•  2 May 2024
  •  ദീപം 57
  •  നാളം 8
കാര്‍ഷികം

പഞ്ഞിമരവും പഞ്ഞിക്കായും

ഴയ കാലങ്ങളില്‍ വീട്ടുവളപ്പുകളില്‍ പൊതുവെ കണ്ടുവരുന്ന ഒന്നായിരുന്നു പഞ്ഞിമരം. 'ബോംബോക്കേസി' കുടുംബത്തില്‍പ്പെട്ട പഞ്ഞിമരത്തിനെ 'കാപോക്ക്' എന്നും വിളിക്കാറുണ്ട്. അമേരിക്കന്‍ വൃക്ഷമെങ്കിലും കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇവ വളരുവാന്‍ വളരെ യോജിച്ചതാണ്. വിത്തുകള്‍ പാകിയും കാണ്ഡഭാഗങ്ങള്‍ നട്ടും മൂപ്പെത്തിയ പാകമായ കമ്പുകള്‍ മുറിച്ചുവച്ചും ഇവ വളര്‍ത്താം. 3-4 വര്‍ഷത്തിനകം പൂവിടും. 30 കൊല്ലംവരെ പ്രായമായ മരങ്ങളില്‍നിന്നും നല്ല വിത്തുകള്‍ ലഭിക്കും.

പഞ്ഞിമരക്കായുടെ ഉള്‍ത്തൊലി, അതില്‍നിന്നു കിട്ടുന്ന നാര് മുതലായവയ്ക്ക് നല്ല സാമ്പത്തികപ്രാധാന്യം ഉണ്ട്.
തലയിണയ്ക്കും മെത്തയ്ക്കും മറ്റും ഒരു നിറവസ്തുവായി ഉപയോഗിച്ചുവരുന്നതു കൂടാതെ കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തിനും പഞ്ഞിയും പഞ്ഞിക്കായും ഉപയോഗിക്കാറുണ്ട്. പഴയകാലങ്ങളില്‍ വീട്ടില്‍വച്ചുതന്നെ വീട്ടമ്മമാര്‍ ഇവ ഉപയോഗിച്ചു തലയിണയും മറ്റും ഉണ്ടാക്കുകയും ഒരു കുടില്‍വ്യവസായമായി നടത്തിവരുകയും ചെയ്തിരുന്നു.
പഞ്ഞിമരത്തിന്റെ തടിക്കു ഭാരം കുറവായതിനാല്‍ ജീവന്‍ രക്ഷാ ബെല്‍റ്റ്, നാവിക സുരക്ഷാവസ്തുക്കള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന തിനും ഉപയോഗിച്ചുപോരുന്നു.
പഞ്ഞിക്കുരുവിന്റെ വിത്തില്‍നിന്ന് 20 മുതല്‍ 25 വരെ ശതമാനം എണ്ണ ലഭിക്കുന്നു.
ഒരു ലൂബ്രിക്കന്റായും സോപ്പുനിര്‍മ്മാണത്തിനും മറ്റ് ഒട്ടനവധി ആവശ്യങ്ങള്‍ക്കുമായി ഈ എണ്ണ ഉപയോഗിക്കാറുണ്ട്. എണ്ണ യെടുത്തശേഷമുള്ള പിണ്ണാക്ക് കാലിത്തീറ്റയായും ജൈവവളമായും ഉപയോഗിച്ചുവരുന്നു.
പഞ്ഞിമരത്തിന്റെ ഇലകളും കാലിത്തീറ്റയായും പച്ചിലവളമായും ഉപയോഗിക്കാറുണ്ട്. 
വലിയ പഞ്ഞിമരങ്ങള്‍ മുകള്‍ഭാഗം വെട്ടിനിര്‍ത്തി അതില്‍ വാനില, വെറ്റിലക്കൊടി, തിപ്പലി, കുരുമുളകുചെടി തുടങ്ങിയ വിളകള്‍ വളര്‍ത്തുവാന്‍ ഉത്തമം. ഒരു താങ്ങുകാല്‍ എന്ന നിലയിലും ഇവ പ്രയോജനപ്പെടുത്താവുന്നതാണ്.
കാര്‍ഷിക വനവത്കരണത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന ഒരു വൃക്ഷമാണ് പഞ്ഞിമരം. നമ്മുടെ കൃഷിയിടത്തില്‍ ഒരു പഞ്ഞിമരത്തിനെങ്കിലും സ്ഥാനം നല്‍കുവാന്‍ നമുക്കു കഴിയണം.

Login log record inserted successfully!