•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

യൂണിഫോം വിവാദം തുടര്‍ക്കഥയാകുമ്പോള്‍

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 24 March , 2022

കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള സര്‍ക്കാരിന്റെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചിരിക്കുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി വിശാലബെഞ്ചിന്റെ വിധി. ക്ലാസില്‍ ഹിജാബ് (ശിരോവസ്ത്രം) ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി, കുന്ദാപുര എന്നീ ഗവ. കോളജുകളിലെ ഒന്‍പതു വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജി തള്ളിയതിനു തൊട്ടുപിന്നാലെ ഒരു വിദ്യാര്‍ത്ഥിനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയിരിക്കുകയാണ്.
ഹിജാബ് ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ കീഴില്‍ വരുന്നില്ലെന്നും, സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച സര്‍ക്കാരിന്റെ നിര്‍ദേശം അനുച്ഛേദം 19-1 (എ) പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെയോ 21-ാം അനുച്ഛേദപ്രകാരമുള്ള സ്വകാര്യതയുടെയോ ലംഘനമല്ലെന്നും  കോടതി വിലയിരുത്തി. ചീഫ് ജസ്റ്റീസ് റിതുരാജ് അവസ്തി, ജസ്റ്റീസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം. ഖാസി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു വിധി.
മൂന്നു ചോദ്യങ്ങളാണു കോടതി പ്രധാനമായും പരിഗണിച്ചത്. 1. ഹിജാബ് ഇസ്‌ലാം മതവിശ്വാസപ്രകാരം ഒഴിച്ചുകൂടാന്‍ പറ്റാത്ത ആചാരമാണോ? 2. വിദ്യാലയങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നതു മൗലികാവകാശലംഘനമാണോ? 3. യൂണിഫോം ഉള്ള സ്‌കൂളുകളില്‍ മതവസ്ത്രങ്ങള്‍ പാടില്ലെന്ന ഉത്തരവ് മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ? പതിനൊന്നു ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം നല്കി ഹൈക്കോടതി നിര്‍ണായകവിധി പുറപ്പെടുവിച്ചത്.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഡ്രസ്‌കോഡ് സംബന്ധിച്ച കേസില്‍ ഹിജാബ് ഇസ്‌ലാം മതാചരണത്തിന്റെ ഭാഗമാണെന്ന കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി (2016) ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത് വിശാലബെഞ്ച് പരിഗണിച്ചില്ല. യൂണിഫോം സംബന്ധിച്ച മറ്റൊരു കേസില്‍ (2018) വിദ്യാഭ്യാസസ്ഥാപനത്തിന്റെ മാനേജുമെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കേണ്ടതാണെന്നും അതില്‍ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാനാവില്ലെന്നും കോടതി വിധിച്ചിരുന്നു.
വിദ്യാലയങ്ങളില്‍ മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നു വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധം പിടിക്കരുതെന്നു കര്‍ണാടക ഹൈക്കോടതി 2022 ഫെബ്രുവരിയിലെ ഒരു ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. യൂണിഫോമുകളില്‍ മത-രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവരുതെന്ന നിലപാടില്‍ നീതിപീഠം ഉറച്ചുനിന്നു എന്നാണ് അതിനര്‍ത്ഥം. ഈ വിഷയത്തില്‍ 2018 ലെ കേരള ഹൈക്കോടതിയുടെ  ഒരു വിധിപ്രസ്താവം (ണജഇ 35293/2018) ശ്രദ്ധേയമാണ്. മതാചാരപ്രകാരം തല മറയ്ക്കുന്ന ഹിജാബും ഫുള്‍സ്ലീവ് ഷര്‍ട്ടും യൂണിഫോമിനൊപ്പം ധരിക്കാനുള്ള അനുമതി തേടി തിരുവനന്തപുരത്തെ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയില്‍ എത്തിയതിനെത്തുടര്‍ന്നുണ്ടായ വിധിയാണത്. എന്നാല്‍, അവരുടെ ആവശ്യം കോടതി നിരസിക്കുകയാണുണ്ടായത്. മാത്രമല്ല, യൂണിഫോം സംബന്ധിച്ച തീരുമാനം സ്‌കൂള്‍ മാനേജുമെന്റിന്റെ സ്വാതന്ത്ര്യത്തില്‍പ്പെട്ടതാണെന്നും പ്രത്യേകാവശ്യങ്ങള്‍ക്കുള്ള  അനുമതിയുടെ കാര്യത്തിലും വ്യക്തമായ നിലപാടെടുക്കാന്‍ അവര്‍ക്കു പൂര്‍ണാധികാരമുണ്ടെന്നും കോടതി വിലയിരുത്തി. സ്‌കൂള്‍ മാനേജുമെന്റിന്റെ  മൗലികാവകാശത്തിനു മുകളിലല്ല കുട്ടികളുടെ വ്യക്തിഗതാവകാശങ്ങളെന്നു കോടതി നിരീക്ഷിച്ചു. യൂണിഫോമിന്റെ കാര്യത്തില്‍ മാനേജുമെന്റ് നിലപാടുകളോടു യോജിക്കാന്‍ കഴിയാത്തപക്ഷം ടി.സി. വാങ്ങി മറ്റു സ്‌കൂളുകളിലേക്കു പോകാവുന്നതാണെന്ന് ഒറ്റവാക്യത്തില്‍ കോടതിവിധിയില്‍ പരാമര്‍ശവുമുണ്ടായി.
ഉടുതുണിയുടെ പേരിലുള്ള രാഷ്ട്രീയവും മതതീവ്രവാദവും, മതേതരത്വം മുറുകെപ്പിടിച്ചിരിക്കുന്ന ഒരു രാജ്യത്ത് തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു  കാരണമാകുന്നതു ശരിയായ സമീപനമല്ല. സമത്വവും സാഹോദര്യവും കുട്ടികള്‍ക്കിടയില്‍ പ്രബലപ്പെടാനും, സമൂഹത്തില്‍ നിലനില്ക്കുന്ന സമ്പത്തിന്റെയോ ജാതിയുടെയോ പേരിലുള്ള ഉച്ചനീചമനോഭാവങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വിവേചനങ്ങളോ വേര്‍തിരിവുകളോ സൃഷ്ടിക്കാതിരിക്കാനും വേഷവിധാനത്തിലെ ഐകരൂപ്യം സഹായകമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലിംഗസമത്വത്തെ പ്രതിഷ്ഠിക്കാനുള്ള പെടാപ്പാടിന്റെ ഭാഗമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന കാഴ്ചപ്പാട് മലയാളിമനസ്സുകളില്‍പ്പോലും സജീവമാകുന്ന ഇക്കാലത്ത് ഉടുതുണി വിവാദങ്ങള്‍ ഉടനെയൊന്നും കെട്ടടങ്ങുമെന്നു തോന്നുന്നില്ല.
എന്തൊക്കെയായാലും, ഇതുവരെയുള്ള കോടതിവിധികളുടെ വെളിച്ചത്തില്‍ വിലയിരുത്തിയാല്‍, ഉടുതുണിയെ സംബന്ധിച്ചുള്ള ജാതി, മത, രാഷ്ട്രീയവിവാദങ്ങള്‍ ബാലിശവും സമത്വാധിഷ്ഠിതദര്‍ശനങ്ങള്‍ക്കു കടകവിരുദ്ധവുമാണ്. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഒരു രാജ്യത്ത് സങ്കുചിതചിന്തകള്‍ കുട്ടിമനസ്സുകളിലേക്കുപോലും പ്രവേശിക്കുന്നതു ഗൗരവമായി വിലയിരുത്തേണ്ടതാണ്. അതിന്റെ പേരില്‍ കുട്ടികള്‍ പഠിപ്പു മുടക്കുന്നതും തെരുവുകളിലേക്കിറങ്ങുന്നതും സാംസ്‌കാരികഭാരതത്തിനു ഭൂഷണമല്ല. യൂണിഫോം സ്‌കൂള്‍ മാനേജുമെന്റിന്റെ മൗലികാവകാശങ്ങളുടെ പരിധിയില്‍ സര്‍ക്കാരും കോടതിയും കൊണ്ടുവന്നിരിക്കുന്നതിനാല്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സാഹോദര്യ, സമാധാനാന്തരീക്ഷത്തില്‍ വളരാന്‍ നമ്മുടെ കുട്ടികളെ അനുവദിക്കാം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)