ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളില്‍ സമൃദ്ധമായി വളരുന്ന ഒരു പരാന്നഭുക്കാണ് ഒത്തിരിയൊത്തിരി ഇനങ്ങളുള്ള ഇത്തിള്‍ക്കണ്ണികള്‍. എങ്കിലും, പശ്ചിമഘട്ടങ്ങളിലും വയനാടന്‍ പ്രദേശങ്ങളിലും മുഖ്യമായും കാണപ്പെടുന്നത് ലൊറാന്തസ് ടോമന്‍ ടോസസ് എന്ന ഇനങ്ങളാണ്.
ആവാസസസ്യങ്ങളില്‍നിന്നു ധാതുലവണങ്ങളും ജീവജലവും ഇത്തിള്‍ ഇഷ്ടംപോലെ അപഹരിച്ചെടുക്കും. മറ്റു ചെടികള്‍ മണ്ണില്‍നിന്ന് അധ്വാനിച്ചെടുക്കുന്നത് അത്യുന്നതങ്ങളിലിരുന്ന് ഇത്തിള്‍ ആസ്വദിക്കുന്നെന്നു ചുരുക്കം.
ചുവപ്പ് അഥവാ കറുപ്പുകലര്‍ന്ന ചുവപ്പു നിറമുള്ള ഇത്തിള്‍വിത്തുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട് - അവയെ പൊതിഞ്ഞ് പശയുള്ള ഒരു ദ്രാവകമുണ്ടാകും. അതുകൊണ്ട്, വളരെ എളുപ്പത്തില്‍ പക്ഷികളുടെ ചുണ്ടിലും കാലിലും അവ പറ്റിപ്പിടിച്ചുകൊള്ളും. അങ്ങനെ അടുത്തുള്ള മാവിലും പ്ലാവിലുമൊക്കെ എത്തിച്ചേരുകയും ചെയ്യും. അവയെല്ലാം അവിടെത്തന്നെ മുളച്ചുപൊങ്ങും. വേരുകള്‍ അസ്സല്‍ ചൂഷകമൂലങ്ങളാണ്. ആതിഥേയകാണ്ഡങ്ങള്‍ തുളച്ച് അവ അകത്തുകടക്കും - ആവശ്യംപോലെ വെള്ളവും വളവും വലിച്ചെടുക്കുകയും ചെയ്യും. ധാരാളം ഇലകളുള്ളതിനാല്‍ സ്വകീയമായ രീതിയില്‍ അതു പാകം ചെയ്യാനും ഇത്തിളിനു കഴിയും. ഇത്തിള്‍ വളരുന്ന മരം ക്രമേണ ഭാഗികമായോ പൂര്‍ണമായോ നശിച്ചുപോകുന്നു.
മനുഷ്യസമൂഹത്തിലുമുണ്ട് ഇതുപോലുള്ള ഇത്തിളുകള്‍. ഒരു പണിയുമെടുക്കാതെ മറ്റുള്ളവരുടെ വിയര്‍പ്പുകൊണ്ടു മാത്രം ജീവിക്കുന്ന എത്രയോ പേരുണ്ട് നമ്മുടെ ഇടയില്‍! രാവിലെ തടിച്ച ഒരു ഡയറിയും കക്ഷത്തില്‍വച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നവന്റെ പേജുകളില്‍ കുറെയേറെ കുറിപ്പുകള്‍ കാണും. പക്ഷേ, അതൊന്നും പൊതുജനസേവനത്തിന്റേതായിരിക്കുകയില്ല - സ്വന്തം കീശയില്‍ വീഴാവുന്നവയുടെ കണക്കുകള്‍ മാത്രമായിരിക്കും. സ്വയംതൊഴില്‍ സൃഷ്ടിച്ചുകൊണ്ട് സമൂഹത്തില്‍ വളരുന്ന ഇത്തിള്‍ക്കണ്ണികളാണവര്‍.
ജോലി ചെയ്യാതെ ശമ്പളം വാങ്ങുകയും പ്രയത്‌നിക്കാതെ പേരു സമ്പാദിക്കുകയും ചെയ്യുന്നവനെ പ്രകൃതിക്കും യുക്തിക്കും ചേരാത്ത പരാന്നജീവിയെന്നാണ് ഫുള്‍ട്ടന്‍ ഷീന്‍ വിളിക്കുന്നത്.
ഒരിക്കല്‍ നാഗ്പൂരിനു പോയ വഴിക്ക് രണ്ടു ഭാര്യമാരുള്ള ഒരുവനെ കണ്ടുമുട്ടി. രണ്ടു ഭാര്യമാരുടെ തലയിലും ഓരോ ചുമട് എടുത്തുകൊടുത്തിട്ട് കയ്യും വീശി ആ അരോഗദൃഢഗാത്രന്‍ പിന്നാലെ നീങ്ങുന്നു! ചുമടെടുക്കുന്നത് അയാളെ സംബന്ധിച്ചിടത്തോളം അഭിമാനക്കുറവത്രേ - ഭാര്യമാരെക്കൊണ്ടു കഴിയുന്ന ഇത്തിള്‍ക്കണ്ണി.
ഇഞ്ചിയിലും വാഴയിലും കുരുമുളകുവള്ളിയിലുമൊക്കെ ഇത്തിള്‍ക്കണ്ണികള്‍ വളരുമോ? വളരുമെന്നാണ് ജീവിതം നമ്മെ പഠിപ്പിക്കുക. കൃഷിക്കാരന്റെ ഇഞ്ചി പകുതിവിലയ്ക്കു വാങ്ങി ലാഭമുണ്ടാക്കുന്ന വ്യാപാരി ഇഞ്ചിയേലിത്തിള്‍ക്കണ്ണിയാണ്. അവന്റെ വാഴക്കുല വിലകുറച്ചു വാങ്ങി വഞ്ചന നടത്തുന്നവന്‍ വാഴേലിത്തിക്കണ്ണിയാണ് - അതുപോലെ കൊടിയേലിത്തിള്‍ക്കണ്ണിയും.
മാല പൊട്ടിച്ചുകൊണ്ടോടുന്നവനെ മോഷ്ടാവ് എന്നല്ലേ നാം വിളിക്കുക. ഒരാളുടെ അനേകനാളത്തെ സമ്പാദ്യമാണ് അയാളിങ്ങനെ ഒറ്റയടിക്കു തട്ടിയെടുക്കുന്നത്. അതുപോലെതന്നെയല്ലേ മറ്റുള്ളവരുടെ അധ്വാനംകൊണ്ടു കഴിയുന്നവനും? ജോലി ചെയ്യാതെ ഭക്ഷിക്കുന്നവനെ മോഷ്ടാവ് എന്നാണ് മഹാത്മാഗാന്ധി വിളിക്കുന്നത്.
പാവപ്പെട്ട കൃഷിക്കാരനെ വഞ്ചിച്ച് അമിതലാഭമുണ്ടാക്കുന്ന വ്യാപാരി മോഷ്ടാവാണ്; എങ്ങനെയെങ്കിലും നല്ലൊരു വെള്ളക്കോളര്‍ ജോലി സമ്പാദിച്ച്, പണി ഒന്നും ചെയ്യാതെ കൂലി വാങ്ങുന്നവന്‍ മോഷ്ടാവാണ്; അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥന്‍ മോഷ്ടാവാണ്.
ബാങ്കുകളില്‍നിന്നും മറ്റുമുള്ള കടം കേറി മൂടി തിരിച്ചടയ്ക്കാന്‍ ഗത്യന്തരമില്ലാതെ വരുമ്പോഴാണ് പല കര്‍ഷകരും ജീവിതമവസാനിപ്പിക്കുക. അതേസമയം അവര്‍ക്കു കടംകൊടുക്കുന്ന ബിസിനസ്സിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയോ ഉന്നതമായ ശമ്പളം പറ്റുന്നവരാണ്! എവിടെനിന്നാണ് അവരുടെ മൂലധനം? സമൂഹത്തിന്റെ മുഴുവന്‍ കേവുഭാരവും താങ്ങിനില്ക്കുന്ന സാധാരണ കൃഷിക്കാരനില്‍നിന്ന്. ഒരു നിവൃത്തിയുമില്ലാത്ത പാവപ്പെട്ടവന്‍ തനിക്കുള്ളതു മുഴുവന്‍ ഈടുവച്ചു പണം കടമെടുക്കുന്നു. തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ അവന്റെ സ്വര്‍ണമത്രയും 'പിടിയാവിലയ്ക്കു' ലേലം ചെയ്തുപോകുന്നു. അങ്ങനെ മുതലും പലിശയും ലാഭവും ബാങ്കിലെത്തുന്നു.
പ്രതിമാസശമ്പളക്കാര്‍ ഓരോ പ്രാവശ്യവും ആസൂത്രിതമായി സമരം ചെയ്തു വിജയം വരിക്കുന്നു! ആ സംഘടിതവിഭാഗത്തിനു ശമ്പളം വര്‍ദ്ധിപ്പിച്ചുകൊടുക്കാന്‍, കൂട്ടത്തില്‍ കിമ്പളത്തിനും കൂടെ തരമൊരുക്കാന്‍ അധികാരത്തിലേറുന്ന ഓരോ ഭരണകൂടവും അഹമഹമികയാ മുമ്പോട്ടുവരും. കാരണം, സമൂഹത്തിന്റെ താക്കോല്‍ധാരികളായവരെ താങ്ങിയില്ലെങ്കില്‍ നിലനില്പില്ല! അതേസമയം താഴേക്കിടയില്‍ കിടന്നുപിടയുന്ന അസംഘടിതരെ ആര്‍ക്കുവേണം? അവന്റെ ഉത്പന്നങ്ങള്‍ക്കു യഥാര്‍ത്ഥ വില വാങ്ങിക്കൊടുക്കാന്‍, അവനെ സമുദ്ധരിക്കുവാന്‍ ആര്‍ക്കും സമയമില്ല. അവനെയും അവന്റെ കുഞ്ഞുങ്ങളെയും ഗ്രസിച്ചുനില്ക്കുന്നത് ഇത്തിള്‍ക്കണ്ണികളാണ്. അവന്റെ തോളത്തു ചവിട്ടിനില്ക്കുന്നതുകൊണ്ടാണ് അനേകര്‍ ഉയര്‍ന്നുകാണപ്പെടുക.
ഇത്തിള്‍ വളര്‍ന്നുനില്ക്കുന്ന മരത്തെ ശ്രദ്ധിച്ചിട്ടുണ്ടോ? എത്രയോ നിസ്സഹായമാണ് അതിന്റെ സ്ഥിതി! ചേറിലും ചെളിയിലും അഹോരാത്രം പണിയെടുത്തു സമ്പാദിച്ചതത്രയും ഇലകളിലെത്തുന്നതിനുമുമ്പേ വേറൊരു ചെടി വലിച്ചെടുക്കുക! പക്ഷേ, അതിന്റെ 'പിടി വിടു'വിക്കാന്‍ മരത്തിനാവുകയില്ല. മരത്തിന്റെ ജീവരക്തംതന്നെയാണ് ഇത്തിള്‍ ഊറ്റിക്കുടിക്കുന്നത്. എങ്കിലും, സഹിക്കുകയേ നിവൃത്തിയുള്ളൂ. ക്രമേണ മരം മുരടിക്കുന്നു, മഞ്ഞച്ചുപോകുന്നു, മരിക്കുന്നു... പക്ഷേ, അതൊന്നും ഇത്തിള്‍ക്കണ്ണിക്കു പ്രശ്‌നമല്ല. അതിനു ജീവിക്കണം, മരം മരിക്കുവോളം. അതു സംഭവിക്കുമ്പോഴേക്കും ഇത്തിളിന്റെ വിത്തുകള്‍ ഇലക്കൊഴുപ്പുള്ള അടുത്ത മരങ്ങളിലെത്തിയിട്ടുണ്ടാകും.
ആത്മഹത്യകള്‍ പെരുകുന്ന നാടായി വയനാട്. പ്രതിസന്ധികളില്‍നിന്നു കരകയറാന്‍ കഴിയാതെ മുങ്ങിത്താഴുകയാണ് പലരും. അവരെ പിടിച്ചു കയറ്റുവാന്‍ ആരുമില്ല. അവരുടെ നാമം വിളിച്ചുപറഞ്ഞാണ് ഓരോ പ്രാവശ്യവും ജനപ്രതിനിധിമാര്‍ വിജയിച്ചുപോകുന്നത്. എന്നിട്ട്, അവരെന്തു ചെയ്യുന്നു? മുമ്പു പോയവര്‍ ചെയ്തതുപോലെയൊക്കെത്തന്നെ! ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഇത്തവണ സര്‍ക്കാര്‍ ഒരു പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട് - അമ്പതിനായിരം രൂപ. പക്ഷേ, അതു കുടുംബത്തിലെത്തണമെങ്കില്‍ പലരെയും 'വേണ്ടതുപോലെ' കാണേണ്ടിവരും!
''അവശന്മാര്‍ ആര്‍ത്തന്മാര്‍
ആലംബഹീനന്മാര്‍
അവരുടെ സങ്കടമാരറിയാന്‍!''