രാവിലെ വര്‍ത്തമാനപ്പത്രത്തിന്റെ മടക്കു നിവര്‍ത്താന്‍ ഭയം. പേജുകള്‍ മറിച്ചുനോക്കാന്‍ ഭയം. ടി.വി.യിലെ പ്രധാനവാര്‍ത്തകള്‍ കേട്ടിരിക്കാന്‍ ഭയം. അകാരണമാണ് ഈ ഭയമെന്ന് ആരും ധരിക്കേണ്ടതില്ല.  നാട്ടില്‍ നടമാടുന്ന അക്രമങ്ങളെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വായിച്ചും ദൃശ്യങ്ങള്‍ ദര്‍ശിച്ചും മനസ്സു മരവിച്ച ഏതൊരു സാധാരണ പൗരന്റെയും മാനസികാവസ്ഥ ഇങ്ങനെയാണ്. സമാധാനജീവിതം കാംക്ഷിക്കുന്ന ആര്‍ക്കും സ്വസ്ഥമായി അന്തിയുറങ്ങാനാവാത്ത അവസ്ഥയിലേക്കു മലയാളക്കര അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു.
മുക്കാല്‍ നൂറ്റാണ്ടിനുമുമ്പ് ഇവിടെ നിലവിലിരുന്ന സാമൂഹികാന്തരീക്ഷം താരതമ്യേന പ്രശാന്തമായിരുന്നു. സ്വാര്‍ത്ഥതയും നിക്ഷിപ്തതാത്പര്യങ്ങളും മുന്‍നിര്‍ത്തി അങ്ങിങ്ങു ചില സമാധാനക്കേടുകള്‍ തലപൊക്കിയിരുന്നു എന്നതു നിഷേധിക്കുന്നില്ല. എങ്കിലും നാടും നഗരവും പൊതുവെ ശാന്തമായി കഴിഞ്ഞുകൂടി. കപ്പനട്ടും കാളപൂട്ടിയും അധ്വാനിച്ച മനുഷ്യന്‍ അല്ലലും അലച്ചിലുമില്ലാതെ കിടന്നുറങ്ങി. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിച്ച അവനെ കാര്യമായ രോഗങ്ങളൊന്നും അലട്ടിയില്ല. ക്രമേണ, വിദ്യാഭ്യാസം ചെയ്യാനും അറിവുനേടാനുമുള്ള സാധ്യതകള്‍ വര്‍ധിച്ചതോടെ വളരുന്ന തലമുറയ്ക്കു മണ്ണില്‍ പണിയാനുള്ള താത്പര്യം കുറഞ്ഞുതുടങ്ങി. ഒപ്പം, പ്രകൃതിരമണീയമായ ഈ നാട്ടിലേക്ക് ദൈവത്തിന്റെ സ്വന്തം ഭൂമി കാണാന്‍ ഒഴുകിയെത്തിയ വിദേശികളും അവരുടെ സംസ്‌കാരവും രീതികളും  ഇവിടെയുള്ളവരെ ആകര്‍ഷിച്ചു. അവര്‍ വിദേശങ്ങളില്‍ ജോലിക്കു പോയി. പോയവരുടെ വീടുകളിലേക്കു പണം ഒഴുകിയെത്തി. ആ ഒഴുക്കു കണ്ടവര്‍ പ്രായഭേദമെന്യേ വിദേശങ്ങളില്‍ സുലഭമായിരുന്ന ജോലികള്‍ സ്വന്തമാക്കി. അവധിക്കു വരുമ്പോള്‍ പണത്തിനുപുറമേ വിദേശമദ്യവും വില കൂടിയ സിഗററ്റും സ്വര്‍ണവും ആഡംബരവസ്തുക്കളും കൊണ്ടുവന്നു. സാമ്പത്തികമായും സാംസ്‌കാരികമായും നാടുണര്‍ന്നു. സദാചാരരീതികളും സനാതനമൂല്യങ്ങളും ആരും നോക്കാതായി. ആര്‍ക്കും എന്തു തൊഴിലും ചെയ്യാമെന്ന അവസ്ഥ നാട്ടിലുണ്ടായി. മാറിമാറി വന്ന ഭരണകൂടങ്ങള്‍ പുതിയ സാമ്പത്തികസ്രോതസ്സുകളെ പ്രോത്സാഹിപ്പിച്ചപ്പോള്‍ കുടില്‍വ്യവസായങ്ങളും ചെറിയ കമ്പനികളും നാട്ടില്‍ പിറവിയെടുത്തു. രാഷ്ട്രീയക്കാരുടെ പിന്‍ബലത്തില്‍ ഏതു കാര്യവും നടത്തിയെടുക്കാമെന്ന അവസ്ഥയും നിലവില്‍വന്നു. പരസ്പരമുള്ള കാലുവാരലിനും തൊഴുത്തില്‍കുത്തിനും മത്സരത്തിനും വൈരാഗ്യത്തിനും ഇതു കാരണമായി. ഏതു വിധേനയും എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള പക ഉള്ളില്‍ പുകഞ്ഞു. ആ അവസ്ഥയാണ് വളര്‍ന്ന് ഇന്നത്തെ നിലയിലെത്തിയത്. കൂടക്കൂടെ കൊലയും മറുകൊലയും തെരുവുകളെ ചോരക്കളങ്ങളാക്കുന്നു. അനാഥമായ കുടുംബങ്ങളില്‍നിന്ന് നിസ്സഹായതയുടെ നെടുവീര്‍പ്പുകള്‍ നഷ്ടബോധത്തിന്റെ ആകാശങ്ങളിലേക്കു വിങ്ങിവിങ്ങി ഉയരുമ്പോള്‍ കൊന്നവര്‍ കൊല്ലിച്ചവരുടെ സംരക്ഷണയില്‍ നാട്ടിലും മറുനാട്ടിലുമായി ദുഷിച്ചുപോയ രാഷ്ട്രീയത്തിന്റെ ഒളിത്താവളങ്ങളില്‍ സസുഖം തിന്നുകുടിച്ചു വാഴുന്നു. അവരെ തൊടാന്‍ നിയമത്തിനാവില്ല.
ദൈവസൃഷ്ടിയുടെ മകുടമായ മനുഷ്യന്റെ ജീവനെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നിരിക്കേ, ഗര്‍ഭപാത്രംപോലും കശാപ്പുശാലയാക്കുന്ന കൊടുംക്രൂരത ഈ നാട്ടിലും നടമാടുന്നു. ജനിച്ചുവീഴുന്ന കുരുന്നുകുഞ്ഞുങ്ങളെ ഞെക്കിക്കൊന്നു ചവറ്റുകൂനയിലും പൊട്ടക്കിണറ്റിലും തള്ളിക്കളയുന്ന തള്ളമാരുടെ നാടാണിത്. നാലും അഞ്ചും വയസ്സുള്ള ബാലികാബാലന്മാരെ അടിച്ചും തൊഴിച്ചും വലിച്ചെറിഞ്ഞും കൊന്നുതള്ളുന്ന അച്ഛന്മാരും അമ്മമാരും നമുക്കു പരിചിതരാണ്. വര്‍ഷങ്ങളോളം വെച്ചുവിളമ്പിയ ഭാര്യയ്ക്കു വിഷം കൊടുത്തു കൊല്ലുന്ന ഭര്‍ത്താക്കന്മാരുണ്ടിവിടെ. ശുദ്ധനും പാവത്താനുമായ ഭര്‍ത്താവിന്റെ പേരില്‍ കള്ളക്കേസുണ്ടാക്കി പോലീസിനെ വിട്ടു പിടിപ്പിക്കുന്ന ഭാര്യമാരുടെയും നാടാണിത്. സ്വന്തം കൂടപ്പിറപ്പിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ധൈര്യപ്പെടുന്ന കാട്ടാളന്മാരും ഈ നാട്ടില്‍ അധിവസിക്കുന്നു. ജനിച്ച നാള്‍മുതല്‍ ഒരുപാടു പ്രതീക്ഷകളോടെ, രാജകുമാരിയെപ്പോലെ വളര്‍ത്തിക്കൊണ്ടുവന്ന പുന്നാരമോള്‍ കണ്ണില്‍ കണ്ട ഏതോ ഒരുത്തനോടൊപ്പം ഇറങ്ങിപ്പോയി. അവനോടൊപ്പം ജീവിക്കാനാണു താത്പര്യമെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഏതു കോടതി അവളെ ന്യായീകരിച്ചാലും മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കരളിലെ നീറ്റല്‍ മരണംവരെ അവളെ വേട്ടയാടും.
അതുപോലെതന്നെ വേദനാജനകമാണ് വീടു വിട്ടുപോകുന്ന മക്കളുടെ കാര്യം. അവര്‍ എവിടെയാണെന്നറിയാതെ കണ്ണീരോടെ, പ്രാര്‍ത്ഥനയോടെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന മാതാപിതാക്കള്‍ നിരവധിയുണ്ടിവിടെ. ഓണ്‍ലൈന്‍ ഗെയിമുകളില്‍ കുരുങ്ങി ആത്മഹത്യ ചെയ്യുന്നവരും മയക്കുമരുന്നിന്റെ മാസ്മരികതയില്‍ മനസ്സിന്റെ സമനില തെറ്റിയവരും ഓരോരോ സാഹസികതയ്ക്കു മുതിര്‍ന്നിട്ടു ജീവന്‍ പോയവരും ഏറെയുള്ള നാടാണിത്. അശ്രദ്ധ ഒന്നുകൊണ്ടുമാത്രം തെരുവിലും വെള്ളത്തിലും പൊലിയുന്ന ജന്മങ്ങളുടെ എണ്ണം  അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു.
ഇങ്ങനെ നാനാവിധത്തില്‍ അലങ്കോലപ്പെടാനും ചിന്താസരണികള്‍ വഴിവിട്ടു ചരിക്കാനും നമ്മുടെ കുമാരീകുമാരന്മാര്‍ക്കും യുവതീയുവാക്കള്‍ക്കും പ്രേരണയാകുന്നത് എന്താണ്? അറിഞ്ഞോ അറിയാതെയോ അവരുടെ മാനസികവ്യാപാരങ്ങളെയും ശാരീരികചേഷ്ടകളെയും നിയന്ത്രിക്കുന്ന അദൃശ്യമായ ഒരു ബാഹ്യശക്തി അവരില്‍ രൂപപ്പെടുന്നുണ്ട്. കഴിക്കുന്ന ആഹാരവും കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും ഉള്‍ക്കൊള്ളുന്ന വിഷാംശങ്ങള്‍ ഉള്ളിലിറങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ ചിന്തകളും ചേഷ്ടകളും അറിയാതെ മാറും. ആ മാറ്റം അപകടസാധ്യതയുള്ള മേഖലകളില്‍ ഇടപെടാന്‍ ധൈര്യം പകരുന്നു. ആ ബാഹ്യശക്തിക്ക് ഉത്തേജനം പകരാന്‍ മദ്യംമുതല്‍ മയക്കുമരുന്നുവരെയുള്ള മാരകപദാര്‍ത്ഥങ്ങള്‍ സുലഭവുമാണ്. ഇതിനുപുറമേയാണ് ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മനുഷ്യപ്രകൃതിയില്‍ ഏല്പിക്കുന്ന ആന്തരികപ്രതികരണങ്ങള്‍. എല്ലാ ഘടകങ്ങളും ഒത്തുചേരുമ്പോള്‍ മനുഷ്യന്‍ തികച്ചും വ്യത്യസ്തനാകുന്നു.
പോരെങ്കില്‍ കര്‍ഷകപ്രാധാന്യമുള്ള ഈ നാട്ടില്‍ മനുഷ്യനെയും അവന്റെ അധ്വാനത്തെയും വില കുറച്ചുകാണാന്‍ അധികാരക്കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഭരണക്കാര്‍ ഒരുമ്പെടുമ്പോള്‍ നാടെങ്ങും അശാന്തി പുകയുകയാണ്. വനവും വന്യമൃഗങ്ങളുമാണ് അവര്‍ക്ക് അഭികാമ്യം. കാട്ടാനയും കാട്ടുപന്നിയും മനുഷ്യനെ കൊല്ലുന്നു. വിളകളില്ലാതാക്കുന്നു. കാലം തെറ്റി വന്ന മഴവെള്ളത്തില്‍  നെല്‍ക്കതിരുകളും വേലയെടുത്ത കര്‍ഷകന്റെ പ്രതീക്ഷയുടെ നാമ്പുകളും വീണുകിടന്നു നശിക്കുന്നു. വിളയില്ല. ഉള്ളതിനു വിലയില്ല. അസ്വസ്ഥതയുടെ പുകമഞ്ഞാണ് നാലുപാടും.                                                          
ഇവയെക്കാളൊക്കെ പരിതാപകരമാണ് ധാര്‍മികമണ്ഡലത്തിലെ മനുഷ്യന്റെ അപചയങ്ങള്‍. ദൈവം മോശവഴി മാനവരാശിക്കു നല്കിയ കല്പനകള്‍ നിരന്തരം ലംഘിക്കപ്പെടുന്നു. കുടുംബജീവിതത്തിന്റെ പവിത്രതയെപ്പോലും ചവിട്ടിമെതിക്കുന്ന വിധത്തില്‍ ജീവിതപങ്കാളികളെ പരസ്പരം കൈമാറുന്ന കൊടുംഭീകരമായ പൈശാചികതയിലേക്കു ഭാര്യാഭര്‍ത്തൃബന്ധം അധഃപതിച്ച വാര്‍ത്തയും നമ്മള്‍ വേദനയോടെ അറിഞ്ഞു. ഇനി എന്തശാന്തിയാണിവിടെ പെയ്യാന്‍ ബാക്കിയുള്ളത്? 'തിരികല്ല് കഴുത്തില്‍ കെട്ടി കടലിന്റെ അഗാധതയിലേക്ക് എറിയപ്പെട്ടിരുന്നെങ്കില്‍' എന്നു കര്‍ത്താവ് വിലപിച്ചത് മ്ലേച്ഛതയുടെ ഈ അവതാരങ്ങളെക്കൂടി കണ്ടിട്ടാവാം. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ ദൈവം അയയ്ക്കുന്ന ശിക്ഷകള്‍ തീരെ നിസ്സാരങ്ങളാണ്. ഉരുള്‍പൊട്ടലും പ്രളയവും വൈറസും വകഭേദങ്ങളും കണ്ടു നമ്മള്‍ പഠിക്കുന്നില്ലെങ്കില്‍ ഇവയെക്കാള്‍ ഭയാനകമായത് നാം നേരിടേണ്ടി വന്നേക്കാം. 'ആ ദിവസം ഒരു കെണിപോലെ പെട്ടെന്ന് നമ്മുടെമേല്‍ വന്നുവീഴാതിരിക്കാന്‍' നമുക്ക് ദൈവത്തിന്റെ പക്കലേക്കു കരങ്ങളുയര്‍ത്താം.
							
 കൊഴുവനാല്‍ ജോസ്
                    
									
									
									
									
									
                    