കേരളീയരുടെ മാറുന്ന ഭക്ഷണശീലം പലപ്പോഴും അപകടങ്ങളിലേക്കാണു കൊണ്ടെത്തിക്കുന്നത്. നാടന്‍, മറുനാടന്‍ ഭക്ഷണവിഭവങ്ങള്‍ വിട്ട് വിദേശിഭക്ഷണവിഭവങ്ങള്‍ ശീലമാക്കിയിരിക്കുകയാണ്  കേരളീയസമൂഹം. ഭക്ഷണരംഗത്തെ ഈ മാറ്റങ്ങള്‍  മലയാളിയെ മരണത്തോളം എത്തിക്കുന്ന അപകടങ്ങളിലേക്കും രോഗങ്ങളിലേക്കുമാണു തള്ളിവിടുന്നത്. കാസര്‍ഗോഡ് ചെറുവത്തൂരില്‍  കഴിഞ്ഞ ദിവസം ഷവര്‍മ കഴിച്ചു വിദ്യാര്‍ത്ഥിനി മരിക്കാന്‍ ഇടയായ സംഭവം ഉദാഹരണം. കുഴിമന്തി, അല്‍ഫാം, ഷവര്‍മ, ബിരിയാണി, ഫ്രൈഡ് ചിക്കന്‍ ഇങ്ങനെ പോകുന്നു. അടുത്ത കാലത്ത് കേരളത്തില്‍ ഹോട്ടലുകള്‍ക്കു മുന്നില്‍  കാണുന്ന ബോര്‍ഡുകള്‍ മലയാളികളുടെ മാറുന്ന ഭക്ഷണശീലങ്ങള്‍ എത്രമാത്രം അപകടകരമാണെന്ന മുന്നറിയിപ്പുമായി യുഎന്‍ ദുരന്തനിവാരണവിദഗ്ധന്‍  മുരളി തുമ്മാരുകുടി അടുത്ത കാലത്തൊരു ലേഖനം എഴുതിയിരുന്നു, തിന്നുമരിക്കുന്ന മലയാളി എന്ന പേരില്‍. ഗുണമേന്മ നോക്കാതെ കേരളത്തില്‍ സുലഭമായി ലഭിക്കുന്ന സ്വദേശി - വിദേശി ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കുന്ന ശീലം മലയാളിയെ രോഗങ്ങളുടെ പിടിയില്‍ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ  ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിക്കുകയും 31 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം ഭക്ഷ്യസുരക്ഷയെക്കുറിച്ച്, പ്രത്യേകിച്ച്, വൃത്തിയുള്ള സാഹചര്യങ്ങളില്‍ സുരക്ഷിതമായി വേണം ഏതു ഭക്ഷണവും പാകം ചെയ്‌തെടുക്കാനെന്ന്  നമ്മെ ഓര്‍മിപ്പിക്കുന്നു. പ്രസ്തുത  സംഭവത്തില്‍  ഭക്ഷ്യസുരക്ഷാവിഭാഗത്തിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സമാനവിധത്തില്‍ ഭക്ഷ്യവിഷബാധ സംബന്ധിച്ച സംഭവങ്ങള്‍ മലപ്പുറത്തും കോട്ടയത്തും കൊല്ലത്തുമൊക്കെ അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റേതായി  കാടിളക്കിയുള്ള പരിശോധനയാണു നടക്കുന്നത്. ഇത് എത്ര ദിവസത്തേക്ക്  എന്നുമാത്രം കണ്ടറിയണം.  
പരിശോധന യഥാസമയം നടത്താത്ത വകുപ്പിന്റെ അനാസ്ഥയാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായതെന്നാണു വിമര്‍ശനങ്ങളേറെയും. ദുരന്തങ്ങള്‍  ഉണ്ടാകുമ്പോള്‍മാത്രം പരിശോധനയുമായി രംഗത്തിറങ്ങുന്നതില്‍ എന്താണു കാര്യമെന്നു വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നു.
ഇതാദ്യമല്ല ഷവര്‍മ വില്ലനാകുന്നത്, പത്തു വര്‍ഷംമുമ്പ്  തിരുവനന്തപുരത്തുനിന്നു ഷവര്‍മ  കഴിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, സംഭവത്തില്‍  അന്വേഷണങ്ങളും നടപടികളും ഉണ്ടായെങ്കിലും എല്ലാം പാതിവഴിയില്‍ നിലച്ചു. പിന്നീട് പ്രശസ്ത നടന്‍ ഷോബി തിലകനും കുടുംബവും (ഒപ്പം കുറെപ്പേരും) തിരുവനന്തപുരത്തുനിന്ന് ഷവര്‍മ കഴിച്ച്  അവശനിലയിലായ സംഭവവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു
അടുത്ത കാലത്ത് കേരളത്തില്‍ ഇഷ്ടവിഭവമെന്ന നിലയില്‍ പ്രചാരം ലഭിച്ച  നിരവധി  അറേബ്യന്‍/ വിദേശവിഭവങ്ങളില്‍ ഒന്നാണ് ഷവര്‍മ. അഞ്ചുമുതല്‍ പത്തുവരെ കിലോ വേവിക്കാത്ത ചിക്കന്‍ കനം കുറഞ്ഞ കഷണങ്ങളാക്കി ഒരു കുറ്റിയില്‍ അടുക്കിവച്ചശേഷം വേവുന്നതിനനുസരിച്ച് അരിഞ്ഞെടുത്താണ് ഷവര്‍മയില്‍ ഉപയോഗിക്കുന്നത്. മാംസം പൂര്‍ണമായി വെന്തതായിരിക്കില്ല എന്നതും ചിക്കന്‍ അതേ ദിവസത്തേതുതന്നെ ആവണമെന്നില്ല എന്നുള്ളതും അപകടകരമാണ്.
 ചെറിയ കൂള്‍ബാറുകളിലും മറ്റും ഓരോ ദിവസവും ബാക്കിവരുന്ന  പകുതി വെന്ത മാംസം  അടുത്തദിവസങ്ങളില്‍ ഉപയോഗിക്കുന്നതു ഭക്ഷ്യവിഷബാധയ്ക്കു സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണം ശരിയായി പാകപ്പെടുത്താത്തതുമൂലമോ ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍മൂലമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം, ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചുവയ്ക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണു ഭക്ഷണത്തെ വിഷമയമാക്കി അണുബാധയ്ക്കു കാരണമാകുന്നതെന്നും  ചൂണ്ടിക്കാണിക്കപ്പെടുന്നു.
  ഇറച്ചി സൂക്ഷിച്ചുവച്ചു പിന്നീട് പാകം ചെയ്യുന്ന  ഷവര്‍മയില്‍നിന്നു ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നു മുന്നറിയിപ്പു നല്‍കുന്നു, സി എച്ച് സി അഗളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാലു ജോസഫ് എം. സാല്‍മൊണെല്ല എന്ന ബാക്ടീരിയയാണ് ഇവിടെ  വില്ലന്‍. ലോകത്തുള്ള 80.3% ഭക്ഷ്യവിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ് ഉണ്ടാകുന്നത്. ചിക്കന്‍ പൂര്‍ണമായി വെന്തില്ലെങ്കില്‍ സാല്‍മൊണെല്ല ശരീരത്തില്‍ കയറും. പഴകിയ ചിക്കന്‍ ആവണമെന്നില്ല, ഫ്രഷ് ചിക്കനിലും  ഉണ്ടാവും. ശരീരത്തില്‍ കയറി നാലഞ്ചു മണിക്കൂറിനുള്ളില്‍ അവന്‍ പണി തുടങ്ങും. ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.
''വേവാന്‍ അനുവദിക്കണം. തിരക്കു കൂട്ടരുത്. പാതി വേവിച്ചതിനുശേഷം മാറ്റിവച്ച് ഓര്‍ഡര്‍ കിട്ടുമ്പോള്‍ മുഴുവനും വേവിച്ച് ആളുകള്‍ക്കു കൊടുക്കുകയാണ് അവര്‍ ചെയ്യുന്നത്. ധൃതി കൂട്ടിയാല്‍ മുഴുവന്‍ വേവുന്നതിനുമുമ്പ് അവര്‍ മുന്നില്‍വച്ചു തരും, അതാണു പണിയാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
''ആളു കൂടിയാല്‍ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞുകൊടുക്കും. മാംസം ഒരു ഇന്‍സുലേറ്ററാണ്. പുറംഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റര്‍ ഉള്ളിലുണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരലുകൊണ്ട് ഒരു വിളക്കില്‍ പിടിച്ചുവേവിക്കാന്‍ ശ്രമിച്ചാല്‍ തീയില്‍പ്പെട്ട ഭാഗം കരിയുകയും പിടിച്ച ഭാഗം തണുത്തുതന്നെ ഇരിക്കുകയും ചെയ്യും. അതായത്, തിരക്കുള്ള കടയില്‍ അഞ്ചോ പത്തോ പേര്‍ക്ക് നല്ലവണ്ണം വെന്ത മാംസവും ബാക്കിയുള്ളവര്‍ക്ക് പാതിവെന്ത മാംസവും കിട്ടുന്നു. സാല്‍മൊണെല്ല നശിക്കണമെങ്കില്‍ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡില്‍ പത്തു മിനിറ്റ് വേവണം. അല്ലെങ്കില്‍ 55 ഡിഗ്രിയില്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ 60 ഡിഗ്രിയില്‍ അരമണിക്കൂര്‍ വേവണം. അല്ലെങ്കില്‍ വൈറസ് ശരീരത്തില്‍ കയറും.'
ഷവര്‍മ  മുമ്പും  പലയിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെങ്കിലും  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ആരും മരിക്കാതിരുന്നതിനാല്‍ മാധ്യമങ്ങളും  ആരോഗ്യവകുപ്പുമൊന്നും കാര്യങ്ങള്‍ ഗൗരവമായെടുത്തില്ല.
ഇപ്പോള്‍ പെണ്‍കുട്ടി മരിച്ചതോടെ  പലവിധ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചെറുവത്തൂരിലെ സംഭവത്തില്‍  വൃത്തിഹീനമായ സാഹചര്യത്തിലാണ് കൂള്‍ബാറില്‍ ഷവര്‍മ നിര്‍മിച്ചിരുന്നതെന്നാണു കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് കൂള്‍ബാര്‍ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂള്‍ബാറിനു പ്രവര്‍ത്തനാനുമതിയില്ലെന്നു നേരത്തേ കണ്ടെത്തിയിരുന്നു.
നേരത്തേ, ലൈസന്‍സില്ലെന്നു കണ്ടെത്തിയതോടെ കൂള്‍ബാറിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കട ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ ഇടപെട്ട് അടപ്പിച്ചിരുന്നു.  
 സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ അനധികൃത ഭക്ഷണസ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് വകുപ്പുമന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.  
 കേരളത്തിലെ ബേക്കറികളില്‍ ഷവര്‍മ  പാചകം ചെയ്യാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് പത്തു വര്‍ഷമെങ്കിലും ആയിട്ടുണ്ട്. ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യാന്‍ സാധ്യതയില്ലാത്ത ഭക്ഷണവിഭവം ആയതിനാലാണ് ഷവര്‍മ, ഭക്ഷ്യവിഷബാധയ്ക്കു കൂടുതലായും കാരണമാകുന്നത്.  
പഴകിയ മാംസത്തില്‍ രൂപപ്പെടുന്ന ഇക്കോളി, സാല്‍മോണെല്ല, ലിസ്റ്റീരിയ, സ്റ്റഫയിലോ കോക്കസ്, ക്ലോസ്ട്രിഡിയം, ക്യാമ്പയിലോബാക്ടര്‍ പോലുള്ള ബാക്ടീരിയകള്‍ അത്യന്തം അപകടകാരികളാണ്. ഭക്ഷ്യവിഷബാധയില്‍ ജീവനുകള്‍  നഷ്ടപ്പെടാതിരിക്കാന്‍ നാം കൂടുതല്‍ കരുതലോടെയിരിക്കണം. കൂടുതല്‍ കാലറി അടങ്ങിയ ഭക്ഷണങ്ങള്‍ക്കു പകരം നാടന്‍ ഭക്ഷണങ്ങള്‍ തിരികെക്കൊണ്ടുവരാനും നാം ജാഗ്രത പുലര്‍ത്തണം.
							
 സില്‍ജി ജെ. ടോം
                    
									
									
									
									
									
                    