•  2 May 2024
  •  ദീപം 57
  •  നാളം 8
നര്‍മകഥ

അപ്പുക്കുട്ടനു പിണഞ്ഞ അമളി

അപ്പുക്കുട്ടന്റെ സുഹൃത്തിന്റെ വിവാഹം. കൂടെപ്പഠിച്ചവര്‍ മിക്കവരും വരും. നന്നായി ഒരുങ്ങിത്തന്നെ വേണം പോകാന്‍.അരമണിക്കൂര്‍ നേരത്തെ ഒരുക്കം കഴിഞ്ഞ് കാറുമെടുത്ത് ഇറങ്ങി. മെയിന്‍ റോഡിലെത്തി  അല്പം നീങ്ങിയപ്പോള്‍ മുമ്പില്‍ പോയിരുന്ന കാര്‍ നിര്‍ത്തി. അതില്‍നിന്നിറങ്ങിയ ആള്‍, നടന്നുപോകുകയായിരുന്ന  ഒരു സ്ത്രീയെ ബലമായി പിടിച്ചു കാറിനകത്തേക്കു കയറ്റാന്‍ ശ്രമിക്കുന്നതുകണ്ട് അപ്പുക്കുട്ടനും വണ്ടി നിര്‍ത്തി. അപ്പുക്കുട്ടന്റെ ബുദ്ധിപ്രവര്‍ത്തിച്ചു. പീഡനകാലമാണ്. അയാളുടെ കൈയില്‍നിന്ന് ആ സ്ത്രീയെ രക്ഷിക്കണം.

ഒരു നിമിഷം കളയാതെ ഓടിച്ചെന്ന് മല്‍പ്പിടിത്തത്തിലൂടെ അയാളുടെ കൈവിടുവിച്ചു. കരണത്തൊന്നു പൊട്ടിച്ചിട്ട് ഒരു തള്ളും കൊടുത്തു. അയാള്‍ മലര്‍ന്നടിച്ചു വീണു. അയാളെണീറ്റു വരുന്നതിനുമുമ്പ് അപ്പുക്കുട്ടന്‍ അവളെ പിടിച്ചുവലിച്ചുകൊണ്ടുവന്ന് സ്വന്തം കാറിന്റെ പിന്നിലെ ഡോര്‍ തുറന്ന് അകത്തേക്കു തള്ളിയിട്ട് അടച്ചു. എന്നിട്ടു ചാടിക്കയറി വണ്ടി അതിവേഗം മുന്നോട്ടെടുത്തു.
ഈ സ്ത്രീക്ക് എവിടെയാണു പോകേണ്ടതെന്നു ചോദിച്ച് സുരക്ഷിതമായി അവിടെ എത്തിച്ചിട്ടു പോകാം - മനസ്സില്‍ പറഞ്ഞു.
പെട്ടെന്ന് അവള്‍ നിലവിളിക്കാന്‍ തുടങ്ങി. 
''അയ്യോ... എന്നെ തട്ടിക്കൊണ്ടു പോകുന്നേ... രക്ഷിക്കണേ...''
പിന്നാലെ ബൈക്കില്‍ വന്ന രണ്ടുപേര്‍ മുമ്പില്‍ക്കയറി വിലങ്ങി കാര്‍ നിര്‍ത്തിച്ചു. അവര്‍ ചാടിയിറങ്ങി അപ്പുക്കുട്ടനെ ശരിക്കു കൈകാര്യം ചെയ്തു. അതുകണ്ട് ഓടിക്കൂടിയ പലരും കൈത്തരിപ്പു തീര്‍ത്തു. അയാള്‍ റോഡരികില്‍ ചുരുണ്ടുകൂടിക്കിടന്നു.
''എന്താണുണ്ടായത്?'' 
ഞാനും ഭര്‍ത്താവുമായി ഓരോന്നു പറഞ്ഞു വഴക്കുകൂടി. അതുകഴിഞ്ഞ് പുള്ളിക്കാരന്‍ കുളിക്കാന്‍ കയറിയപ്പോള്‍ ഞാന്‍ എന്റെ വീട്ടിലേക്കു പോകുന്നെന്നു പറഞ്ഞിട്ട് ഇറങ്ങിപ്പോന്നു. ഭര്‍ത്താവ് കാറുമായി വന്ന് എന്നെ പിടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ വന്ന് എന്നെ തട്ടിക്കൊണ്ടുപോയത്.'' എല്ലാവരും അപ്പുക്കുട്ടന്റെ നേരേ വീണ്ടും തിരിയുന്നതുകണ്ട് അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. 

Login log record inserted successfully!