•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

സഞ്ചാരയോഗ്യമായ റോഡുകള്‍ ജനങ്ങളുടെ അവകാശം

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 28 July , 2022

''പശ തേച്ച് ഒട്ടിച്ചതാണോ റോഡ്?'' ഹൈക്കോടതി ഈയിടെ നടത്തിയ രൂക്ഷവിമര്‍ശനത്തിന്റെ അലയൊലികള്‍ തീരുംമുമ്പേ, റോഡുകളുടെ കാര്യം തുടര്‍ച്ചയായി പറഞ്ഞ് നാണമാകുന്നുവെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരിക്കുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് ഒരു പരിഹാരവും കാണാതെയുള്ള സര്‍ക്കാരിന്റെ ഉദാസീനതയും കെടുകാര്യസ്ഥതയും കണ്ടു സഹികെട്ടാണ് ഹൈക്കോടതി കഴിഞ്ഞ മൂന്നു വര്‍ഷമായി നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. മഴയെ പഴി പറയേണ്ടെന്നും, കേരളത്തില്‍ എല്ലായിടത്തും ഒരേ മഴതന്നെയാണു പെയ്യുന്നതെന്നും പ്രതികരിച്ച കോടതി, കേരളത്തിലെ റോഡുകളുടെ കാര്യത്തില്‍ ഫണ്ടല്ല, അതുപയോഗിക്കുന്ന രീതിയാണു പ്രശ്‌നമെന്നും നിരീക്ഷിച്ചു. 
എണ്ണിത്തീര്‍ക്കാനാവാത്തത്ര കുഴികളാണ് നഗരഗ്രാമവ്യത്യാസമില്ലാതെ സംസ്ഥാനത്തെ റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്നത്. റോഡുണ്ടാക്കാനും സംരക്ഷിക്കാനും നികുതിപ്പണം മുന്‍കൂര്‍ അടച്ച സാധാരണക്കാരും പാവപ്പെട്ടവരുമടക്കമുള്ള പൗരന്മാരാണ് ചെളിവെള്ളക്കെട്ടുകളായ കുഴികളിലും ഓടകളിലും വീണ് അപകടപ്പെടുന്നതും മരണപ്പെടുന്നതും. മഴക്കാലത്ത് റോഡു തകരുന്ന പ്രതിഭാസം കൊല്ലങ്ങളായി കണ്ടു പരിചയിച്ചിട്ടും, അതിന്റെ ദുരനുഭവങ്ങള്‍ക്കും അവശേഷിപ്പുകള്‍ക്കും സാക്ഷികളായിട്ടും, അതിനു സുസ്ഥിരപരിഹാരങ്ങളുണ്ടാക്കാന്‍ ദേശീയപാത അതോറിട്ടിക്കോ സംസ്ഥാന പൊതുമരാമത്തുവകുപ്പിനോ സാധിക്കുന്നില്ല എന്നതാണു പ്രശ്‌നം. 
കേരളത്തിലെ റോഡുകള്‍ അടിയന്തരമായി നന്നാക്കിയേ തീരൂ എന്നു കോടതിയടക്കം മുറവിളികൂട്ടുമ്പോഴും, കേന്ദ്രസംസ്ഥാനമന്ത്രിമാര്‍ ഉത്തരവാദിത്വത്തെ ചൊല്ലി പരസ്പരം പഴിചാരി തര്‍ക്കത്തിലാണ്. സര്‍ക്കാരുകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും പോര്‍വിളികള്‍ക്കുമിടയില്‍ പൊലിയുന്നത് ഈ നാടിന്റെ വികസനസ്വപ്നങ്ങളാണ്. അക്കാര്യം ബോധവത്കരിക്കാനും പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കാനും കോടതികള്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടുപോലും സാധിക്കുന്നില്ലെങ്കില്‍, അതില്‍പ്പരം ലജ്ജാകരമായ അവസ്ഥ കേരളത്തിനിനി ഉണ്ടാകാനുണ്ടോ? 
സംസ്ഥാനത്ത് ആകെയുള്ള മൂന്നുലക്ഷം കിലോമീറ്റര്‍ റോഡില്‍ 29,522 കിലോമീറ്റര്‍ റോഡുമാത്രമാണ് പൊതുമരാമത്തുവകുപ്പിനു കീഴിലുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറയുന്നു. കേരളത്തിലെ 40 ശതമാനം ഗതാഗതവും ദേശീയപാതകളിലൂടെയായതിനാല്‍ റോഡുകള്‍ നന്നായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കുമുണ്ട്. സംസ്ഥാനത്തെ 15,000 കിലോമീറ്ററിലേറെ റോഡ് ഗുണനിലവാരമുള്ള ബി എം ആന്‍ഡ് ബി സി ടാറിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അഞ്ചുവര്‍ഷത്തേക്ക് ഈ റോഡുകള്‍ തകരില്ലെന്നും മന്ത്രി അവകാശപ്പെടുന്നു. മാത്രമല്ല, അഴിമതിയും കെടുകാര്യസ്ഥതയും തടയുന്നതിന്റെ ഭാഗമായി ഒട്ടേറെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതടക്കം ക്ഷേമപ്രവര്‍ത്തനങ്ങളും അച്ചടക്കനടപടികളും എണ്ണിയെണ്ണിപ്പറയുമ്പോഴും, റോഡു നന്നാക്കണമെന്നാവശ്യപ്പെടുന്ന വിവിധ ഹര്‍ജികളാണ് തീര്‍പ്പാക്കാനാവാതെ കോടതികളുടെ പരിഗണനയിലുള്ളതെന്നും നിരീക്ഷിക്കേണ്ടതുണ്ട്. 
പണിത് ആറുമാസത്തിനകം റോഡു തകര്‍ന്നാല്‍ ബന്ധപ്പെട്ട എഞ്ചിനീയര്‍ക്കും കരാറുകാരനുമെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും, ഒരു വര്‍ഷത്തിനകം തകര്‍ന്നാല്‍ ആഭ്യന്തരാന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമൊക്കെയുള്ള ഹൈക്കോടതിയുടെ പുതിയ ഉത്തരവ് അഴിമതിയും കൊള്ളയും അവസാനിപ്പിക്കാനുള്ള പുറപ്പാടുതന്നെയാണ്. കോടതി നിരന്തരം ഇടപെട്ടിട്ടും റോഡുകളുടെ ശോച്യാവസ്ഥ മാറുന്നില്ലെന്നും ഹര്‍ജികള്‍ ആറുമാസം കൂടുന്തോറും പരിഗണിക്കേണ്ടിവരുന്നതില്‍ കോടതിക്കുതന്നെ നാണമാകുകയാണെന്നുമുള്ള കോടതിനിരീക്ഷണം കേട്ട് തല കുനിക്കാത്തവരാരെങ്കിലും ഈ ഭൂമിമലയാളത്തിലുണ്ടാകുമോ?  'കെ - റോഡ്' എന്നു വിളിച്ചാലെങ്കിലും നന്നാക്കുമോ എന്നും ഒരു ഘട്ടത്തില്‍ കോടതി നര്‍മവും വിമര്‍ശവും കലര്‍ത്തി ചോദിച്ചതിന് ശിരസ്സുയര്‍ത്തി മറുപടി പറയാന്‍ സര്‍ക്കാരിനാവുമോ എന്നതുമാത്രമാണ് അവശേഷിക്കുന്ന ചോദ്യം. 
മഴക്കാലത്തെ റോഡുനവീകരണത്തെക്കുറിച്ചു പറയുമ്പോള്‍ ദേശീയപാതയെയും പൊതുമരാമത്തു റോഡുകളെയുംകുറിച്ചേ പലപ്പോഴും അധികൃതര്‍ക്കു പരിഗണനയുള്ളൂ. അറ്റകുറ്റപ്പണിയൊന്നുമില്ലാതെ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരമായിരിക്കുന്ന ജില്ലാറോഡുകളും ഗ്രാമീണറോഡുകളുമായുള്ള ഒന്നേമുക്കാല്‍ ലക്ഷത്തോളം കിലോമീറ്റര്‍ റോഡുകളെക്കുറിച്ച് തദ്ദേശ സ്വയംഭരണവകുപ്പു കൈയാളുന്നവര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരു കൂസലുമില്ലാത്തതാണ് ഏറെ ഖേദകരം. മതിയായ ഓവുചാലും വെള്ളക്കെട്ടിനുള്ള ശാസ്ത്രീയപരിഹാരങ്ങളുമില്ലെങ്കില്‍ കോടികള്‍ ചെലവാക്കിയുള്ള ടാറിങ്ങും കോണ്‍ക്രീറ്റിങ്ങുമെല്ലാം വൃഥാവിലാകും. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുകളും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമാണ് അവശ്യമായിരിക്കുന്നത്. ഓര്‍ക്കുക, സഞ്ചാരയോഗ്യമായ റോഡുകള്‍ ജനങ്ങളുടെ അവകാശമാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)