•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

മണ്ണും മനുഷ്യനും മനസ്സും

ണ്ണും മനുഷ്യനും മനസ്സും;  അതൊരു കെമിസ്ട്രിയാണ്,മഹാകെമിസ്ട്രി. അണ്ഡകടാഹത്തെക്കാളും വലിപ്പമുള്ള കെമിസ്ട്രി!
അത്രയേറെ കെട്ടുപിണഞ്ഞുകിടക്കുന്നതാണ് മനുഷ്യനും പ്രകൃതിയും: പൊക്കിള്‍ക്കൊടിയില്‍ ചുറ്റി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്നതുപോലെ. പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ബന്ധം എത്രത്തോളം പവിത്രമാണ്. ആ ബന്ധത്തിന്റെ മഹത്ത്വമറിയുന്നവര്‍ക്ക് പ്രകൃതിയാകുന്ന അമ്മയെ സംരക്ഷിക്കാതിരിക്കാന്‍ വയ്യ.
'ഭൂമിയമ്മ'യെ സംരക്ഷിക്കുന്നവര്‍ പ്രകൃതിയെ സംരക്ഷിക്കും. പ്രകൃതിയെ സംരക്ഷിക്കണമെങ്കില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണം. മരങ്ങളുടെ ഇലകളില്‍ നിന്നു പ്രാണവായുവും തടിശിഖരങ്ങളില്‍നിന്നു ഫലങ്ങളും ലഭിക്കുന്നു. പ്രാണവായുവും ഫലങ്ങളും ജീവികളുടെ ജീവന്‍ നിലനിര്‍ത്തുന്നു.
മരങ്ങളില്‍ ദേവവൃക്ഷമാണു പ്ലാവ്. ഹാരപ്പ-മോഹന്‍ജോദാരോ കാലഘട്ടങ്ങളിലും പ്ലാവിനെ ദേവവൃക്ഷമായി കരുതിയിരുന്നതുകൊണ്ട് പ്രാചീനകാലഘട്ടംമുതല്‍ പ്ലാവിനു പ്രാധാന്യം കല്പിച്ചിരുന്നു.
ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ പ്ലാവിന്‍തടിയിലും കരിങ്കല്ലിലുമാണു നിര്‍മിക്കപ്പെടുന്നത്. പ്ലാവിന്റെ തളിരിലമുതല്‍ ചക്കപ്പഴത്തിന്റെ മടല്‍വരെ ഉപയോഗിച്ച് 250 ലധികം വിഭവങ്ങള്‍ പാകം ചെയ്യാന്‍ കഴിയും.
ഇളംപ്രായത്തിലുള്ള ചക്കയെ ഇടിച്ചക്ക എന്നു വിളിക്കും. പല തരത്തിലുള്ള വിഭവങ്ങള്‍ ഇടിച്ചക്കകൊണ്ടു പാകം ചെയ്യാം. ഇടിച്ചക്കത്തോരന്‍, ഇടിച്ചക്ക വറുത്തരച്ചു കറി, ഇടിച്ചക്ക പനീര്‍ തുടങ്ങിയവ. വടക്കേയിന്ത്യയില്‍ ഇടിച്ചക്കകൊണ്ട്  അനേകതരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു. കഷണങ്ങളാക്കിയ ഇടിച്ചക്ക ദിവസവും ട്രക്ക് കണക്കിനാണ് കേരളത്തിലെ പെരുമ്പാവൂര്‍, കാലടി പ്രദേശങ്ങളില്‍നിന്നു വടക്കേയിന്ത്യയിലേക്കു കയറിപ്പോകുന്നത്. സ്റ്റീം ചെയ്ത് ശീതീകരിച്ച് ടണ്‍ കണക്കിനു ചക്കയാണ് കണ്ടെയ്‌നറുകളില്‍ വിദേശങ്ങളിലേക്കു കയറ്റിയയയ്ക്കുന്നത്.
പച്ചച്ചക്കപ്പൊടി 365 എന്ന പേരില്‍ സ്വദേശത്തും വിദേശത്തും വളരെയധികം വിറ്റുപോകുന്നുണ്ട്. ജാക്ക് 365 ന്റെ ഉത്പാദനത്തിന് ഒരു വര്‍ഷം വേണ്ടത് 20000 ടണ്‍ പച്ചച്ചക്കയാണ്. വലിയ ശീതീകരണശാലകളുള്ളതുകൊണ്ട്  വന്‍കിട ഫാക്ടറികള്‍ ഓഫ് സീസണിലേക്കു ചക്ക സംഭരിച്ചുവയ്ക്കുന്നു. ശാസ്ത്രീയമായി സംസ്‌കരിച്ച ചക്കയുത്പന്നങ്ങള്‍ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
നമ്മുടെ തൊട്ടടുത്തുള്ള പാറയില്‍ ഏജന്‍സീസ് എത്രയോ ടണ്‍ ചക്ക സംസ്‌കരിച്ച് വിവിധയിനം ഉത്പന്നങ്ങളാക്കി യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കയറ്റിയയച്ചുവരുന്നു.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കടകളില്‍ പാറയില്‍ക്കാരുടെ ശീതീകരിച്ച ചക്കപ്പഴവും കുമ്പിളപ്പവും ചപ്പാത്തിയും ഇഡ്ഡലിയും കുമ്പിളപ്പം പുഴുങ്ങാനുള്ള ഇടനയിലയുംവരെ ലഭിക്കും. ന്യൂയോര്‍ക്കിലെ മലയാളി അമ്മച്ചിമാര്‍ ചക്കപ്പഴവും ഇടനയിലയും വാങ്ങി വീട്ടില്‍ കൊണ്ടുചെന്നു വിരുന്നുകാര്‍ക്കു കുമ്പിളപ്പം ഉണ്ടാക്കി സത്കരിക്കുന്നതു പതിവുകാഴ്ച.
ഏതാനും മാസംമുമ്പ് 50 ടണ്‍ ചക്കപ്പഴത്തിന്റെ ഓര്‍ഡര്‍ കേരളത്തിലെത്തി. ഒരു ജര്‍മന്‍ ബേക്കറിക്ക് ചക്കപ്പഴം ചേര്‍ത്ത് ഐസ്‌ക്രീം നിര്‍മിക്കാനായിരുന്നു. നിര്‍ഭാഗ്യവശാല്‍, കേരളത്തില്‍നിന്ന് 50 ടണ്‍ ചക്കപ്പഴം ശേഖരിക്കാന്‍ അവര്‍ക്കു കഴിയാതിരുന്നതുകൊണ്ട് വിയറ്റ്‌നാമില്‍നിന്ന് അവര്‍ അതു ശേഖരിച്ചു. ചക്കപ്പഴം പള്‍പ്പാക്കി ശീതീകരിച്ചായിരുന്നു അവര്‍ ജര്‍മനിക്കു കയറ്റിയയച്ചത്. ചക്കയില്‍നിന്ന് ഇതുപോലെ എന്തുമാത്രം വിഭവങ്ങള്‍ നിര്‍മിക്കാന്‍ കഴിയും! ഇതെല്ലാം ചക്കയുടെ വാണിജ്യസാധ്യതകളാണ്.
തായ്‌ലന്‍ഡ്, വിയറ്റ്‌നാം, കമ്പോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നമ്മുടെ നാട്ടിലെ റബര്‍ത്തോട്ടവും തേയിലത്തോട്ടവും ഏലത്തോട്ടവും കാപ്പിത്തോട്ടവുംപോലെ പ്ലാവിന്‍തോട്ടങ്ങളുണ്ട്. പതിനായിരവും ഇരുപത്തയ്യായിരവും ഹെക്ടര്‍ കണക്കിനാണ് ഈ രാജ്യങ്ങളില്‍ പ്ലാവിന്‍ തോട്ടങ്ങള്‍. ഈ തോട്ടങ്ങളില്‍നിന്നു ശേഖരിക്കുന്ന ചക്ക സംസ്‌കരിച്ച് മൂല്യവര്‍ദ്ധിതോത്പന്നങ്ങളാക്കി യൂറോപ്പ്, ചൈന എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്തു വിദേശനാണ്യം നേടുന്നു. ഈ രാജ്യങ്ങളിലെ അഗ്രോടെക്കിന്റെ ആയിരത്തിലൊന്നുപോലും നമ്മുടെ രാജ്യത്തായിട്ടില്ല. മേല്പറഞ്ഞ രാജ്യങ്ങളെപ്പോലെ കൃഷിയില്‍ മുന്നിട്ടുനില്ക്കുന്ന രാജ്യമാണ് ഇസ്രായേലും.
ചക്കയുടെ ഉത്പാദനത്തില്‍ ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ കേരളം ആറാമതാണ്. ത്രിപുരയാണ് പ്ലാവിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമത്. ആസാം, പശ്ചിമബംഗാള്‍, ഒറീസ, മധ്യപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിങ്ങനെ പോകുന്നു മറ്റു സംസ്ഥാനങ്ങള്‍.
വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി
പ്ലാവുകളില്‍ ഇന്നത്തെ താരം വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലിയാണ്. ചക്കച്ചുളയുടെ നിറത്തില്‍ രണ്ടു തരമുണ്ട്. യെല്ലോയും റെഡും. ഒന്നരവര്‍ഷംകൊണ്ട് രണ്ടിനവും കായ്ക്കും. രണ്ടാംവര്‍ഷംമുതല്‍ നിശ്ചയമായും കായ്ഫലം തരും. സ്ലിംബ്യൂട്ടിയായതുകൊണ്ട് 10'ഃ10' അകലത്തില്‍ കൃഷി ചെയ്യാം.
കൃഷി ചെയ്യുമ്പോള്‍ നല്ല സൂര്യപ്രകാശമുള്ള സ്ഥലം തിരഞ്ഞെടുക്കണം. ശാസ്ത്രീയമായ റബര്‍കൃഷി ചെയ്യുന്നതുപോലെ.
നടാനുള്ള കുഴി രണ്ടടി ആഴം വേണം. കുഴിക്കുമ്പോള്‍ കിട്ടുന്ന മണ്ണ് ഒരുവശത്തു കൂട്ടുക. അതില്‍ അഞ്ചു കിലോ ചാണകപ്പൊടി, അര കിലോ വേപ്പിന്‍പിണ്ണാക്ക് എന്നിവ അരക്കിലോ കടലപ്പിണ്ണാക്ക് ചേര്‍ത്തിളക്കുക. മണ്ണും വളവും കൂട്ടിച്ചേര്‍ത്തതു കുഴിയിലിട്ടു മൂടുക. അതിന്റെ മുകളില്‍ ഒരു മീറ്റര്‍ വ്യാസത്തില്‍ കൂനയെടുക്കുക. കൂനയുടെ മുകളില്‍ തൈ ഇറക്കി വയ്ക്കാന്‍ പാകത്തില്‍ ചെറിയ കുഴിയെടുക്കുക. അല്പം ചാണകപ്പൊടിയും മണ്ണുമായി കൂട്ടിക്കലര്‍ത്തുക. അതില്‍ പ്ലാസ്റ്റിക് മുറിച്ചുമാറ്റി പ്ലാവിന്‍ തൈ ഇറക്കിവയ്ക്കുക. വശങ്ങളില്‍നിന്നു മണ്ണിട്ടു മൂടുക.
മണ്ണുനിരപ്പില്‍നിന്ന് 50 സെന്റീമീറ്റര്‍ ഉയരത്തിലായിരിക്കണം ബഡ് സന്ധി നില്‍ക്കേണ്ടത്. ബഡ് സന്ധി മണ്ണിനടിയിലായാല്‍ ഫംഗസ് ബാധിച്ചു തൈ ഉണങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.
രണ്ടു മാസം കൂടുമ്പോള്‍ 250 ഗ്രാം ചാണകപ്പൊടി ചുവട്ടില്‍നിന്ന് അല്പം അകലത്തില്‍ തള്ളിക്കൊടുക്കുക.
ഒന്നരവര്‍ഷംകൊണ്ട് 12'' ഉയരത്തിലെത്തിയാല്‍ തലഭാഗം മുറിച്ചുവിടുക. കാറ്റത്ത് ഒടിയാതിരിക്കാനാണിത്. കൂടാതെ, തടിക്കും കമ്പിനും കരുത്തുണ്ടാകും. തടിയിലും കമ്പിലും ചക്ക കായ്ക്കും.
ഇന്ത്യയില്‍ ഫലവൃക്ഷകൃഷി വ്യാപകമാക്കണം. ഫലവൃക്ഷങ്ങളുടെ ഏദന്‍തോട്ടമാക്കാം ഇന്ത്യയെ. അതിന് ഇന്ത്യന്‍ കര്‍ഷകന്‍ മനസ്സുവയ്ക്കണം.
ഒന്നാം ഗ്രീന്‍ റെവല്യൂഷനിലൂടെ ഇന്ത്യയുടെ ദാരിദ്ര്യം മാറി. ഗോതമ്പിന്റെയും നെല്ലിന്റെയും കരിമ്പിന്റെയും ഉത്പാദനം കൂട്ടി. മനുഷ്യര്‍ വയറു നിറച്ച് ഗോതമ്പും കഞ്ഞിയും കുടിക്കാന്‍ തുടങ്ങി. അതോടെ പ്രമേഹം വര്‍ദ്ധിച്ചു. അങ്ങനെ പ്രമേഹരോഗികളുടെ കാര്യത്തില്‍ ഇന്ത്യ നമ്പര്‍ വണ്‍ ആയിത്തീര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതും.
പ്രമേഹത്തെ ബാലന്‍സ് ചെയ്യണമെങ്കില്‍ ഫലങ്ങളുടെ ഉപയോഗം കൂട്ടണം. അതില്‍ പച്ചച്ചക്കയാണ് ഉത്തമം. ദിവസത്തില്‍ ഒരുനേരം ചക്കയാഹാരം ശീലമാക്കുക. പച്ചച്ചക്കപ്പൊടി ഏത് ആഹാരത്തിലും മേമ്പൊടിയായി ചേര്‍ത്തു പതിവായി കഴിക്കുക. ഫൈബര്‍, വൈറ്റമിന്‍സ്, മിനറല്‍സ് തുടങ്ങിയവ ക്രമമായി ശരീരത്തില്‍ ലഭിച്ചുകൊണ്ടിരിക്കും. രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. മെച്ചപ്പെട്ട ആരോഗ്യമുണ്ടാകും. ആരോഗ്യമുള്ള തലമുറ രാജ്യത്തുണ്ടാകും. അതോടൊപ്പം കര്‍ഷകരുടെ വാര്‍ഷികവരുമാനം വര്‍ദ്ധിക്കും. തൊഴില്‍ദിവസങ്ങള്‍ കൂടും. അതുകൊണ്ട് കര്‍ഷകനൊരു കൈത്താങ്ങ്. 'പറമ്പില്‍ പത്ത് പ്ലാവു പദ്ധതി' നടപ്പാക്കുക.
ഭക്ഷ്യസുരക്ഷ
ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഇനിയും മുന്നേറേണ്ടതുണ്ട്. ലോകാരോഗ്യസംഘടനയുടെ കീഴില്‍ ലോകത്തിലെ 116 രാജ്യങ്ങളില്‍ നടത്തിയ ഭക്ഷ്യസുരക്ഷയെപ്പറ്റിയുള്ള സര്‍വേയില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റിയൊന്നായിരുന്നു. പാക്കിസ്ഥാനും നേപ്പാളും ബംഗ്ലാദേശും ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയുടെ മുമ്പിലാണ്. ഫലവൃക്ഷക്കൃഷിയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ കര്‍ഷകര്‍ അതേറ്റെടുക്കാന്‍ തയ്യാറാവുകയും ചെയ്യണം.
ഗ്രീന്‍വേള്‍ഡ് ക്ലീന്‍വേള്‍ഡ് ഫൗണ്ടേഷന്‍
ഇന്ത്യയില്‍ കൃഷിക്കാരുടെ ഇടയില്‍ പ്ലാവുകൃഷി വ്യാപിപ്പിക്കുകയാണ് ഫൗണ്ടേഷന്റെ ഉദ്ദേശ്യം. നാടന്‍പ്ലാവിനെക്കാള്‍ അത്യുത്പാദനശേഷിയുള്ള  പ്ലാവിനങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യം. പണ്ടു തടിക്കുവേണ്ടിയായിരുന്നു പ്ലാവു നട്ടിരുന്നതെങ്കില്‍ ഇന്ന് ചക്കയ്ക്കുവേണ്ടിയാണ് പ്ലാവുകൃഷി ചെയ്യുന്നത്. നാടന്‍ പ്ലാവിന്റെ കൊമ്പത്ത് ചക്ക കായിച്ചാല്‍ പറിക്കാന്‍ ആളില്ല. പറിക്കണമെങ്കില്‍ അമിതകൂലി. ഈ പശ്ചാത്തലത്തിലാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ഫലം തരുന്നതും വര്‍ഷത്തില്‍ രണ്ടു തവണ കായ്ക്കുന്നതുമായ വിയ്റ്റ്‌നാം സൂപ്പര്‍ ഏര്‍ലി ബഡ് പ്ലാവിനെ ഫൗണ്ടേഷന്‍ പ്രോത്സാഹിപ്പിക്കുന്നത്.
മാര്‍ക്കറ്റില്‍ 200, 250, 300  രൂപ നിരക്കിലാണ് പ്ലാവിന്‍തൈകള്‍ വിറ്റുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഫൗണ്ടേഷന്‍ 60 മുതല്‍ 70 വരെ സബ്‌സിഡിയോടുകൂടി പ്ലാവിന്‍തൈകള്‍ കര്‍ഷകര്‍ക്കു വിതരണം ചെയ്തുവരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)