പണ്ടുമുതല്ക്കേ സ്വകാര്യസ്വത്താണ് ഏതൊരാളുടെയും ഭൂമി. വീടിന്റെയും വാഹനത്തിന്റെയുമൊക്കെ നികുതിദായകന്‍ അതിന്റെ ഉടമയായിരിക്കുന്നതുപോലെ ഭൂമിയുടെ നികുതിദായകനും അതിന്റെ ഉടമതന്നെ. അവര്‍ക്കു ലഭിക്കുന്ന നികുതിരസീത് (Tax Receipt) നിയമേനയുള്ള ഏതാവശ്യത്തിനും ഉടമാവകാശത്തിന്റെ തെളിവായിരിക്കും. ഈ സാമാന്യനീതിയിലൂന്നിയാണ് കേരള ലാന്‍ഡ് ടാക്‌സ് ആക്റ്റ് നിലകൊള്ളുന്നത്. ഇതനുസരിച്ചാകുന്നു കേരളത്തില്‍ ഭൂനികുതി നിശ്ചയിക്കുന്നതും പിരിച്ചെടുത്ത് രസീതു നല്‍കുന്നതും. ഈ നിയമത്തില്‍ നിശ്ചയിച്ചിട്ടുള്ള നികുതിദായകന്‍ ഭൂമിയുടെ കൈവശക്കാരനാണ് (Land holder)). നികുതി നല്‍കാന്‍ ബാധ്യസ്ഥനായ ഈ കൈവശക്കാരനാണ് അംഗീകൃത കൈവശക്കാരന്‍ (Registered Land Holder) അഥവാ ഭൂവുടമ (Land Owner).
കേരള ഭൂപരിഷ്‌കരണനിയമം നടപ്പിലായതിനുശേഷം ഭൂമിക്ക് അവകാശിയായി അതിന്റെ അംഗീകൃത കൈവശക്കാരന്‍ അല്ലാതെ മധ്യവര്‍ത്തി ഉണ്ടാവില്ല.
കേരള സര്‍വേ & ബൗണ്ടറീസ് ആക്റ്റിലും ഇതേ അര്‍ത്ഥത്തില്‍ രജിസ്റ്റേര്‍ഡ് ഹോള്‍ഡര്‍ എന്നാണ് ഭൂവുടമയെ പരാമര്‍ശിക്കുന്നത്. സര്‍ക്കാര്‍ കണക്കില്‍ ആരുടെ പേരിലാണോ ഭൂമിയുള്ളത് അയാള്‍. അതായത്, കേരള ഭൂനികുതി ചട്ടപ്രകാരമുള്ള അടിസ്ഥാന ഭൂനികുതി രജിസ്റ്ററില്‍ ഭൂവുടമയായി പേരു ചേര്‍ത്തിട്ടുള്ള വ്യക്തി.
റീസര്‍വേ കഴിഞ്ഞ് റവന്യൂഭരണത്തിനുള്ള അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ (ബി.റ്റി.ആര്‍.) തയ്യാറാക്കി അന്തിമതീര്‍പ്പെടുത്തിട്ടുള്ളത് 29 കോളങ്ങളുള്ള ലാന്‍ഡ് രജിസ്റ്ററില്‍നിന്നാണ്. തല്‍സമയത്തെ റവന്യൂ റിക്കാര്‍ഡുകള്‍ ആധാരമാക്കി രണ്ടു ജീവനക്കാര്‍ രണ്ടു സമയത്ത് വെവ്വേറെ സ്ഥലം പരിശോധിച്ച് അപ്പോഴത്തെ വിവരങ്ങള്‍ ശേഖരിച്ചു തയ്യാറാക്കുന്ന ഈ ലാന്‍ഡ് രജിസ്റ്ററിലെ വിവരങ്ങളില്‍ 75 ശതമാനത്തിലധികവും ഉപരി പരിശോധന നടത്തിയാണ് അന്തിമമാക്കുന്നത്. റീസര്‍വേയ്ക്കുശേഷമുള്ള റവന്യൂ ഭരണത്തിന് ഇങ്ങനെ തയ്യാറാക്കി നല്‍കിയ അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലെ വിവരങ്ങള്‍ അതേപടി ഉപയോഗിച്ചാണ് വില്ലേജ് ഓഫീസില്‍ കരം സ്വീകരിക്കേണ്ടതും പോക്കുവരവു നടത്തേണ്ടതും. ആ രജിസ്റ്ററിലുള്ള ഭൂമിയുടെ വിസ്തീര്‍ണം, ഭൂവുടമയുടെ പേര് എന്നീ കാര്യങ്ങളില്‍ അതിന് ആശങ്കപ്പെടേണ്ട കാര്യമേയില്ല. ഈ കാര്യങ്ങളത്രയും സവിസ്തരം പ്രതിപാദിച്ച് സമയാസമയങ്ങളില്‍ റവന്യൂബോര്‍ഡില്‍നിന്ന് ഉത്തരവുകള്‍ ഉണ്ടായിട്ടുള്ളതുമാണ്. ദശാബ്ദങ്ങളായി ആ ഉത്തരവുകള്‍ പാലിച്ചുകൊണ്ടു കാര്യങ്ങള്‍ സുഗമമായി നടക്കുന്നുമുണ്ട്.
അതുമാത്രമല്ല, മേല്പറഞ്ഞ അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലുള്ള വിസ്തീര്‍ണത്തിന് അതിന്റെ ഉടമകളില്‍നിന്നു സര്‍വേ & ബൗണ്ടറീസ് ആക്റ്റ് അനുസരിച്ചുള്ള റീസര്‍വേ ചാര്‍ജ് വില്ലേജ് ഓഫീസുകളില്‍ പിരിച്ചു രസീതു നല്‍കുന്നു. അങ്ങനെ റീസര്‍വേ ചാര്‍ജു നല്‍കിയിട്ടുള്ള വിസ്തീര്‍ണത്തെക്കുറിച്ചാണ് ഇപ്പോള്‍ ആശങ്ക ഉന്നയിക്കുന്നത്. റീസര്‍വേ ചാര്‍ജ് പിരിക്കാന്‍ ഭൂമിയുടെ വിസ്തീര്‍ണത്തിലുണ്ടായിട്ടുള്ള ഏറ്റക്കുറച്ചില്‍ തടസ്സമല്ലാതിരിക്കേ, അതനുസരിച്ചു ഭൂനികുതി പിരിക്കാനുള്ള ബുദ്ധിമുട്ടാണു മനസ്സിലാകാത്തത്. എന്നാല്‍, ഈ വസ്തുതകളൊന്നും ഗൗനിക്കാതെ, റീസര്‍വേ ബി.റ്റി.ആര്‍. അനുസരിച്ച് നികുതി പിരിക്കാന്‍ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഉത്തരവുകള്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്ന വാര്‍ത്തയാണ് ഏറെ വിചിത്രം. മാത്രമല്ല, ഇപ്പോള്‍ നിലവിലുള്ള ബി.റ്റി.ആര്‍. അനുസരിച്ചു നികുതിപിരിവും പോക്കുവരവും മറ്റും നടത്തുന്നതിനു പകരം ഇപ്പോള്‍ നിലവിലില്ലാത്ത, പഴയ ബി.റ്റി.ആര്‍. അനുസരിച്ചു കാര്യങ്ങള്‍ നടത്താനാണ് പുതിയ നിര്‍ദേശം.
മിക്കവാറും വില്ലേജുകളിലെ റവന്യൂകണക്കുകള്‍ കംപ്യൂട്ടറിലാക്കിയതോടെ, പണ്ടേ പൊടിഞ്ഞിരുന്ന പഴയ കണക്കുകളെല്ലാം ധൂളിയായിത്തീര്‍ന്നത് അറിയേണ്ടവര്‍ അറിയാത്തതും പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നു. ദശാബ്ദങ്ങളായി റീസര്‍വേ അനുസരിച്ചു കരം പിരിച്ചുകൊണ്ടിരുന്ന സ്ഥലങ്ങളില്‍ എല്ലാം പഴയതിലേക്കു തിരിച്ചുപോകുന്നതു ഗുരുതരമായ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കും. ഇതിനെല്ലാം ഇരകളായി അലയേണ്ടിവരുന്നത് പാവപ്പെട്ട ചെറുകിടകര്‍ഷകരും ഭൂവുടമകളും. ഇതും പോരാഞ്ഞ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്. ഭൂനികുതി ഒടുക്കിയ രസീത് അതിലെ തണ്ടപ്പേരുകാരനു ഭൂമിയുണ്ടെന്നുള്ളതിന് ഒരു തെളിവുപോലുമല്ലത്രേ! തികച്ചും അനവധാനതയോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നതിന്റെ പരിണതഫലം. ഈ നിലപാട് ഭൂനികുതിനിയമത്തിനു നിരക്കുന്നതല്ല.
പോക്കുവരവിനുള്ള വിവരാന്വേഷണവും അതിന്മേലുള്ള തീര്‍പ്പും നികുതി പിരിവിനുള്ളതാകയാല്‍ അത് ഭൂമിയിന്മേലുള്ള ഒരാളുടെ നിയമാവകാശത്തെ (Legal Right) ബാധിക്കയില്ലെന്നു പറയുന്നുണ്ട്. ഈ വസ്തുത കേരള വില്ലേജ് മാനുവലില്‍ ഉള്‍പ്പെടുത്തിയപ്പോഴുള്ള ഗുരതരമായ ധാരണപ്പിശകാണ് ഈ തെറ്റിദ്ധാരണയ്ക്കു നിദാനം. ഭൂമിയുടെ പ്രമാണംപോലും കോടതിവിധിയാല്‍ അസ്ഥിരപ്പെടുമെന്നിരിക്കേ, ഭൂനികുതി രസീതിന്റെ പ്രയോജനം നിഷേധിക്കേണ്ടതില്ലല്ലോ ധഎന്നാല്‍, സര്‍വേ റിക്കാര്‍ഡിന് ഇതില്‍നിന്നു സംരക്ഷണം ഉണ്ടുതാനും. (സര്‍വേ ആക്റ്റ് സെക്ഷന്‍ 14)പ.
ഏതുകാലത്തായാലും ഭൂമി ഭാഗിച്ച് ഉടമാവകാശം മാറുമ്പോഴുണ്ടാകുന്ന പോക്കുവരവ് അതിന്റെ സബ്ഡിവിഷന്‍ സര്‍വേ അഗീകരിച്ച് വിസ്തീര്‍ണം നിര്‍ണയിക്കപ്പെടുമ്പോള്‍ മാത്രമേ അന്തിമമാകുന്നുള്ളൂ. വ്യവസ്ഥാപിത നിയമം ഇങ്ങനെയായിരിക്കേ, പ്രമാണവിസ്തീര്‍ണത്തെക്കാള്‍ വിശ്വാസ്യവും വാസ്തവമായതും സര്‍വേ വിസ്തീര്‍ണമാണെന്നും അതാണു പേരില്‍ പതിയേണ്ടതെന്നും വ്യക്തം. യാതൊരു പ്രമാണവുമില്ലാതെ അനുഭവിച്ചുവരുന്ന എതിര്‍കൈവശഭൂമിയും (Adverse Possession) കൈവശക്കാരനു സാധാരണപോലെതന്നെ പോക്കുവരവുചെയ്തു തണ്ടപ്പേരു കിട്ടാന്‍ വ്യവസ്ഥയുണ്ട് പോക്കുവരവുനിയമത്തില്‍. കേരള സര്‍വേ മാനുവല്‍ ഒന്നാം വാല്യത്തിലും ഈ അവകാശം ലഭ്യമാക്കുന്ന ഉപാധിയുണ്ട്. ഇപ്രകാരമുള്ള വ്യവസ്ഥാപിത നിറവിലാണ് റീസര്‍വേ വിസ്തീര്‍ണത്തിനു നികുതി ഈടാക്കാനും പോക്കുവരവുചെയ്യാനും റവന്യുവകുപ്പില്‍നിന്നു നിര്‍ദേശങ്ങള്‍ നിലവില്‍ വന്നതും അതു പാലിച്ചുപോന്നതും. പൊടുന്നനേ അവയൊക്കെയും ഇപ്പോള്‍ റദ്ദാക്കിയത് ദുര്‍വഹമായ ദോഷഫലങ്ങള്‍ക്ക് ഇടയാക്കും. ഇതിനു പകരമാകുമെന്നു കരുതുന്ന നിര്‍ദിഷ്ടനിയമവും തെറ്റുധാരണയില്‍നിന്നാണു രൂപപ്പെടുന്നത്.
പ്രമാണത്തിലുള്ളതിനെക്കാള്‍ കൂടുതലായി റീസര്‍വേയില്‍ കാണുന്ന വിസ്തീര്‍ണത്തെ അധികഭൂമിയായി ചിത്രീകരിക്കുന്നതു നിയമനിഷ്ഠമല്ല. ഇത്തരം സാധ്യതകള്‍ നിലവിലുള്ള പോക്കവുവരവു നിയമം സാധൂകരിക്കുന്നുമില്ല. ഈ നിയമത്തിലെ 28-ാം വകുപ്പനുസരിച്ച് (Adverse Possession) ആയി പരിഗണിക്കുന്ന ഭൂമി കൈവശക്കാരന് അവകാശപ്പെട്ടതാണ്. അതേ അവകാശമാണ് റീസര്‍വേയിലെ അധിക വിസ്തീര്‍ണത്തിന് അതിന്റെ കൈവശക്കാരനുള്ളതും. ഇത് അംഗീകരിക്കാനാണ് നിയമകര്‍ത്താക്കള്‍ തയ്യാറാകേണ്ടത്. അതാകുന്നു ജനകീയമാകുന്നതും.