•  2 May 2024
  •  ദീപം 57
  •  നാളം 8
നര്‍മകഥ

അമ്മാമ്മയ്ക്കിത്തിരി വെറ്റേം നൂറും

ണ്ടുമണി; ഒരു ഉച്ചയുറക്കത്തിന്റെ നേരം. തെരേശയമ്മൂമ്മ ഉമ്മറത്തെ കോലായില്‍ കാലും നീട്ടി ഇരിപ്പാണ്. നാട്ടുവഴിയിലേക്കു നോക്കിയാണിരിപ്പ്.
ഇടയ്ക്കു തൊട്ടരുകില്‍ വച്ചിരിക്കുന്ന കുഞ്ഞുവട്ടി തപ്പിയെടുത്ത് തുറന്നുനോക്കും. അപ്പോഴാ മുഖത്ത് നിരാശ; ആഗ്രഹിച്ചതു കാണാത്തതിന്റെ നിരാശ.
കൈതയോലകൊണ്ട് മെടഞ്ഞുണ്ടാക്കിയതാണാ കുഞ്ഞുവട്ടി. അത് അമ്മാമ്മയുടെ ശരീരത്തിന്റെതന്നെ ഭാഗമായിക്കഴിഞ്ഞു. അമ്മാമ്മയുള്ളിടത്തു വട്ടിയുണ്ടാകും. വട്ടിയുള്ളിടത്ത് അമ്മാമ്മയും.
കുഞ്ഞുവട്ടി അമ്മാമ്മയുടെ ചെല്ലപ്പെട്ടിയാണ്. മുറുക്കാന്‍ ചെല്ലം! അമ്മാമ്മയ്ക്ക് ഇടയ്‌ക്കൊന്നു ചവയ്ക്കണം; അതു നിര്‍ബന്ധം. അതുകൊണ്ടുതന്നെ കുഞ്ഞുവട്ടി അമ്മാമ്മ താഴെ വയ്ക്കില്ല.
അമ്മാമ്മ വീണ്ടും കുഞ്ഞുവട്ടി തുറന്നു; നിരാശതന്നെ. ഒരു കീറു വെറ്റയോ ഒരു തുണ്ടു പൊകലയോ ഒരു നുറുങ്ങ് അടയ്ക്കയോ ഒന്നുമില്ല. അമ്മാമ്മയ്ക്ക് ഒന്നു ചവയ്ക്കണം. വായ പതഞ്ഞുകൂടുന്നു.
അമ്മാമ്മ വീണ്ടും നാട്ടുവഴിയിലേക്കുതന്നെ നോക്കിയിരിപ്പായി. പിള്ളേരാരെങ്കിലും ഓടും. അപ്പോ അവരെപ്പിടിക്കാം. അമ്മാമ്മയുടെ കണ്ണുകഴച്ചതല്ലാതെ പിള്ളേരാരും അതുവഴി വന്നില്ല.
''ശ്ശേടാ; ഈ നാട്ടിലെ പിള്ളേരെല്ലാമെവിടെപ്പോയി? ഒന്നിനേം കാണാനില്ലല്ലോ.'' അമ്മാമ്മയുടെ മനസ്സ് മന്ത്രിച്ചു.
പെട്ടെന്നാണ് ഒരിളംകാറ്റു വീശിയത്. മുറ്റത്തെ മരച്ചില്ലയില്‍നിന്നു പഴുത്ത ഇലകള്‍ മുറ്റത്തേക്കു പാറിവീണു. അതു കണ്ടപ്പോഴാണ് അമ്മാമ്മയ്ക്ക് അക്കാര്യം ഓര്‍മ വന്നത്. രണ്ടു പറമ്പപ്പുറത്തു നില്ക്കുന്ന മുത്തശ്ശിമാവിന്റെ കാര്യം! പിള്ളേരെല്ലാം മാഞ്ചോട്ടിലുണ്ടാകും. മാമ്പഴക്കാലമല്ലേ; അമ്പട! അമ്മാമ്മ മനസ്സിലുറച്ചു.
മുത്തശ്ശിമാവെന്നു പറഞ്ഞാല്‍; അതൊരു തികഞ്ഞ മാവുതന്നെ. രണ്ടാള്‍ വട്ടമിട്ടു പിടിച്ചാല്‍ പിടിയെത്തില്ല. അത്രയ്ക്കുണ്ട് വണ്ണം. വളര്‍ന്നു പൊങ്ങി, പന്തലിച്ച് നിറയെ മാങ്കുലകളുമായി നില്ക്കുന്ന മാവ്. അന്നാട്ടുകാരുടെ മുത്തശ്ശിമാവ്!
അമ്മാമ്മ മെല്ലെ എണീറ്റ് നടക്കാന്‍ തുടങ്ങി. വയ്യ; വേച്ചുവേച്ചാണു നടപ്പ്. എന്നാലും തരക്കേടില്ല. നടക്കുകതന്നെ. അമ്മാമ്മയ്ക്ക് മുറുക്കണം!
അമ്മാമ്മയുടെ ഊഹം തെറ്റിയില്ല. പിള്ളേരെല്ലാം മാഞ്ചോട്ടിലുണ്ട്. കാറ്റു വീശുന്നതും നോക്കിയിരിപ്പാണ്. കാറ്റത്ത് മാങ്കമ്പിളകുമ്പോള്‍ ഇപ്പോള്‍ വീഴും ഇപ്പോള്‍ വീഴും എന്ന് കൊതിയോടെ മേലോട്ടും നോക്കിയിരിപ്പാണ് പിള്ളേര്‍.
''മക്കളേ...'' വിളി കേട്ടാണ് പിള്ളേര്‍ നോക്കിയത്. അതാ തൊട്ടടുത്തു നില്ക്കുന്നു തെരേശയമ്മാമ്മ!
''ശ്ശൊ, അമ്മാമ്മ; കണ്ടുപോയല്ലോ ഓടി മാറാനും വയ്യല്ലോ.'' എല്ലാ പിള്ളേരുടെയും മനസ്സിലെ ചിന്ത ഇതായിരുന്നു. എങ്കിലും അവര്‍ ഒന്നായിത്തന്നെ വിളികേട്ടു: ''എന്തോ.''
''മക്കളേ അമ്മാമ്മയ്‌ക്കൊന്നു ചവയ്ക്കണം. വാ പതയുന്നു. മക്കള്‍ പോയി അമ്മാമ്മയ്ക്കിത്തിരി മുറുക്കാന്‍ വാങ്ങിത്തന്നാട്ടെ.''
എന്തു ചെയ്യും? പിള്ളേര്‍ കുഴങ്ങി. മാഞ്ചോട്ടില്‍നിന്നു നീങ്ങന്‍ അവര്‍ക്കു മടി. മാമ്പഴം വീണാല്‍ തങ്ങള്‍ക്കു കിട്ടില്ലല്ലോ. അതായിരുന്നു എല്ലാവരുടെയും ചിന്ത. 'താന്‍ പോ' 'നീ പോ' എന്നിങ്ങനെ അവര്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു മാറിമാറി നിന്നു.
കുട്ടികള്‍ സങ്കടത്തിലായി. പോയാല്‍ മാമ്പഴം കിട്ടില്ല. പോയില്ലെങ്കില്‍ അമ്മാമ്മ വിഷമിക്കും. കുട്ടികളുടെ താളം ചവിട്ടു കണ്ടപ്പോള്‍ അമ്മാമ്മയ്ക്കു കാര്യം പിടികിട്ടി. അമ്മാമ്മ പറഞ്ഞു:
''മക്കളേ, മക്കള്‍ പോയിട്ടു വരുവോളം മാമ്പഴം വീഴില്ല; പോരേ?''
അമ്മാമ്മ പറഞ്ഞതില്‍ പിള്ളേര്‍ക്ക് അത്ര വിശ്വാസമില്ല. അവര്‍ പറഞ്ഞു: ''അമ്മാമ്മേ, കാറ്റു വീശുന്നതു കണ്ടില്ലേ? കാറ്റത്ത് മാമ്പഴം വീഴില്ലേ?''
ഉടനെ അമ്മൂമ്മ പറഞ്ഞു: ''ഞാനൊരു മന്ത്രം ചൊല്ലാം. മന്ത്രം കേട്ടാല്‍പ്പിന്നെ കാറ്റുവരില്ല. കാറ്റുവീശാതെ മാമ്പഴം വീഴില്ലല്ലോ'' എന്നിട്ട് അമ്മാമ്മ ഉറക്കെ ഇങ്ങനെ പാടി:
കാറ്റേ കാറ്റേ വീശരുതേ
വീശരുതേ...  വീശരുതേ
ചക്കരമാമ്പഴം വീഴ്ത്തരുതേ
വീഴ്ത്തരുതേ... വീഴ്ത്തരുതേ.
പെട്ടെന്നതാ കാറ്റു വീശാതായി. മാഞ്ചില്ലകള്‍ അനങ്ങാതായി. കുട്ടികള്‍ മാഞ്ചില്ലകളില്‍ നോക്കി നില്പാണ്. അവര്‍ കണ്ടു. കാറ്റു വീശുന്നില്ല. മാഞ്ചില്ലകള്‍ ആടുന്നില്ല. അവര്‍ അദ്ഭുതത്തോടെ അമ്മാമ്മയെ നോക്കി. അമ്മാമ്മേടെ മന്ത്രം ഫലിച്ചു!
പിള്ളേര്‍ അമ്മാമ്മേടെ കൈയില്‍നിന്നു നാണയത്തുട്ടുകള്‍ വാങ്ങി കടയിലേക്ക് ഒറ്റപ്പാച്ചില്‍. തെല്ലുനേരത്തിനുള്ളില്‍ പിള്ളേര്‍ അമ്മാമ്മയ്ക്കുള്ള മുറുക്കാന്‍ പൊതിയുമായെത്തി.
അമ്മാമ്മയ്ക്കു സന്തോഷമായി. അമ്മാമ്മയുടെ കുഞ്ഞുവട്ടി നിറയെ മുറുക്കാന്‍. അമ്മാമ്മയെ വട്ടമിട്ടു നിന്ന പിള്ളേരോടായി അമ്മാമ്മ പറഞ്ഞു:
''മക്കളേ, മടി നിറച്ചു പെറുക്കിക്കോളൂ. ഇപ്പോ വീഴും മാമ്പഴം.'' അമ്മാമ്മ മന്ത്രം ചൊല്ലാന്‍ തുടങ്ങി.
''കാറ്റേ കാറ്റേ പുന്നാരക്കാറ്റേ
പാറിപ്പാറി വരൂ കാറ്റേ
മാഞ്ചില്ല കുലുക്കാന്‍ വരൂ കാറ്റേ
മാമ്പഴമൊത്തിരി വീഴട്ടെ.''
അമ്മാമ്മ മന്ത്രം ചൊല്ലിത്തീര്‍ന്നതും മാഞ്ചില്ലകള്‍ ഇളകിയാടാന്‍ തുടങ്ങി. പ്‌ടേ; പ്‌ടേ; പടപടേന്ന് മാമ്പഴം; മാഞ്ചോട്ടില്‍. തിക്കിത്തിരക്കി മാമ്പഴം പെറുക്കുന്നതിനിടെ പിള്ളര്‍ ഇങ്ങനെ പാടി:
''അമ്മാമ്മയ്ക്കിത്തിരി വെറ്റേം നൂറും
പിള്ളേര്‍ക്കൊത്തിരി മാമ്പഴവും
വീഴട്ടേ വീഴട്ടേ; മാമ്പഴമൊത്തിരി വീഴട്ടെ
ഞങ്ങടെ മടിയും നിറയട്ടെ.''

 

Login log record inserted successfully!