''രാജ്യദ്രോഹനിയമം മരവിപ്പിച്ചു'',
''വൈവാഹികപീഡനം: കോടതിക്കു ഭിന്നവിധി''
2022 മേയ് 12 ലെ പത്രത്തില്‍ വന്ന രണ്ടു പ്രധാന വാര്‍ത്തകളാണിവ. സര്‍ക്കാരിനോട് അനിഷ്ടം ഉണ്ടാകത്തക്കവിധം വിദ്വേഷജനകമായി സംസാരിക്കുന്നവരെ വാറന്റു കൂടാതെ അറസ്റ്റു ചെയ്തു മൂന്നുവര്‍ഷംവരെ തടവും പിഴയും നല്‍കാമെന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നു കണ്ടതിന്റെ വെളി ച്ചത്തില്‍ ബഹു. സുപ്രീം കോടതി അതു മരവിപ്പിച്ചു എന്നതാണ് ഇതിലെ ആദ്യവാര്‍ത്ത. ധാര്‍മികത അശേഷമില്ലാത്തവരെന്നു രാഷ്ട്രീയക്കാരെ പൊതുജനം വിലയിരുത്തുമ്പോള്‍ അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളെ വിമര്‍ശിക്കാന്‍ അവകാശമുണ്ടാവുകയെന്നതു ജനാധിപത്യപരമായി നോക്കിയാല്‍ വലിയൊരു ആശ്വാസംതന്നെയാണ്. ഭിന്നാഭിപ്രായപ്രകടനം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വാണെന്നും അതില്ലാതിരുന്നാല്‍ ജനാധിപത്യം സമ്മര്‍ദത്താല്‍ പൊട്ടിത്തെറിക്കുമെന്നും ബഹു. ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് നടത്തിയിരുന്ന ചരിത്രപ്രധാനമായ നിരീക്ഷണം ഇവിടെ സ്മരണീയമാണ്.
വൈവാഹികബന്ധത്തെയും കുടുംബങ്ങളുടെ നിലനില്പിനെയും സാരമായി ബാധിക്കാവുന്ന ഒരു നിയമം ജന്മമെടുക്കാന്‍ പോകുന്നതിന്റെ കേളികൊട്ടാണ് രണ്ടാം വാര്‍ത്ത. ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് അവളില്‍ നടത്തുന്ന ശാരീരികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ സംബന്ധിച്ച ഹര്‍ജിയാണ് സുപ്രീം കോടതി ഇപ്പോള്‍ പരിശോധിക്കാന്‍ പോകുന്നത്. ഇങ്ങനെയുള്ള ശാരീരികബന്ധത്തിന് ബലാത്സംഗക്കുറ്റത്തില്‍നിന്ന് ഇളവു നല്‍കിയിരുന്ന ഐ പി സി 375 (2) വകുപ്പ് ഡല്‍ഹി ഹൈക്കോടതിയിലാണ് ആദ്യം ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍, ഈ വിഷയത്തില്‍ അവിടെ ന്യായാധിപന്മാര്‍ക്കു തമ്മില്‍ അഭിപ്രായൈക്യമുണ്ടായില്ല. ഭര്‍ത്താവു നടത്തുന്ന ശാരീരികബന്ധം അനുവാദമില്ലാതെ ആയാല്‍പ്പോലും അതു ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നു പറയുന്ന പ്രസ്തുത വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റീസ് രാജീവ് ശക് ധറും, അല്ലെന്ന് ജസ്റ്റീസ് സി ഹരിശങ്കറും വിധിച്ചു. അതിനാലാണ് ഈ വിഷയം ഇപ്പോള്‍ ബഹു. സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി വന്നിരിക്കുന്നത്. ഈ ഹര്‍ജി കോടതി അനുവദിക്കുന്നപക്ഷം നിരവധി ശാരീരികബന്ധങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. രാജ്യരക്ഷാനിയമംപോലും ദുരുപയോഗം ചെയ്യപ്പെടുന്ന നാട്ടില്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ആര്‍ക്കു പറയാം!
പൊതുവില്‍ രാജ്യത്തെ സ്ത്രീസംരക്ഷണനിയമങ്ങളില്‍ ഒരു ഭരണഘടനാവിരുദ്ധതയുണ്ടെന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല. സ്ത്രീപീഡനത്തിന്റെ പരിധിയില്‍ വരുന്ന പരാതികളില്‍, ആക്ഷേപമുന്നയിക്കുന്ന സ്ത്രീയ്ക്ക് ആയതു തെളിയിക്കാനുള്ള ബാധ്യതയില്ലെന്നതോ പോകട്ടെ, മറ്റു കേസുകളിലെപ്പോലെ കുറ്റം തെളിയിക്കുന്നതിനുള്ള ബാധ്യത പ്രോസിക്യൂഷനുപോലുമില്ലെന്നത് ഈ നിയമങ്ങളിലെ ഭരണഘടനാവിരുദ്ധതയുടെ പ്രത്യക്ഷോദാഹരണമാണ്. കുറ്റം ആരോപിക്കപ്പെട്ടയാള്‍തന്നെ തന്റെ നിരപരാധത്വം തെളിയിക്കണമത്രേ! എത്ര വിചിത്രമായ നിയമം! ഒരാള്‍ ഒരു സ്ത്രീയെ അര്‍ത്ഥഗര്‍ഭമായി നോക്കിയെന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ നോക്കിയില്ലെന്നു തെളിയിക്കാന്‍ അയാള്‍ക്കെങ്ങനെ കഴിയും? തന്റെ കണ്ണ് ആ ദിവസം നടത്തിയ എല്ലാ വ്യാപാരങ്ങളുടെയും ദൃശ്യങ്ങള്‍ അയാള്‍ കോടതിയില്‍ കാണിക്കേണ്ടി വരില്ലേ? ഭരണഘടന അനുശാസിക്കുന്ന ലിംഗസമത്വം ഈ നിയമത്തില്‍ എവിടെ? സ്ത്രീസംരക്ഷണനിയമം എത്രമാത്രമാണിവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്! ഏതാനും വര്‍ഷംമുമ്പ് വനിതാക്കമ്മീഷനു ലഭിച്ച ഒരു പരാതിയില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ പാലാ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയുണ്ടായി. പോലീസിന്റെ അന്വേഷണത്തില്‍ പരാതി ഉന്നയിച്ച ആളെപ്പോലും കണ്ടെത്താനായില്ല! സ്വതന്ത്രഭാരതത്തില്‍ അന്തസ്സായി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ ഏറ്റവും അപമാനകരമായി പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്താന്‍ സ്ത്രീയുടേതെന്നു തോന്നിക്കുന്ന ഒരു പേരു മാത്രം മതിയത്രേ! ആരോപണവിധേയനായ പുരുഷന്, തന്നെ അറസ്റ്റു ചെയ്തു റിമാന്റു ചെയ്തതിനുശേഷംമാത്രമേ സംസാരിക്കാന്‍പോലും അവകാശമുള്ളൂ എന്നാണ് അന്ന് അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞത്! ഏതു കാടന്‍നിയമത്തെയും അധഃകരിക്കുന്ന പ്രാകൃതനിയമം!
സ്ത്രീകള്‍ വ്യാജമായി പീഡനക്കേസുകള്‍ നല്‍കില്ലെന്നത് ഒരു പഴംപുരാണമാണ്! വനിതാക്കമ്മീഷനു മുമ്പില്‍ത്തന്നെ വന്നിട്ടുള്ള എത്രയോ കേസുകളാണ് വ്യാജമെന്നു തെളിയിക്കപ്പെട്ടിട്ടുള്ളത്! ഇന്നു കുടുംബങ്ങളുടെ നിലനില്പുതന്നെ എത്ര ദുര്‍ബലമാണ്! മക്കളെ കൊന്നും ഭര്‍ത്താവിനെയോ ഭാര്യയെയോ കബളിപ്പിച്ചും കാമുകരോടൊപ്പം കടന്നുകളയുന്ന സ്ത്രീപുരുഷന്മാരുടെ എണ്ണംതന്നെ ഉത്കണ്ഠയുളവാക്കുന്നതാണ്. ഇനി ഇതിനോടൊപ്പം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബലാത്സംഗക്കേസുകള്‍ കൂടിയായാല്‍ നമ്മുടെ കുടുംബങ്ങളുടെ അവസ്ഥയെന്താണ്? മാതാപിതാക്കള്‍ തമ്മിലുള്ള ഇത്തരം കേസുകള്‍ കേട്ടു വളരുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും?
കമ്മീഷനുകളുടെ അതിപ്രസരംമൂലം ജനങ്ങള്‍ക്കു സൈ്വരജീവിതംതന്നെ ക്ലേശകരമായിരിക്കുന്നു. പഞ്ചായത്തു കമ്മിറ്റി മീറ്റിങ്ങുകളില്‍പ്പോലും ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളില്‍ കമ്മീഷനുകള്‍ ഇടപെടുന്നു, കേസെടുപ്പിക്കുന്നു. (വണ്ണപ്പുറം പഞ്ചായത്തില്‍ വനിതാപ്രസിഡണ്ടിനെതിരേ അഭിപ്രായപ്രകടനം നടത്തിയ അംഗത്തിനെതിരേ വനിതാക്കമ്മീഷന്‍ ഇടപെട്ട് കേസെടുപ്പിച്ചു).
ഇങ്ങനെ നോക്കുമ്പോള്‍, ഔദ്യോഗികരംഗവും കുടുംബജീവിതവും ഒരുപോലെ കലുഷമായിരിക്കുന്ന അന്തരീക്ഷത്തിലാണ് ഇനി ക്രിമിനല്‍കുറ്റങ്ങളുടെ പട്ടികയില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ലൈംഗികബന്ധത്തിന്റെ നടപടിക്രമഭംഗംകൂടി ചേര്‍ക്കപ്പെടുന്നത്.