•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

മനമിടറി മലയോരജനത; ബഫര്‍സോണ്‍: അധികാരികള്‍ കണ്ണുതുറക്കുമോ?

  • പി.സി. സിറിയക്
  • 18 August , 2022

ഇന്ത്യയിലെ വന്യമൃഗസങ്കേതങ്ങളുടെ ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ''ബഫര്‍സോണ്‍'' നിര്‍മിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്, രാജസ്ഥാനിലെ ഒരു വന്യമൃഗസങ്കേതത്തിന്റെ കേസിലായിരുന്നു. വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ള  പ്രത്യേക സങ്കേതങ്ങളിലേക്കു സമീപഗ്രാമങ്ങളില്‍നിന്നു ജനങ്ങള്‍ കടന്നുകയറി മൃഗങ്ങളെ അലോസരപ്പെടുത്തുന്നു. മൃഗസംരക്ഷണത്തിനുവേണ്ടി പ്രത്യേകം ഒരുക്കിയിട്ടുള്ള ഈ കേന്ദ്രങ്ങളിലെങ്കിലും മൃഗങ്ങളെ സൈ്വരമായി ജീവിക്കാന്‍ അനുവദിക്കണം. അതിനുവേണ്ടി ഈ വന്യമൃഗസങ്കേതങ്ങളുടെ അതിര്‍ത്തിയില്‍ നെടുനീളെ ഒരു കിലോമീറ്റര്‍ 

വീതിയില്‍ ഒരു ബെല്‍റ്റുപോലെ രേഖപ്പെടുത്തുന്ന പ്രദേശം ഒരു ബഫര്‍ സോണ്‍ ആയിക്കരുതി സംരക്ഷിക്കണം; ഇതായിരുന്നു വിധി. 
ഭൂപ്രകൃതി, ജനസാന്ദ്രത, ഭൂമിയുടെ ഉപയോഗരീതികള്‍ എന്നിവയിലെല്ലാം വളരെയധികം വ്യത്യസ്തതകള്‍ നമ്മുടെ രാജ്യത്തിലുണ്ട്. ഈ പരമാര്‍ത്ഥം മറന്നുകൊണ്ട്, എല്ലാ സംസ്ഥാനങ്ങളിലും, വന്യമൃഗസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തിക്കുപുറത്ത് ഒരേപോലെ ബഫര്‍സോണ്‍ വേണമെന്നു സുപ്രീം കോടതി വിധിച്ചത് നിര്‍ഭാഗ്യകരമാണ്.
രാജസ്ഥാനിലും ഹിന്ദി ഹൃദയഭൂമിയിലെ മറ്റു സംസ്ഥാനങ്ങളിലും ബഫര്‍സോണിനെച്ചൊല്ലി വലിയ എതിര്‍പ്പുണ്ടാകാനിടയില്ല. കാരണം, അവിടെയെല്ലാം ജനസാന്ദ്രത കുറവാണ്. കാടുകളും പുല്‍മേടുകളും ഊഷരഭൂമികളുമെല്ലാം നിറഞ്ഞ ആ വിസ്തൃതമായ പ്രദേശത്ത് മനുഷ്യരെ ബുദ്ധിമുട്ടിക്കാതെ മൃഗങ്ങളെ സംരക്ഷിക്കാന്‍ പ്രയാസമില്ല. കേരളത്തിലെ സ്ഥിതി അങ്ങനെയല്ലല്ലോ. ഇവിടെ മലയോരപ്രദേശങ്ങളെല്ലാം ജനവാസകേന്ദ്രങ്ങളാണ്; സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു മാന്യമായ സംഭാവന നല്‍കുന്ന നാണ്യവിളകളുടെ കേന്ദ്രങ്ങളാണ്. 
നമ്മുടെ വന്യമൃഗസങ്കേതങ്ങള്‍ മിക്കതും സ്ഥിതിചെയ്യുന്ന മലയോരമേഖല എങ്ങനെയാണ് ജനവാസകേന്ദ്രങ്ങളായിത്തീര്‍ന്നത്? രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് ഇന്ത്യയുടെ ഭക്ഷ്യധാന്യക്കമ്മി നികത്തിയിരുന്നത് ബര്‍മ (ഇന്നത്തെ മ്യാന്‍മര്‍), തായ്‌ലണ്ട് എന്നിവിടങ്ങളില്‍നിന്ന് അരി ഇറക്കുമതി ചെയ്തായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ പ്രദേശങ്ങളെല്ലാം ജപ്പാന്‍ ആക്രമിച്ചു കീഴടക്കിയതോടെ അരിവരവുനിന്നു. യുദ്ധം കഴിഞ്ഞയുടനെ നടന്നു, നമ്മുടെ രാജ്യത്തിന്റെ വിഭജനം. നല്ല ജലസേചനസൗകര്യങ്ങളുണ്ടായിരുന്ന സിന്ധുനദീതടം മുഴുവന്‍ പശ്ചിമ പാക്കിസ്ഥാനായിത്തീര്‍ന്നു. ബംഗാള്‍ പ്രവിശ്യയിലെ കൃഷിസ്ഥലം മിക്കവാറും കിഴക്കേ പാക്കിസ്ഥാനിലുമായി (ഇന്ന്, ബംഗ്ലാദേശ്). അങ്ങനെ നാട്ടിലെ പ്രധാന ഭക്ഷ്യോത്പാദനമേഖലകള്‍ നഷ്ടപ്പെട്ടതിനു പുറമേ, വിഭജനത്തെത്തുടര്‍ന്നുണ്ടായ വര്‍ഗീയലഹളയുംകൂടി സംഭവിച്ചതോടെ ഭക്ഷ്യോത്പാദനം തകര്‍ന്നു; ജനങ്ങള്‍ കൊടുംപട്ടിണിയില്‍. ലക്ഷക്കണക്കിനാളുകളാണ് ബംഗാളിലും ബീഹാറിലും പട്ടിണിമരണത്തിനിരയായത്.
നമ്മുടെ നാട്ടില്‍ ഈ പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ഷകരെ ആഹ്വാനം ചെയ്തു. നമ്മുടെ ഹൈറേഞ്ചുപ്രദേശത്തേക്കു കുടിയേറുക; കൃഷിചെയ്യുക, നെല്ലും കപ്പയും ചേനയും കാച്ചിലുമെല്ലാം ഉത്പാദിപ്പിക്കുക. അങ്ങനെ, വന്യമൃഗാക്രമണങ്ങളും മലമ്പനിയുമെല്ലാമായി പടവെട്ടി, സാഹസികമായി കുടിയേറി, കൃഷിചെയ്ത് നാട്ടില്‍ പട്ടിണി ഒഴിവാക്കിയവരുടെ പിന്‍തലമുറയാണ് ഇന്നത്തെ മലയോരക്കര്‍ഷകര്‍.
ഇനി അല്പം രാഷ്ട്രീയം. 1950 കളില്‍ ഇവിടെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കാനായി വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോ
ഭണം ഉണ്ടായി. മൂന്നു രാഷ്ട്രീയസംവിധാനങ്ങളുടെ കീഴിലായിരുന്നു കേരളവും. ഐക്യകേരളത്തിനുവേണ്ടി നാം ശബ്ദമുയര്‍ത്തി. പക്ഷേ, ദേശീയവാദിയായ പ്രധാനമന്ത്രി നെഹ്‌റു ഇതിനെയെല്ലാം ശക്തമായി എതിര്‍ത്തു. പ്രാദേശിക-ദേശീയചിന്ത വളര്‍ന്നാല്‍ ഭാരതത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഇതിനിടയ്ക്ക് ആന്ധ്രാ സംസ്ഥാനം രൂപവത്കരിക്കാനായി നിരാഹാരസത്യാഗ്രഹം അനുഷ്ഠിച്ച പോറ്റി ശ്രീരാമലു സത്യാഗ്രഹത്തിന്റെ 56-ാം ദിവസം മരണമടഞ്ഞു. പിറ്റേദിവസംതന്നെ, നെഹ്‌റു ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു.  
ഇതേ കാലഘട്ടത്തില്‍, കേരളത്തില്‍ തെക്കന്‍തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട് എന്നീ നാലു താലൂക്കുകളും അന്നു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല പ്രദേശങ്ങളും മദ്രാസ് പ്രവിശ്യയില്‍ (തമിഴ്‌നാട്) ചേര്‍ക്കാനുള്ള പ്രക്ഷോഭണവും ശക്തമായിരുന്നു.
ദേവികുളവും പീരുമേടുമെല്ലാം നമുക്കു നഷ്ടപ്പെട്ടാല്‍ കേരളത്തിന്റെ നിലനില്പുതന്നെ അപകടത്തിലാകുമല്ലോ. മുല്ലപ്പെരിയാര്‍, പെരിയാര്‍ എന്നിവിടങ്ങളിലെ ജലസമ്പത്ത്, ജലവൈദ്യുതപദ്ധതികള്‍, കാര്‍ഷികമേഖലയുടെ നട്ടെല്ലായ തേയില, കാപ്പി, ഏലത്തോട്ടങ്ങള്‍ ഇവയെല്ലാം നഷ്ടപ്പെടുന്ന സ്ഥിതി
നമുക്കു ചിന്തിക്കാന്‍ പോലുമാവില്ല. ഈ പ്രദേശം നഷ്ടപ്പെടാതിരിക്കാന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള ഒരു കാമ്പയിന്‍ - ഒരു തീവ്രയജ്ഞം - തന്നെ നടത്തി. ഹൈറേഞ്ചിലേക്കു കുടിയേറുക. സാഹസികമായ കുടിയേറ്റം ഒരിക്കല്‍ക്കൂടി സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ അരങ്ങേറി. അവരുടെ ത്യാഗവും സാഹസികതയും വ്യര്‍ത്ഥമായില്ല. ദേവികുളം - പീരുമേട് പ്രദേശം കേരളത്തില്‍ത്തന്നെ നിലനിറുത്താന്‍, ശക്തമായ തമിഴ്‌നാടന്‍ സമ്മര്‍ദം ഉണ്ടായിട്ടും നമുക്കു സാധിച്ചു.
ഇങ്ങനെ രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നമ്മെ രക്ഷിച്ചവരുടെ പിന്‍തലമുറയെ വഴിയാധാരമാക്കരുതെന്ന് കേരളത്തിലെ സര്‍വകക്ഷികളുംകൂടി തീരുമാനമെടുത്തു; 1977 ജനുവരി ഒന്നിന് കൈവശാവകാശമുണ്ടായിരുന്നവര്‍ക്കെല്ലാം ഭൂമിയില്‍ സ്ഥിരാവകാശം നല്‍കുന്ന പട്ടയം നല്‍കാന്‍ തീരുമാനമുണ്ടായത് അങ്ങനെയാണ്. പക്ഷേ, കൊല്ലം നാല്പത്തഞ്ചു കഴിഞ്ഞിട്ടും ഈ വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ല. ഇങ്ങനെ നിരാശരായിക്കഴിയുന്ന ജനങ്ങള്‍ക്കുമേല്‍ വീണ്ടും പതിക്കുന്നു, ഇടിവെട്ടുകള്‍. 2012 ലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും 2013 ലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും!

കേരളത്തിന്റെ മൊത്തം വിസ്തീര്‍ണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തെയും പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ചു, പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി. പരിസ്ഥിതിലോലപ്രദേശങ്ങളെ ഗാഡ്ഗില്‍ മൂന്നു വിഭാഗങ്ങളായി തിരിച്ചു. പലവിധ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രം അവിടെ ജീവിക്കേണ്ടിവരുന്ന മനുഷ്യര്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ ഗാഡ്ഗില്‍ നിര്‍ദേശങ്ങളെ മയപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു, ശൂന്യാകാശശാസ്ത്രജ്ഞന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ. ഈ കമ്മിറ്റിയുടെ പഠനം കഴിഞ്ഞ് നമ്മുടെ പശ്ചിമഘട്ടം പ്രദേശത്തുള്ള 123 ഗ്രാമങ്ങളെ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ സസ്യസമ്പത്തുള്ള ഗ്രാമങ്ങളെയായിരുന്നു മനുഷ്യവാസമില്ലാത്ത വനപ്രദേശമായിരിക്കുമെന്നു കരുതി പ്രത്യേകം സംരക്ഷണമാവശ്യമായ പരിസ്ഥിതിലോലപ്രദേശം എന്നു കസ്തൂരിരംഗന്‍ നിര്‍ണയിച്ചത്. പക്ഷേ, ഉപഗ്രഹത്തില്‍നിന്നുള്ള ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്തൂരിരംഗന്‍ കാടും നാടും തിരിച്ചറിയാന്‍ ശ്രമിച്ചത്. ഉപഗ്രഹഫോട്ടോയില്‍ തോട്ടങ്ങളും കാടുപോലെ തോന്നുമല്ലോ. 
ഈ പശ്ചാത്തലത്തിലാണ് ജൂണ്‍ മൂന്നിലെ സുപ്രീം കോടതിവിധി വന്നിരിക്കുന്നത്. ഇന്ന് കേരളത്തിലുള്ള നാഷനല്‍ പാര്‍ക്കുകളും വന്യമൃഗസങ്കേതങ്ങളുംകൂടി 24 എണ്ണമുണ്ട്. ഉദ്ദേശം 8 ലക്ഷം ഏക്കര്‍ വിസ്തൃതി. ഇവയോരോന്നിനും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിര്‍ണയിച്ചാല്‍ 4 ലക്ഷം ഏക്കര്‍ സ്ഥലത്തെയാവും അതു ബാധിക്കുന്നത്. വന്യമൃഗസങ്കേതങ്ങള്‍ ജാഗ്രതയോടെ പരിരക്ഷിക്കപ്പെടേണ്ടവതന്നെ. അവയുടെ അതിര്‍ത്തികള്‍ വേലിയുറപ്പിച്ചു ഭദ്രമാക്കണം. സോളാര്‍വേലികള്‍, കിടങ്ങുകള്‍ എന്നിവയുടെ സഹായത്തോടെ വന്യമൃഗങ്ങള്‍ സങ്കേതത്തിനു പുറത്തിറങ്ങാതെ ശ്രദ്ധിക്കേണ്ടത് വനംവകുപ്പിന്റെ ചുമതലയാണ്. പക്ഷേ, ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്ന ആശയംതന്നെ കേരളത്തെപ്പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്തില്‍ നടപ്പാക്കാനാവില്ലെന്ന് കേരളസര്‍ക്കാര്‍ പ്രഖ്യാപിക്കണം. ബഫര്‍സോണ്‍ നടപ്പില്‍ വരുത്തിയാല്‍ അവിടെ അകപ്പെടുന്ന കര്‍ഷകര്‍ പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കു വിധേയരായി ജീവിക്കേണ്ടിവരും. ക്രമേണ സാധാരണജീവിതം അസാധ്യമായിത്തീര്‍ന്ന് മറ്റു മാര്‍ഗങ്ങളില്ലാതെ വീടുവിട്ടിറങ്ങി അഭയാര്‍ത്ഥികളായി നട്ടംതിരിയാന്‍ വിധിക്കപ്പെടും. 
സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ത്തന്നെ ഒരു പരിഹാരമാര്‍ഗം നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു മുന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ചിരിക്കുന്ന ഉന്നതാധികാരസമിതിക്കുമുമ്പാകെ പരാതിയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിവേദനം സമര്‍പ്പിക്കാം. വിധി നടപ്പാക്കാന്‍ നമുക്കുള്ള പ്രശ്‌നങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍ സഹിതം അവതരിപ്പിച്ച് സമിതിയെ ബോധ്യപ്പെടുത്താന്‍ നമുക്കു കഴിയണം.
പരാതിക്കാരായി ഏതാനും കര്‍ഷകസംഘങ്ങളെമാത്രം അണിനിരത്തിയാല്‍ പോരാ. വന്യമൃഗസങ്കേതങ്ങളുടെ സമീപപഞ്ചായത്തുകള്‍ സമിതിക്കു നിവേദനം സമര്‍പ്പിക്കണം. അതിനുവേണ്ടി ഈ പഞ്ചായത്തുകളിലെല്ലാം ഗ്രാമസഭയുടെ യോഗം വിളിച്ചുകൂട്ടണം. ഗ്രാമസഭ പാസ്സാക്കുന്ന പ്രമേയത്തില്‍ അവിടെ ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നടപ്പാക്കിയാല്‍ ആ സോണില്‍ അകപ്പെടുന്ന ജനങ്ങളുടെ എണ്ണം, വീടുകള്‍, കൃഷിസ്ഥലങ്ങള്‍, കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. ഉന്നതാധികാരസമിതിക്കു സമര്‍പ്പിക്കുന്ന നിവേദനം സംസ്ഥാനസര്‍ക്കാരിനും നല്‍കി, സര്‍ക്കാരിന്റെ ശിപാര്‍ശയോടെ ഉന്നതാധികാരസമിതിക്കു മുമ്പാകെ എത്തിക്കണം.
ഉന്നതാധികാരസമിതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ സുപ്രീം കോടതിയിലും അനുകൂലവിധിക്കു സാധ്യതയുണ്ടാകൂ. ഈ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടാല്‍ കേന്ദ്ര-കേരള സര്‍ക്കാര്‍ നിയമഭേദഗതികള്‍ കൊണ്ടുവന്ന് ബഫര്‍സോണില്‍ അകപ്പെടുന്ന കര്‍ഷകരെ രക്ഷിക്കണം.
ഈ വിഷയത്തില്‍ അവ്യക്തമായി തുടരുന്ന ഒരു കാര്യം കേരള സര്‍ക്കാരിന്റെ നിലപാടാണ്. 2019 നവംബറില്‍ കേരള സര്‍ക്കാരിന്റെ ഒരു കാബിനറ്റ് തീരുമാനമുണ്ടായിരുന്നു, നമ്മുടെ വന്യമൃഗസങ്കേതങ്ങളില്‍ ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ സ്ഥാപിക്കണമെന്ന്. ഈ തീരുമാനം റദ്ദു ചെയ്യാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, കേരളനിയമസഭയില്‍ ബഫര്‍സോണിനെതിരേ പ്രമേയം കൊണ്ടുവന്ന് പ്രതിപക്ഷത്തിന്റെ സഹകരണവും നേടി ഐകകണ്‌ഠ്യേന പാസ്സാക്കിയെടുക്കാന്‍ കേരള സര്‍ക്കാര്‍ താത്പര്യം കാണിച്ചിരിക്കുന്നു.
മറ്റൊരു കാര്യം, കേരളത്തിലെ 24 വന്യമൃഗസങ്കേതങ്ങളില്‍ മിക്കവയുടെയും അതിര്‍ത്തികള്‍ ഇതുവരെ സര്‍ക്കാര്‍ നിര്‍ണയിച്ചു വിളംബരപ്പെടുത്തിയിട്ടില്ല എന്നതാണ്. ബഫര്‍സോണില്‍ അകപ്പെടുന്നവരില്‍ കുറേപ്പേരെയെങ്കിലും രക്ഷപ്പെടുത്താനുള്ള ഒരവസരം ഇവിടെയുണ്ട്. വന്യമൃഗസങ്കേതങ്ങളുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചു വിളംബരം ചെയ്യുമ്പോള്‍ അവയുടെ ഇപ്പോഴത്തെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലേക്കു നീക്കി നിര്‍ണയിച്ച് വിളംബരം ചെയ്യാം. അതിര്‍ത്തിക്കുള്ളില്‍ ചേര്‍ക്കാതെ വിടുന്ന ഒരു കിലോമീറ്റര്‍ ഭാഗം അപ്പോള്‍ ബഫര്‍സോണായി പ്രഖ്യാപിക്കുകയും ചെയ്യാം. ഏതായാലും, ഒരു കാര്യം വ്യക്തം, നമ്മുടെ വന്യമൃഗസങ്കേതങ്ങളുടെ ചുറ്റും ഇന്ന് ജനവാസകേന്ദ്രങ്ങളായി കാണപ്പെടുന്ന പ്രദേശങ്ങള്‍ ആളുകളെ ഒഴിപ്പിച്ചു വനമാക്കിമാറ്റാന്‍ ശ്രമിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ബഫര്‍സോണില്‍ അകപ്പെടുന്ന കര്‍ഷകരുടെ ഭൂമി പൊന്നുംവിലയ്‌ക്കെടുത്ത് ഉചിതമായ നഷ്ടപരിഹാരം നല്‍കി അവരെ പുനരധിവസിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം.  ഏറ്റവും പ്രായോഗികമായ സമീപനം, കേരളത്തിലെ ജനസാന്ദ്രതയും കര്‍ഷകര്‍ മലയോരത്ത് എത്താനിടയായ പ്രത്യേക സാഹചര്യങ്ങളും കണക്കിലെടുത്ത് ബഫര്‍സോണ്‍ എന്ന ആശയം ഇവിടെ അപ്രായോഗികമെന്ന വസ്തുത സ്ഥിതി അംഗീകരിക്കുക എന്നതാണ്. 
വനാതിര്‍ത്തികളും, വന്യമൃഗസങ്കേതങ്ങളും ശക്തമായ വേലിക്കെട്ടിനുള്ളിലായിരിക്കണം. അവിടെനിന്നു മൃഗങ്ങള്‍ പുറത്തുചാടി മനുഷ്യജീവിതം ദുസ്സഹമാക്കാന്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ല. അതോടൊപ്പം വളരെ വേഗം പെറ്റുപെരുകുന്ന കാട്ടുപന്നി, കുരങ്ങ് ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം. ഇത്തരം മൃഗങ്ങളുടെ സംഖ്യ കാലാകാലങ്ങളില്‍ കൃത്യമായി കണക്കെടുത്ത് കാടിനു താങ്ങാവുന്നതിലധികമാകുമ്പോള്‍ ശാസ്ത്രീയരീതിയില്‍ അവയുടെ സംഖ്യ നിയന്ത്രിച്ചു നിറുത്താന്‍ വനംവകുപ്പിനെ അധികാരപ്പെടുത്തണം.
കഠിനപ്രയത്‌നം ചെയ്ത് ഒരു നിര്‍ണായകഘട്ടത്തില്‍ നാട്ടില്‍ പട്ടിണിമരണം ഒഴിവാക്കിയ കര്‍ഷകരെ മറക്കാന്‍ പാടില്ല. അവരുടെ ജീവിതം സുരക്ഷിതമായി നിലനിറുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)