ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായിട്ട് എഴുപതു വര്‍ഷമായിരിക്കുന്നു. സപ്തതിയിലെത്തിയെന്നു സാരം. സ്വാതന്ത്ര്യലബ്ധിക്കും (1947) റിപ്പബ്ലിക്കിനുമിടയില്‍ (1950) ഇന്ത്യയ്ക്ക് രണ്ടുപേര്‍ രാഷ്ട്രത്തലവന്മാരായി. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവാണ് സ്വതന്ത്രേന്ത്യയുടെ ആദ്യഗവര്‍ണര്‍ ജനറലായത്. തുടര്‍ന്ന് സി. രാജഗോപാലാചാരി ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യഗവര്‍ണര്‍ ജനറലും. റിപ്പബ്ലിക്കായതോടെ ഭരണഘടനാനിര്‍മ്മാണസമിതിയുടെ അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പ്രസിഡന്റായി. ഡോ. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയും. 1962 വരെ അവര്‍ രണ്ടുപേരും പരമോന്നതപദവികളില്‍ തുടര്‍ന്നു. പിന്നീട് ഡോ. രാധാകൃഷ്ണന്‍ പ്രസിഡന്റായി. ഡോ. സക്കീര്‍ ഹുസൈന്‍ ഉപരാഷ്ട്രപതിയും. ഒരാള്‍ തത്ത്വജ്ഞാനി, അപരന്‍ മഹാപണ്ഡിതനും. ഇന്ത്യ കണ്ട ഏറ്റവും മഹാനായ 'ജന്റില്‍മാന്‍' പ്രസിഡന്റ് ഡോ. സക്കീര്‍ ഹുസൈനായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 1967 ല്‍ രാഷ്ട്രപതിയായ അദ്ദേഹം പക്ഷേ, കാലാവധി തികയ്ക്കുംമുമ്പ് 1969 ല്‍ അന്തരിച്ചു. തുടര്‍ന്നുണ്ടായ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഭരണകക്ഷിയായ കോണ്‍ഗ്രസിനെത്തന്നെ പിളര്‍ത്തി. കോണ്‍ഗ്രസിന്റെ ഔദ്യോഗികസ്ഥാനാര്‍ത്ഥിയായിരുന്ന സഞ്ജീവറെഡ്ഡിയെ, ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ചു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ മത്സരിച്ച വി.വി. ഗിരി ചെറിയൊരു ഭൂരിപക്ഷത്തിനു തോല്പിച്ചതോടെ ഇന്ത്യയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയചരിത്രംതന്നെ മാറ്റിയെഴുതപ്പെടുകയായിരുന്നു. 1977 ല്‍ ജനതാപാര്‍ട്ടിസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സഞ്ജീവറെഡ്ഡി രാഷ്ട്രപതി പദവി നേടി. പിന്നീട് സെയില്‍സിംഗും ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മയും ആര്‍. വെങ്കിട്ടരാമനും കെ.ആര്‍. നാരായണനും ശേഷമാണ് ഡോ. ഏ.പി.ജെ. അബ്ദുള്‍കലാം ഒരു 'സര്‍പ്രൈസ്' പ്രസിഡന്റായി രാഷ്ട്രപതി ഭവനിലെത്തുന്നത്. ബിജെപി യുടെ ഭരണകാലമായിരുന്നു അത്. വാജ്‌പെയ് പ്രധാനമന്ത്രി. അദ്വാനി ഉപപ്രധാനമന്ത്രിയും. ഇന്ദിരയുടെയും രാജീവ്ഗാന്ധിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. പി.സി. അലക്‌സാണ്ടറെയാണ് ആദ്യം ആലോചിച്ചത്. കോണ്‍ഗ്രസ് ശക്തമായ വിയോജിപ്പു പറഞ്ഞതോടെയാണ് ബി.ജെ.പി. പൊതുസ്ഥാനാര്‍ത്ഥിയെന്നമട്ടില്‍ വിഖ്യാത ബഹിരാകാശശാസ്ത്രജ്ഞനായിരുന്ന കലാമിനെ കളത്തിലിറക്കിയത്. ഡോ. കലാമിനും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രാഷ്ട്രപതിപദവിയിലേക്കുള്ള മാറ്റം. അവിവാഹിതനായിരുന്ന അദ്ദേഹത്തിന്റെ പ്രേമം മുഴുവനും ശാസ്ത്രത്തോടായിരുന്നുവെന്നതാണു സത്യം. എന്നാല്‍, രാജ്യം വിളിച്ചപ്പോള്‍ കലാം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.
തമിഴ്‌നാട്ടിലെ ഒരു ഗ്രാമീണനഗരമെന്നു പറയാവുന്ന രാമേശ്വരത്തു ജനനം. സാമ്പത്തികമായും വളരെ പിന്നാക്കമായിരുന്നു കലാമിന്റെ കുടുംബം. അവിടത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. പത്രം സൈക്കിളില്‍ കൊണ്ടുനടന്നു വിതരണം ചെയ്താണ് കലാം കുടുംബത്തെ സഹായിച്ചത്. പിന്നീട് തിരുനെല്‍വേലിയില്‍ ഹൈസ്‌കൂള്‍പഠനം. നടന്നുപോകാവുന്ന ദൂരമല്ലല്ലോ. ബോര്‍ഡിംഗില്‍ നില്‍ക്കണം. അസാമാന്യമായ ആത്മവിശ്വാസത്തോടെ തിരുനെല്‍വേലിക്കു പുറപ്പെടുമ്പോള്‍ കലാമിന്റെ അമ്മ ഒരു തുണിക്കിഴി മകനു കൊടുത്തു. അതു തുറന്നുനോക്കിയപ്പോള്‍ മകന്‍ സ്തബ്ധനായി. 'ഇതു ഞാന്‍ പത്രം വിറ്റ വകയില്‍ അമ്മയ്ക്കു തന്നിരുന്നതല്ലേ' എന്നു നിറകണ്ണുകളോടെ മകന്റെ ചോദ്യം. അമ്മ ചിരിയോടെ പറഞ്ഞത്രേ: ''മകനേ, അമ്മമാര്‍ക്കു കൊടുക്കാനേ അറിയൂ.'' എന്നും അമ്മയായിരുന്നു ഡോ. കലാമിന്റെ ഹീറോ. പിന്നീട് പാളയംകോട്ടയില്‍ ജസ്യൂട്ട് മിഷനറി വൈദികരുടെ വക കോളജിലായിരുന്നു പഠനം. തന്റെ സ്വഭാവരൂപവത്കരണത്തെ ഏറ്റവുമധികം സ്വാധീനിച്ചതു താന്‍ പഠിച്ച ക്രിസ്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളാണെന്നു പില്ക്കാലത്തു ഡോ. അബ്ദുള്‍കലാം സാക്ഷ്യപ്പെടുത്തുകയുണ്ടായി. കലാമിനുമുമ്പു രാഷ്ട്രപതിയായ കെ.ആര്‍. നാരായണനും താന്‍ പഠിച്ച കുറിച്ചിത്താനം ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിനെയും ഉഴവൂരെ പള്ളിവക മിഡില്‍ സ്‌കൂളിനെയും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ കുറവിലങ്ങാട് സെന്റ്‌മേരീസ് സ്‌കൂളിനെയും ഇന്റര്‍മീഡിയറ്റിനു പഠിച്ച കോട്ടയം സി.എം.എസ്. കോളജിനെയുമൊക്കെ എന്നും നന്ദിപൂര്‍വ്വം ഓര്‍മ്മിച്ചിരുന്നു.
കടുത്ത സാമ്പത്തികപ്രതിസന്ധികള്‍ക്കിടയിലും ഡോ. കലാം പഠനം മുടക്കിയില്ല. സമര്‍ത്ഥനായിരുന്നതുകൊണ്ട് ഉപരിപഠനവേളയില്‍ സ്‌കോളര്‍ഷിപ്പുകളും സഹായകമായി. എന്നും കലാമിനു ശാസ്ത്രത്തോടായിരുന്നു പഥ്യം. ഭൗമശാസ്ത്രജ്ഞനും അണുശക്തി വിദഗ്ധനുമായിരുന്ന ഡോ. ഹോമി ഭാഭയായിരുന്നു കലാമിന്റെ റോള്‍മോഡല്‍. വസ്ത്രധാരണത്തിലും ഭക്ഷണകാര്യങ്ങളിലുമൊക്കെ തികഞ്ഞ ലാളിത്യം പുലര്‍ത്തിയ കലാമിനു പലപ്പോഴും പഥ്യമായിരുന്നതു റബര്‍ ചപ്പലുകളായിരുന്നുവെന്നും കഥയുണ്ട്.
കാലങ്ങളായി കലാം വളര്‍ത്തിക്കൊണ്ടുവന്ന ഒന്ന് തന്റെ മുടിയായിരുന്നു. രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായതോടെ ഹെയര്‍ സ്റ്റൈല്‍ മാറ്റണമെന്ന ഉപദേശം പലരും നല്‍കിയെങ്കിലും കലാം അതു മാറ്റാന്‍ തയ്യാറായില്ല. ''ഇറ്റ് ഈസ് പാര്‍ട്ട് ഓഫ് മൈ അനാട്ടമി'' എന്നായിരുന്നത്രേ ഉപദേശകരോട് കലാമിന്റെ മറുപടി.
ശാസ്ത്രജ്ഞന്‍ രാഷ്ട്രപതിയാകുന്നതില്‍ സംശയിച്ചവര്‍ ഒട്ടേറെയുണ്ടായിരുന്നു. ഭരണഘടനയും നയതന്ത്രവും രാഷ്ട്രീയവുമൊക്കെ കലാമിനു വഴങ്ങുമോ എന്നു പരസ്യമായിത്തന്നെ ചോദ്യമുയര്‍ത്തിയവരുമുണ്ട്. പക്ഷേ, ഇന്ത്യ കണ്ട ജനപ്രിയനായ രാഷ്ട്രപതിയാരെന്ന ചോദ്യത്തിനു താന്‍തന്നെയാണ് ശരിയുത്തരമെന്നു തെളിയിച്ച ശേഷമാണ് ഡോ. കലാം രാഷ്ട്രപതിഭവന്റെ പടിയിറങ്ങിയത്. പിന്നീട് അന്ത്യംവരെ അദ്ദേഹം രാഷ്ട്രത്തിന്റെ അധ്യാപകനുമായി.
ഇന്ത്യയിലെ യുവജനങ്ങള്‍ക്കും ഹീറോയായത് ഡോ. കലാംതന്നെ. തന്റെ ആത്മകഥാപരമായ 'അഗ്നിച്ചിറകുകള്‍' എന്ന ഗ്രന്ഥം യുവഭാരതം വേദഗ്രന്ഥം പോലെ സ്വീകരിച്ചു. യുവാക്കളോടും വിദ്യാര്‍ത്ഥികളോടും സ്വപ്നം കാണുവാന്‍ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്ന രാഷ്ട്രപതി മാത്രമല്ല, യഥാര്‍ത്ഥ ഗുരുനാഥനുമായി അദ്ദേഹം.
എം.ജി. യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ വൈസ് ചാന്‍സിലറാകുമ്പോള്‍ കെ.ആര്‍. നാരായണനായിരുന്നു പ്രസിഡന്റ്. കാലാവധി പകുതിയായപ്പോള്‍മുതല്‍ ഡോ. കലാമും. രണ്ടുപേരും ആ പദവിക്കു യോഗ്യരായിരുന്നുവെന്നു 'കര്‍മ്മം' കൊണ്ടു തെളിയിച്ചവരും. കെ.ആര്‍. നാരായണനുമായി വ്യക്തിപരമായ അടുപ്പമുണ്ടാകുവാനിട വന്നിരുന്നു. എന്നാല്‍, ഡോ. കലാമുമായി ഔപചാരികമായ ഇടപെടലുകളേ ഉണ്ടായുള്ളൂ. പക്ഷേ, മറക്കാനാവാത്ത അനുഭവം തിരുപ്പതിയില്‍വച്ച് 2003 ല്‍ നടന്ന അഖിലേന്ത്യാവൈസ് ചാന്‍സലേഴ്‌സ് കോണ്‍ഫെറന്‍സാണ്. വൈസ്ചാന്‍സലറെന്ന നിലയില്‍ ഞാന്‍ പങ്കെടുത്ത വി.സി. മാരുടെ അവസാന സമ്മേളനവും അതായിരുന്നു. മുമ്പ്‌നടന്ന സമ്മേളനങ്ങളില്‍നിന്ന് തിരുപ്പതി സമ്മേളനം വ്യത്യസ്തമായതു സമ്മേളനത്തിനു മൂന്നാഴ്ച മുമ്പ് വൈസ്ചാന്‍സലര്‍മാര്‍ക്കെല്ലാം രാഷ്ട്രപതിയുടെ ഒരു കത്തു വന്നതോടെയാണ്. പത്തു ചോദ്യങ്ങള്‍ കത്തിനോടൊപ്പം വച്ചിരുന്നു. ഉത്തരങ്ങള്‍ തയ്യാറാക്കി വരണമെന്നും ഉദ്ഘാടനപ്രസംഗം കഴിഞ്ഞാലുടന്‍ ഒരു മണിക്കൂര്‍ വി.സി.മാരുമായി സംവാദമായിരിക്കുമെന്നും തനിക്കു തോന്നുന്ന പത്തു വി.സി. മാരോടു താന്‍ ഉത്തരം തേടുമെന്നുമായിരുന്നു ഡോ. കലാമിന്റെ 'ഭീഷണിക്കത്ത്.'
സാധാരണമായി ഇത്തരം സമ്മേളനങ്ങള്‍ ഒരു മാമാങ്കമായി നടത്തുന്നതായിരുന്നു പതിവ്. ഉദ്ഘാടനച്ചടങ്ങിലും സമാപനത്തിലും പങ്കെടുക്കും. ഇടയ്ക്കുള്ള ചര്‍ച്ചകളില്‍ പരമാവധി അമ്പതിനും നൂറിനുമിടയില്‍ വി.സി.മാര്‍ പങ്കെടുത്താല്‍ ഭാഗ്യം. മിക്കവരും സമ്മേളനസ്ഥലത്തിനടുത്തുള്ള സന്ദര്‍ശനപ്രധാനങ്ങളായ സ്ഥലങ്ങളില്‍പ്പോവുക സെമിനാര്‍ സമയങ്ങളിലാവും. അതു ചരിത്രസ്ഥലങ്ങളോ ക്ഷേത്രങ്ങളോ പള്ളികളോ എന്തുമാകാം. എല്ലാ വൈസ്ചാന്‍സിലര്‍മാരും ഇതുപോലെ ഹോംവര്‍ക്കു ചെയ്തു പങ്കെടുത്ത ഒരു വൈസ്ചാന്‍സിലേഴ്‌സ് കോണ്‍ഫെറന്‍സ് തിരുപ്പതി സമ്മേളനത്തിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടുണ്ടാവുകയില്ല.
രാഷ്ട്രപതിയുടെ സാമാന്യം ദീര്‍ഘമായിരുന്ന ഉദ്ഘാടനപ്രസംഗം എല്ലാ വി.സി. മാരും ഉദ്വേഗത്തോടെ കേട്ടിരുന്നതു പിന്നീടുണ്ടാകാന്‍ പോകുന്ന ഡോ. കലാമിന്റെ ചോദ്യങ്ങളോര്‍ത്താണ്. അതിലായിരുന്നു കലാമിന്റെ ട്വിസ്റ്റ്! തന്റെ പ്രസംഗം കഴിഞ്ഞയുടന്‍ ഡോ. കലാം പറഞ്ഞു: ''നിങ്ങളുടെ പ്രസിഡന്റ് ബുദ്ധിയില്ലാത്തവനാണെന്നു നിങ്ങള്‍ കരുതരുത്. നിങ്ങള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പഠിച്ചിട്ടാവും വന്നതെന്നു മനസ്സിലാക്കാന്‍ ഓക്‌സ്‌ഫോഡിലൊന്നും പോയി പഠിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടു ചോദ്യോത്തരങ്ങളുമില്ല. നിങ്ങള്‍ നിങ്ങളുടെ സര്‍വ്വകലാശാലയില്‍ നിങ്ങളുടേതായി എന്തെങ്കിലും നടപ്പാക്കിയിട്ടുണെ്ടങ്കില്‍ അതു പറയുക. ഞാന്‍ കേള്‍ക്കാം.''
പിന്നെ കാതടപ്പിക്കുന്ന കയ്യടിയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വൈസ്ചാന്‍സിലര്‍മാരെക്കൊണ്ടു 'ഗൃഹപാഠം' ചെയ്യിപ്പിച്ചതിന്റെ ക്രെഡിറ്റും അങ്ങനെ ഡോ. അബ്ദുള്‍ കലാമിനായി. പ്രണാമം.