ഓരോ യുദ്ധത്തിലും അറബ്‌രാഷ്ട്രങ്ങള്‍ കൂടുതല്‍ പരാജയം ഇസ്രയേലിനോട് ഏറ്റുവാങ്ങിക്കൊണ്ടിരുന്നെങ്കിലും ഇസ്രയേലിനെ ഇല്ലായ്മ ചെയ്യണമെന്ന അവരുടെ ദുരാഗ്രഹത്തിനു യാതൊരു ക്ഷീണവുമുണ്ടായില്ല. 2005 ല്‍ ഇറാന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മഹ്‌മൂദ് അഹമ്മദിനെജാദ് സ്ഥാനമേറ്റെടുത്തുകൊണ്ടു നടത്തിയ പ്രഥമപ്രസംഗത്തില്‍ത്തന്നെ പ്രഖ്യാപിച്ചത് ഇസ്രയേലിനെ ഭൂപടത്തില്‍നിന്നു മായ്ച്ചുകളയും എന്നായിരുന്നു. യഹൂദരില്ലാത്ത ഒരു ലോകമാണ് തന്റെ സങ്കല്പത്തിലുള്ളതെന്നു കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല. 2009 ല്‍ സ്ഥാനമൊഴിയുന്നതുവരെ പക്ഷേ, ഒന്നും സംഭവിച്ചില്ല. 2009 ല്‍ അദ്ദേഹം രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ അധികാരമൊഴിഞ്ഞ് ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു. ഇസ്രയേലിനോട് അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന തീരാദുഃഖവും പേറിയാവും അദ്ദേഹം ശിഷ്ടജീവിതം കഴിച്ചുകൂട്ടുന്നത്.
ഇറാന്റെ പരമോന്നതനേതാവായ അലി ഖമനേയ് 2015 സെപ്റ്റംബര്‍ 19 ന് നടത്തിയ ഒരു പ്രവചനം, ഇസ്രയേല്‍ അടുത്ത 25 വര്‍ഷംപോലും നിലനില്ക്കില്ല എന്നാണ്. ഉടന്‍ തുടച്ചുനീക്കും എന്ന ദുര്‍വാശി ഒട്ടൊന്നു കുറഞ്ഞതുപോലെ! എങ്കിലും അദ്ദേഹം ഇസ്രയേലിന്റെ നാശത്തെക്കുറിച്ചുള്ള പ്രവചനം ഓരോ വര്‍ഷവും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 2024 മേയ് 24 ന് അദ്ദേഹം ഭക്തജനങ്ങള്‍ക്കു റംസാന്‍ സന്ദേശം നല്കിയത് തോക്കുകുത്തിപ്പിടിച്ചുകൊണ്ടായിരുന്നു. ഇസ്രയേല്‍നാശമെന്ന അള്ളാഹുവിന്റെ വാഗ്ദാനം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് അദ്ദേഹം വിശ്വാസികളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പലസ്തീന്‍ചത്വരത്തില്‍ ഇസ്രയേല്‍വിരുദ്ധര്‍ ഒരു ക്ലോക്കു സ്ഥാപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ നാശം അടയാളപ്പെടുത്തിയിട്ടുള്ള ഈ ക്ലോക്കില്‍ 2040 വരെയുള്ള സമയമേ ക്രമീകരിച്ചിട്ടുള്ളൂ.
എല്ലാംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു ജനതയ്‌ക്കെതിരേ മറ്റൊരു ജനത അതിന്റെ രാഷ്ട്രീയസാമ്പത്തികസ്രോതസ്സുകളെല്ലാം ഉപയോഗിച്ചു സംഹാരഭീഷണി മുഴക്കുന്ന ചിത്രമാണു തെളിഞ്ഞുവരുന്നത്. വേട്ടക്കാരുടെ പക്ഷം വളരെ വിപുലമാണ്. പക്ഷേ, ഇരയുടെ കൗശലം അവരുടെ എല്ലാ തന്ത്രങ്ങളെയും പരാജയപ്പെടുത്തുന്നു. ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന ആറു മുസ്ലീം രാജ്യങ്ങളിലെ ആകെ ജനസംഖ്യ 28 കോടിയിലധികമാണ്. ഇസ്രയേലിലേതാകട്ടെ ഒരു കോടിയില്‍താഴെയും.
ജനസംഖ്യാനുപാതികമായി സൈനികശക്തിക്കും ഏറ്റക്കുറച്ചിലുണ്ടാകും. പക്ഷേ, എണ്ണത്തിലല്ല, യുദ്ധതന്ത്രങ്ങളിലും ആയുധങ്ങളുടെ സംഹാരശേഷിയിലുമാണു ജയപരാജയങ്ങള്‍ വ്യത്യസ്തമാകുന്നത്. അക്കാര്യത്തില്‍ ഇസ്രയേലിനോടു കിടപിടിക്കാന്‍ അറബ് രാജ്യങ്ങള്‍ക്കു കഴിയുന്നില്ലെന്ന് 1948 മുതലുള്ള എല്ലാ യുദ്ധങ്ങളും ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല സംഹരിക്കാന്‍ പുറപ്പെടുന്നവരെക്കാള്‍ അതിജീവനം കൊതിക്കുന്നവര്‍ക്കു പ്രഹരശേഷി കൂടുന്നതു സ്വാഭാവികവുമാണ്. ഓരോ യുദ്ധവും ഇസ്രയേലിന്റെ നിലനില്പിനെതിരെയുള്ള ആക്രമണമായിരുന്നു. അവയെ അതിജീവിക്കേണ്ടത് ഇസ്രയേലിന്റെ മാത്രം ആവശ്യവും. ജീവനു ഭീഷണി നേരിടുമ്പോള്‍ ഏതു ദുര്‍ബലനും ശക്തനായിരിക്കും. ശത്രുവിനെതിരെ അയാള്‍ സര്‍വശക്തിയുമെടുത്തു പ്രഹരിക്കും. ഇസ്രയേലിന്റെ കാര്യത്തില്‍ അതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. എതിരാളികളെ നേരിടുന്നതില്‍ സംഭവിക്കുന്ന ചെറിയൊരു വീഴ്ചപോലും തങ്ങളുടെ സര്‍വനാശം ക്ഷണിച്ചുവരുത്തും എന്നവര്‍ക്കു ബോധ്യമുണ്ട്. അറബ് രാജ്യങ്ങള്‍ക്ക് ഇസ്രയേലിനെ കൊന്നു രസിച്ചാല്‍ മതി. ഇസ്രയേലിനു പക്ഷേ, അങ്ങനെ കൊല്ലപ്പെടാന്‍ നിന്നുകൊടുക്കാന്‍ മനസ്സില്ല. ഈ വസ്തുത തിരിച്ചറിഞ്ഞല്ല ഇസ്രയേല്‍ വിരുദ്ധരുടെ പ്രതികരണങ്ങള്‍. 'നിങ്ങള്‍ കഴുത്തു നീട്ടിക്കൊടുക്കൂ, അവരെന്തെങ്കിലും ചെയ്തുകൊള്ളട്ടെ. നിങ്ങള്‍ക്കു ജീവിക്കാന്‍ അവകാശമില്ലല്ലോ, എന്ന മനുഷ്യത്വരഹിതമായ നിലപാടാണ്, എന്നും അവരുടേത്!
വിചിത്രമായ ഈ നിലപാടിന്റെ ഏറ്റവും പരിഹാസ്യമായ മുഖമാണ് 2023 ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിലും ലോകം കണ്ടത്.
കഴിഞ്ഞ അമ്പതുവര്‍ഷത്തിനിടയില്‍ ലോകത്തിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് 2023 ഒക്‌ടോബര്‍ ഏഴിനു ലോകം കണ്ടത്. അന്നൊരു ശനിയാഴ്ചയായിരുന്നു. യഹൂദരുടെ സാബത്തുദിവസം. ആളുകള്‍ ഉറക്കമുണര്‍ന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. വെളുപ്പിന് 6.30. ഗാസ ഭാഗത്തുനിന്ന് 3000 ത്തിലധികം വരുന്ന ഹമാസ് ഭീകരസംഘം തെക്കന്‍ ഇസ്രയേലിലേക്ക് വെടിക്കോപ്പുകളും സ്‌ഫോടകവസ്തുക്കളുമായി ഇരച്ചുകയറി. ഗാസഭാഗത്തുനിന്നു തുരുതുരെ റോക്കറ്റുകള്‍ ഇസ്രയേല്‍ഭാഗത്തേക്കു വന്നുകൊണ്ടിരുന്നു. അത് ആക്രമണകാരികള്‍ക്കു പിന്‍ബലം നല്കാനുള്ള ഭീകരവാദികളുടെ തന്ത്രമായിരുന്നു.
തെക്കന്‍ ഇസ്രയേലില്‍ അന്നു നോവാമ്യൂസിക് ഫെസ്റ്റിവല്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. നാലായിരത്തിലധികം ആളുകള്‍ അവിടെ സമ്മേളിച്ചിരുന്നു. ജനക്കൂട്ടത്തിനിടയിലേക്ക് ഇരച്ചുകയറിയ ഭീകരവാദികള്‍ കണ്ണില്‍ക്കണ്ടവരെയൊക്കെ വകവരുത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ സംഗീതമേള കൊലക്കളമായി മാറി. ആളുകള്‍ നാലുഭാഗത്തേക്കും ചിതറിയോടി. 364 പേര്‍ അവിടെത്തന്നെ മരിച്ചു വീണു. സെക്യൂരിറ്റിക്കാരുടെ തിരിച്ചടിയില്‍ 20 ഭീകരരും കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് തടവുകാരായി കൊണ്ടുപോയി.
ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനത്തിനു പറ്റിയ ഒരു പിഴവായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനമാണ് ഇസ്രയേലിന്റെ മൊസാദ്. അവര്‍ക്കും പിഴവുപറ്റി. പക്ഷേ, ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, ഇത്തരമൊരു ഭീകരാക്രമണസാധ്യതയെപ്പറ്റി ഈജിപ്ത് ഇസ്രയേലിനു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും പറയപ്പെടുന്നു. അത്ര എളുപ്പത്തിലൊന്നും തങ്ങളെ ആക്രമിക്കാന്‍ കഴിയില്ലെന്ന അമിതവിശ്വാസമാകാം ഇസ്രയേലിനു വിനയായത്. ഹമാസുമായി ചില സമാധാനചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്ന സമയമായിരുന്നെന്നും സൂചനകളുണ്ട്.
അതെന്തായാലും, ഇത്രമേല്‍ ഭയങ്കരമായ ഒരു ബാഹ്യാക്രമണം 1948 നുശേഷം ഇസ്രയേലിനു നേരിടേണ്ടിവന്നിട്ടില്ല. ആകെ 1200 ഇസ്രയേല്‍പൗരന്മാര്‍ കൊല്ലപ്പെട്ടു, സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരത്തിലധികം പേര്‍ക്കു പരിക്കേറ്റു. ആശുപത്രികള്‍ പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞു. വഴികളിലെല്ലാം നിലയുറപ്പിച്ചിരുന്ന ഭീകരരെ മറികടന്ന് പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതും എളുപ്പമായിരുന്നില്ല.
ഇസ്രയേല്‍ തിരിച്ചടിക്കാന്‍ ഒട്ടും വൈകിയില്ല. രാവിലെ 10.47 നുതന്നെ ഗാസയിലേക്ക് ആദ്യത്തെ വ്യോമാക്രമണമുണ്ടായി. പിറ്റേന്ന് ഗാസയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. വ്യോമാക്രമണങ്ങള്‍ കടുത്തതോടെ ഗാസയില്‍നിന്ന് അഭയാര്‍ഥിപ്രവാഹവും ആരംഭിച്ചു. ഗാസയുടെ വടക്കുഭാഗത്തുനിന്നു ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ അന്ത്യശാസനം നല്കി. അതോടെ വടക്കന്‍ഗാസയിലെ പലസ്തീനികള്‍ കൂട്ടത്തോടെ ഗാസയുടെ തെക്കുഭാഗത്തേക്കു പലായനം ചെയ്തു.
ഗാസയില്‍ ഹമാസ് നടത്തിയ ഒരേയൊരു വികസനപ്രവര്‍ത്തനം തുരങ്കനിര്‍മാണമാണ്. 365 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ആ പ്രദേശത്ത് 800 ലധികം കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തുരങ്കങ്ങളുണ്ട്. ഭീകരരുടെ ഒളിത്താവളമായും ആയുധങ്ങളുടെ സംഭരണശാലയായും ഉപയോഗിക്കുകയെന്നതായിരുന്നു ഉദ്ദേശ്യം. മിക്കവാറും എല്ലാ ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും അടിഭാഗത്തു തുരങ്കങ്ങളുണ്ട്. ഭീകരരുടെ താവളം ലക്ഷ്യമാക്കി നടത്തുന്ന മിസൈല്‍ ആക്രമണങ്ങളില്‍ ആശുപത്രികളും വിദ്യാലയങ്ങളും തകര്‍ന്നു പോകുന്നതിന്റെ കാരണമിതാണ്.
ഹമാസ് ഭീകരര്‍ പൊതുവെ ജനങ്ങള്‍ക്കിടയിലാണു താമസം. അതുകൊണ്ട് അവരെ ലക്ഷ്യം വച്ചുള്ള യുദ്ധനീക്കങ്ങളില്‍ നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ളവര്‍ മരിക്കുന്നു. ഹമാസിനു ജനങ്ങളെപ്പറ്റി ഉത്കണ്ഠയില്ല. കാരണം, ഗാസയിലെ 85 % ജനങ്ങളും അഭയാര്‍ഥികളാണ്. സ്വന്തം ജനങ്ങളെപ്പറ്റിപ്പോലും ആകുലതയില്ലാത്തവര്‍ക്ക് അഭയാര്‍ഥികളായെത്തിയിരിക്കുന്നവരെപ്പറ്റി എന്തെങ്കിലും കരുതലുണ്ടാകമോ? കൊല്ലപ്പെടുന്നവരില്‍ നല്ലൊരു ഭാഗം ഭീകരപ്രവര്‍ത്തകര്‍തന്നെയാണ്. അവരെയും പ്രദേശവാസികളെയും വേര്‍തിരിച്ചറിയാന്‍ നിര്‍വാഹമില്ലല്ലോ. അതുകൊണ്ടുതന്നെ മരണസംഖ്യയും വര്‍ധിക്കുന്നു.
ഒക്‌ടോബര്‍ 28 ന് ഐക്യരാഷ്ട്രസഭ ഒരു പ്രമേയം പാസാക്കി. ജനങ്ങള്‍ക്കു ജീവകാരുണ്യസഹായമെത്തിക്കാന്‍വേണ്ടി ഇരുകൂട്ടരും വെടിനിര്‍ത്തണമെന്നതായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. അതുകൊണ്ടുപക്ഷേ, പ്രയോജനമുണ്ടായില്ല. പിന്നീട് ഖത്തര്‍ മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചകളുടെ ഫലമായി നവംബര്‍ 23 ന് താത്കാലികയുദ്ധവിരാമമുണ്ടായി, ഒരാഴ്ചത്തേക്കുമാത്രം. ഈ സമയത്തു 105 തടവുകാരെ ഹമാസും 240 തടവുകാരെ ഇസ്രയേലും വിട്ടയച്ചു.
ഇത്തരത്തിലുള്ള ഹ്രസ്വകാല വെടിനിര്‍ത്തലുകള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍, ഒരു തന്ത്രമാണ്. കിട്ടുന്ന ഇടവേളകൊണ്ടു കൂടുതല്‍ കരുത്താര്‍ജിക്കുക. കൂടുതല്‍ ആയുധങ്ങള്‍ സംഭരിക്കാം. കൂടുതല്‍ പോരാളികളെ റിക്രൂട്ട് ചെയ്യാം. ഇരുകൂട്ടര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇസ്രയേല്‍ - ഹമാസ് വെടിനിര്‍ത്തലിലും ഇതൊക്കെത്തന്നെയായാണു സംഭവിച്ചത്.
ഒരാഴ്ചത്തേക്കുള്ള വെടിനിര്‍ത്തില്‍ ഒരു ദിവസം പോലും കൂടുതല്‍ നീണ്ടില്ല. ഡിസംബര്‍ ഒന്നിനുതന്നെ ഏറ്റുമുട്ടല്‍ പുനരാരംഭിച്ചു. ഇപ്പോള്‍ മുഴുവനര്‍ഥത്തിലും ഹമാസ് പ്രതിരോധത്തിലാണ്. ഒക്‌ടോബര്‍ ഏഴിനു മറിച്ചായിരുന്നു. ഹമാസ്ഭീകരരെ ഒന്നൊഴിയാതെ ഇല്ലാതാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. മൂന്നുദശകങ്ങളായി ഹമാസിന്റെ ഭീകരാക്രമണത്തിനിരയാണ് ഇനിയും ക്ഷമിക്കാനാവില്ല എന്നാണവരുടെ നിലപാട്. മറുവശത്തും ലക്ഷ്യം ഒരു തുടച്ചുനീക്കല്‍തന്നെ; ഇസ്രയേലിന്റെ. അതുകൊണ്ടുതന്നെ ഇതൊരു ജീവന്മരണപോരാട്ടമാണ്.
ഡിസംബറിന്റെ ആരംഭത്തില്‍ ലോകരാഷ്ട്രങ്ങളുടെ ഉത്കണ്ഠവര്‍ധിപ്പിച്ചുകൊണ്ട് ഗാസയിലെ മരണസംഖ്യ 15000 കവിഞ്ഞു. ഒരു മാസംകൂടി പിന്നിട്ടപ്പോഴേക്കും മരണസംഖ്യ 25000 കടന്നു. ഇതിനിടയിലും സമാധാനചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. 2024 ഫെബ്രുവരിയില്‍ കെയ്‌റോയില്‍ ഇത്തരത്തിലൊരു ചര്‍ച്ച നടന്നെങ്കിലും അതു വിജയിച്ചില്ല.
വീണ്ടും ഓഗസ്റ്റ് 25 ന് അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മധ്യസ്ഥരായി ഒരു ചര്‍ച്ച ദോഹയില്‍ നടന്നു. അതും പരാജയപ്പെട്ടു. ഇത്രയുമായപ്പോഴേക്കും ഖത്തര്‍ നിരാശരായി. സമാധാനചര്‍ച്ചയില്‍നിന്നു തങ്ങള്‍ പിന്‍വാങ്ങുകയാണെന്ന് നവംബര്‍ ഒമ്പതിന് ഖത്തര്‍ പ്രഖ്യാപിച്ചു. എങ്കിലും ഡിസംബര്‍ ആയപ്പോഴേക്കും സമാധാനശ്രമങ്ങള്‍ ഊര്‍ജിതമായി. ഖത്തറും അതില്‍ പങ്കാളിയായി. അപ്പോഴേക്കും ഗാസയിലെ മരണം 45000 കടന്നിരുന്നു.
ഒടുവില്‍ അതു യാഥാര്‍ഥ്യമായി. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നിവര്‍ മുന്‍കൈയെടുത്തു നടത്തിയ 15 ദിവസം നീണ്ട മധ്യസ്ഥചര്‍ച്ചയാണ് 2025 ജനുവരി 15 ന് ഫലപ്രാപ്തിയിലെത്തിച്ചത്. ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. ഖത്തര്‍ പ്രധാനമന്ത്രിയാണ് ഈ സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്.