സുറിയാനി സഭാചരിത്രത്തിലെ സൂര്യതേജസ്സ് നിധീരിക്കല്‍ മാണിക്കത്തനാരുടെ 118-ാം ചരമവാര്‍ഷികമായിരുന്നു ജൂണ്‍ ഇരുപതിന്
വിശ്വപ്രസിദ്ധമായ കുറവിലങ്ങാട് ഇടവകയില്‍ നിധീരിക്കല്‍ ഇട്ടിയവിരാ - റോസ ദമ്പതിമാരുടെ രണ്ടാമത്തെ പുത്രനായി 1842 മേയ് മാസം 27-ാം തീയതി മാണിക്കത്തനാര്‍ ഭൂജാതനായി. ചെറുപ്പത്തിലേ അമ്മ റോസ മരിച്ചതിനാല്‍, പോറ്റമ്മ തട്ടേലമ്മ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മറിയാമ്മയുടെ ശിക്ഷണത്തിലും പരിപാലനയിലുമാണ് കൊച്ചുമാണി വളര്‍ന്നത്.
മാതൃഭാഷയ്ക്കു പുറമേ തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് ലാറ്റിന്‍, പോര്‍ട്ടുഗീസ്, സുറിയാനി, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ഗ്രീക്ക്, ഹിന്ദി, ഉറുദു, കന്നട തുടങ്ങി 18 ഭാഷകള്‍ കരസ്ഥമാക്കിയ ബഹുഭാഷാപണ്ഡിതനായിരുന്നു മാണിക്കത്തനാര്‍. കളരിപ്പയറ്റിലും ഗുസ്തിമുറകളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.
കാരക്കുന്നത്തു മല്പാന്റെ കീഴില്‍ വൈദികവിദ്യാഭ്യാസം ചെയ്തു. 1861 ജൂലൈമാസത്തില്‍ റോക്കോസ്‌മെത്രാന്റെ പക്കല്‍നിന്ന് ആസ്തപ്പാടു പട്ടം (ഒരുക്കത്തിന്റെ പട്ടം) സ്വീകരിച്ചു. നവംബര്‍മാസത്തില്‍ അദ്ദേഹം കൊടുങ്ങല്ലൂര്‍ ഗോവര്‍ണദോരുടെ സെക്രട്ടറിയായി. ഇക്കാലത്താണ് മംഗലപ്പുഴയില്‍ സുറിയാനിക്കാര്‍ക്കായി ഒരു സെമിനാരി സ്ഥാപിതമായത്. സെമിനാരിയില്‍ അദ്ദേഹം ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളുടെ അധ്യാപകനായിരുന്നു. അന്നത്തെ ധ്യാനഗുരുക്കന്മാരില്‍ ഒരാളായ അല്‍റോണിയോ കോയിലോയുടെ ദ്വിഭാഷിയായും അദ്ദേഹം വര്‍ത്തിച്ചു. അദ്ദേഹം ശെമ്മാശനായിരിക്കുമ്പോഴാണ് 1873 ല്‍ കുപ്രസിദ്ധനായ മാനസിങ്കു, കളത്തൂരിലെ ക്രിസ്ത്യാനികളെ അതിമൃഗീയമായി പീഡിപ്പിച്ചത്. നിധീരിക്കല്‍ ശെമ്മാശന്‍ രക്ഷകനായി അവരുടെ ഇടയില്‍ വന്ന്, മാനസിങ്കുവിനെതിരേ കേസു നടത്തി, നീതി നടത്തിക്കൊടുത്തു. ഈ സംഭവം യുവാവായ മാണിശെമ്മാശന്, ക്രൈസ്തവസഭാനേതൃത്വത്തിലേക്കുയരുവാന്‍ കാരണമായി.
അനന്തരം, മാണിശെമ്മാശന്‍ മാന്നാനം സെമിനാരിയില്‍ ചേരുകയും 1876 ജനുവരി 3 നു വൈദികപട്ടം സ്വീകരിക്കുകയും ചെയ്തു. സുറിയാനിക്കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അന്നത്തെ പ്രധാനപ്രശ്‌നം സ്വയംഭരണമായിരുന്നു. അതായത്, നാട്ടുമെത്രാന്‍വാഴ്ചയ്ക്കായുള്ള പരിശ്രമം, അതിനായുള്ള പ്രക്ഷോഭണം തുടങ്ങിയ കാലഘട്ടം. വൈദികനായ ഉടനെ മാണിയച്ചന്‍ പ്രക്ഷോഭണത്തിന്റെ കേന്ദ്രത്തിലേക്ക് ആനയിക്കപ്പെട്ടു.
കേരളീയ സുറിയാനിക്കാരുടെ പരാതികളെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വിസിറ്റര്‍ അപ്പോസ്‌തോലിക്ക, ലെയോ മൊയിറീന്‍, മാണിയച്ചനെ തന്റെ സെക്രട്ടറിയും ദ്വിഭാഷിയുമായി നിയോഗിച്ചു. പാണ്ഡിത്യവും നൈസര്‍ഗികമായ സാമര്‍ത്ഥ്യവും വാഗ്വിലാസവും നിമിത്തം സകലര്‍ക്കും ആദരണീയനായിരുന്ന മാണിയച്ചന്‍, മൊയിറീന്‍ മെത്രാന്റെ വിശ്വാസത്തിനും ആദരവിനും പാത്രമായി. ചിറ്റാറ്റുകര പള്ളിക്കേസില്‍ വിജയം നേടിയത് മാണിയച്ചന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു.
മാണിയച്ചന്‍ അതിപ്രഗല്ഭനായ നിയമജ്ഞനുമായിരുന്നു. പല കേസുകളും അദ്ദേഹത്തിന്റെ മധ്യസ്ഥതയാല്‍ രമ്യമായി പരിഹരിക്കപ്പെട്ടിരുന്നു.
മര്‍സലീനോസുമെത്രാന്റെ ഭരണകാലത്ത് അദ്ദേഹം മാണിയച്ചനെ ആലപ്പുഴ, കുറവിലങ്ങാട്, മുട്ടുചിറ എന്നീ വലിയ പള്ളികളുടെ വികാരിയായി നിയമിച്ചു. ഇത് അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരമായിരുന്നു. ഇക്കാലത്താണ് പുത്തന്‍കൂര്‍ - പഴയകൂര്‍ പുനരൈക്യത്തിനുവേണ്ടി അദ്ദേഹം തീവ്രമായ പരിശ്രമം ആരംഭിച്ചത്. പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസുമായുള്ള പുനരൈക്യമൈത്രിയുടെ പ്രാരംഭമായി ഇരുകൂട്ടരും ചേര്‍ന്നിട്ടുള്ള ഒരു ജാതൈ്യക്യസംഘം ആരംഭിക്കുകയും ആ സംഘത്തിനുവേണ്ടി കോട്ടയത്തെ വുഡ്‌ലാന്റ്‌സ് എസ്റ്റേറ്റ് വാങ്ങുകയും ചെയ്തു. ഇരു സമുദായങ്ങളും ഐക്യത്തിലാണ് എന്ന ആപ്തവാക്യം മുന്‍നിറുത്തി, അവിടെ ഒരു കോളജ് ആരംഭിക്കുക എന്നതായിരുന്നു മാണിയച്ചന്റെ ലക്ഷ്യം.
സ്വയംഭരണപ്രക്ഷോഭണത്തിന്റെ ഫലമായി 1886 ല്‍ തിരുസിംഹാസനം (മാര്‍പാപ്പാ) സുറിയാനിക്കാരെ വരാപ്പുഴഭരണത്തില്‍നിന്നു വേര്‍പെടുത്തി അവര്‍ക്കായി തൃശൂര്‍, കോട്ടയം എന്നീ രണ്ടു വികാരിയാത്തുകള്‍ സ്ഥാപിക്കുകയും അവയിലേക്കു കര്‍മലീത്തക്കാരല്ലാത്ത മെത്രാന്മാരെ നിയമിക്കുകയും ചെയ്തു. കോട്ടയം വികാരി അപ്പോസ്‌തോലിക്കാ, മോണ്‍. ലവീഞ്ഞ് മാണിയച്ചനെ ആദ്യം തന്റെ ആലോചനക്കാരനായും, പിന്നീട് 1889 സെപ്റ്റംബര്‍ മാസത്തില്‍ പൊന്തിഫിക്കല്‍ അധികാരത്തോടുകൂടിയ വികാരി ജനറലായും നിയമിച്ചു.
നവംബര്‍ 14 നു പാലായില്‍ വച്ച് മാണിയച്ചന്‍ ആദ്യമായി പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു. 1890 ല്‍ ലവീഞ്ഞുമെത്രാന്റെ അഭാവത്തില്‍ മാണിയച്ചന്‍ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍.
സ്വയംഭരണ പ്രക്ഷോഭണത്തിന്റെ പേരില്‍ ലവീഞ്ഞു മെത്രാനും മാണിയച്ചനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. മാണിയച്ചന്റെ പുനരൈക്യസംരംഭങ്ങളെ മെത്രാന്‍ അനുകൂലിച്ചില്ല. സുറിയാനിക്കത്തോലിക്കര്‍ക്കു പകുതി അവകാശമുള്ള വുഡ് ലാന്‍ഡ് വിട്ടുപോകാന്‍ മെത്രാന്‍ മാണിയച്ചനോട് ആവശ്യപ്പെട്ടതിനാല്‍ ഇരുകൂട്ടരും ചേര്‍ന്നുള്ള സംയുക്ത കോളജ് സംരംഭം അവസാനിപ്പിക്കേണ്ടതായിത്തീര്‍ന്നു. മാണിയച്ചനോടുള്ള അനിഷ്ടത്താല്‍ ലവീഞ്ഞുമെത്രാന്‍ 1892 മേയ് മാസത്തില്‍ അദ്ദേഹത്തെ വികാരി ജനറാള്‍ സ്ഥാനത്തുനിന്നു നീക്കി കുറവിലങ്ങാടു പള്ളിവികാരിയായി അയച്ചു.
മാര്‍പാപ്പായാല്‍ നേരിട്ട് ഉത്തരവു ലഭിക്കുന്ന സഭയുടെ ഇന്നത്തെപ്പോലെയുള്ള കേന്ദ്രീകൃത ഇടപെടലുകള്‍ അന്നു സാധ്യമല്ലായിരുന്നു. ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ മാര്‍പാപ്പാ അറിയുന്നത്, അവിടുന്നു നിയോഗിക്കപ്പെട്ട മെത്രാന്മാര്‍ വഴിയായിരുന്നു. ഇവരുടെ ഇടപെടലുകളും ഭരണക്രമങ്ങളും വ്യത്യസ്തമായിരുന്നു. ശരിയായ സന്ദേശങ്ങള്‍ തിരുസിംഹാസനത്തില്‍ എത്താനും നാടിനെ മനസ്സിലാക്കുന്ന സ്വദേശിമെത്രാന്മാരെ നിയോഗിക്കാനുംവേണ്ടിയുള്ളതായിരുന്നു അന്നത്തെ സ്വയംഭരണ പ്രക്ഷോഭണം. എന്നാല്‍, നിയുക്ത മെത്രാന്മാര്‍, ഇവ അനുവദിച്ചിരുന്നില്ല എന്നു മാത്രമല്ല ഈ തീരുമാനങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു.
മാണിയച്ചന്റെ നേതൃത്വത്തില്‍ സ്വയംഭരണപ്രക്ഷോഭണം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിന്റെ ഫലമായി 1896 ല്‍ തിരുസിംഹാസനം കേരള സുറിയാനിക്കാര്‍ക്ക് തൃശൂര്‍, എറണാകുളം, ചങ്ങനാശേരി എന്നീ മൂന്നു വികാരിയാത്തുകള്‍ സ്ഥാപിച്ചു. അതില്‍ നാട്ടുകാരെത്തന്നെ മെത്രാന്മാരായി നിയമിച്ചു. അങ്ങനെ മാണിയച്ചന്‍ തന്റെ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു.
എന്നാല്‍, ഭൂരിപക്ഷം വടക്കുംഭാഗര്‍ അടങ്ങിയ ചങ്ങനാശേരി വികാരിയാത്തില്‍ അവരുടെ മെത്രാന്‍ വേണമെന്ന ആവശ്യം മാക്കീല്‍ മെത്രാന്‍ റോമാ സിംഹാസനത്തില്‍ നേരിട്ടു ബോധിപ്പിക്കുകയും ചെയ്തു. മറ്റു രണ്ടു നാട്ടുമെത്രാന്മാരും അദ്ദേഹത്തോടുകൂടി സഹകരിച്ച് ഏകോപിപ്പിച്ച അപേക്ഷ പത്താം പീയൂസ് മാര്‍പാപ്പ സ്വീകരിച്ചു. മോണ്‍. തോമസ് കുര്യാളശേരിയെ ചങ്ങനാശേരിയിലെ വടക്കുംഭാഗരുടെ വികാരി അപ്പോസ്‌തോലിക്കയായും മാക്കീല്‍ മെത്രാനച്ചനെ കോട്ടയം വികാരി അപ്പോസ്‌തോലിക്കയായും, നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി ഏറെ യത്‌നിച്ച മാണിയച്ചന്റെ കാലശേഷമാണ്, ഈ ഉത്തരവ് നിവര്‍ത്തിതമായത്.
മാണിയച്ചന്‍ തന്റെ അറിവും ആരോഗ്യവും കഴിവുകളും എല്ലാം സഭയ്ക്കുവേണ്ടി വിനിയോഗിച്ചു. ഒപ്പം പുത്തന്‍കൂറ് - പഴയകൂറ് പുനരൈക്യത്തിനുവേണ്ടിയും. അദ്ദേഹത്തിന്റെ പോരാട്ടങ്ങളെല്ലാം വീരോചിതമായിരുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിനുശേഷം നിധീരിക്കല്‍ മാണിക്കത്തനാര്‍ ആയിരുന്നു സുറിയാനിക്കാരുടെ വിമോചകനേതാവ്. സമുദായത്തിന്റെ വളര്‍ച്ച വിദ്യാഭ്യാസത്തില്‍ക്കൂടി മാത്രമേ സാധിക്കൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു മാണിയച്ചന്‍. 1894 ല്‍ കുറവിലങ്ങാട് അദ്ദേഹം ഒരു ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചു. പാലാ സെന്റ് തോമസ് ഹൈസ്‌കൂളിന്റെ സ്ഥാപനത്തിനും അദ്ദേഹമായിരുന്നു ചൈതന്യസ്രോതസ്സ്. ഈ സമുദായസ്‌നേഹമാണ് സഭയ്‌ക്കൊത്ത നേതൃത്വം നല്‍കാന്‍ സാധിക്കുന്ന വൈദികരെ പരിശീലിപ്പിക്കാനായി രൂപംകൊണ്ട ആലുവ സെമിനാരി വികസിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
നിധീരിക്കല്‍ മാണിക്കത്തനാര്‍ എന്ന മാണിയച്ചന്‍ അക്കാലത്തെ പ്രശസ്തകവിയും സാഹിത്യകാരനുമായിരുന്നു. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുമൊത്ത് ഭാഷാപോഷണപരിശ്രമങ്ങളില്‍ വ്യാപൃതനാവുകയും അതിന്റെ ഉപരക്ഷാധികാരിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
മൂന്നു ഖണ്ഡകാവ്യങ്ങളും രണ്ടു നാടകങ്ങളും രണ്ടു ഗദ്യകൃതികളും അനേകം പ്രബന്ധങ്ങളും അദ്ദേഹം മലയാളഭാഷയ്ക്കു സംഭാവന ചെയ്യുകയുണ്ടായി. സത്യനാദകാഹളം, നസ്രാണിദീപിക, മലയാള മനോരമ എന്നീ പത്രങ്ങളുടെ ആവിര്‍ഭാവത്തില്‍ അദ്ദേഹം പങ്കുചേര്‍ന്നിട്ടുണ്ട്. നസ്രാണി ദീപികയുടെ ആദ്യപത്രാധിപര്‍ മാണിയച്ചനായിരുന്നു.
അക്കാലത്ത്, രാജാവും ദിവാനും റസിഡണ്ടും മാടമ്പിയും മറ്റും കുറവിലങ്ങാടുകൂടി കടന്നുപോകുമ്പോള്‍ പള്ളിമേടയില്‍ കയറുക പതിവായിരുന്നു. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ നിത്യസന്ദര്‍ശകരായിരുന്നു.
പാശ്ചാത്യവും പൗരസ്ത്യവുമായ വിവിധ ഭാഷകളിലുള്ള പാണ്ഡിത്യം, വിജ്ഞാനം, ജന്മസിദ്ധമായ ബുദ്ധികൂര്‍മത, അധ്യാപകന്‍, കവി, സാഹിത്യകാരന്‍, ഭിഷഗ്വരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും കൂടാതെ, സംഭാഷണചാതുര്യം, സഹൃദയത്വം, വിവിധ കലകളിലുള്ള പ്രാവീണ്യം, കായികാഭ്യാസം, ദേശാഭിമാനം, സമുദായസ്‌നേഹം, ആത്മത്യാഗം, സ്വാര്‍ത്ഥരഹിതമായ പൊതുജനസേവനം, ജാതിമതഭേദമെന്യേയുള്ള ബഹുജനസമ്മതി എന്നിവയാല്‍ ദൈവകൃപ നിറഞ്ഞ മാണിയച്ചന്‍, സമുദായത്തിന്റെയും സഭയുടെ ഉന്നതിക്കായി ജീവിതം അര്‍പ്പിച്ച ധ്യാനഗുരുവും ആയിരുന്നു.
മാണിയച്ചന്‍ അവസാനമായി പങ്കെടുത്ത ചടങ്ങ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും സ്‌നേഹിതനുമായിരുന്ന കുറവിലങ്ങാട് മറ്റത്തില്‍ യാക്കോബ് അച്ചന്റെ ശവസംസ്‌കാരകര്‍മം ആയിരുന്നു. അതിനുശേഷമുള്ള അദ്ദേഹത്തിന്റെ ദിനങ്ങള്‍ മുഴുവന്‍, പ്രാര്‍ത്ഥനയിലും ധ്യാനത്തിലുമായിരുന്നു. 1904 ജൂണ്‍ മാസം 20-ാം തീയതി മാണിക്കത്തനാര്‍ എന്ന മഹാചാര്യന്‍ ജീവിതത്തോടു വിട പറഞ്ഞു. അദ്ദേഹത്തിന്റെ ഭൗതികശരീരം കുറവിലങ്ങാട് മര്‍ത്ത്മറിയം പള്ളിയില്‍ മദ്ബ്ഹായ്ക്കു താഴെ, പറമ്പില്‍ ചാണ്ടിമെത്രാന്റെ (പ്രഥമ തദ്ദേശീയ മെത്രാന്‍) കബറിടത്തിനു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.