ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍ ജനിച്ചിട്ട് 2022 ഏപ്രില്‍ 25 ന് 150 വര്‍ഷം
പാലായ്ക്കു സമീപം ഇടപ്പാടി ഗ്രാമത്തില്‍ 1872 ഏപ്രില്‍ 25-ാം തീയതിയായിരുന്നു ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്റെ ജനനം. കദളിക്കാട്ടില്‍ ചെറിയാന്‍ - റോസ ദമ്പതികളുടെ നാലുമക്കളില്‍ രണ്ടാമന്‍. പ്രാര്‍ത്ഥനയുടെയും സ്‌നേഹത്തിന്റെയും കുടുംബാന്തരീക്ഷം തന്റെ ദൈവവിളി തിരഞ്ഞെടുക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. മാന്നാനം ആശ്രമത്തോടനുബന്ധിച്ചു നടത്തിവന്നിരുന്ന സെമിനാരിയില്‍നിന്നു വൈദികപരിശീലനം പൂര്‍ത്തിയാക്കി 1901 ഫെബ്രുവരി 17-ാം തീയതി തിരുപ്പട്ടസ്വീകരണത്തിലൂടെ ഈശോയുടെ പ്രതിപുരുഷനായി. പാലായും സമീപപ്രദേശങ്ങളുമായിരുന്നു അച്ചന്റെ പ്രധാന ശുശ്രൂഷാരംഗങ്ങള്‍.
പാലായുടെ ഹൃദയത്തുടിപ്പുകള്‍ വിവേചിച്ചറിഞ്ഞു ശുശ്രൂഷകള്‍ക്കു തുടക്കം കുറിക്കാന്‍ മത്തായിയച്ചനു സാധിച്ചു. പട്ടിണിയും ദാരിദ്ര്യവും രോഗവും മൂലം വേദനിക്കുന്ന, ആരും സഹായത്തിനില്ലാത്ത വലിയൊരു വിഭാഗം ജനതയുടെ നിസ്സഹായാവസ്ഥ അദ്ദേഹത്തിന്റെ കരുണാര്‍ദ്രസ്‌നേഹത്തെ തൊട്ടുണര്‍ത്തി. ''എന്റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍, എനിക്കുതന്നെയാണു ചെയ്തു തന്നത്'' (മത്താ. 25:40). ഈ തിരുവചനത്തിന്റെ സാക്ഷാത്കാരമായിരുന്നു ആ ധന്യജീവിതം. ജീവന്റെ ഉറവിടം ദൈവമായതുകൊണ്ട് അതു പരിപാവനവും അമൂല്യവുമാണെന്ന ഉറച്ച ബോധ്യം, അനാഥരും അവഗണിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളിലേക്കും അശരണരായ വൃദ്ധജനങ്ങളിലേക്കും അച്ചന്റെ ശ്രദ്ധ തിരിയാന്‍ കാരണമായി. നാനാജാതി മതസ്ഥരായ ഇവര്‍ക്കായി അനാഥമന്ദിരങ്ങളും വൃദ്ധഭവനങ്ങളും അദ്ദേഹം സ്ഥാപിച്ചു.
മത്തായിയച്ചന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു തിരുഹൃദയഭക്തിയായിരുന്നു. ഈശോയുടെ തിരുഹൃദയത്തോട് അതിഗാഢവും വ്യക്തിപരവുമായ ബന്ധമാണു പുലര്‍ത്തിയിരുന്നത്. തിരുഹൃദയത്തിന്റെ തീക്ഷ്ണമായ സ്‌നേഹത്തെപ്പറ്റി ദീര്‍ഘസമയം പ്രസംഗിക്കുന്നതിലും കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുന്നതിലും ഉത്സുകനായിരുന്നു. 'ഓ, ഈശോയുടെ തിരുഹൃദയമേ, എന്റെ സമസ്തവിചാരങ്ങളും സകല പ്രവൃത്തികളും കാലടിപ്പാടുകള്‍ മുഴുവനും എന്റെ ഓരോ ഹൃദയമിടിപ്പുകള്‍പോലും ഞാന്‍ അങ്ങേക്കു പൂര്‍ണമായി സമര്‍പ്പിക്കുന്നു' എന്ന സുകൃതജപം കൂടെക്കൂടെ ജപിക്കണമെന്ന് അച്ചന്‍ നിഷ്‌കര്‍ഷിച്ചിരുന്നു. 'തിരുഹൃദയദാസന്‍' എന്നു സ്വയം സംബോധന ചെയ്യുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി. ഈശോയെ സ്‌നേഹിച്ചതു പോരാ എന്നുള്ള ചിന്തയോടെ അവിടുത്തെ കൂടൂതല്‍ക്കൂടുതല്‍ സ്‌നേഹിക്കാന്‍ ആ ഹൃദയം ആഗ്രഹിച്ചു. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയുടെ അനശ്വരസ്മാരകമാണ് 1911 ല്‍ അച്ചന്‍ സ്ഥാപിച്ച തിരുഹൃദയ സന്ന്യാസിനീസമൂഹം. ദീര്‍ഘനാളുകളിലെ പ്രാര്‍ത്ഥനയ്ക്കും പരിചിന്തനത്തിനുംശേഷമാണ് ഒരു സന്ന്യാസിനീസമൂഹത്തിനു രൂപം കൊടുക്കാന്‍ മത്തായിയച്ചന്‍ തീരുമാനിച്ചത്.
മത്തായിയച്ചന്റെ സജീവശ്രദ്ധ പതിഞ്ഞ മറ്റൊരു മേഖലയാണ് കുട്ടികളുടെ മതബോധനം. ക്രാന്തദര്‍ശിയായ കദളിക്കാട്ടിലച്ചന്‍ കുഞ്ഞുങ്ങള്‍ക്കു സുവിശേഷമൂല്യങ്ങള്‍ ലളിതമായി പറഞ്ഞുകൊടുത്തു പഠിപ്പിച്ചു. ഇതേപ്പറ്റി പാലാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ സാക്ഷ്യപ്പെടുത്തുന്നു: ''ബഹു. മത്തായിയച്ചനെ എന്റെ ചെറുപ്പത്തില്‍ത്തന്നെ എനിക്ക് അടുത്തറിയാന്‍ ഇടയായിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും വേദപാഠപുസ്തകം ഉണ്ടായിരിക്കണമെന്ന് അച്ചന്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ആ പുസ്തകം നോക്കി ബഹു. അച്ചന്‍ നമസ്‌കാരം ചൊല്ലിത്തരുകയും അത് ഉരുവിട്ടു പഠിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുമായിരുന്നു. ആവശ്യമായ വിശദീകരണങ്ങളും നല്കും. സ്‌നേഹമുള്ള ഒരു പിതാവ് വാത്സല്യമുള്ള മക്കളെ പഠിപ്പിക്കുന്നതുപോലെയായിരുന്നു അച്ചന്റെ പാഠ്യരീതി. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് എന്നെ അദ്ദേഹം കുമ്പസാരത്തിനും ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനും തയ്യാറാക്കി.'' മത്തായിയച്ചന്‍ ജനങ്ങളെ ഇപ്രകാരം ഉപദേശിക്കുമായിരുന്നു: മതവിദ്യാഭ്യാസം നല്‍കപ്പെടാത്ത കുട്ടികള്‍ മുളച്ചുവരാന്‍ വെള്ളത്തിന്റെ സഹായമില്ലാതെ വാടിപ്പോകുന്ന ചെടികള്‍ക്കു തുല്യമാകുന്നു. ഒരു നല്ല മതോപദേഷ്ടാവ് ലോകത്തിന്റെ വെളിച്ചംതന്നെയാണ്. നടക്കേണ്ട വഴി തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ മുമ്പേ നടന്ന് പിന്നാലെ വരുന്നവരെ നയിക്കുന്ന യുവപുരോഹിനെയാണ് മത്തായിയച്ചനില്‍ ദര്‍ശിക്കാന്‍ സാധിക്കുക. ജീവിതം വാങ്ങാനുള്ളതല്ല, കൊടുക്കാനുള്ളതാണ് എന്ന മഹദ്വചനം മത്തായിയച്ചനില്‍ അന്വര്‍ത്ഥമായിരിക്കുന്നു. 'കര്‍ത്താവ് എന്റെ ഇടനാകുന്നു. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല' (സങ്കീ. 23:1) എന്ന സങ്കീര്‍ത്തനത്തില്‍ അച്ചന്‍ അടിയുറച്ചു വിശ്വസിച്ചു. ഏറ്റവും നല്ല നിക്ഷേപം കഠിനാധ്വാനമാണ് എന്ന സാമാന്യതത്ത്വം അച്ചന്‍ മുറുകെ പ്പിടിച്ചു.
ഇടവകയില്‍ ജോലി ചെയ്യുന്ന വൈദികരുടെ മുഴുവന്‍  സമയവും ഇടവകജനത്തിനുവേണ്ടിയുള്ളതാണ്. ഇടവകയ്ക്കടുത്ത ഏതു സേവനത്തിനും ഇടവകവൈദികന്‍ ഏതു നേരവും ഒരുക്കമായിരിക്കണം. പതിവായി ഇടവകയിലെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുക അച്ചന്റെ ശീലമായിരുന്നു. അവരുടെ വിഷമങ്ങള്‍ കേള്‍ക്കാന്‍ ആ കണ്ണും കാതും  മനസ്സും ഒപ്പം തുറന്നിരുന്നു. അവരുടെ ഹൃദയവികാരങ്ങളില്‍ അലിഞ്ഞുചേരാന്‍ ആ ആര്‍ദ്രഹൃദയത്തിനു കഴിഞ്ഞു. ആരുമില്ലാത്തവര്‍ക്കും ആരുമല്ലാത്തവര്‍ക്കും അത്താണിയായി അച്ചന്‍ കൂടെനിന്നു. പാപസങ്കീര്‍ത്തനവേദിയിലൂടെ അനേകരെ ഈശോയുടെ തിരുഹൃദയത്തിലേക്ക് ആനയിച്ചു. അര്‍ഹിക്കുന്നവര്‍ക്കെല്ലാം വസ്ത്രം, ഭക്ഷണം, ചികിത്സാസഹായം തുടങ്ങിയ ക്ഷേമപദ്ധതികള്‍ ഇടവകയുടെ നേതൃത്വത്തില്‍ ചിട്ടയായി നടപ്പാക്കി. തനിക്കു ലഭിച്ച പൗരോഹിത്യദൈവവിളിയോടു പ്രത്യുത്തരിച്ചുകൊണ്ടു  പ്രവാചകധീരതയോടെ കര്‍മപഥത്തിലേക്കു കടന്നുചെന്ന അച്ചന്‍, 'വിജനപ്രദേശവും വരണ്ടപ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും'(ഏശ. 35:1) എന്ന തിരുവചനം പൂര്‍ത്തീകരിക്കുകയായിരുന്നു.
സ്ത്രീശക്തീകരണത്തിനായി അച്ചന്‍ സ്ഥാപിച്ചതാണ് ഇന്ന് പാലാ നഗരമധ്യേ ഉയര്‍ന്നു നില്‍ക്കുന്ന പാലാ സെന്റ്‌മേരീസ് ഹൈസ്‌കൂള്‍. അദ്ദേഹത്തിന്റെ  അനുകമ്പാര്‍ദ്രസ്‌നേഹത്തിനു പാത്രീഭൂതരായ വേറൊരു കൂട്ടരാണ് ഹരിജനങ്ങളും ഹരിജന്‍ ക്രൈസ്തവരും.  കലാഭിരുചിയുള്ള, പിന്നാക്കവിഭാഗങ്ങളെ സംഘടിപ്പിച്ച് അവര്‍ക്കു ഗ്രാമീണകലകളില്‍ അദ്ദേഹം പരിശീലനം നല്കി.
1935 മേയ് 23-ാം തീയതി മത്തായിയച്ചന്റെ പാവനാത്മാവ്‌സ്‌നേഹസാഗരമായ ഈശോയുടെ തിരുഹൃദയത്തിലലിഞ്ഞു ചേര്‍ന്നു, എന്നേക്കുമായി. കദളിക്കാട്ടിലച്ചന്‍ വിശ്രമമില്ലാതെ നടത്തിയ നിസ്വാര്‍ത്ഥസേവനങ്ങള്‍ ഒരു ദേശത്തിനു മുഴുവന്‍ വെളിച്ചം പകര്‍ന്നു.
							
 സിസ്റ്റര്‍ ഡോ.എല്‍സാ ടോം എസ്.എച്ച്.
                    
									
									
									
									
									
                    