•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

അതിര്‍ത്തിയും കടന്ന്

  • നിഷ ആന്റണി
  • 12 May , 2022

വേനല്‍ച്ചൂടു പൊള്ളിച്ച മേല്‍ക്കൂരയ്ക്കു ചോട്ടിലിരുന്ന് ജോസഫ് എന്ന സുഹൃത്ത് നല്കിയ  പൈസയോടൊപ്പം നാളെ കൊടുത്തുതീര്‍ക്കാനുള്ള കടങ്ങളുടെ നിഘണ്ടു  എഴുതിക്കൊണ്ടിരിക്കുമ്പോള്‍ രാമനാഥന്റെ കണ്ണില്‍നിന്ന് ഒരു തുള്ളി കണ്ണുനീര്‍  ഉരുണ്ടു വീണു കടങ്ങളുടെ മീതെ പരന്നു കിടന്നു. ആരും പരിഗണിക്കാനില്ലാത്ത നീര്‍ത്തുള്ളിയെ അയാള്‍ വിരല്‍ത്തുമ്പുകൊണ്ട് തട്ടിക്കുടഞ്ഞു.
 പൈസയും ലിസ്റ്റുമടങ്ങിയ കവര്‍  മേശയ്ക്കുള്ളില്‍ നിക്ഷേപിച്ചശേഷം വളരെ നാളായി കുഴഞ്ഞുമറിഞ്ഞു കെട്ടിക്കിടന്നിരുന്ന ദീര്‍ഘനിശ്വാസത്തെ രാമനാഥന്‍ പതിയെ പുറത്തേക്കു വിട്ടു.
രത്‌ന ഇനിയും ഉറങ്ങാന്‍ വന്നിട്ടില്ല. ബലപ്പെടുത്താന്‍ ശ്രമിക്കുന്തോറും ഇഴയറ്റുപോകുന്ന കട്ടിലിലെ ചുളിവില്ലാത്ത വിരിപ്പിലേക്ക് അയാള്‍ കിടന്നു. കുറച്ചു ദിവസങ്ങളായുള്ള അവളുടെ പരാതിക്ക് ഇപ്പോഴാണു പരിഹാരം കണ്ടെത്താന്‍ സാധിച്ചത്.
നാളെയെങ്കിലും രത്‌നയുടെ തേച്ചുമോറിയ മുഖം കാണാമല്ലോ എന്ന കനത്ത സ്വാസ്ഥ്യം  അയാളുടെ  ഉള്‍ച്ചൂടിനെ തണുപ്പിച്ചു. അവശത പിടിച്ച ചിന്തകള്‍ക്കിടയില്‍ അതിഥിയായി മാത്രം വരുന്ന ഉറക്കത്തെ കണ്‍പോളകള്‍ക്കിടയിലേക്കു വിളിച്ചു കയറ്റി കണ്‍പീലികള്‍കൊണ്ട് രാമനാഥന്‍ പുതപ്പിച്ചുറക്കി.
പിറ്റേന്നു പുലര്‍ച്ചെ പതിവിനു വിപരീതമായി രത്‌ന നല്കിയ പുഞ്ചിരിയിട്ട ചായയില്‍ അന്നത്തെ ദിവസം ഉന്മേഷത്തോടുകൂടി രാമനാഥനോടൊപ്പം ഒരുങ്ങിയിറങ്ങി.
''ആശുപത്രിയില്‍ പോയി അമ്മയെ കണ്ടുവന്നശേഷം നമുക്കിറങ്ങാം. ഒട്ടും വൈകില്ല. പന്ത്രണ്ടു മണി. നീ റെഡിയായി നിന്നോളു.''
ചിരിക്കാന്‍ ശ്രമിച്ചു തെല്ലു പരാജയപ്പെട്ട മുഖത്തോടെ ചെരുപ്പുകള്‍ കാലിലേക്കു വലിച്ചുകയറ്റുന്നതിനിടയില്‍ അയാള്‍ രത്‌നയോടു പറഞ്ഞു.
തന്റെ ആത്മവിശ്വാസം കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇന്നു ചുരുളഴിയുന്ന നാടകത്തിലെങ്കിലും അബദ്ധം പറ്റാതെ നോക്കണം.
രാമനാഥന്‍ നടന്നു.
സമൂഹത്തിന്റെ തിരക്കുകളിലൂടെ നടന്ന് ഉഷ്ണിക്കുമ്പോള്‍ റോഡൊരു വിഷബാധയേറ്റ കറുത്ത നദിപോലെ അയാള്‍ക്കു മുന്നിലിഴഞ്ഞു.
ഇരുചക്രവാഹനത്തിന്റെ പരമാവധി വേഗത്തില്‍ രാമനാഥന്‍ അമ്മ കിടന്നിരുന്ന ആശുപത്രിയിലെത്തി.
മൂന്നു പൊതികളിലായി വാങ്ങിയ ഓറഞ്ചും മുന്തിരിയും ആപ്പിളും മേശമേല്‍ വച്ചപ്പോള്‍ അമ്മ അദ്ഭുതത്തോടെ നോക്കി. അടുത്തു  ചെന്നിരുന്നപ്പോള്‍ പഞ്ഞിച്ചൂടുള്ള ഒരു കൈ തന്റെ വിരലുകളെ വിറയലോടെ പരതുന്നത് അയാളറിഞ്ഞു.
''മോനു ശമ്പളം കിട്ടിയോ?''
അമ്മയോടു നുണ പറയാന്‍ തോന്നിയില്ല.
''ഇല്ലമ്മേ...''
സ്പാര്‍ക്കിന്റെ കുരുക്കില്‍ മൂന്നു മാസമായി അകപ്പെട്ടു കിടന്ന തന്റെ ശമ്പളത്തെക്കുറിച്ചാണ് അമ്മയുടെ ചോദ്യം.
ആശുപത്രിച്ചെലവുകള്‍ക്കുള്ള തുക പെങ്ങളെ ഏല്പിച്ചു മടങ്ങുമ്പോള്‍ ശമ്പളത്തോടൊപ്പം കുരുങ്ങിപ്പോയ തന്റെ ജീവിതത്തിന്റെ ബില്ലും ആരെങ്കിലും ഒപ്പിട്ടു പാസ്സാക്കിയിരുന്നെങ്കിലെന്ന് അയാളോര്‍ത്തു.
കാല്‍നടക്കാര്‍ മാത്രം അപഹരിച്ച കിളിയൊച്ചകളില്ലാത്ത മരത്തണലിനു താഴെ സ്‌കൂട്ടി ഒതുക്കി രാമനാഥന്‍ കടയിലേക്കു കയറി.
സ്ത്രീകള്‍ക്കുവേണ്ടി മാത്രം തുറക്കപ്പെടുന്ന ഇത്തരം കടകള്‍ ചില സമയങ്ങളിലെങ്കിലും പുരുഷന്‍മാര്‍ക്കും വേണ്ടത്ര സമാധാനം കൊടുക്കുമെന്ന് അന്നയാള്‍ക്കു തോന്നി.
മറ്റാരും തന്നെ കാണരുതേ എന്ന പ്രാര്‍ത്ഥനയില്‍ ചുളുങ്ങിച്ചുരുണ്ട് രാമനാഥന്‍ കടക്കാരനോടു  ചോദിച്ചു:
''സാധനം റെഡിയായോ?''
''സാര്‍, ഒരു മിനിറ്റ്.''
മേശവലിപ്പില്‍നിന്ന് ഒരു ചുവന്ന ബോക്‌സ് വലിച്ചെടുത്ത് കടക്കാരന്‍ തുറന്നു.
''പാകമാണോന്നു നോക്കൂ സര്‍.''
പഴയതിനെക്കാള്‍ തിളക്കത്തില്‍ അത് തന്റെ കൈവിരലുകളില്‍ ഇറുകിയപ്പോള്‍ രാമനാഥന്‍ കടക്കാരനോടു ചോദിച്ചു:
''ഒരു വര്‍ഷത്തേക്ക് ഉറപ്പായിട്ടും ഗ്യാരണ്ടി ഉണ്ടല്ലോ അല്ലേ?''
''തീര്‍ച്ചയായും സര്‍.''
ആത്മവിശ്വാസത്തോടെയുള്ള അയാളുടെ വാക്കുകള്‍ രാമനാഥനെ സമാധാനിപ്പിച്ചു.
സമയം പതിനൊന്നു മണിയാകുന്നു. പോകുന്നവഴി പലചരക്കുകടയില്‍ കയറി. രണ്ടു മാസമായി കൊടുക്കാന്‍ ബാക്കിനിന്നിരുന്ന പൈസ കൊടുത്തപ്പോള്‍ ദിവാകരനും ചോദിച്ചു:
''ശമ്പളം കിട്ടിയോ സര്‍?''
മറുപടി പറഞ്ഞില്ല.
ഈ ചോദ്യം അവളൊരിക്കലെങ്കിലും ചോദിച്ചിരുന്നെങ്കില്‍ തന്റെ  രക്തസമ്മര്‍ദം  മുപ്പതുകളിലെപ്പോലെ  ഈ പ്രായത്തിലും  തുടരുമായിരുന്നു. മുടിയിഴകള്‍  വസ്ത്രമൂരി നഗ്‌നരാവില്ലായിരുന്നു.
രത്‌ന ഇപ്പോള്‍ കുളിച്ചൊരുങ്ങാന്‍ തുടങ്ങിയിട്ടുണ്ടാവും. നേരത്ത് എത്തണം. പുറത്തേക്ക് ഒരുമിച്ചിറങ്ങുമ്പോള്‍ ഇന്നെങ്കിലും അവളുടെ കൈ തന്റെ പനിക്കുന്ന ശരീരത്തിനുമേല്‍ ചുറ്റിപ്പിടിക്കണം.
വീടിനടുത്തു വണ്ടിയൊതുക്കിയപ്പോള്‍ രാമനാഥനു ദാഹിച്ചു. എങ്കിലും രത്‌ന പതിവിലേറെ സന്തോഷത്തില്‍ ഉടുത്തൊരുങ്ങി നില്ക്കുന്നതു കണ്ടപ്പോള്‍ ഒട്ടും വൈകാതെ അവളെയുംകൊണ്ട് അയാള്‍ നഗരത്തിലെ സുഹൃത്തിന്റെ കടയിലേക്കു പുറപ്പെട്ടു.
ജുവലറിയിലേക്കു കയറിയപ്പോള്‍ സന്തോഷം തിന്നതുകൊണ്ടായിരിക്കാം. അവളുടെ ചുണ്ട് ചിരിച്ചു പകുതി തുറന്നിരുന്നു.
'അക്ഷയതൃതീയ ഓഫറിനു മുന്നിലേക്കു മഞ്ഞനിറത്തില്‍ പുഞ്ചിരിച്ചു രത്‌നയിരുന്നപ്പോള്‍ മദ്യത്തെക്കാള്‍ ലഹരി ലോകത്തു പലതിനുമുണ്ടെന്നു രാമനാഥന്‍ കണ്ടെത്തി.
''ചേച്ചിക്കു വേണ്ടത് എടുത്തോളൂ... ഇന്നു വമ്പിച്ച ഓഫറാണ്.''
വിവിധതരം കമ്മലുകളുടെ അളുക്ക് അവളുടെ മുന്നിലേക്കു നീക്കിവച്ചുകൊണ്ടു സെയില്‍സ്മാന്‍ പറഞ്ഞു. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാന്‍ അവള്‍ പണിപ്പെടുന്നതുപോലെ തോന്നി.
''രാമേട്ടന്‍ പറയൂന്നേ... ഏതാ എടുക്കണ്ടത്?''
മറുപടി പറഞ്ഞില്ലെങ്കില്‍ വിളിയിലുള്ള മധുരം തീര്‍ന്നു പോകുമോ എന്നോര്‍ത്തയാള്‍ രണ്ടു ചെറിയ കമ്മലിനു നേര്‍ക്കു കൈ ചൂണ്ടി.
''അതിട്ടാല്‍ കാണാനുണ്ടോ? എനിക്കിതു മതി.'' രണ്ടു വലിയ ജിമുക്കികള്‍ അവള്‍  സെയില്‍സ്മാനെ ഏല്പിച്ചു.
വെയിറ്റിങ് റൂമിലിരുന്ന് ആവി പറക്കുന്ന ഒരു കപ്പു കാപ്പി ഭയത്തോടെ ഊതിക്കുടിക്കുമ്പോള്‍ രത്‌നയുടെ ഫോണ്‍ ശബ്ദിച്ചു.
''ആ... രമേ ഞാന്‍ കല്യാണിലാ...''
''അക്ഷയതൃതീയ ആയതോണ്ട് സ്വര്‍ണമെടുക്കണംന്ന് രാമേട്ടന് ഒരേ നിര്‍ബന്ധം. എന്നാല്‍മാത്രേ ഐശ്വര്യമുണ്ടാവൂന്ന്. പിന്നെ ഞാനങ്ങു സമ്മതിച്ചു. വന്നിട്ട് കാണാട്ടോ....''
ഒരു കുടുംബകലഹംകൂടി മനസ്സില്‍ കണ്ട രാമനാഥന്‍ ഭാര്യയോടു ഫോണ്‍ സംസാരം നിര്‍ത്തി വരാന്‍ ആംഗ്യം കാണിച്ചു.
''ബില്‍ സെക്ഷനില്‍ തിരക്കാണ്. സമയമെടുക്കും. നീ പോയി ഒരു സാരി എടുത്തോ.'' ഭര്‍ത്താവിന്റെ പെട്ടെന്നുള്ള സ്‌നേഹത്തില്‍ രത്‌നയ്ക്ക് അതിശയം തോന്നിയെങ്കിലും ഒട്ടും മടിക്കാതെ രാമനാഥന്‍  നല്‍കിയ  നോട്ടുകള്‍ രത്‌ന വാങ്ങി.
''കഴിയുമ്പോ വിളിച്ചാല്‍ മതി.'' അയാള്‍ പറഞ്ഞു.
ചുറ്റുപാടും ഇളിച്ചുനോക്കുന്ന മഞ്ഞലോഹങ്ങള്‍ക്കിടയില്‍ക്കൂടി നടന്ന് ബില്‍ സെക്ഷനിലെ സി.സി.ടി.വിക്കു മുന്നിലിരുന്ന ആത്മാര്‍ത്ഥസുഹൃത്തിന്റെ അടുത്ത് എത്തിയപ്പോള്‍ അതൃപ്തിയുടെ ചെറിയ രോഷപ്രകടനങ്ങള്‍ രാമനാഥനില്‍നിന്നു പുറപ്പെട്ടു.
''ജോസഫേ, രണ്ടു ഗ്രാം മാത്രമുള്ള കമ്മലുകള്‍ മാത്രമേ കാണിക്കാവൂ എന്നൊറ്റ ഉറപ്പിന്‍മേലാണ് ഞാന്‍ നിന്റെ കടയില്‍ത്തന്നെ വന്ന് കച്ചവടമുറപ്പിച്ചത്. ഇതിപ്പോ അരപ്പവന്റെ ജിമുക്കയാണ്.''
''അതിനിപ്പോ എന്തു പറ്റി രാമാ? ഇന്നലെ നീ പറഞ്ഞ പൈസ മുഴുവന്‍ ഞാന്‍ മുന്‍കൂര്‍ തന്നില്ലേ? ആശുപത്രിയിലെ കാര്യങ്ങളൊക്കെ നടന്നില്ലേ. തന്റെ മോതിരം ഒരു പവനടുത്തുണ്ട്. ഇന്നത്തെ ഓഫറും കഴിഞ്ഞ് ബാക്കി നല്ലൊരു തുക തനിക്ക് കീശേല്‍ വയ്ക്കാന്‍ കിട്ടൂടോ.''
''താനൊരു പുരോഗമനവാദിയായിട്ടും ഇത്തരം ദുരാചാരങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നുണ്ടല്ലോടോ,  മനുഷ്യനെ സൈ്വരം കെടുത്താന്‍.''
''അതിര്‍ത്തികള്‍ കടന്നുവന്ന ഇത്തരം ദുരാചാരങ്ങളാടോ ഞങ്ങളെപ്പോലുള്ള കച്ചവടക്കാരുടെ കീശ വീര്‍പ്പിക്കുന്നത്.''
''ആ, താന്‍ മോതിരം ഊര്...''
കുറെ നാളായി അര്‍ത്ഥം നിലച്ച ശൂന്യതയുടെ ഒരു വളയം മാത്രമാണു താനിപ്പോള്‍ വില്‍ക്കുന്നതെന്നു മനസ്സിനെ വീണ്ടും പറഞ്ഞു പഠിപ്പിച്ചുകൊണ്ടു വിവാഹമോതിരം ഊരി ജോസഫിനു കൊടുത്തപ്പോള്‍ ഹൃദയം വല്ലാതുലയുന്നതു രാമനാഥനറിഞ്ഞു.
ചങ്കു നീറുന്ന നൊമ്പരത്തെ വകവയ്ക്കാതെ അയാള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നു തിളക്കമേറിയ വണ്‍ ഗ്രാം ഗോള്‍ഡിന്റെ 'രത്‌ന' എന്നു പേരെഴുതിയ മോതിരമെടുത്ത് വിരലിലണിഞ്ഞ് തല കുനിച്ചിരുന്നു.
ജോസഫിന്റെ കണക്കുകള്‍ കേട്ട് മിച്ചം വന്ന തുകയുമായി രാമനാഥനെണീറ്റു വേനല്‍വരള്‍ച്ചയിലെ മുഖം കലിപ്പിച്ചു നിന്ന പകലിലേക്കിറങ്ങി. നടന്നുനടന്ന് അയാള്‍ വഴിയോരത്തെ കണ്ണടകള്‍ വില്‍ക്കുന്ന കടയിലെത്തി.
''എന്താ സര്‍ വേണ്ടത്?''
''എനിക്ക് മുരുകന്‍ കാട്ടാക്കടയുടെ ഒരു കണ്ണട വേണം.''
അന്ധാളിച്ചു നില്‍ക്കുന്ന വില്പനക്കാരന്റെ മുഖത്തേക്കു നോക്കി രാമനാഥന്‍ വീണ്ടും ആവശ്യപ്പെട്ടു:
''കണ്ണട തരൂ...''

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)