•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പ്രലോഭനങ്ങളുടെ പ്രളയകാലം

പ്രലോഭിതരാവുക എന്നതു മനുഷ്യസഹജമാണ്. എന്നാല്‍, പ്രലോഭനത്തിനു വിധേയരാകുന്നതാണു പ്രശ്‌നം. ആദിമപറുദീസയില്‍ മൂന്നു പ്രലോഭനങ്ങളുമായി സാത്താന്‍ കടന്നുവന്നു. ആ പ്രലോഭനത്തില്‍ ആദിമാതാപിതാക്കള്‍ വീണു. കാണാന്‍ കൊള്ളാവുന്ന പഴം ഹവ്വായ്ക്കു കാണിച്ചു കൊടുത്തു. ഇതിനെ വിളിക്കാവുന്ന പേരാണ് കണ്ണുകളുടെ ദുരാശ. ആ പഴം പറിച്ചു തിന്നാന്‍ ഹവ്വായ്ക്കു തോന്നി. അതിന്റെ പേരാണ് ജഡത്തിന്റെ ദുരാശ. പഴംതിന്ന് ദൈവത്തെപ്പോലെയാവാന്‍ മോഹം തോന്നി. ജീവിതത്തിന്റെ അഹന്തയെന്ന് ഈ വികാരത്തെ വിളിക്കാം. യോഹന്നാന്റെ ഒന്നാം ലേഖനത്തില്‍ രണ്ടാമധ്യായത്തില്‍ മനുഷ്യന്റെ പാപങ്ങളെ മൂന്നു തലക്കെട്ടുകളുടെ കീഴില്‍ ചുരുക്കിയിരിക്കുന്നു. അവ കണ്ണുകളുടെ ദുരാശ, ജഡത്തിന്റ ദുരാശ, ജീവിതത്തിന്റെ അഹന്ത എന്നിവയാണെന്ന് യോഹന്നാന്‍ വിവരിക്കുന്നു. അമ്പതുനോമ്പിന്റെ തുടക്കത്തില്‍ യേശുവിനുണ്ടായ മൂന്നു പ്രലോഭനങ്ങള്‍ നാം ധ്യാനിച്ചു. കാണാവുന്ന ദേശംമുഴുവന്‍ കാണിച്ചുകൊടുത്തുകൊണ്ട് കണ്ണുകളുടെ ദുരാശയിലേക്കു നയിക്കാന്‍ ശ്രമിക്കുന്നു. കല്ലിനെ അപ്പമാക്കി മാറ്റിക്കൊണ്ടു ജഡത്തിന്റെ ദുരാശയിലേക്കു വശീകരിക്കാന്‍ ശ്രമിക്കുന്നു. താന്‍ ദൈവപുത്രനല്ലേയെന്ന ചിന്ത ഉണര്‍ത്തിക്കൊണ്ട് ജീവിതത്തിന്റെ അഹന്തയിലേക്കു വല വിരിക്കുന്നു.
മൂന്നുവിധത്തിലുള്ള പ്രലോഭനങ്ങള്‍ ഓരോ മനുഷ്യനിലും സംഭവിക്കാം. അതിന്റെ സൂചനയാണ് യേശുവിന്റെ പ്രലോഭനങ്ങളില്‍ നാം കാണുന്നത്. ശരീരത്തിലുണ്ടാവുന്ന പ്രലോഭനമാണ് ആദ്യത്തേത്. കല്ലുകളെ അപ്പമാക്കി മാറ്റിക്കൊണ്ട് ജഡത്തിന്റെ ദാഹത്തെ ശമിപ്പിക്കാന്‍ സാത്താന്‍ പ്രലോഭിപ്പിക്കുന്നു. വിശന്നു നില്‍ക്കുന്നവന്റെ ബലഹീനതയാണ് അപ്പം. കല്ലിനെ ഒരു നിമിഷംകൊണ്ട് അപ്പമാക്കി മാറ്റാനാണു പ്രലോഭനം. കല്ലു പൊടിഞ്ഞു മണ്ണായിത്തീരണം. ആ മണ്ണ് വളംകൊണ്ടു നിറയണം. അതില്‍ വിത്തു വിതയ്ക്കണം. അതു മുളയ്ക്കണം. അതില്‍ ഗോതമ്പു വിളയണം. ആ ഗോതമ്പ് അപ്പമായി മാറണം. ഇതൊന്നും കൂടാതെ ഒരു നിമിഷംകൊണ്ടു മാന്ത്രികനെപ്പോലെ കല്ലിനെ അപ്പമാക്കി ഭക്ഷിക്കാന്‍ സാത്താന്‍ പ്രലോഭിപ്പിക്കുന്നു.
ജഡികമായ സന്തോഷങ്ങള്‍ക്കുവേണ്ടി ഓടിനടക്കുന്നവനാണ് മനുഷ്യന്‍. നോമ്പുകാലം ജഡത്തിന്റെ വാസനകളെ നിയന്ത്രിക്കുവാന്‍ സ്വയം പരിശീലിക്കുന്ന ദിവസങ്ങളാണ്. ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തിയും കുരിശിന്റെ വഴി നടത്തിയും കൈകള്‍ വിരിച്ചുപിടിച്ചു പ്രാര്‍ത്ഥിച്ചും മുട്ടില്‍നിന്ന് നൊമ്പരമനുഭവിച്ചു പ്രാര്‍ത്ഥിച്ചും പരിഹാരത്തിന്റെ വഴികള്‍ നാം തേടുന്നു. സുഖമോഹങ്ങളുടെ ശാശ്വതഭൂമികളില്‍ അലയുന്ന നമ്മെ അനുതാപത്തിലേക്കും മാനസാന്തരചിന്തകളിലേക്കും നോമ്പുകാലത്യാഗങ്ങള്‍ നയിക്കുന്നു.
ദൈവാലയഗോപുരത്തില്‍നിന്നു താഴത്തേക്കുചാടി ലോകത്തിന്റെ കൈയടി വാങ്ങാനുള്ള പ്രലോഭനമായിരുന്നു രണ്ടാമത്തേത്. മനസ്സിലുണ്ടാവുന്ന ഒരു പ്രലോഭനമാണിത്. മനുഷ്യരുടെ പ്രശംസയും ഭംഗിവാക്കും പ്രതീക്ഷിച്ചുള്ള പ്രവൃത്തികളിലേക്ക് ഈ പ്രലോഭനം വിരല്‍ ചൂണ്ടുന്നു. മാനസികമായ ഈ പ്രലോഭനത്തെ അതിജീവിക്കാന്‍ നോമ്പുകാലത്തു നാം ശ്രദ്ധിക്കുന്നു. ഒരാള്‍ നമ്മെ താഴ്ത്തിപ്പറയുമ്പോഴും പരിഹസിക്കുമ്പോഴും തളരാതെ നില്‍ക്കാന്‍ പഠിക്കണം. അവന്‍ വളരുകയും താന്‍ ചെറുതാകുകയും ചെയ്യണമെന്ന സ്‌നാപകയോഹന്നാന്റെ വചനത്തെ ധ്യാനിക്കണം. അനാവശ്യമായി നിങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ആഹ്ലാദിക്കുവിന്‍ എന്ന യേശുവിന്റെ ഓര്‍മപ്പെടുത്തല്‍ നാം തള്ളിക്കളയരുത്. സ്വയം താഴുന്നതിലും മറ്റുള്ളവരാല്‍ തിരസ്‌കൃതനാകുന്നതിലും നാം അര്‍ത്ഥം കണ്ടെത്തണം. മനുഷ്യന്റെ പ്രശംസയ്ക്കുവേണ്ടിയുള്ള മോഹത്തെ ഇതുവഴി നാം അതിജീവിക്കും.
ഒരു നിമിഷം കുമ്പിട്ട് ആരാധിക്കാനുള്ള പ്രലോഭനമായിരുന്നു മൂന്നാമത്തേത്. 'ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്' എന്ന മറുപടി യേശു നല്‍കുന്നു. ലോകത്തിലുണ്ടായ എല്ലാ പാപങ്ങളും ഒരു നിമിഷത്തിന്റെ പാപമാണ്. കായേന്‍ ആബേലിനെ കൊന്നത് ഒരു നിമിഷംകൊണ്ടാണ്. വികാരത്തിനടിമപ്പെട്ട് ഒരു നിമിഷംകൊണ്ടു ചെയ്യുന്ന പ്രവൃത്തികളെ നാം ഓര്‍ക്കണം. ദാവീദ് രാജാവ് ഉറിയാവിന്റെ ഭാര്യയെ പ്രാപിച്ചത് ഒരു നിമിഷംകൊണ്ടാണ്. 'പാപത്തിന് ഒരു നിമിഷം, പരിഹാരത്തിന് ഒരു ജന്മം' എന്നു പറയാറുമുണ്ടല്ലോ. വൈകാരികമായ ക്ഷോഭംകൊണ്ടു പ്രകടിപ്പിക്കുന്ന കോപവും ചീത്തപറച്ചിലും എല്ലാം ഈ പ്രലോഭനത്തില്‍ ഉള്‍പ്പെടുന്നു. ഒരു കാര്യസാധ്യത്തിനുവേണ്ടി ചെറിയ കള്ളം പറയുന്നതും കൈക്കൂലി കൊടുക്കുന്നതുമെല്ലാം ഇതില്‍പ്പെടുന്നു. ദീര്‍ഘസമയം കണ്ണുതുറന്നിരുന്നു വാഹനം ഓടിച്ചിട്ട് ഒരു നിമിഷം കണ്ണടച്ചാല്‍ നാം അപകടത്തിലാവും. ആത്മീയജീവിതത്തിലെ ചെറിയ അശ്രദ്ധകള്‍ നമ്മെ തകര്‍ക്കാം. നോമ്പുകാലം ജാഗരൂകരായി ജീവിക്കണമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)