മൂന്നക്ഷരങ്ങളാല്‍ ചിട്ടപ്പെടുത്തിയെടുത്ത കേവലം ഒരു വാക്കല്ല സ്വാതന്ത്ര്യം. ജീവന്റെ പുതുനാമ്പുകള്‍ കൈക്കൊണ്ട് ഭൂമിയുടെ മാറിലേക്കു പിറന്നുവീഴുന്ന ഓരോ ജീവനും അനുഭവിക്കാനും ആഘോഷിക്കാനും അവകാശമുള്ളതെന്തോ അതാണ് സ്വാതന്ത്ര്യം.
ജീവനിലേക്കുള്ള വഴി ഇടുങ്ങിയതായിരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയും ഇടുങ്ങിയതുതന്നെ. നമ്മുടെ നേര്‍ക്കു നീട്ടപ്പെടുന്ന ചില നുകങ്ങളെ വേണ്ടെന്നു വയ്ക്കാനുള്ള ധൈര്യമോ ചിലതു ലഘുകരിക്കാനുള്ള നന്മയോ ഉണ്ടാകുന്നിടത്തുനിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള തുറവ് ആരംഭിക്കുകയായി. സ്വാതന്ത്ര്യം കണ്ടെത്തുന്നതിനു മാത്രമല്ല നിലനിറുത്തുന്നതിനും നാം അധ്വാനിക്കേണ്ടിയിരിക്കുന്നു.
നന്മയോ തിന്മയോ എന്തു തിരഞ്ഞെടുക്കണമെന്ന സ്വാതന്ത്ര്യം നമുക്കുണ്ട്. അത്തരമൊരു തിരഞ്ഞെടുപ്പിന്റെ ഫലമായാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ദിവ്യരക്ഷകനെ നമുക്കു ലഭിച്ചത്. കൈമുഷ്ടിയോളം വലുപ്പമുള്ള ഹൃദയത്തില്‍ ഒരു വാള്‍ കടക്കുമെന്ന ശിമയോന്റെ പ്രവചനത്തിന്റെ മുമ്പിലും ചഞ്ചലപ്പെടാത്ത ഒരു തിരഞ്ഞെടുപ്പ്. 'അവര്‍ക്കു വീഞ്ഞില്ല' എന്ന രണ്ടു വാക്കുകളില്‍ മകനോടുള്ള സ്വാതന്ത്ര്യം വെളിപ്പെടുത്തിത്തന്നു പരിശുദ്ധ അമ്മ. സത്യത്താല്‍ സ്വതന്ത്രരാക്കപ്പെടുക എന്ന ക്രിസ്തുമൊഴി, സത്യംതന്നെയാണ് സ്വാതന്ത്ര്യത്തിന്റെ മൂര്‍ത്തീഭാവമെന്നു നമ്മെ ഓര്‍മിപ്പിക്കുന്നു.
സ്വാതന്ത്ര്യബോധത്തിന്റെ ഉറവ പൊട്ടേണ്ടത് നമ്മുടെ ഉള്ളില്‍നിന്നുതന്നെയാണ്. സ്വയം ചിന്തിക്കാനുള്ള സ്വാതന്ത്ര്യം; പിന്നെ സ്വയം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം. ജീവിതം യാന്ത്രികമായിപ്പോകുന്നുവെന്നതാണ് നമ്മുടെ കാലം അനുഭവിക്കുന്ന ആന്തരികപ്രതിസന്ധി.
ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്നെന്നെ അയച്ചിരിക്കുന്നു (ലൂക്ക. 4:18). അപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി സംസാരിക്കാനും സ്വാതന്ത്ര്യം നേടിക്കൊടുക്കാനുമുള്ള ചുമതല നമുക്കുമുണ്ടെന്നു സാരം. ആരും വിചാരിക്കരുത്, വലിയ കാര്യങ്ങള്‍ ചെയ്തിട്ടാണ് ചുറ്റുമുള്ളവരുടെ സ്വാതന്ത്ര്യത്തെ നമ്മള്‍ വീണ്ടെടുക്കാന്‍ പോകുന്നതെന്ന്. വളരെ ചെറിയ കരുതലുകള്‍ക്കുപോലും സ്വാതന്ത്ര്യമെന്ന അദ്ഭുതത്തെ വീണ്ടെടുക്കാനാവും. മനുഷ്യന്റെ ശ്രേഷ്ഠതയെ ഹനിക്കുന്നതിനെക്കാള്‍ വലിയ പാപമോ ഇതും കടന്നുപോകുമെന്നോര്‍മിപ്പിക്കുന്ന ഒരാളാകുന്നതിനെക്കാള്‍ വലിയ ശ്രേഷ്ഠതയോ ഇല്ല.
സ്വാതന്ത്ര്യത്തിന് സഹനമെന്ന ഒരു മറുവശംകൂടിയുണ്ട്. അടിമത്തത്തിന്റെ ഊരായ ഈജിപ്തില്‍നിന്ന് ചെങ്കടലും മരുഭൂമിയും പിന്നിട്ട് കാനാന്‍ദേശമെന്ന സ്വാതന്ത്ര്യത്തിന്റെ സ്വാദു നുണഞ്ഞ ഇസ്രായേല്‍തന്നെയാണ് ഉദാഹരണം. ഇസ്രായേല്‍ജനം അനുഭവിച്ച പീഡനപരമ്പരയുടെയും മോചനത്തിന്റെയും കയ്പ്പും മധുരവും അറിഞ്ഞവരാണ് നമ്മള്‍ ഭാരതീയരും. അന്നായാലും ഇന്നായാലും പരസ്പരം കാവലാകുകയെന്നതാണ് ബന്ധങ്ങളുടെ ധര്‍മം.
എന്നാല്‍, ഇന്ന് സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുണ്ടോ? അഭിപ്രായം പറയാന്‍ വെമ്പുന്ന നാവിനു സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. എഴുതാന്‍ വെമ്പുന്ന തൂലികത്തുമ്പിനു സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ചില നനഞ്ഞ മിഴികള്‍പോലും പെയ്‌തൊഴിയാത്തതിനു കാരണം സ്വാതന്ത്ര്യക്കുറവുതന്നെ. മസിലുപിടിത്തക്കാരെന്നു നമ്മള്‍ വിചാരിക്കുന്ന ചിലരുടെ സ്വാതന്ത്ര്യംപോലും മറ്റു പലരുടെയും നിയന്ത്രണത്തിലാവാം.
എവിടെയാണു നമുക്കു തെറ്റുന്നത്? സ്വന്തം സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന നമുക്ക് എന്തുകൊണ്ടാണ് അന്യന്റെ സ്വാതന്ത്ര്യത്തെ മാനിക്കാന്‍ കഴിയാത്തത്? നമ്മെയല്ലാതെ മറ്റാരെയും മനസ്സിലാക്കാന്‍ കഴിയാത്തവിധം നമ്മുടെ ഭാഷ വികലമായിപ്പോയോ? കേവലം പ്രഭാഷണത്തില്‍ ഒതുക്കാതെ നമ്മുടെ ഭാഷയില്‍ സ്‌നേഹത്തിന്റെ വ്യാകരണംകൂടി ചേര്‍ക്കാന്‍ നമുക്കാവില്ലേ? അഹിംസ മുറുകെപ്പിടിച്ചു ഗാന്ധിജി മുന്നില്‍നിന്നു നേടിത്തന്ന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമുക്കു കടമയുണ്ട്. സ്‌നേഹവും സ്വാതന്ത്ര്യവുംകൊണ്ട് ഊടും പാവും നെയ്ത താളബദ്ധവും ശ്രുതിശുദ്ധവുമായ ക്രിസ്തുവിന്റെ ജീവിതത്തെക്കാള്‍ നല്ലൊരു പാട്ട് നമുക്കു പാടിപ്പഠിക്കാനില്ല.