•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

സമുദ്രഹൃദയം

  • ജിന്‍സ് കാവാലി
  • 30 June , 2022

എന്തൊരു രാത്രിയായിരുന്നു അത്! ഓരോ മണിക്കൂറും ഓരോ യുഗംപോലെ തോന്നി. ആര്‍ത്തുപെയ്യുന്ന സങ്കടങ്ങള്‍. അവിരാമമായ കണ്ണീര്‍പ്രവാഹം. പുലരിയായപ്പോള്‍ എങ്ങോട്ടെങ്കിലും ഒന്നു പോകണമെന്നു മാത്രമായിരുന്നു മനസ്സില്‍. പക്ഷേ, എങ്ങോട്ട്? മുന്നോട്ടെങ്ങനെ പോകുമെന്നറിയാതെ പകച്ചുനില്‍ക്കുമ്പോഴൊക്കെ അവളുടെ മുഖമാണ് മനസ്സില്‍ തെളിയുക, വിളിച്ചു: ''ഒന്ന് കടലു കണ്ടിട്ടു വാടാ, തീരത്തു കുറെനേരം ഒറ്റയ്ക്കിരിക്കുമ്പോ മനസ്സു തണുത്തോളും.''
കടല്‍ത്തീരത്തെത്തുമ്പോഴേക്കും വെയില്‍ പരന്നുകഴിഞ്ഞിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് ആളുകളുടെ നോട്ടമെത്താതിരിക്കാന്‍ താഴേക്കു മാത്രം നോക്കി നടന്നു. സൂര്യവെളിച്ചത്തില്‍ തിളങ്ങുന്ന മണല്‍ത്തരികള്‍. ആളോ ബഹളമോ ഇല്ലാത്ത ഒരിടത്ത് ഇരിപ്പുറപ്പിച്ചു. കരയെ ചുംബിച്ച് കടലിലേക്കു മടങ്ങുന്ന തിരമാലകള്‍.
പതിയെപ്പതിയെ മനസ്സ് ശാന്തമായിത്തുടങ്ങി. വാട്‌സാപ്പില്‍ അവളുടെ മെസേജ്: ''ഒന്നും അടഞ്ഞുപോകുന്ന വാതിലുകളല്ല. പുറത്തുകടക്കാനാവാത്ത പ്രതിസന്ധികളുമില്ല. ലോകത്തൊരിടത്തും ഒരു കരുവാനും താക്കോലില്ലാതെ ഒരു താഴും ഉണ്ടാക്കിയിട്ടില്ല. എവിടെയോ എല്ലാറ്റിന്റെയും താക്കോല്‍ മറഞ്ഞിരിപ്പുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അതു നമ്മുടെ കൈയില്‍ തടയാതിരിക്കില്ല -ബോബിയച്ചന്‍.'' വെറുതെ കണ്ണു പൂട്ടി.
വെയില്‍ കനത്തുതുടങ്ങി. എങ്കിലും അവിടെനിന്നെണീക്കുവാന്‍ മനസ്സു വന്നില്ല. അപ്പോഴാണ് തോളത്തൊരു കൈ വന്നു തൊടുന്നത്. ''മോനെന്താ ഇങ്ങനെയീ വെയിലത്തിരിക്കുന്നെ.'' സ്‌നേഹത്തോടെയുള്ള ചോദ്യം. തിരിഞ്ഞുനോക്കിയപ്പോള്‍ തീരെ ചെറിയൊരു  മനുഷ്യന്‍. അറുപതിനടുത്തു പ്രായം കാണുമെന്നൂഹിച്ചു. പാതി നരച്ച  മുടിയും മീശയും. ''ഞാന്‍ വെറുതെ, കടലു കാണാന്‍...'' എന്തു പറയണമെന്നറിയാതെ തപ്പിത്തടഞ്ഞു. ''ആഹാ, കടല്‍ കണ്ടിരിക്കാന്‍ പറ്റിയ നേരം.'' അയാള്‍ ഉറക്കെച്ചിരിച്ചു. ഞാനും ചിരിക്കാനൊരു വിഫലശ്രമം നടത്തി. ''മോന്‍ വല്ലതും കഴിച്ചോ?'' അടുത്ത ചോദ്യം. ''കഴിച്ചതാ ചേട്ടാ.'' ''അതു വെറുതെ. മുഖം കണ്ടാലറിയാം ഇന്നൊന്നും കഴിച്ചിട്ടില്ലെന്ന്.'' കള്ളി വെളിച്ചത്തായതിന്റെ ജാള്യം എന്റെ മുഖത്തു പടര്‍ന്നു.
''മോന്‍ വാ, എന്റെ വീടിവിടെ അടുത്താ.'' മറുപടി പറയുംമുമ്പേ അയാള്‍ എന്റെ കൈ പിടിച്ചു നടന്നുതുടങ്ങിയിരുന്നു. വഴിയില്‍വച്ചു ഞങ്ങള്‍ പരിചയപ്പെട്ടു. കുഞ്ഞപ്പനെന്നാണ് അയാളുടെ പേര്. മത്സ്യക്കച്ചവടക്കാരനാണ്. ഏതാണ്ട് അഞ്ചു മിനിറ്റ് നടന്നപ്പോഴേക്കും കുഞ്ഞപ്പന്‍ചേട്ടന്റെ വീട്ടിലെത്തി. വാതില്‍ തുറന്ന കുഞ്ഞപ്പന്‍ചേട്ടന്റെ ഭാര്യ എന്നെ സൂക്ഷിച്ചൊന്നു നോക്കി. ''കടലീന്നു കിട്ടിയതാ മേരിയേ'' കുഞ്ഞപ്പന്‍ചേട്ടന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. അതുകേട്ട് മേരിച്ചേച്ചിയും ചിരിച്ചു. ''നീ ചോറു വിളമ്പ്. ഈ പയ്യന്‍ ഇന്നൊന്നും കഴിച്ചിട്ടില്ല.'' മേരിച്ചേച്ചി ചോറും ചാളക്കറിയും കടുമാങ്ങാ അച്ചാറും വിളമ്പി. വിശപ്പിന്റെ വിളി കഠിനമായിരുന്നു. ആര്‍ത്തിപിടിച്ചുള്ള എന്റെ ഊണുകണ്ട് മേരിച്ചേച്ചി ഒരു ചെറിയ ചിരി ചിരിച്ചു. ഭക്ഷണം കഴിഞ്ഞ് ഞങ്ങളോരോ കൊച്ചുവര്‍ത്തമാനങ്ങളിലേക്കു കടന്നു.
''കുഞ്ഞപ്പന്‍ചേട്ടന്റെ മക്കളൊക്കെ?'' ഞാന്‍ ചോദിച്ചു. അത്രനേരം ചിരിച്ചുകൊണ്ടിരുന്ന ആ മുഖം പെട്ടെന്ന് ഇരുണ്ടുതുടങ്ങുന്നത് എനിക്കു കാണാന്‍ കഴിഞ്ഞു. ശ്ശെ, ചോദിക്കണ്ടായിരുന്നു. മക്കളില്ലാത്തതിന്റെ വിഷമമാണ് ആ മുഖത്തു പടര്‍ന്നതെന്ന് ഞാനൂഹിച്ചു. ''മക്കള് രണ്ടു പേരാരുന്നു മോനേ. ഇപ്പോ പക്ഷേ, ആരുമില്ല.'' മേരിച്ചേച്ചിയാണതു പറഞ്ഞത്. എന്തു മറുപടി പറയണമെന്നറിയാതെ ഞാനാകെ അസ്വസ്ഥനായി.
''ആദ്യത്തേത് ഒരാണ്‍കുട്ടിയായിരുന്നു. അവനിലായിരുന്നു കുടുംബത്തിന്റെ സര്‍വപ്രതീക്ഷയും. വീട്ടിലെ കഷ്ടപ്പാടുകള്‍ക്കിടയിലും നന്നായി പഠിച്ചു. നല്ല മാര്‍ക്കോടെ എം.കോം. പാസായി. പിന്നെ ജോലിയന്വേഷിച്ചു നടക്കുന്ന കാലത്താണ് ഒരാക്‌സിഡന്റില്‍... മൂന്നു ദിവസം എന്റെ കൊച്ച് ബോധമില്ലാതെ ആശുപത്രീല്‍ കിടന്നു. മൂന്നാം ദിവസവാ'' ഒരു കരച്ചില്‍ കുഞ്ഞപ്പന്‍ചേട്ടന്റെ തൊണ്ടയില്‍വന്നു കുടുങ്ങി. എനിക്കാ മുഖത്തു നോക്കാന്‍ വിഷമം തോന്നി.
''രണ്ടാമത്തേത് മകളായിരുന്നു. മകന്‍ മരിച്ച് ഒന്നരക്കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു മകളുടെ വിവാഹം. പൊന്നും കാശുമൊക്കെ കൊടുത്ത് അന്തസ്സായിട്ടാ ഞാനെന്റെ കൊച്ചിനെ പറഞ്ഞുവിട്ടത്. പക്ഷേ, കെട്ടുകഴിഞ്ഞ് ആറാം മാസം കേട്ടത്, അവളവിടെ ഫാനേല്‍ തൂങ്ങീന്നാ! ഒരുപാടുപേര് കേസു കൊടുക്കാനൊക്കെ പറഞ്ഞു. ഞാനൊന്നിനും പോയില്ല. എന്റെ മോള് പോയില്ലേ, പിന്നെന്തു ചെയ്തിട്ട് എന്താ കാര്യം.''  കേള്‍ക്കുന്നതൊക്കെ സത്യമെന്നു വിശ്വസിക്കാനാവാതെ ഞാനവിടെ മരവിച്ചിരുന്നു. ഇത്രയേറെ വിഷമങ്ങള്‍ ഉള്ളിലടക്കിക്കൊണ്ട് ഈ മനുഷ്യനെങ്ങനെ ചിരിക്കാന്‍ കഴിയുന്നു? ജീവിക്കാന്‍ കഴിയുന്നു? ജീവിതത്തിലാദ്യമായി എന്റെ ദുഃഖങ്ങളെക്കുറിച്ചോര്‍ത്ത്  എനിക്കന്നു നാണക്കേട് തോന്നി. ഒന്നും പറയാനാവാതെ വിഷമിക്കുന്ന എന്നോട്  കുഞ്ഞപ്പന്‍ചേട്ടന്‍ പറഞ്ഞു: ''ജീവിതം ചിലപ്പോ ഇങ്ങനെയൊക്കെയാ മോനേ, എന്തൊക്കെയായാലും ജീവിക്കാതെ വേറേ നിവൃത്തിയില്ലല്ലോ,'' ഞാനാ മനുഷ്യനെ ആദരവോടെ നോക്കി.
അന്നാ വീട്ടില്‍നിന്നിറങ്ങിയത് കയറിപ്പോയ ഞാനായിരുന്നില്ല. അക്കാലമത്രയും എനിക്കജ്ഞാതമായിരുന്ന ജീവിതാനുഭവങ്ങളുടെ കടലിലേക്കാണ് കുഞ്ഞപ്പന്‍ചേട്ടന്‍ എന്നെ കൈപിടിച്ചുകൊണ്ടുപോയത്. സ്വന്തം ദുഃഖങ്ങളൊന്നും ദുഃഖങ്ങളല്ലെന്നും  ജീവിക്കുന്ന ജീവിതത്തിനു തീരെ ആഴമില്ലെന്നും തിരിച്ചറിഞ്ഞൊരു ദിവസമായിരുന്നു അത്. നമുക്കു ചുറ്റും നമ്മളെക്കാള്‍ മുറിവേറ്റ ഒട്ടേറെ മനുഷ്യരുണ്ട്. ആ മുറിവു പേറിക്കൊണ്ടുതന്നെ ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പുന്നവര്‍. അവര്‍ക്ക് കൈത്താങ്ങാകുന്നവര്‍. കുഞ്ഞപ്പന്‍ ചേട്ടാ, അന്നുച്ചയ്ക്ക് നിങ്ങളെ എന്റെയടുത്തേക്കു പറഞ്ഞുവിട്ടത് ദൈവംതന്നെയായിരിക്കണം. ഒരിക്കല്‍ക്കൂടി കാണാന്‍ കഴിഞ്ഞാല്‍ കെട്ടിപ്പിടിച്ചൊരുമ്മ തരണമെന്നാഗ്രഹമുണ്ട്. പറയാന്‍ മറ്റൊന്നുമില്ല, മിഴി നിറഞ്ഞ് നന്ദി മാത്രം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)