിടയിലെ ആചാരാനുഷ്ഠാനങ്ങളില്‍മാത്രം നാം ആകൃഷ്ടരാണോ? ചിന്തിക്കണം.
വെളിച്ചത്തിന്റെ ശക്തി ക്ഷയിച്ചാല്‍ ഇരുട്ട് ഭരണമേറ്റെടുക്കും. നാമെപ്പോഴും ദൈവോപാസകരായി ജീവിക്കണം. എളിയവര്‍ക്കു നീ ''ഇതെല്ലാം'' ചെയ്തുകൊടുത്തപ്പോള്‍ ''എനിക്കു''തന്നെയാണു ചെയ്തത് എന്നു ദൈവം പറയുന്നത് നമുക്ക് അനുഭവമാകണ്ടേ? ജീവിതയാത്രയില്‍ നമ്മുടെ 'ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടി സ്‌നേഹിക്കുമ്പോഴാണ്' നമ്മുടെ അയല്‍ക്കാരനെ നമ്മെപ്പോലെ സ്‌നേഹിക്കാനാകുക! ജീവിതത്തില്‍ സന്മനസ്സോടെ പ്രവര്‍ത്തിക്കാനാകുമ്പോഴാണ്  മനസ്സമാധാനം കൂട്ടായെത്തുക. എല്ലാമുള്ളപ്പോഴും ഒരു നഷ്ടബോധം ഇന്നത്തെ സമൂഹം അനുഭവിക്കുന്നു. നഷ്ടങ്ങളെ നേട്ടങ്ങളാക്കി മാറ്റുവാന്‍ നമ്മുടെ നോമ്പും ഉപവാസവും കാരണമായിത്തീരട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)