ജനാധിപത്യത്തിന്റെ അന്തഃസത്തയായ സംവാദങ്ങളോടും വിമര്‍ശങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്ന നിരവധി സംഭവങ്ങളാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിലക്കയറ്റവും മറ്റു ജനകീയവിഷയങ്ങളും ഉയര്‍ത്തി പ്രതികരിക്കുന്ന എം പി മാരെ കൂട്ടമായി പാര്‍ലമെന്റില്‍നിന്നു പുറത്താക്കുന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവുമായ സോണിയഗാന്ധിക്കു നേരേപോലും പാര്‍ലമെന്റിനുള്ളില്‍ അവഹേളനം ഉണ്ടായി. ഇന്ത്യയുടെ ആത്മാവും ഹൃദയവുമായ പാര്‍ലമെന്ററിജനാധിപത്യത്തെ പടിപടിയായി കൊല്ലുകയാണ് ഭരണകൂടം ഇതിലൂടെ ചെയ്യുന്നത്.
പാര്‍ലമെന്റില്‍  ചര്‍ച്ചകള്‍  കൂടാതെ ബില്ലുകള്‍ പാസ്സാക്കുന്നതും അംഗങ്ങള്‍ ആവശ്യപ്പെട്ടാലും ബില്ലുകളിന്മേല്‍ വോട്ടെടുപ്പിനു തയ്യാറാകാത്തതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചയെ സൂചിപ്പിക്കുന്നതിന്, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 അസ്ഥിരപ്പെടുത്തി കാശ്മീരിന്റെ സ്വയംഭരണം അട്ടിമറിച്ച ഒറ്റ ഉദാഹരണം മാത്രം മതി. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സംവാദങ്ങളുടെ മഹത്ത്വത്തെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായതിനു തൊട്ടുപിന്നാലെയാണ് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചകൂടാതെ പാസ്സാക്കിയത് എന്നതു ശ്രദ്ധേയമാണ്.
''ഈ സര്‍ക്കാര്‍ വിര്‍മശിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വിമര്‍ശനം ജനാധിപത്യത്തെ ശക്തിപ്പെടുത്തും.'' രണ്ടാമതും അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. എന്നാല്‍, ഇതേ പ്രധാനമന്ത്രിയുടെ കീഴിലാണ് വിമര്‍ശനവും പ്രതിഷേധവും ഉയര്‍ത്തുന്ന പാര്‍ലമെന്റംഗങ്ങള്‍ക്കെതിരേ വിവേചനപരമായ നടപടികള്‍ ഉണ്ടാകുന്നത്.  സര്‍ക്കാരിനെ ജനാധിപത്യപരമായി  വിമര്‍ശിക്കാനും തിരുത്താനുമുള്ള വേദിയാണ് പാര്‍ലമെന്റ്. ഇതിന്  പ്രതിപക്ഷത്തെ അനുവദിക്കാത്തത് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനമാണ്. വിലക്കയറ്റം, ജി.എസ്.ടി ഉള്‍പ്പെടെയുള്ള ജനകീയവിഷയങ്ങള്‍ ഉയര്‍ത്തി പ്രതികരിച്ച ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നീ കോണ്‍ഗ്രസ് എം പിമാരെ ലോക്‌സഭയില്‍ നിന്നു  പുറത്താക്കിയത് കഴിഞ്ഞ ദിവസമാണ്. വിലക്കു മറികടന്ന് വിലക്കയറ്റത്തിനെതിരേ പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് നാല് എം. പിമാരെ ലോക്‌സഭയില്‍നിന്ന് സ്പീക്കര്‍ ഓം ബിര്‍ല പുറത്താക്കിയത്. ഇതിന് തൊട്ടുപിന്നാലെ രാജ്യസഭയിലെ ഇരുപത് എം പിമാരെയാണ് ഒറ്റയടിക്കു പുറത്താക്കിയത്.
പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തി വിലക്കയറ്റത്തെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുറത്താക്കല്‍ ഉണ്ടായത്. പ്രതിപക്ഷപ്രതിഷേധങ്ങളോടും ജനകീയവിഷയങ്ങളോടും ഭരണപക്ഷം പുലര്‍ത്തുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ പുറത്താക്കല്‍. ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ സംഭവിക്കുന്നത് എന്ന് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു. ജനകീയവിഷയങ്ങളില്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ പ്രതിഷേധത്തിലൂടെ പാര്‍ലമെന്റം ഗങ്ങള്‍ക്ക് അവകാശമില്ലെങ്കില്‍ ഇവര്‍ മറ്റ് എവിടെപ്പോയി പ്രതിഷേധിക്കും, പരാതി പറയും? ഇവര്‍ ആരും പാര്‍ലമെന്റിന്റെ  മേല്‍ക്കൂര പൊളിച്ച് സഭയില്‍ ഇറങ്ങി വന്നവരല്ല. ജനകീയകോടതികളിലെ ജനവിധി നേടി തിരഞ്ഞെടുക്കപ്പെട്ടുവന്നവരാണ്.
ഇനി പാര്‍ലമെന്റിനു പുറത്തേക്കു വന്നാല്‍ ക്രൂരമായ അടിച്ചമര്‍ത്തലാണ് പ്രതിപക്ഷ എം.പിമാര്‍ക്കു നേരേ ഉണ്ടാകുന്നത്. ജനപ്രതിനിധികളാണ് എന്ന യാതൊരുവിധ പരിഗണനകളും ഇല്ലാതെയാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ തെരുവില്‍ വേട്ടയാടിയത്. സമാധാനപരമായി  പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലാണ് വിലക്കയറ്റത്തിനെതിരെയും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അകാരണമായി ചോദ്യം ചെയ്യുന്നതിനെതിരേയും പ്രതിഷേധിച്ച എം പിമാരെ ക്രൂരമായി വേട്ടയാടി തുറുങ്കുകളില്‍ അടച്ചത്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം രാഹുല്‍ ഗാന്ധിക്കും മറ്റ് എം പിമാര്‍ക്കും ഇല്ലേ ? അറസ്റ്റു ചെയ്യാനും തുറുങ്കിലടയ്ക്കാനും രാഹുല്‍ ഗാന്ധി ചെയ്ത തെറ്റ് എന്താണ് ? കലാപത്തിന് ആഹ്വാനം ചെയ്തോ? പൊതുമുതല്‍ നശിപ്പിച്ചോ? കാരണം പോലും പറയാതെയാണ് ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് എം പിമാരെയും കസ്റ്റഡിയില്‍ എടുത്തത്.
ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നെടുംതൂണുകളെല്ലാം ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധമായ നടപടികള്‍ മൂലം  ദുര്‍ബലപ്പെടുകയാണ്. ജനാധിപത്യമെന്നാല്‍ തിരഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷം മാത്രമല്ല പ്രതിപക്ഷബഹുമാനം കൂടിയാണ് എന്ന യാഥാര്‍ഥ്യത്തെ  മനഃപൂര്‍വ്വം വിസ്മരിക്കുകയാണ്. ഭാവിയില്‍ ഇതിന് കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും. 
							
 പ്രഫ. റോണി കെ ബേബി
                    
									
									
									
									
									
                    