•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

ഇനിയൊരു യുദ്ധം ഉണ്ടാവരുത്

1914 മുതല്‍ 1918 വരെ  നടന്ന ആഗോളയുദ്ധമാണ് ഒന്നാംലോകമഹായുദ്ധം. ഇരുപതാംനൂറ്റാണ്ടില്‍ സമാധാനത്തെ തകര്‍ത്ത, സര്‍വനാശം വിതച്ച ആദ്യത്തെ വലിയ യുദ്ധം ഇതായിരുന്നു. ഈ യുദ്ധത്തില്‍ പങ്കെടുത്ത രാഷ്ട്രങ്ങളെല്ലാംകൂടി ഏഴുകോടി പട്ടാളക്കാരെ അണിനിരത്തി. ഇതില്‍ ഒരു കോടി കൊല്ലപ്പെട്ടു. മൂന്നുകോടിപ്പേര്‍ക്ക് മുറിവേറ്റു. രോഗവും പട്ടിണിയും മൂലം ലക്ഷക്കണക്കിനാളുകള്‍ മരിച്ചു.
വസ്തുവകകളിലുണ്ടായ നഷ്ടം അതിഭീമമാണ്. പല പട്ടണങ്ങളും നഗരങ്ങളും നാമാവശേഷമായി. പാലങ്ങളും റോഡുകളും തകര്‍ന്നു. വാഹനഗതാഗതം നിശ്ചലമായി. ഫാക്ടറികളും വ്യവസായശാലകളും ചാമ്പലായി. കൃഷിയും വ്യവസായവും സമ്പദ്‌വ്യവസ്ഥയും യൂറോപ്പില്‍ എല്ലാ രാജ്യങ്ങളിലും തകര്‍ന്നു.
'ഈ ഭൂമുഖത്ത് ഇനി ഒരു യുദ്ധം വേണ്ട' എന്ന് എല്ലാ ജനങ്ങളും പറഞ്ഞു, ഉള്ളാലേ ആഗ്രഹിച്ചു. ജനലക്ഷങ്ങളുടെ മനസ്സും ഇംഗിതവും കണക്കിലെടുത്തിട്ടെന്നവണ്ണം അമേരിക്കയിലെ ഒരു പ്രമുഖപത്രത്തില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു: ''ഇനി ഒരു യുദ്ധം ഉണ്ടാകരുത്.'' - ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ മികച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു പരസ്യം. ആ പരസ്യം ഒരു മാസത്തിനുള്ളില്‍ രണ്ടുമൂന്നുവട്ടം ആവര്‍ത്തിച്ചു. ഒന്നാംസ്ഥാനം നേടുന്ന നിര്‍ദേശത്തിന് സമ്മാനത്തുക ഒരു ലക്ഷം ഡോളര്‍.
ചുരുങ്ങിയ ആഴ്ചകള്‍ക്കുള്ളില്‍ വിവിധ രാജ്യങ്ങളില്‍നിന്നു രണ്ടായിരത്തില്‍പ്പരം നിര്‍ദേശങ്ങള്‍ പത്രമാപ്പീസിലേക്ക് ഒഴുകിയെത്തി. വൈവിധ്യമാര്‍ന്ന ചിന്തകളും ആശയങ്ങളും നിറഞ്ഞവയായിരുന്നു നിര്‍ദേശങ്ങള്‍. അവയില്‍ ചിലത് ഇങ്ങനെ: പ്രധാനരാഷ്ട്രത്തലവന്മാരും ബന്ധപ്പെട്ട അധികാരികളും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്തു ലോകസമാധാനത്തിനുള്ള വഴിയൊരുക്കുക, സ്വാര്‍ത്ഥമനസ്സു കൈവെടിഞ്ഞ് ലോകജനതയെ മുന്നില്‍ക്കണ്ടു ഫലപ്രദമായ ചര്‍ച്ചകളിലൂടെ സമവായം കണ്ടെത്തുക. ചില സ്ഥാപനങ്ങളും സമൂഹങ്ങളും പ്രമുഖവ്യക്തികളും അവരുടെ അഭിപ്രായങ്ങള്‍ പ്രബന്ധരൂപത്തിലാണു സമര്‍പ്പിച്ചത്. ചിലര്‍ ചുരുങ്ങിയ വാക്കുകളിലും. അങ്ങനെ ചെറുതും വലുതുമായ ഒട്ടനവധി ക്രിയാത്മകമായ നിര്‍ദേശങ്ങള്‍.
പത്രത്തിന്റെ അധികാരികള്‍ നിയോഗിച്ച ഒരു വിദഗ്ധസമിതി ലഭിച്ചതായ സകലനിര്‍ദേശങ്ങളും സൂക്ഷ്മമായി പരിശോധിച്ചു വിലയിരുത്തി. ഒടുവില്‍ ഒന്നാംസമ്മാനത്തിനര്‍ഹമായ നിര്‍ദേശം തിരഞ്ഞെടുത്തു. അതിനു വെറും രണ്ടേ  രണ്ടു വാക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ: ''ഠഞഥ ഇഒഞകടഠ'' ''ക്രിസ്തുവിനെ പരീക്ഷിച്ചുനോക്കുക.'' 
ആശ്ചര്യം ജനിപ്പിക്കുന്ന അര്‍ത്ഥഗര്‍ഭമായ വാക്കുകള്‍! 
സമാധാനത്തിന്റെ രാജാവായ ക്രിസ്തു. ശത്രുസ്‌നേഹത്തിന്റെ വ്യാഖ്യാതാവായ, അനുരഞ്ജനത്തിന്റെ ആള്‍രൂപമായ, ക്ഷമയുടെ പര്യായമായ, അറിവിന്റെ പ്രതീകമായ, സഹനത്തിന്റെ മാതൃകയായ ക്രിസ്തു.
ആ ക്രിസ്തുവിന്റെ ദര്‍ശനങ്ങളും ആശയങ്ങളും ആഹ്വാനങ്ങളും സിദ്ധാന്തങ്ങളും രാഷ്ട്രത്തലവന്മാര്‍ വിശാലമനസ്സോടെ പിന്തുടര്‍ന്നാല്‍ ലോകത്തു ശാന്തിയും സമാധാനവും പൊട്ടിവിടരും, പൂത്തുലയും, എന്നും പ്രകാശം പരത്തും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)