•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ക്രിസ്തുവിന്റെ വിശ്വസനീയരായ സാക്ഷികള്‍

കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' (For the Eternity) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ ഒരു അവലോകനം

VIII

2008 ഓഗസ്റ്റ് 6-ാം തീയതി വടക്കേ ഇറ്റലിയിലെ ബ്രസാനോണെ രൂപതയിലെ വൈദികരോട് ബനഡിക്ട് പതിനാറാമന്‍ ചെയ്ത പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
വൈദികരുടെ ചോദ്യങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഭാഗികമായ മറുപടി മാത്രമാണു നല്കുന്നതെന്ന് ബനഡിക്ട് പാപ്പാ ആദ്യമേ വ്യക്തമാക്കുന്നു. രണ്ട് അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിക്കാനാണ് അദ്ദേഹം ഉദ്ദേശിച്ചത്. പൗരോഹിത്യത്തിനു പകരം സംവിധാനം അസാധ്യമാണ്. പൗരോഹിത്യശുശ്രൂഷയുടെ അര്‍ത്ഥവും നിര്‍വഹണരീതിയും ഇന്ന് എപ്രകാരമായിരിക്കണമെന്ന കാര്യം ഒരു വശത്തു പരിഗണിക്കപ്പെടണം. മറുവശത്തു മുന്‍കാലങ്ങളിലേതിനെക്കാള്‍ കൂടുതലായി അല്മായരുടെ വിവിധ സിദ്ധികള്‍ സഭയുടെ ഭാഗമായി വളര്‍ന്നുവരുന്നു എന്ന വസ്തുത കണക്കിലെടുക്കണം. ഈ സിദ്ധികളെ പുരോഹിതന്‍ പ്രോത്സാഹിപ്പിക്കുകയും ഉടമകളായിട്ടുള്ളവര്‍ അവരുടെ ഭാഗത്തുനിന്ന് പുരോഹിതനെ പിന്തുണയ്ക്കുകയും ചെയ്യണം. ഇന്ന് സഭയുടെ വളര്‍ച്ച കൈവരിക്കേണ്ടത് ഈ പരസ്പരസഹകരണത്തിലൂടെയാണ് എന്ന് ബനഡിക്ട് പാപ്പാ പ്രസ്താവിക്കുന്നു.
ദൈവത്തിനു പൂര്‍ണമായും ആത്മസമര്‍പ്പണം ചെയ്യുന്നവനാണു പുരോഹിതന്‍. അതുവഴി അവന്‍ 'എല്ലാവര്‍ക്കുംവേണ്ടി'യുള്ളവനാവുകയും ചെയ്യുന്നു. പൗരോഹിത്യബ്രഹ്‌മചര്യം ഈ സമര്‍പ്പണത്തിന്റെ പശ്ചാത്തലത്തിലാണു മനസ്സിലാക്കേണ്ടതെന്നും നിത്യമായ ജീവിതത്തില്‍ വിശ്വസിക്കുന്നവര്‍ക്കുമാത്രമേ ബ്രഹ്‌മചര്യത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാനാകൂ എന്നും പാപ്പാ വ്യക്തമാക്കുന്നു.
വി. കുര്‍ബാനയില്‍നിന്ന് സഭയെ പടുത്തുയര്‍ത്തുകയും പാപവിമോചനത്തിലൂടെ അവളെ ശുദ്ധീകരിക്കുകയും ചെയ്യുന്ന പൗരോഹിത്യമെന്ന കൂദാശ അനിവാര്യമാണ്. വൈദികരുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് ബനഡിക്ട് പതിനാറാമന്‍ പാപ്പാ അവരോടു പറഞ്ഞു: ''ഒരേ സമയം നിരവധി ഇടവകകളുടെ ചുമതല വഹിക്കേണ്ടിവരുന്നതും അസംഖ്യം ആലോചനാസമിതികളില്‍ ആധ്യക്ഷ്യം വഹിക്കേണ്ടിവരുന്നതും ഒരു വൈദികന് താങ്ങാവുന്നതിലധികമാണ്. ഇങ്ങനെയുള്ള  സന്ദര്‍ഭങ്ങളില്‍ ചില പരിമിതികള്‍ വയ്ക്കുന്നതിനുള്ള ധൈര്യവും മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിനുള്ള വിവേചനാശക്തിയും വൈദികര്‍ക്ക് ഉണ്ടായിരിക്കണം.
വളരെ പ്രധാനപ്പെട്ട ഈ നിര്‍ദേശം വയ്ക്കുന്നത് പുരോഹിതന് പ്രാര്‍ത്ഥനയില്‍ കര്‍ത്താവിനോടുകൂടി ആയിരിക്കാന്‍ സമയം കണ്ടെത്തുന്നതിനാണ്. വിശുദ്ധ ചാള്‍സ് ബൊറോമെയോയുടെ വാക്കുകള്‍ അവിടെ ഉദ്ധരിക്കുന്നുണ്ട്: ''നിങ്ങളുടെ ആത്മാക്കളെ നശിച്ചുപോകാന്‍ അനുവദിച്ചാല്‍, മറ്റുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. അവസാനം മറ്റുള്ളവര്‍ക്കുവേണ്ടിപ്പോലും നിങ്ങള്‍ തുടര്‍ന്ന് ഒന്നും ചെയ്യുകയില്ല. ദൈവത്തോടു കൂടി ആയിരിക്കാന്‍ നിങ്ങള്‍ക്ക് എപ്പോഴും സമയമുണ്ടായിരിക്കണം.''
ബനഡിക്ട് മാര്‍പാപ്പ അതുകൊണ്ട് ദിവസേന ഒരു മണിക്കൂര്‍ നിശ്ശബ്ദതയില്‍ കര്‍ത്താവിനോടുകൂടെയായിരിക്കാനാണ് വൈദികരെ ഉപദേശിക്കുന്നത്. ഈ പ്രാര്‍ത്ഥനവഴി പുരോഹിതര്‍ക്ക് എപ്പോഴും പരിശുദ്ധാത്മാവിന്റെ സ്‌നേഹവലയത്തിന്റെ പരിധിക്കുള്ളിലായിരിക്കാന്‍ സാധിക്കുന്നു.
 അത്യാവശ്യ അവസരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അതിന്റെ മുന്‍ഗണനാക്രമം അനുസരിച്ചു മാത്രമേ സാധ്യമാകൂ എന്ന് ബനഡിക്ട് പാപ്പാ വൈദികരെ ഓര്‍മിപ്പിക്കുന്നു. ഒരിടവകയിലെ മരണാസന്നര്‍, രോഗികള്‍, കുട്ടികള്‍, യുവജനങ്ങള്‍ ഇവര്‍ക്കെല്ലാം സംലഭ്യരാവണം. ഇതാണ് പരിശുദ്ധ പിതാവ് നിര്‍ദേശിക്കുന്ന മുന്‍ഗണനാക്രമം. ആകര്‍ഷകമായ പല വേദികളും അല്മായപ്രേഷിതരെ ഏല്പിക്കാനുള്ള എളിമ പുരോഹിതന് ഉണ്ടായിരിക്കണമെന്നും ബനഡിക്ട് മാര്‍പാപ്പാ അഭിപ്രായപ്പെടുന്നു. അല്മായരെ അവരുടെ സിദ്ധികള്‍ക്കനുസൃതം ഏല്പിക്കാവുന്ന കാര്യങ്ങള്‍ ഏവയെന്നു രൂപതാതലത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കണം.
വൈദികരുടെ ഐക്യം
ബനഡിക്ട് മാര്‍പാപ്പാ ഏറെ പ്രധാനപ്പെട്ടതായി വീക്ഷിക്കുന്ന മറ്റൊരു കാര്യം വൈദികരുടെ പരസ്പരസമ്പര്‍ക്കവും ഐക്യവുമാണ്. വൈദികന്‍, ഒറ്റപ്പെട്ടവനായി സങ്കടങ്ങളുടെ ഒരു നീണ്ടനിര ഉള്ളിലൊതുക്കി ഏകാന്തതയില്‍ കഴിയേണ്ടവനല്ല. പരസ്പരം തുണയാകേണ്ടവരാണു തങ്ങളെന്ന ബോധ്യത്തോടെ കൃത്യമായ ഇടവേളകളില്‍ വൈദികര്‍ ഒന്നിച്ചുവരണം. ഇക്കാലത്ത് വാഹനസൗകര്യമുള്ളതുകൊണ്ട് ഈ കൂടിവരവുകള്‍ എളുപ്പമാണെന്നും ബനഡിക്ട് പാപ്പാ പറയുന്നുണ്ട്. ഇതിനെല്ലാം നേതൃത്വവും സൗകര്യവും ചെയ്തുകൊടുത്തുകൊണ്ട് രൂപതാദ്ധ്യക്ഷന്‍ ഒപ്പം ഉണ്ടാകണമെന്നും മാര്‍പാപ്പാ നിര്‍ദേശിക്കുന്നു. പരസ്പരം സഹായിക്കുകയും ഐക്യത്തില്‍ കഴിയുകയും ചെയ്യുന്ന പുരോഹിതസഖ്യത്തിന് (പ്രെസ് ബിത്തേരിയം) കര്‍ത്താവ്, അജപാലനകാര്യങ്ങളില്‍, ശരിയായ വഴി കാണിച്ചുതരുമെന്നു പ്രസ്താവിച്ചുകൊണ്ടാണ് ബനഡിക്ട് പതിനാറാമന്‍ ഈ പ്രസംഗം സമാപിപ്പിക്കുന്നത്.
എമിരറ്റസ് പാപ്പായുടെ പ്രായോഗികമായ ഈ നിര്‍ദേശങ്ങളെ സംബന്ധിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ തന്റെ വിചിന്തനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.
മാറ്റങ്ങള്‍ സംഭവിക്കാത്തത് എന്തുകൊണ്ട്?
കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ പ്രഥമനിരീക്ഷണം പാശ്ചാത്യദൈവശാസ്ത്രജ്ഞന്മാരുടെ ചിന്താരീതിയെക്കുറിച്ചാണ്. ബൗദ്ധികമായി എല്ലാറ്റിനും പാശ്ചാത്യലോകത്തിന്റെ ചിന്താഗതികള്‍ക്കനുസരിച്ച് താത്ത്വികമായ വിശദീകരണം ഭംഗിയായി പറഞ്ഞുവയ്ക്കും. പ്രായോഗികജീവിതത്തില്‍ മാറ്റം ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. അവരുടെ ലോകത്തിനപ്പുറം സഭയുണ്ടെന്നുതന്നെ അവര്‍ മറന്നുപോകുന്നു എന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നുണ്ട്.
അദ്ദേഹം നല്കുന്ന ഉദാഹരണം നോമ്പാചരണത്തെക്കുറിച്ചാണ്. വലിയ നോമ്പിന്റെ ആരംഭത്തില്‍ ഈ പാശ്ചാത്യചിന്തകര്‍ ബാഹ്യമായ നോമ്പാചരണമല്ല ഹൃദയത്തിലുള്ള മാറ്റങ്ങളാണു പ്രധാനപ്പെട്ടത് എന്നു പറയും. ഫലത്തില്‍ നോമ്പും ഉപവാസവും ഇല്ലാതാകും. കാരണം മനുഷ്യനു ശരീരമുണ്ടെന്ന വസ്തുതതന്നെ സൗകര്യപൂര്‍വ്വം ഇക്കൂട്ടര്‍ മറക്കുകയും ഭക്ഷണത്തിലും മറ്റും നിയന്ത്രണങ്ങള്‍ വരുത്തുന്നത് അത്യാവശ്യമല്ലെന്നു ചിത്രീകരിക്കുകയും ചെയ്യുന്നു. കര്‍ത്താവുതന്നെ ഉപവസിച്ചിരുന്നു എന്ന വസ്തുതപോലും അവര്‍ മറന്നുപോകുന്നു!
അപ്പസ്‌തോലനടപടികള്‍ വിവരിക്കുന്നതിനനുസൃതം എല്ലാം ഒന്നിച്ചനുഭവിക്കുന്ന ഒരു സമൂഹജീവിതം പുരോഹിതന്മാര്‍ നയിക്കേണ്ടതല്ലേ എന്ന് കര്‍ദിനാള്‍ സറാ ചോദിക്കുന്നു. ഒരു പൗരോഹിത്യപന്തക്കുസ്താ ഇന്നിന്റെ ആവശ്യമാണ്.
പരിശുദ്ധാത്മാവാണ് പൗരോഹിത്യവിശുദ്ധീകരണത്തിന്റെ ഉറവിടമെന്നും കര്‍ദിനാള്‍ നിരീക്ഷിക്കുന്നു.
''ഇസ്രായേല്‍ സമൂഹത്തോടു പറയുക. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍, എന്തെന്നാല്‍, നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്'' (ലേവ്യര്‍ 19,2). ഈശോയുടെ പൗരോഹിത്യപ്രാര്‍ത്ഥനയിലും പിതാവായ ദൈവത്തോട് ശ്ലീഹന്മാരുടെ 'സത്യത്തിലുള്ള വിശുദ്ധീകരണത്തിനായി' പ്രാര്‍ത്ഥിക്കുന്നു (യോഹ. 17:17-19).
വൈദികരുടെ സമൂഹജീവിതം
ഏതു നദിക്കും ഉദ്ഭവസ്ഥാനവും പോഷകനദികളും ആവശ്യമാണ് എന്നതുപോലെ വൈദികരുടെ ജീവിതത്തില്‍ മറ്റുള്ളവരോടു യോജിച്ച് സമൂഹജീവിതം ആവശ്യമാണെന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നു. ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും സ്‌നേഹത്തിലും ഐക്യത്തിലും വര്‍ത്തിക്കുകയും ചെയ്താലേ വിശ്വസനീയമായ സാക്ഷ്യം വഹിക്കാന്‍ സാധിക്കുകയുള്ളൂ. വി. കുര്‍ബാന ഈ ഐക്യത്തിന്റെ കൂദാശയാണ്.
ഈ സമൂഹജീവിതം പരീക്ഷിക്കാവുന്ന ഒരിടമായിട്ടാണ് റോമന്‍ കൂരിയായെ കര്‍ദിനാള്‍ സറാ കാണുന്നത്. നോമ്പുകാലത്തെ ധ്യാനത്തിന് പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ കൂരിയായിലെ അംഗങ്ങളോടൊപ്പം പങ്കെടുക്കുന്നത് ഈ സമൂഹജീവിതത്തിനുള്ള ആദ്യചുവടുവയ്പ്പാണെന്നും അദ്ദേഹം കണക്കാക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)