ദേവസഹായംപിള്ളയോടൊപ്പം 2022 മേയ് 15-ാം തീയതി വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട വിശുദ്ധ ജസ്റ്റിന്‍ റുസ്സൊളില്ലോയുടെ ജീവിതവഴികളിലൂടെ
തെക്കേ ഇറ്റലിയില്‍ നേപ്പിള്‍സ് നഗരത്തിനുസമീപം ''പിയനൂര'' എന്ന ഗ്രാമത്തില്‍ 1891 ജനുവരി 18 നാണ് പത്തുമക്കളില്‍ മൂന്നാമനായി ജസ്റ്റിന്‍ റുസ്സൊളില്ലോ ഭൂജാതനായത്.
പഠനത്തില്‍ വളരെ സമര്‍ത്ഥനായിരുന്ന ജസ്റ്റിന്‍ ഇളംപ്രായത്തില്‍ത്തന്നെ വൈദികനാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികമായി ക്ലേശിച്ചിരുന്ന ജസ്റ്റിന്റെ കുടുംബത്തിനു സെമിനാരിപഠനത്തിനുള്ള ചെലവുകള്‍ വഹിക്കുവാന്‍ കഴിയുമായിരുന്നില്ല. ഉദാരമതിയായ ഒരു സമ്പന്നന്റെ സഹായത്താലാണ് ജസ്റ്റിന്റെ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈശോസഭക്കാര്‍ നടത്തിയിരുന്ന നേപ്പിള്‍സ് മേജര്‍ സെമിനാരിയില്‍നിന്നു സ്വര്‍ണമെഡലോടെയാണ് അദ്ദേഹം ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയത്.
1913 സെപ്റ്റംബര്‍ 20-ാം തീയതി പൊസ്സ്വൊലി രൂപതയ്ക്കുവേണ്ടി വൈദികനായി തിരുപ്പട്ടം സ്വീകരിച്ചു. തിരുപ്പട്ടസ്വീകരണത്തിന്റെ അവസരത്തില്‍ത്തന്നെ വൈദികനെന്ന നിലയില്‍ ദൈവവിളികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതാണെന്നു പ്രതിജ്ഞയെടുത്തു.
അടുത്തവര്‍ഷംതന്നെ ഈ ലക്ഷ്യത്തോടെ ഏതാനും യുവജനങ്ങളെ ചേര്‍ത്ത് ഒരു സഖ്യം രൂപവത്കരിച്ചു. എന്നാല്‍, അതിന് സഭാധികാരികളുടെ അംഗീകാരം ലഭിച്ചില്ല. അത് ദൈവഹിതമായി സ്വീകരിച്ച് അനുസരിക്കുവാന്‍ യുവാക്കളോട് അദ്ദേഹം ഉപദേശിച്ചു.
ഒന്നാം ലോകമഹായുദ്ധകാലത്ത് (1914-'18) സൈനികസേവനം ചെയ്തു. 1920 ല്‍ പിയനൂരാ ഇടവകയുടെ വികാരിയായി ചുമതലയേറ്റു. സഭാധികാരികള്‍ ദൈവവിളി പ്രോത്സാഹനത്തിനായി ഒരു സന്ന്യാസസഭ ആരംഭിക്കാന്‍ അനുവാദം നല്‍കി.
സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍സ് (ടഉഢ)എന്ന പേരില്‍ പുരുഷന്മാര്‍ക്കും സിസ്റ്റേഴ്‌സ് ഓഫ് ഡിവൈന്‍ വൊക്കേഷന്‍സ്(ടഉഢ) എന്ന പേരില്‍ സ്ത്രീകള്‍ക്കും സന്ന്യാസസഭകള്‍ ആരംഭിച്ചു. ഈ രണ്ടു സന്ന്യാസസഭകളുടെയും ശാഖകള്‍ കേരളം ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പില്‍ക്കാലത്ത് അല്മായര്‍ക്കായി ഒരു സമൂഹത്തിനും അദ്ദേഹം ആരംഭംകുറിച്ചു. 'ദൈവവിളികളുടെ നാഥ' എന്ന നാമത്തോടെ പരിശുദ്ധ അമ്മയെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അപ്രകാരം ചെയ്യാന്‍ അനുയായികളെ ഉപദേശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കത്തുകളും പ്രസംഗങ്ങളും ശേഖരിച്ച് 26 വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1955 ഓഗസ്റ്റ് രണ്ടാം തീയതി പിയനൂരാ ഇടവകയുടെ വിശുദ്ധനായ വികാരി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
നാമകരണനടപടികളെല്ലാം പൂര്‍ത്തിയാക്കി 2011 മേയ് മാസം 7-ാം തീയതി പരിശുദ്ധ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ അംഗീകാരത്തോടെ പിയനൂരായില്‍വച്ച് കാര്‍ഡിനല്‍ ആഞ്ചലോ അമാത്തോ ഫാ. ജസ്റ്റിന്‍ റുസ്സൊളില്ലൊയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തിരുനാള്‍ ഓഗസ്റ്റ് 2 ന് ആചരിക്കുന്നു.